Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്മ്യൂണിസ്റ്റാണെന്ന കാര്യം പത്മകുമാർ മറന്നപ്പോൾ പാർട്ടിക്ക് തിരുത്തേണ്ടി വന്നു; ദേവസ്വം ബോർഡിന്റെ പരമ്പരാഗത രീതിയിൽ അദ്ദേഹം പെട്ടുപോയിട്ടുണ്ട്; ബോർഡ് തുടർന്നുവരുന്ന അതിന്റേതായ പരമ്പരാഗതമായ രീതികളുണ്ട്; ഇതനുസരിച്ച് പ്രവർത്തിച്ചാലും പത്മകുമാർ ഒരു കമ്മ്യൂണിസ്റ്റാണ്: പത്മകുമാറിനെ പാർട്ടിക്ക് തിരുത്തേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കമ്മ്യൂണിസ്റ്റാണെന്ന കാര്യം പത്മകുമാർ മറന്നപ്പോൾ പാർട്ടിക്ക് തിരുത്തേണ്ടി വന്നു; ദേവസ്വം ബോർഡിന്റെ പരമ്പരാഗത രീതിയിൽ അദ്ദേഹം പെട്ടുപോയിട്ടുണ്ട്; ബോർഡ് തുടർന്നുവരുന്ന അതിന്റേതായ പരമ്പരാഗതമായ രീതികളുണ്ട്; ഇതനുസരിച്ച് പ്രവർത്തിച്ചാലും പത്മകുമാർ ഒരു കമ്മ്യൂണിസ്റ്റാണ്: പത്മകുമാറിനെ പാർട്ടിക്ക് തിരുത്തേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ പാർട്ടിക്ക് തിരുത്തേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിഷയത്തിലാണ് ഇതെന്നും കോടിയേരി വ്യക്തമാക്കി. എ.പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്ച പറ്റിയെന്നാണ് കോടിയേരി ഒരു ചാനൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ദേവസ്വം ബോർഡിന്റെ പരമ്പരാഗത രീതിയിൽ അദ്ദേഹം പെട്ടുപോയിട്ടുണ്ട്. ദേവസ്വം ബോർഡ് തുടർന്നുവരുന്ന അതിന്റേതായ പരമ്പരാഗതമായ രീതികളുണ്ട്. ഇതനുസരിച്ച് പ്രവർത്തിച്ചാലും പത്മകുമാർ ഒരു കമ്മ്യൂണിണിസ്റ്റാണ്. മാത്രവുമല്ല,പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണെന്നും കോടിയേരി പറഞ്ഞു. വീഴ്ച സംഭവിച്ചപ്പോൾ തന്നെ പാർട്ടി ഇടപെട്ട് പത്മകുമാറിനെ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ ഒട്ടേറെ ആചാരങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം എ.പത്മകുമാർ പറഞ്ഞിരുന്നു. മലയരയ സമുദായം തേനഭിഷേകം നടത്തിയിരുന്നു എന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ദേവസ്വം ബോർഡിന്റെ പക്കലില്ല. ഈ ആചാരത്തിനു മാറ്റം വന്നു. 18-ാം പടി പഞ്ചലോഹം കെട്ടി. സന്നിധാനത്ത് അഭിഷേകം നടത്താൻ വെള്ളമെടുത്തിരുന്ന മണിക്കിണറും ഭസ്മക്കുളവും മൂടി. ഇതു പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനു ശേഷം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിൽ മാറ്റമൊന്നുമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോർഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾക്ക് ഒപ്പമാണ് ബോർഡെന്നും പത്മകുമാർ പറഞ്ഞിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡ് പ്രസിഡന്റിന് എതിരെ നിലപാട് കടുപ്പിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു.

'ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്. ഇത്തരം ഭാരം ഇറക്കിവയ്ക്കേണ്ടി വരുമെന്നുമാണ് തോന്നുന്നത്. എ.കെ.ജി സെന്ററിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ശില്പശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്ന വിലയിരുത്തലുകളും പുറത്തുവരികയുണ്ടായി. മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് പത്മകുമാറിന്റെ രാജിവാർത്തയും പരന്നിരുന്നു. ബോർഡിന്റെ കാലാവധി നവംബർ 14വരെയുണ്ട്. കാലാവധി കഴിയും മുമ്പ് പ്രസിഡന്റിനെയോ അംഗങ്ങളെയോ മാറ്റാൻ സർക്കാരിന് കഴിയില്ല. എന്നാൽ പാർട്ടി രാജി ആവശ്യപ്പെട്ടാൽ അനുസരിക്കേണ്ടി വരും. ഇപ്പോത്തെ നിലയിൽ പാർട്ടി തിരുത്തി എന്ന് കോടിയേരി തന്നെ പറഞ്ഞ സാഹചര്യത്തിൽ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കുമെന്നാണ് കരുതുന്നത്.

അതേസമയം ശബരിമലയിലെ ആചാരസംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരാണെന്ന തെറ്റായ ധാരണയൊന്നും തനിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞതും പാർട്ടി കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. ആർഎസ്എസ് ആക്രമണങ്ങളുടെ പട്ടിക നിരത്തി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവത്തിന് നൽകിയതിന് പിന്നാലെയായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ രംഗത്തെത്തിയത്. ഇതിനിടെയാണ് ദേവസ്വം ബോർഡ് അധ്യക്ഷൻ അക്രമികൾ ആർഎസ്എസ് അല്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്.

ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ് തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരാണെങ്കിൽ എന്തായിരിക്കും അവരുടെ കേരളത്തിലെ സ്ഥിതിയെന്നായിരുന്നു പത്മകുമാർ പറഞ്ഞത്. ജനുവരി രണ്ടിന് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തെ കുറിച്ച് പിറ്റേ ദിവസമാണ് അറിഞ്ഞത്. അക്കാര്യങ്ങൾ താൻ മുൻകൂട്ടി അറിഞ്ഞിരുന്നില്ല. യുവതികൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പല ആരോപണങ്ങളും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി സമർപ്പിച്ചാലും ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ നിലനിൽക്കുമായിരുന്നു. ക്ഷേത്രവും ആചാരങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ രാഷ്ട്രീയമുണ്ടാവരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ. അതുകൊണ്ടാണ് ദേവസ്വം ബോർഡ് രാഷ്ട്രീയമായ ഒരു നിലപാട് സ്വീകരിക്കാത്തത്. ബോർഡ് സ്വതന്ത്രമായാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും പത്മകുമാർ വ്യക്തമാക്കുകയുണ്ടായി.

യുവതീപ്രവേശ വിഷയത്തിൽ യഥാർഥ വിശ്വാസികളുടെ വിചാരവികാരങ്ങൾ മനസ്സിലാക്കണമെന്നാണു തന്റെ നിലപാടെന്നായിരുന്നു മനോരമയ്ക്ക് നൽകി അഭിമുഖത്തിൽ പത്മകുമാർ പറഞ്ഞത്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരിൽ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോർഡ് പുനഃപരിശോധനാഹർജി നൽകാതിരുന്നത്. ശബരിമലയിൽ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോർഡിനും സർക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ പറഞ്ഞു. ദേവസ്വം മന്ത്രി അടക്കമുള്ളവരുടെ നിലപാടിന് വിരുദ്ധമായാണ് എം പത്മകുമാർ പ്രതികരിച്ചത്.

സർക്കാരുമായും സിപിഎമ്മുമായും എൽഡിഎഫുമായും ആലോചിച്ചാണ് ഞാൻ ഇതുവരെ നീങ്ങിയിട്ടുള്ളത്. അതിനാൽത്തന്നെ, എന്നോട് ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്നു കരുതുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധമാണെന്നും അദ്ദേഹ പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിനു മുൻപ് പാർട്ടി സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായിരുന്ന ഒരു പിണറായി വിജയനുണ്ട്. അന്ന് ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും പ്രവർത്തകനായിരുന്ന പത്മകുമാറുമുണ്ട്. ചിലർ ഇപ്പോഴുള്ള മുഖ്യമന്ത്രിയെയും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും മാത്രമേ കാണുന്നുള്ളുവെന്നായിരുന്നു അദ്ദേഹം പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP