Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവമ്പാടി നിയമസഭാ മണ്ഡലം സിപിഎം കേരള കോൺഗ്രസ്സിന് നൽകിയേക്കും; എൽഡിഎഫിൽ ടി എം ജോസഫ് തോണിപ്പാറ സ്ഥാനാർത്ഥിയായേക്കുംച യുഡിഎഫിൽ ലീഗിലെ സി പി ചെറിയ മുഹമ്മദിനും സാധ്യത; കഴിഞ്ഞ തവണ കേരള കോൺഗ്രസ്സ് മത്സരിച്ച ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകൾ സിപിഎം വിട്ടുകൊടുത്തേക്കില്ല

തിരുവമ്പാടി നിയമസഭാ മണ്ഡലം സിപിഎം കേരള കോൺഗ്രസ്സിന് നൽകിയേക്കും; എൽഡിഎഫിൽ ടി എം ജോസഫ് തോണിപ്പാറ സ്ഥാനാർത്ഥിയായേക്കുംച യുഡിഎഫിൽ ലീഗിലെ സി പി ചെറിയ മുഹമ്മദിനും സാധ്യത; കഴിഞ്ഞ തവണ കേരള കോൺഗ്രസ്സ് മത്സരിച്ച ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകൾ സിപിഎം വിട്ടുകൊടുത്തേക്കില്ല

ജംഷാദ് മലപ്പുറം

കോഴിക്കോട്: തിരുവമ്പാടി നിയമസഭാ മണ്ഡലം ഇത്തവണ കേരള കോൺഗ്രസ്സിന് നൽകാൻ സിപിഎം. നീക്കം. ഇതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജോസ് കെ. മാണിയുടെ ബന്ധുവും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ ടി.എം ജോസഫ് തോണിപ്പാറ സ്ഥാനാർത്ഥിയായേക്കും. യു.ഡി.എഫിൽ ലീഗിലെ സി.പി.ചെറിയ മുഹമ്മദിനും സാധ്യത. യു.ഡി.എഫിനൊപ്പം ആയിരുന്നപ്പോൾ തൃശൂരിന് വടക്ക് കേരള കോൺഗ്രസ്സ് മത്സരിച്ച ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകൾ വിട്ടു കൊടുക്കാൻ സി.പി എം ന് തടസ്സങ്ങളുള്ളതായും സൂചനകളുണ്ട്.

മന്ത്രി ടി.പി രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയും കണ്ണൂരിലെ പാർട്ടി ശക്തി കേന്ദ്രവും ജില്ലയിലെ പ്രധാനപ്പെട്ട ക്രൈസ്തവ മുഖമായ ജെയിംസ് മാത്യു മത്സരിച്ചതുമായ തളിപ്പറമ്പും മാണിയുടെ പഴയ വിശ്വസ്തൻ തോമസ് ഉണ്ണിയാടനിൽ നിന്ന്
സിപിഎം പിടിച്ചെടുത്ത ഇരിങ്ങാലക്കുട സീറ്റും വിട്ടുകൊടുക്കാൻ സിപിഎം തയ്യാറാകില്ല. അതോടൊപ്പം ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ യു. ഡി.എഫിൽ ജോസഫ് പക്ഷ സ്ഥാനാർത്ഥിയായി വരാനും സാധ്യതയുണ്ട്. മൂന്ന് സീറ്റും നിലനിർത്തുമ്പോൾ പാർട്ടിയുടെ സിറ്റിങ് സീറ്റായ തിരുവമ്പാടി കേരള കോൺഗ്രസ്സിന് നൽകാനാണ് സിപിഎം ആലോചിക്കുന്നത്.

യു.ഡി.എഫ് അനുകൂല മണ്ഡലമായ തിരുവമ്പാടി പിടിച്ചെടുത്ത ജോർജ് എം തോമസ് അനാരോഗ്യം കാരണം മത്സര രംഗത്ത് ഇല്ലാത്തതും പാർട്ടിയിൽ സ്ഥാനാർത്ഥി മോഹികളായി ഒന്നിലധികം പേരുള്ളതുമാണ് പ്രധാനമായും വിട്ടുനൽകാൻ പാർട്ടിയെ പ്രേരിപ്പിക്കുന്ന ഘടകം. മാണി ഗ്രൂപ്പിൽ നിന്ന് മണ്ഡലത്തിൽ തന്നെയുള്ള ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ് തോണിപ്പാറ സ്ഥാനാർത്ഥിയായേക്കും. ജോസ് കെ മാണിയുടെ ബന്ധുകൂടിയായ ടി. എം ജോസഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനും ആയിരുന്നു. പാർട്ടി വോട്ട് കുറവാണങ്കിലും മണ്ഡലത്തിൽ നല്ല സുഹൃദ് ബന്ധങ്ങളുള്ളത് അദ്ദേഹത്തിന്

അനുകൂല ഘടകമാണ്. യു.ഡി.എഫിൽ ലീഗ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായ നിലക്ക് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് തന്നെ വന്നേക്കും. നേരത്തെ രണ്ടുതവണ സി.മോയീൻകുട്ടിക്കും വി. എം. ഉമ്മർ മാസ്റ്റർക്കും വേണ്ടി മാറിനിന്ന ചെറിയ മുഹമ്മദ് കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ , കൺവീനർ സ്ഥാനം വഹിച്ചിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും ആയിരുന്നു.

കോൺഗ്രസ്സുമായും മറ്റു സമുദായ സംഘടനകളുമായും നല്ല ബന്ധം തുടരുന്ന സി.പി.ചെറിയ മുഹമ്മദും മുൻ യു.ഡി.എഫ് ചെയർമാൻ ടി.എം ജോസഫും തമ്മിൽ മത്സരിച്ചാൽ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള മത്സരം നടക്കുന്ന മലബാറിലെ പ്രധാന മണ്ഡലമായി തിരുവമ്പാടി മാറും.കേരള കോൺഗ്രസ്സിന്റെ പേരാമ്പ്രയിലെ സ്ഥിരം സ്ഥാനാർത്ഥി മുഹമ്മദ് ഇക്‌ബാലും തിരുവമ്പാടിയിലേക്ക് നോട്ടമിട്ടിട്ടുണ്ട്. കോട്ടയക്കാരനായ ഇക്‌ബാൽ ഇപ്പോൾ മലബാറിൽ സ്ഥിര താമസമാണ് . മുസ്ലിം ലീഗിൽ ചെറിയമുഹമ്മദ് മറ്റേതോ മണ്ഡലത്തിലേക്ക് മാറുകയാണെങ്കിൽ ജില്ലാ സെക്രട്ടറി വി.കെ ഹുസൈൻകുട്ടി സ്ഥാനാർത്ഥിയായേക്കും. മലയോര മണ്ഡലത്തിലെ നിലവിലെ ചിത്രം സി.പി ചെറിയ മുഹമ്മദ്, ടി.എം ജോസഫ് തമ്മിലുള്ള പോരാട്ടമാണ്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP