Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

വിഷു കിറ്റിനൊപ്പം ഈസ്റ്റർ ചേർത്ത് തന്ത്രമൊരുക്കൽ; ഒൻപതിന് പകരം പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ നൽകുന്ന കിറ്റിൽ 15 ഐറ്റങ്ങൾ; ഭക്ഷ്യകിറ്റിൽ ഭരണ തുടർച്ച കണ്ട് ഇടതുപക്ഷം; ഏപ്രിൽ ഒന്നുമുതൽ വിതരണം; കമ്മീഷന്റെ അനുമതിയോടെ പ്രത്യേക ഉത്തരവിൽ അവധി ദിവസം റേഷൻ കടകൾ തുറന്ന് കിറ്റ് നൽകുന്നതും ജനവധി അനുകൂലമാക്കാൻ

വിഷു കിറ്റിനൊപ്പം ഈസ്റ്റർ ചേർത്ത് തന്ത്രമൊരുക്കൽ; ഒൻപതിന് പകരം പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ നൽകുന്ന കിറ്റിൽ 15 ഐറ്റങ്ങൾ; ഭക്ഷ്യകിറ്റിൽ ഭരണ തുടർച്ച കണ്ട് ഇടതുപക്ഷം; ഏപ്രിൽ ഒന്നുമുതൽ വിതരണം; കമ്മീഷന്റെ അനുമതിയോടെ പ്രത്യേക ഉത്തരവിൽ അവധി ദിവസം റേഷൻ കടകൾ തുറന്ന് കിറ്റ് നൽകുന്നതും ജനവധി അനുകൂലമാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഷു ഈസ്റ്ററിന്റെ ഭാഗമായി ഏപ്രിലിൽ നൽകേണ്ട ഭക്ഷ്യക്കിറ്റ് മുൻകൂട്ടി നൽകാനുള്ള തീരുമാനം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലിനെത്തുടർന്ന് സർക്കാർ പിൻവലിച്ചുവെങ്കിലും സർക്കാർ പിന്നോട്ടില്ല. ഏപ്രിൽ 1 മുതൽ കിറ്റുകൾ വിതരണം ചെയ്യും. പുതിയ തീരുമാന പ്രകാരം എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി കിറ്റ് കിട്ടും. ഒൻപതിനു പകരം 14 ഇനങ്ങൾ ഉൾപ്പെടുത്തി. ഈ കിറ്റ് ഭരണ തുടർച്ച എത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ഈ മാസം 31ന് മുൻപ് കിറ്റ് നൽകാനുള്ള തീരുമാനമാണ് പിൻവലിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം കൊടുക്കുകയും ചെയ്യുന്നു.

വിഷു ഏപ്രിൽ പകുതിക്കാണ്. എന്നാൽ ഈസ്റ്റർ മാസാദ്യവും. ഇത് പരിഗണിച്ചാണ് തുടക്കത്തിൽ കിറ്റ് നൽകുന്നത്. ഏപ്രിൽ 1, 2 തീയതികളിൽ അവധിയായതിനാൽ, പ്രത്യേക ഉത്തരവിറക്കി റേഷൻ കട തുറന്നു കിറ്റ് വിതരണം ചെയ്യാനാണു തീരുമാനം. പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും. കമ്മിഷന്റെ കൂടുതൽ ഇടപെടൽ ഉണ്ടാകും മുൻപ് ഇനി പരമാവധി കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കത്തിലാണു സർക്കാർ. കിറ്റും റേഷനും ചർച്ചയാക്കുന്നതും ഇതിൽ വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇനി വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രമേ ഉള്ളൂ. എന്നാലും റേഷന്റെ പേരിൽ കോടതിയെ സമീപിക്കാനാണ് നീക്കം.

മുൻഗണനേതര വിഭാഗക്കാർക്ക് (വെള്ള, നീല കാർഡുകാർ) 15 രൂപ വച്ചു 10 കിലോ സ്‌പെഷൽ അരി നൽകുന്നതും പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ തിരഞ്ഞെടുപ്പു കമ്മിഷൻ തടഞ്ഞിരുന്നു. ഇതിനെതിരെ നിയമ നടപടിക്കും ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. വിഷു ഈസ്റ്റർ കിറ്റും മെയ്‌ മാസത്തെ ക്ഷേമ പെൻഷനും വോട്ടെടുപ്പിനു തൊട്ടു മുൻപു വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമെന്നു പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു. ഈ പരാതി ഉയർത്തി കിറ്റ് തടയാൻ പ്രതിപക്ഷം ശ്രമിച്ചുവെന്ന ധാരണയുണ്ടാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്.

സാധാരണ നിലയിൽ ഓരോ മാസത്തിന്റെയും അവസാനത്തോടെയാണു കിറ്റ് വിതരണം. കോവിഡിനെത്തുടർന്ന് അടച്ചതിനാൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം നടന്നിട്ടില്ല. ഈ അരി കുട്ടികൾക്കു നൽകാൻ 4 മാസം മുൻപു തീരുമാനിച്ചിരുന്നു. അതും ഈയിടെ വിതരണം ചെയ്തിരുന്നു. ഇതും വോട്ടിൽ കണ്ണുവച്ചുള്ള ഇടത് നീക്കമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കിറ്റാണ് വിജയമെത്തിച്ചതെന്നാണ് ഇടതു കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് വിഷുവിനും ഈസ്റ്ററിനും കിറ്റ് നൽകുന്നത്.

ഭക്ഷ്യക്കിറ്റ് വിതരണത്തെ ആദ്യം മുതൽ വിമർശിച്ചിരുന്ന പ്രതിപക്ഷം ഇപ്പോൾ അതു മുടക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. കിറ്റ് വിതരണവും പെൻഷൻ വിതരണവും സ്‌കൂൾ കുട്ടികൾക്ക് അരിനൽകുന്നതുമെല്ലാം തടയാൻ അവർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ജനങ്ങൾക്ക് ഇതെല്ലാം നൽകുന്നത് മുടക്കണോ. വിഷുമാത്രമല്ല , ഈസ്റ്ററുംകൂടി കണക്കിലെടുത്താണ് കിറ്റ് ഏപ്രിൽ ആദ്യം നൽകാൻ തീരുമാനിച്ചത്. അരിയും പലവ്യഞ്ജനങ്ങളും കിട്ടിയാൽ സ്വാധീനിക്കപ്പെടുമെന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളെ കുറച്ചുകാട്ടലാണ്. ഇടതുസർക്കാരിനോടുള്ള വിശ്വാസം അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾക്കൊണ്ട് ജനങ്ങളുടെ മനസ്സിൽ രൂപപ്പെട്ടതാണ്. കിറ്റ് വിതരണം തടഞ്ഞ് അത് തകർക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഈ നിലപാട് സ്വീകരിച്ചതിന് പ്രതിപക്ഷ നേതാവ് ജനങ്ങളൊട് മാപ്പുപറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിന് സ്‌കൂൾ കുട്ടികൾക്കുള്ള ധാന്യങ്ങൾ എട്ടുമാസം വിതരണം ചെയ്യാതെ പൂഴ്‌ത്തിവെച്ചവരാണ് ഇപ്പോൾ കൊടുക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ശരിക്കും അന്നം മുടക്കിയത് പിണറായിയല്ലേ? കിറ്റു വിതരണം ഏപ്രിൽ ആറിനു ശേഷം മതിയെന്നാണ് പറഞ്ഞത്. അല്ലാതെ കൊടുക്കരുതെന്നല്ല -ചെന്നിത്തല പറഞ്ഞു. 2016 -ൽ തിരഞ്ഞെടുപ്പിനുമുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ അരിയും കുടിവെള്ളവും വിതരണം ചെയ്യാൻ ശ്രമിച്ചപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷൻ തടഞ്ഞു. ഇതിനെതിരേ സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. അന്ന് പിണറായി വിജയൻ പറഞ്ഞത് ഉമ്മൻ ചാണ്ടി സർക്കാരിന് കമ്മിഷനോട് അസഹിഷ്ണുതയാണെന്നാണ്. സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്ന് വിതരണം തടഞ്ഞത്. അന്ന് പിണറായി പറഞ്ഞതേ ഇന്ന് ഞാനും പറയുന്നുള്ളൂ. വിഷു ഏപ്രിൽ 14 -നല്ലേ? വിഷുക്കിറ്റ് ആറാം തീയതിക്കുശേഷം കൊടുത്താൽ പോരേ? -ചെന്നിത്തല ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP