Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാഗ്രത കുറവ് സമ്മതിച്ച നേതാവിനെ ശാസിച്ച് മുസ്ലിം ലീഗ് നേതൃത്വം; മുൻ എംഎൽഎയ്ക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തൽ; കടുത്ത നടപടികൾ ഉണ്ടാകില്ല; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കെ എൻ എ ഖാദറിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത് നടപടി ശാസനയിൽ ഒതുങ്ങുമ്പോൾ

ജാഗ്രത കുറവ് സമ്മതിച്ച നേതാവിനെ ശാസിച്ച് മുസ്ലിം ലീഗ് നേതൃത്വം; മുൻ എംഎൽഎയ്ക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തൽ; കടുത്ത നടപടികൾ ഉണ്ടാകില്ല; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കെ എൻ എ ഖാദറിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത് നടപടി ശാസനയിൽ ഒതുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച കെ എൻ എ ഖാദറിന് മുസ്ലിം ലീഗിന്റെ ശാസന. ശ്രദ്ധകുറവുണ്ടായെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. നേരത്തെ മുസ്ലിം ലീഗ് നേതൃത്വത്തിന് കെ എൻ എ ഖാദർ വിശദീകരണം നൽകിയിരുന്നു.

കോഴിക്കോട് കേസരിയിൽ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുക്കുകയും ആർഎസ്എസ് നേതാക്കളിൽ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്ത കെഎൻഎ ഖാദറിന്റെ നടപടി പാർട്ടി നയത്തിന്റെ കടുത്ത ലംഘനമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വികാരം. മതസൗഹാർദ്ദ പരിപാടികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് പാർട്ടി എതിരല്ല. എന്നാൽ ആർഎസ് എസ് നേതൃത്വം നൽകുന്ന സ്ഥാപനത്തിൽ അതിഥിയായെത്തുകയും ആദരമേറ്റുവാങ്ങുകയും ചെയ്ത നടപടി ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് ഖാദറിനോട് നേതൃത്വം വിശദീകരണം തേടിയത്.

പരിപാടിയിൽ പങ്കെടുത്തതിൽ ജാഗ്രതക്കുറവുണ്ടായതായി സമ്മതിച്ച് അഡ്വ. കെ.എൻ.എ ഖാദർ മുസ്ലിംലീഗ് നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. ഇക്കാര്യത്തിൽ പാർട്ടി എന്തു നടപടി എടുത്താലും അംഗീകരിക്കും. പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദപ്രകടനത്തിന് തയാറാണെന്നും മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നിർവാഹക സമിതി അംഗവും മുൻ എംഎ‍ൽഎയുമായ ഖാദർ അറിയിച്ചിരുന്നു. സുഹൃത്തായ കോഴിക്കോട്ടെ വക്കീൽ വിളിച്ചാണ് പോയതെന്നും വിശദീകരിച്ചിരുന്നു.

കോൺഗ്രസ്-മതേതര പശ്ചാതലത്തിൽ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ, ചിത്രകാരൻ മദനൻ, കവി പി.കെ. ഗോപി തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് പറഞ്ഞത്. അതുപ്രകാരം മതേതര സാംസ്‌കാരിക പരിപാടിക്കാണ് പോയത്. എന്നാൽ, ആ വേദിയിൽ പോയതിൽ നേതൃത്വത്തിന് അതൃപ്തിയുള്ളതായാണ് മനസ്സിലാക്കുന്നത്. എല്ലാ വേദികളിലും പറയുന്നത് പോലെ മതേതരത്വത്തെ കുറിച്ചാണ് അവിടെയും പറഞ്ഞത്. പരിപാടിയിൽ തനിക്ക് ഷാളണിയിച്ചു തന്നയാൾ ആർ.എസ്.എസ് നേതാവാണെന്നറിയുമായിരുന്നില്ല. വേദിയിൽ വന്നവർക്കെല്ലാം അദ്ദേഹമാണ് ഷാളണിയിച്ചത്.

ആർ.എസ്.എസുകാർക്ക് താൻ അങ്ങോട്ട് ഷാളണിയിച്ചാലാണ് വിവാദമാകേണ്ടത്. ബിജെപി ദേശീയ ഉപാധ്യക്ഷനും മുമ്പ് യു.ഡി.എഫിന്റെ സഹ നിയമസഭ സാമാജികനുമായിരുന്ന എ.പി. അബ്ദുല്ലക്കുട്ടി വിവാദമുണ്ടായ ശേഷം നിരന്തരം വിളിക്കുന്നുണ്ട്. പക്ഷേ, താൻ ഫോണെടുത്തിട്ടില്ല. 17 വർഷം കമ്യൂണിസ്റ്റ് പാർട്ടിയിലും 35 വർഷമായി ലീഗിലും പ്രവർത്തിച്ച തനിക്ക് 52 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്. ഇനിയൊരു പാർട്ടി മാറ്റമില്ല. അവസാനംവരെ ലീഗിൽ അടിയുറച്ച് നിൽക്കുമെന്നും ഖാദർ വിശദീകരിച്ചിരുന്നു.

ഖാദർ വിഷയത്തിൽ സാദിഖ് അലി തങ്ങൾ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലീഗുകാർ അച്ചടക്കമുള്ളവരാണ്. ആരെങ്കിലും ക്ഷണിച്ചാൽ അവിടേക്ക് പോകാൻ പറ്റുന്നതാണോ എന്ന് ചിന്തിക്കണമെന്നായിരുന്നു സാദിഖ് അലി തങ്ങളുടെ വാക്കുകൾ. പാർട്ടിയുടെ സ്ഥാപക നേതാക്കളെല്ലാം സ്വീകരിച്ചുവന്ന നിലപാടിനെ അട്ടിമറിക്കുന്നതായി ഖാദറിന്റെ നിലപാടെന്നായിരുന്നു മുനീറിന്റെ പ്രതികരണം. എന്നാൽ താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഖാദറിന്റെ ആദ്യ നിലപാട്.

പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങൾ ജില്ലകൾ തോറും വിവിധ മത നേതാക്കളുമായി സുഹൃദ് സംഗമങ്ങൾ നടത്തുമ്പോൾ തന്റെ നടപടിയിൽ അനൗചിത്യം കാണുന്നത് ശരിയല്ലെന്നും ഖാദർ പറഞ്ഞിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയർപ്പിച്ച കെഎൻഎ ഖാദറിന്റെ നടപടി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടി വേദികളിൽ ഖാദർ പഴയ പോലെ സജീവമല്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP