Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ഏക സിവിൽകോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം; തിടുക്കത്തിലുള്ള നീക്കം മതന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയെന്നും എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി; സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം കിട്ടാൻ ഒരുമിച്ചുനിൽക്കുമെന്ന് എംപിമാർ

ഏക സിവിൽകോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം; തിടുക്കത്തിലുള്ള നീക്കം മതന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയെന്നും എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി; സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം കിട്ടാൻ ഒരുമിച്ചുനിൽക്കുമെന്ന് എംപിമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേർത്തത്.

രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവിൽ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുണ്ട്. മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലിൽ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം. അതിനായി എംപിമാർ ശബ്ദമുയർത്തണം. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങൾ ഇതുവരെ ജിഎസ്ടി കൗൺസിൽ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാൻ ഒരുമിച്ച് നിൽക്കുമെന്ന് എംപിമാർ പറഞ്ഞു. സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന നിയമനിർമ്മാണ നടപടികളെ പാർലമെന്റിൽ ശക്തമായി എതിർക്കണം.

2023 ഓഗസ്റ്റ് 15 മുതൽ സെപ്തബർ 15 വരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയിൽ അമിതമായ വർദ്ധന ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രവ്യോമയാന മന്ത്രിക്ക് അയച്ച കത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.

യാത്ര സുഗമമാക്കാൻ ചട്ടങ്ങൾക്ക് അനുസൃതമായി ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിന്മേൽ അനുമതി ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണം. കണ്ണൂർ എയർപോർട്ടിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ അംഗീകാരം ലഭ്യമാക്കാനാവണം. കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള ഭൂമി ഒരു മാസത്തിനകം ഏറ്റെടുത്ത് നൽകും.

റെയിൽവേ ട്രാക്കിന് കുറുകെ ഇഎച്ച്ടി ലൈനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതി ലഭിക്കേണ്ടതുണ്ട്. തലശ്ശേരി-മൈസൂർ, നിലമ്പൂർ- നഞ്ചങ്കോട് റെയിൽ പദ്ധതികളുടെ പുതുക്കിയ അലൈന്മെന്റിൽ വിശദമായ സർവ്വേ നടത്തി ഡിപിആർ തയ്യറാക്കുന്നതിന് കർണ്ണാടക സർക്കാരിൽ നിന്നും അനുമതി ലഭ്യമാകാനുണ്ട്. അത് വേഗത്തിലാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. ഇക്കാര്യം പാർലന്റെിൽ ഉന്നയിക്കേണ്ടതുണ്ട്. അങ്കമാലി - ശബരി റെയിൽപദ്ധതിയുടെ എസ്റ്റിമേറ്റ്, ഡിപിആർ എന്നിവ അംഗീകരിക്കുന്നതിനും മതിയായ തുക അനുവദിക്കുന്നതിനും ശക്തമായ ഇടപെടൽ നടത്തണം. കാഞ്ഞങ്ങാട്- കാണിയൂർ റെയിൽ പാതയുടെ കാര്യത്തിലും ഇടപെടൽ ഉണ്ടാവണം.

കെഎസ്‌ഐഡിസിയും ശ്രിചിത്രയും ചേർന്ന് നടപ്പാക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ നടത്തിപ്പിന് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് ശ്രീചിത്ര തിരുനാൾ ഇൻസിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളിജിക്കുള്ള കേന്ദ്രസർക്കാരിന്റെ അനുമതി നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ കിടക്കുകയാണ്. ഇത് എത്രയും വേഗത്തിൽ ലഭ്യമാക്കണം.

എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുള്ള തടസ്സം നീക്കണം. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ സംസ്ഥാനസർക്കാരിന് കൈമാറാനുള്ള നടപടികളുമുണ്ടാകണം. കേരള സർക്കാർ സൗജന്യമായി നൽകിയ 123 ഏക്കർ സ്ഥലത്താണ് കമ്പനി സ്ഥിതി ചെയ്യുന്നത്.

യോഗത്തിൽ മന്ത്രിമാർ, എംപിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP