Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസിൽ അടിയുടെ പൊടിപൂരം: വി ഡി സതീശൻ സ്ഥാനമോഹി, ഹൈക്കമാൻഡ് ചമയേണ്ടെന്ന് വിമർശിച്ച് കൊടിക്കുന്നിൽ സുരേഷും കെ സി ജോസഫും; ആന്റണിയെ വിമർശിക്കാൻ കഴിയാത്തവരാണ് തനിക്കെതിരെ തിരിയുന്നതെന്ന് സതീശന്റെ മറുപടി; പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കളും

കോൺഗ്രസിൽ അടിയുടെ പൊടിപൂരം: വി ഡി സതീശൻ സ്ഥാനമോഹി, ഹൈക്കമാൻഡ് ചമയേണ്ടെന്ന് വിമർശിച്ച് കൊടിക്കുന്നിൽ സുരേഷും കെ സി ജോസഫും; ആന്റണിയെ വിമർശിക്കാൻ കഴിയാത്തവരാണ് തനിക്കെതിരെ തിരിയുന്നതെന്ന് സതീശന്റെ മറുപടി; പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കളും

ന്യൂഡൽഹി: അഴിമതി ആരോപണങ്ങളിൽ മുഖംപോയ ഉമ്മൻ ചാണ്ടി സർക്കാറിനെ കൂടുതൽ കുഴപ്പത്തിലാക്കി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമായി. യുഡിഎഫ് സർക്കാർ അഴിമതിയുടെ കരിനിഴലിലാണെന്ന് വിമർശിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനെതിരെ എ ഗ്രൂപ്പ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് യുദ്ധം വീണ്ടും മൂർദ്ധന്യാവസ്ഥയിൽ എത്തിയത്. മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല എന്തുകൊണ്ടും യോഗ്യനാണെന്നും കഴിഞ്ഞദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സതീശൻ പറഞ്ഞിരുന്നു. ഇത് നേതൃമാറ്റത്തിനുള്ള ആഹ്വാനമായി കണ്ടാണ് സതീശനെതിരെ എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയത്.

സതീശൻ സ്ഥാനമോഹിയാണെന്നും ഹൈക്കമാൻഡ് ചമയാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തിയപ്പോൾ സതീശൻ ഹൈക്കമാൻഡ് ചമയാൻ വരേണ്ടെന്ന് കെ സി ജോസഫും പറഞ്ഞു. എന്നാൽ ഈ ആരോപണത്തിന് അതേഭാഷയിൽ തന്നെ ചു്ടമറുപടിയുമായി സതീശനും രംഗത്തെത്തി. സതീശന് പിന്തുണയുമായി ഐ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് അതിരൂക്ഷമായിരിക്കയാണ്.

സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ഇരുനേതാക്കളും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി വി ഡി സതീശൻ പറഞ്ഞു. മുന്നണിയുടെ നില ഭദ്രമാണെന്ന് പറയുന്ന കെ സി ജോസഫ് ഏത് ഗ്രഹത്തിലാണ് ജീവിച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിനുള്ള മറുപടിയായി പറഞ്ഞത്. തന്റെ അഭിമുഖത്തിലെ വാക്കുകളെ വളച്ചൊടിച്ചാണ് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്നാണ് സതീശൻ ആരോപിച്ചത്. എ കെ ആന്റണിയെ വിമർശിക്കാൻ കഴിയാത്തവരാണ് തന്നെ വിമർശിക്കുന്നതെന്നും സതീശൻ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് താൻ പറഞ്ഞിട്ടില്ല. പറഞ്ഞത് വളച്ചൊടിച്ചു. യുഡിഎഫ് അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ എന്റെ ചെലവിൽ മാറ്റാനാണ് കൊടിക്കുന്നിൽ സുരേഷ് ശ്രമിക്കുന്നതെന്നും സതീശൻ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു.

അധികാരമോഹിയാണ് സതീശനെന്നും കേരളത്തിലെ ഹൈക്കമാൻഡ് ആകാനാണ് സതീശൻ ശ്രമിക്കുന്നതെന്നും കൊടിക്കുന്നിൽ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചാണ് നേരത്തെ ആരോപിച്ചത്. വി.ഡി. സതീശന്റെ നിലപാട് അംഗീകരിക്കാനാകില്ല. പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതും സർക്കാരിനെ സമ്മർദത്തിലാക്കുന്നതുമാണ് സതീശന്റെ നിലപാടെന്നും കൊടിക്കുന്നിൽ പറഞ്ഞു. അടുത്ത കാലത്തായി കേരളത്തിൽ നേതൃമാറ്റം നടക്കാൻ പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതുപോലെ കെപിസിസി യോഗത്തിലെ തീരുമാനങ്ങൾ ചോരുന്നതും പതിവായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എന്നാൽ, വി.ഡി. സതീശനാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി. ഹൈക്കമാൻഡിന്റെ പേരു പറഞ്ഞാണ് സതീശൻ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ഹൈക്കമാൻഡിന്റെ ആളാണ് താനെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും വരുത്തുകയാണ് സതീശന്റെ ലക്ഷ്യം. കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടിരുന്നെങ്കിലും അതു കിട്ടിയില്ല. അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനമാണ് സതീശൻ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും കൊടിക്കുന്നിൽ ആരോപിച്ചു. നേതൃമാറ്റം ആവശ്യപ്പെടാൻ സതീശന് ധൈര്യം വന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും കേരളത്തിൽ നിന്ന് 12 യുഡിഎഫ് എംപിമാരെ സംഭാവന ചെയ്തത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഴിവാണെന്നും ഈ സർക്കാരിന്റെ കാലത്ത് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ജയിച്ചുവെന്നും അതും ഉമ്മൻ ചാണ്ടിയുടെ നേട്ടമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

കരുണാകരൻ കോൺഗ്രസ് വിട്ട ശേഷം ഐ വിഭാഗം ദുർബലമായി. കേരളത്തിൽ ഐ ഗ്രൂപ്പിനാണ് ശക്തി എന്ന് വരുത്തി തീർക്കാൻ വിഡി സതീശൻ നടത്തുന്ന ശ്രമം കേരളത്തിലെ സംഘടനാ ബലം മനസിലാക്കാതെയാണ്. മന്ത്രിയാകാൻ ശ്രമിച്ചിട്ട് നടക്കാഞ്ഞതിനെത്തുടർന്നാണ് ഹരിത എംഎ‍ൽഎമാർ എന്ന ഗ്രൂപ്പുമായി വന്നത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത സതീശൻ പെട്ടെന്ന് എൻഎസ് യു പ്രസിഡന്റാവുകയായിരുന്നു. അല്ലാതെ സീനിയോറിറ്റിയൊന്നും സതീശന് അവകാശപ്പെടാനില്ല, കെ.എസ്.യു വിന്റെയോ യൂത്ത്‌കോൺഗ്രസിന്റെയോ ഭാരവാഹി പോലും ആയിരുന്നില്ല വി.ഡി.സതീശൻ എന്നും കൊടിക്കുന്നിൽ ആരോപിച്ചു.

കൊടിക്കുന്നിലിന് പിന്നാലെ കെ സി ജോസഫും സതീശനെ വിമർശിച്ച് രംഗത്തെത്തി. സർക്കാരിനെതിരായി വന്ന വി ഡി സതീശന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവന. പ്രതിപക്ഷ സ്വരത്തിന്റെ ഭാഗമായി സതീശൻ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കെപിസിസി പ്രതിനിധിയും ഹൈക്കമാൻഡിന്റെ അഭിപ്രായം പറയേണ്ട. കെപിസിസിയുടെ ആറു വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മാത്രമാണ് സതീശൻ. എ.കെ. ആന്റണിയുടെയും സതീശന്റെയും വാക്കുകൾ ഒരുപോലെ കാണാനാകില്ലെന്നും കെ സി ജോസഫ് വ്യക്തമാക്കി.

അതേസമയം സതീശനെ പിന്തുണച്ച് രംഗത്തെത്തിയ ഐ ഗ്രൂപ്പ് നേതാക്കൾ കൊടിക്കുന്നിൽ സുരേഷിന് സതീശനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ചോദിച്ചു. സതീശനെ പിന്തുണച്ച് ടി എൻ പ്രതാപനും ജോസഫ് വാഴക്കനും അജയ് തറയിലും രംഗത്തെത്തി. കൊടിക്കുന്നിലിന്റെ പരാമർശം അനവസരത്തിലെന്നും അനുചിതമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. എന്ത് യോഗ്യതയാണ് ഇങ്ങനെ വിമർശിക്കാൻ കൊടിക്കുന്നിലിന് ഉള്ളതെന്നും വാഴക്കൻ ചോദിച്ചു. കെ കരുണാകരനെ പിന്നിൽ നി്ന്നും കുത്തിയ ആളാണ് കൊടിക്കുന്നിൽ സുരേഷെന്നും അദ്ദേഹം വിമർശിച്ചു. കൊടിക്കുന്നിലിന്റെ പരാമർശനം ഐ ഗ്രൂപ്പിനെ വ്രണപ്പെടുത്തിയെന്നായിരുന്നു അജയ് തറയിലിന്റെ പ്രതികരണം.

കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ശക്തമായി വാദിക്കുന്നതിന് ഇടയാണ് നേതാക്കൾ ഗ്രൂപ്പിന്റെ പേരിൽ പരസ്പ്പരം പോരടിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഴിമതി വർധിച്ചു എന്ന എ കെ ആന്റണിയുടെ വാക്കുകളും ഐ ഗ്രൂപ്പിന് ഊർജ്ജമായിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ അഴിമതിയുടെ കരിനിഴലിലാണെന്നും നേതൃമാറ്റം ആവശ്യപ്പെടാത്തതു തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഉടൻ നടക്കാൻ പോകുന്നതിനാൽ ആണെന്നുമായിരുന്നു വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ സർവഥാ യോഗ്യനാണ്. ഉമ്മൻ ചാണ്ടി അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കണമോ എന്നു തീരുമാനിക്കേണ്ടതു സോണിയ ഗാന്ധിയാണ്. കേരളത്തിലെ കാര്യങ്ങൾ കൃത്യമായി അവിടെ അറിയിക്കുന്നുണ്ടെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP