Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

'വിവാഹപ്രായം ഉയർത്തുന്നത് അപ്രതീക്ഷിത ഗർഭധാരണത്തിന് വഴിവയ്ക്കും; നിർബന്ധിത ഗർഭം അലസിപ്പിക്കലിന് കാരണമാകും'; സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർത്ത് കേന്ദ്രസർക്കാരിന് കത്തയച്ച് കേരളം

'വിവാഹപ്രായം ഉയർത്തുന്നത് അപ്രതീക്ഷിത ഗർഭധാരണത്തിന് വഴിവയ്ക്കും; നിർബന്ധിത ഗർഭം അലസിപ്പിക്കലിന് കാരണമാകും'; സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർത്ത് കേന്ദ്രസർക്കാരിന് കത്തയച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സ് ആയി മാറ്റുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമ ഭേദഗതിയിൽ വിയോജിപ്പ് അറിയിച്ച് കേരളം കത്തയച്ചു. വിവാഹപ്രായം ഉയർത്തുന്നത് അന്താരാഷ്ട്ര ധാരണകളെ ലംഘിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ കത്തയച്ചത്.

യൂണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ, യുണിസെഫ് എന്നിവരുടെ പ്രമേയങ്ങൾ പ്രകാരം 18 വയസിന് താഴെയുള്ള വിവാഹങ്ങൾ ശൈശവ വിവാഹത്തിന്റെ പരിധിയിൽ വരും. 1875ലെ നിയമപ്രകാരം പ്രായപൂർത്തി വോട്ടവകാശം 18 വയസാണെന്നതും സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസായിരിക്കണമെന്ന പോക്‌സോ നിയമത്തിലെ വ്യവസ്ഥയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കേരളം വിവാഹപ്രായമുയർത്തുന്നതിനെതിരെ നിലപാടെടുത്തത്.

വിവാഹപ്രായം ഉയർത്തുന്നത് അപ്രതീക്ഷിത ഗർഭധാരണത്തിന് വഴിതെളിക്കുകയും അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും കത്തിൽ പറയുന്നു. ഇങ്ങനെയുണ്ടാകുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും കാരണമാകും. നിർബന്ധിത ഗർഭം അലസിപ്പിക്കലിന് കാരണമാകും. അതുകൊണ്ട് വിവാഹപ്രായമുയർത്തുന്നത് പ്രായോഗിക തലത്തിൽ സാധ്യമാകില്ല.

നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 വയസാവുകയും എന്നാൽ നിയമപ്രകാരം പ്രായപൂർത്തിയാകുന്നത് 18 വയസായിരിക്കുന്നതും നിയമപ്രശ്‌നങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമാകും. 2017ലെ സുപ്രീംകോടതി വിധിക്കെതിരായിരിക്കും ഈ നീക്കം.

18 വയസായ ഒരു പെൺകുട്ടിക്ക് തന്റെ നേതാവിനെ തിരഞ്ഞെടുക്കാൻ അവകാശം ലഭിക്കുന്നു. എന്നാൽ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശം നൽകാതിരിക്കുന്നത് സ്വാതന്ത്ര്യ നിഷേധമാണ്. 18 വയസാകുന്നതോടെ നിയമപരമായി അവൾ പ്രായപൂർത്തിയായി കഴിഞ്ഞു. എല്ലാ വ്യവസ്ഥാപിത മാർഗങ്ങളും അവളെ പ്രായപൂർത്തിയായതായി കണക്കാക്കും. എന്നാൽ വിവാഹത്തിന്റെ കാര്യത്തിൽ മാത്രം പ്രായപൂർത്തിയാകാത്തതായി കണക്കാക്കുന്നത് വൈരുദ്ധ്യമാണ്.

അതുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായമുയർത്തൽ ജീവിതത്തിൽ ആരോടൊപ്പമുണ്ടാകണമെന്ന അവരുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. വിവാഹപ്രായം 18 ആണെങ്കിൽ കൂടി 2017ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെല്ലായിടത്തും സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 22.1 വയസാണ്. അതിനാൽ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകത തന്നെയില്ല.

ദാരിദ്ര്യം, വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കാതിരിക്കൽ, സ്ത്രീധനം, സ്ത്രീ സുരക്ഷയുടെ പ്രശ്‌നങ്ങൾ, കുറ്റകൃത്യങ്ങളിലെ വർധന ഇതൊക്കെ കൊണ്ടാണ് ഗ്രാമീണ മേഖലകളിലൊക്കെ പെൺകുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കാൻ നിർബന്ധിതമാക്കുന്നത്. വിവാഹപ്രായം 18 ആയിരിക്കുമ്പോൾ തന്നെയാണ് ഇതൊക്കെ നടക്കുന്നത്. അതിനാൽ വിവാഹപ്രായം 21 ആക്കുന്നതുകൊണ്ട് ഇക്കാര്യങ്ങളിൽ മാറ്റമുണ്ടാകുന്നില്ല. ഇതുകൊണ്ട് ദരിദ്രരായ നിരവധി കുടുംബങ്ങളാണ് കുറ്റവാളികളാകാൻ പോകുന്നതെന്ന് മാത്രം. പെൺകുട്ടികളുടെ വിവാഹപ്രായമുയർത്തുന്നതിനെ എതിർക്കുന്നതിന് വനിതാ-ശിശുവികസന വകുപ്പ് നിരത്തുന്ന വാദങ്ങൾ ഇവയൊക്കെയാണ്.

ദേശീയതലത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്. 2021 ഡിസംബറിൽ ലോക്‌സഭയിൽ സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇത് തിരികെയെത്തി ലോക്‌സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP