Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കേരളാ കോൺഗ്രസ് ചെയർമാൻ തെരഞ്ഞടുപ്പ് കേസിൽ തൊടുപുഴ മുൻസിഫ് രാഷ്ട്രീയം കളിച്ചെന്ന് ആരോപണം; സ്റ്റേ നിലനിർത്തിക്കൊണ്ടു തന്നെ കേസിൽ നിന്നും ഒഴിവായതിന് പിന്നിൽ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ജോസഫ് ഗ്രൂപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം; ജോസഫ് വിഭാഗം നേതാവിന്റെ ബന്ധുത്വം മറച്ചുവെച്ച് കേസ് പരിഗണിച്ചു; മുൻസിഫിനെ മാറ്റിനിർത്തി ഹൈക്കോടതി വിശദമായി അന്വേഷിക്കണമെന്ന് അഭിഭാഷകരും

കേരളാ കോൺഗ്രസ് ചെയർമാൻ തെരഞ്ഞടുപ്പ് കേസിൽ തൊടുപുഴ മുൻസിഫ് രാഷ്ട്രീയം കളിച്ചെന്ന് ആരോപണം; സ്റ്റേ നിലനിർത്തിക്കൊണ്ടു തന്നെ കേസിൽ നിന്നും ഒഴിവായതിന് പിന്നിൽ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ജോസഫ് ഗ്രൂപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം; ജോസഫ് വിഭാഗം നേതാവിന്റെ ബന്ധുത്വം മറച്ചുവെച്ച് കേസ് പരിഗണിച്ചു;  മുൻസിഫിനെ മാറ്റിനിർത്തി ഹൈക്കോടതി വിശദമായി അന്വേഷിക്കണമെന്ന് അഭിഭാഷകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) ചെയർമാൻ തെരഞ്ഞെടുപ്പു കേസിലെ കോടതി ഇടപെടലിനെ ചൊല്ലിയും വിവാദം. കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുനിസിഫ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ കേസിൽ തുടർവാദം കേൾക്കുന്നതിൽ നിന്നും തൊടുപുഴ മുൻസിഫ് പിന്മാറുകയും ചെയ്തു. ഇതുസംബന്ധിച്ച് സിജെഎമ്മിന്നെ വിവരം അറിയിച്ചു. കേസിൽ വിധി പറയാൻ ഇരിക്കെയാണ് കോടതിയുടെ പിന്മാറ്റം. പുതിയ കോടതി ഏതെന്ന് സി ജെ എം അറിയിക്കുകയും ചെയ്തു.

കേസിൽ നിന്നും പിന്മാറിയതിന്റെ കാര്യം മുൻസിഫ് മേരി ബിന്ദു ഫെർണാണ്ടസ് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയുടെ ഭർത്താവിന്റെ ഏറ്റവും അടുത്ത ബന്ധുവാണ് എന്നതായിരുന്നു. അതേസമയം ഇക്കാര്യം വ്യക്തമാക്കാതെയാണ് ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. കൂടാതെ കേസിൽ നിന്നും പിന്മാറിയപ്പോഴും ഇക്കാര്യം എടുത്തു പറഞ്ഞില്ല.

Stories you may Like

കേരളാ കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത ജൂൺ 16-ാം തീയതിയിലെ കോട്ടയത്ത് നടന്ന സംസ്ഥാന യോഗത്തിൽ തന്റെ ഒപ്പു വ്യാജമായിട്ടാണ് ഇട്ടതെന്ന പരാതിയുമായി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത് സേവി കുരിശുവീട്ടിൽ എന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇയാളുമായി ബന്ധുത്വമുള്ളയാളാണ് തൊടുപുഴ മുൻസിഫ് മേരി ബിന്ദു ഫെർണാണ്ടസെന്ന കാര്യം അഭിഭാഷകർക്കിടയിൽ പാട്ടായതിനെ തുടർന്നാണ് കോടതിയിൽ 'അതുപറയാതെ' മുൻസിഫ് ഇന്നലെ കേസിൽ നിന്നും സ്വയം ഒഴിവായത്.

ഈ കേസിലെ മുൻസിഫിന്റെ നടപടികളെ ആദ്യ ദിവസം തന്നെ അഭിഭാഷകർ ചോദ്യം ചെയ്തിരിക്കുന്നു. 16-ാം തീയതി കോട്ടയത്ത് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ തൊട്ടടുത്ത ദിവസം 17-ാം തീയതി തന്നെ തൊടുപുഴ മുൻസിഫ് കോടതിയിൽ കേസെത്തി. 17ന് മൂന്നു മണിക്കാണ് കേസ് നമ്പരിടുന്നത്. സാധാരണ ഗതിയിൽ മുൻസിഫ് കോടതി മുറിയിലെത്തി അപ്പോൾ കോടതിയിലുള്ള അഭിഭാഷകരുടെ സാന്നിധ്യത്തിൽ ഓപ്പൺ കോടതിയിൽ കേസ് കേൾക്കുകയാണ് പതിവ്. എന്നാൽ ജോസ് കെ മാണിയെ ചെയർമാൻ ആക്കിയതിന് എതിരെയുള്ള കേസിൽ ഈ നടപടിക്രമം പാലിച്ചില്ലെന്നും, രഹസ്യമായി മുൻസിഫിന്റെ ചേമ്പറിൽ കേസ് നൽകിയ വ്യക്തിയുടെ അഭിഭാഷകനെ മാത്രം കേട്ട് എതിർകക്ഷിയുടെ വാദം കേൾക്കാതെ അതിവേഗത്തിൽ കേസിൽ ഇൻജക്ഷൻ നൽകുകയായിരുന്നു. ഇതടക്കമുള്ള മുഴുവൻ കാര്യങ്ങളും ഹൈക്കോടതി തന്നെ നേരിട്ടന്വേഷിക്കണമെന്ന് തൊടുപുഴയിലെ തന്നെ മുതിർന്ന അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂൺ 16-ാം തീയതി കോട്ടയത്ത് നടന്ന സംരക്ഷണ കമ്മിറ്റി തീരുമാനങ്ങൾക്കെതിരെ സാധാരണ ഗതിയിൽ കോട്ടയം മുൻസിഫ് കോടതിയിൽ തന്നെയായിരുന്നു ഇൻജംഗ്ഷൻ ഹർജി ഫയൽ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചതിൽ ദുരൂഹത ഉണ്ടെന്ന് തൊടുപുഴയിലെയും ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകർ അന്നു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എതിർഭാഗത്തെ കേൾക്കാതെ, സാധാരണ ഗതിയിൽ ഒരു മുൻസിഫിന് ഉത്തരവിടാൻ നിയമാനുസൃതം അവകാശമില്ലാത്ത വിഷയങ്ങളിൽ അസാധാരണമായ ഉത്തരവുകളാണ് അന്ന് മുൻസിഫ് നൽകിയതെന്നും അഭിഭാഷക പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കരുതെന്ന ഉത്തരവ് അന്നു തന്നെ വിവാദമായിരുന്നു. എന്നാൽ 16-ാംതീയതി നടന്ന ചെയർമാൻ തെരഞ്ഞെടുപ്പും അനുബന്ധ രേഖകളും 17-ാം തീയതി രാവിലെ തന്നെ തോമസ് ചാഴിക്കാടൻ എംപി ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകി കൈപ്പറ്റു രസീതും സമ്പാദിച്ചിരുന്നു. ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് തടയുന്നതിനായിരുന്നു 16-ാം തീയതി നടന്ന തെരഞ്ഞെടുപ്പിനെതിരെ 17-ന് തന്നെ തൊടുപുഴ കോടതിയെ സമീപിച്ചത്.

കോട്ടയത്ത് കൂടിയ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്ത് തടഞ്ഞ തൊടുപുഴ മുൻസിഫ് കോടതി വിധിക്കാധാരമായ അന്യായത്തിൽ തന്നെ നിരവധി പിഴവുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാർട്ടിയുടെ ഭരണഘടനയെ സംബിന്ധിച്ചതാണ്. അന്യായത്തിൽ ചൂണ്ടിക്കാണിക്കുന്നതും അടിസ്ഥാന രേഖയായി കണക്കാക്കുന്നതും മെയ് 24ന് ഭേദഗതി ചെയ്യപ്പെട്ടതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർത്ഥിച്ചും അംഗീകാരം നേടിയ പാർട്ടി ഭരണഘടനയാണെന്ന് അന്യായത്തിന്റെ 5-ാം ഖണ്ഡികയിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അന്യായത്തോടൊപ്പം ഫയൽ ചെയ്തിരിക്കുന്നത് ജോസ് കെ മാണിയുടെ പക്കലുള്ള 2013 മെയ് നാലിൽ ഭേദഗതി ചെയ്ത പുതിയ ഭരണഘടനയായിരുന്നു.

2013 ജൂണിലെ ഈ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നു ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. അന്യായത്തിൽ പലയിടത്തും 2010ലെ ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിൽ പല ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഭരണഘടനപ്രകാരം അത്തരം ആവശ്യങ്ങൾ ഗതികേടാണോ എന്നു നോക്കാനെങ്കിലും മുൻസിഫ് ഭരണഘടന പരിഗണിക്കണമായിരുന്നു. അങ്ങനെ നോക്കിയിരുന്നെങ്കിൽ ഈ വൈരുദ്ധ്യം പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെടുന്ന അവസ്ഥയുമുണ്ടാകുമായിരുന്നു. എന്നാൽ അങ്ങനെയില്ല എന്നത് തിടുക്കത്തിൽ പുറപ്പെടുവിച്ചത് കോടതിവിധിയെ തന്നെ വിവാദമാക്കുന്നു.

ഏറെ വാർത്താപ്രാധാന്യം നേടിയ രാഷ്ട്രീയമാനങ്ങളുള്ള ഒരു കേസിൽ പ്രത്യേകിച്ച് എതിർപാർട്ടിയെ കേൾക്കാതെ ഏകപക്ഷീയമായ ഉത്തരവുകൾ നൽകുന്ന കേസുകളിൽ ജുഡീഷ്യൽ ഓഫീസർമാർ കാണിക്കേണ്ട ജാഗ്രത ഈ കേസിൽ മുൻസിഫ് കാണിച്ചില്ല എന്ന ആരോപണമാണ് അഭിഭാഷകർ അടക്കം ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊരു ജാഗ്രത കാണിച്ചിരുന്നെങ്കിൽ അന്യായത്തിലെ പിഴവുകൾ കോടതിക്ക് തന്നെ പ്രാരംഭഘട്ടത്തിൽ കണ്ടെത്താനാകുമായിരുന്നു. എന്നാൽ, ഇന്നലത്തെ സംഭവ വികാസങ്ങളോടെ ജോസഫ് ഗ്രൂപ്പുമായി മുൻസിഫിന് അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ വിഷയം ഗൗരവമായിരിക്കുന്നു. അന്യായത്തിന്റെ 8-ാമത്തെ ഖണ്ഡികയിൽ ഭരണഘടനയുടെ 8-ാം വകുപ്പ് പ്രകാരം നാലിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ കമ്മിറ്റികളുടെ ജനറൽ ബോഡി യോഗം അതാത് കമ്മിറ്റിയുടെ അദ്ധ്യക്ഷന്മാർ വിളിച്ചു ചേർക്കണമെന്ന് വിവരിക്കുമ്പോൾ 2013 ലെ ഭരണഘടനയുടെ 8-ാം വകുപ്പ് പാർട്ടി ഘടകങ്ങളെപ്പറ്റി മാത്രമാണ് പറയുന്നത്. മീറ്റിംഗുകൾ വിളിച്ചു കൂട്ടാനുള്ള ഭരണഘടനാ വകുപ്പ് II ആണ്.

അന്യായത്തിന്റെ 9-ാം ഖണ്ഡികയിൽ പറയുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം കമ്മിറ്റി മീറ്റിംഗുകൾ വിളിച്ചു ചേർക്കേണ്ടത് അതാത് കമ്മിറ്റികളുടെ പ്രസിഡന്റുമാർ ആണെന്നാണ്. എന്നാൽ അന്യാത്തിന്റെ കൂടെ സമർപ്പിച്ചിരിക്കുന്ന ഭരണഘടയുടെ 21-ാം വകുപ്പ് എന്നത് സ്ഥിരം ക്ഷണിതാക്കളെ സംബന്ധിച്ചുള്ളതുമാണ്. ഇതിൽ ഏറ്റവും വിവാദമായിരിക്കുന്നത് ഭരണഘടനയുടെ 31-ാം വകുപ്പാണ്. 2013 ലെ ഭേദഗതി ചെയ്ത ഭരണഘടനയുടെ 31-ാം വകുപ്പ് പ്രകാരം പ്രാബല്യത്തിൽ വരുന്നത്. പഴയ ഭരണഘടന പ്രകാരം 06-03-2012 ൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ 2013-ലെ പുതിയ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ തൽസ്ഥാനങ്ങളിൽ തുടരുമെന്നും അതിനിടയിൽ മരണം, പുറത്താക്കൽ, അയോഗ്യത കൽപ്പിക്കൽ എന്നിയിലൂടെ വരുന്ന ഒഴിവുകൾ അതാത് കമ്മിറ്റികൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നുമാണ്.

31-ാം വകുപ്പ് പുതിയ തെരഞ്ഞെടുപ്പ് വരെയുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമായിരുന്നതിനാൽ 'പ്രത്യേക സംവിധാനങ്ങൾ' എന്നാണ് പേര് കൊടുത്തിരുന്നത്. പുതിയ 2013 ലെ ഭരണഘടനാപ്രകാരം 20-04-2018 ൽ കേരളാ കോൺഗ്രസ് പാർട്ടിയിൽ എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നതോടെ ഭരണഘടയുടെ 31-ാം വകുപ്പ് തന്നെ ഇല്ലാതായി. നിലവിൽ ജോസഫ് നടത്തിക്കൊണ്ടിരിക്കുന്ന വാദമുഖങ്ങളുടെ കേന്ദ്രബിന്ദു തന്നെയാണ് ഭരണഘടന പ്രകാരം നിർവഹിക്കുന്നത്. വസ്തുതാപരമായും നിയമപരമായും തെറ്റായ അന്യായം ഫയൽ ചെയ്യുകയും തെറ്റായ രേഖകൾ സമർപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാകുന്നതുപോലെ തന്നെ ആർക്കും ഒറ്റ വായനയിൽ മനസിലാക്കാവുന്ന തെറ്റുകൾ മുൻസിഫിന്റെ കണ്ണിൽ പെടാത്തത് അന്യായം പ്രാഥമിക വായന പോലും നടത്താതെയാണ് എതിർഭാഗത്തെ കേൾക്കാതെ തിടുക്കത്തിൽ ഉത്തരവു നൽകിയെന്ന എതിർവാദത്തിനു ശക്തി പകരുന്നുണ്ട്. വിവാദത്തിന് ഇടയാക്കിയ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ 2013 ജൂണിന് ഭരണഘടനം ഈ വാർത്തക്കൊപ്പം പ്രസിദ്ധീകരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP