Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കെ എം മാണിയുടെ ആത്മാവ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നുണ്ടാകും; ഓരോ കേരളാ കോൺഗ്രസ് പ്രവർത്തകന്റേയും ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണിത് എന്നും ജോസ് കെ മാണി; കെ.എം മാണിയുടെ രാഷ്ട്രീയത്തെയും അദ്ദേഹം പടുത്തുയർത്തിയ കേരളാ കോൺഗ്രസ് (എം) എന്ന പ്രസ്ഥാനത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച എല്ലാ ശക്തികൾക്കുമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയെന്നും വിശദീകരണം

കെ എം മാണിയുടെ ആത്മാവ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നുണ്ടാകും; ഓരോ കേരളാ കോൺഗ്രസ് പ്രവർത്തകന്റേയും ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണിത് എന്നും ജോസ് കെ മാണി; കെ.എം മാണിയുടെ രാഷ്ട്രീയത്തെയും അദ്ദേഹം പടുത്തുയർത്തിയ കേരളാ കോൺഗ്രസ് (എം) എന്ന പ്രസ്ഥാനത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച എല്ലാ ശക്തികൾക്കുമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി തെളിയിക്കുന്നത് ആത്യന്തികമായി സത്യം വിജയിക്കും എന്നാണെന്ന് ജോസ് കെ മാണി എംപി. കേരള കോൺ​ഗ്രസ് എന്ന പേരും രണ്ടില ചിഹ്നവും തങ്ങൾക്ക് ലഭിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ എം മാണിയുടെ ആത്മാവ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നുണ്ടാകും എന്ന് പറഞ്ഞ ജോസ് കെ മാണി, ഓരോ കേരളാ കോൺഗ്രസ് പ്രവർത്തകന്റേയും ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണിത് എന്നും ചൂണ്ടിക്കാട്ടി. വിപ് ലംഘിച്ച എംഎൽഎമാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ഇനി മുതൽ കേരളാ രാഷ്ട്രീയത്തിൽ ഒരേ ഒരു കേരളാ കോൺഗ്രസ് (എം) മാത്രമേയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ.മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോൾ എല്ലാവരും ആ കുടുംബത്തിൽ തന്നെയുണ്ടാവേണ്ടതാണ്. ചിലർ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാൽ തങ്ങൾക്ക് ആരോടും ശത്രുതയില്ല. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. നിയമസഭാ രേഖയിൽ റോഷി അഗസ്റ്റിനാണ് പാർട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവർക്കെതിരേ നിയമപരമായ നടപടിയുണ്ടാകും. എനിക്കും എന്റെ പിതാവിനുമെതിരേ വലിയ രീതിയിൽ വ്യക്തിഹത്യ നടന്നു. എന്നാലും ആർക്കെതിരേയും പരാതിയില്ല. എല്ലാവരും തിരിച്ച് വരണമെന്നാണ് അഭ്യർഥനയെന്നും ജോസ് കെ മാണി പറഞ്ഞു.

കെ.എം മാണിയുടെ രാഷ്ട്രീയത്തെയും അദ്ദേഹം പതിറ്റാണ്ടുകൾക്കൊണ്ട് പടുത്തുയർത്തിയ കേരളാ കോൺഗ്രസ് (എം) എന്ന പ്രസ്ഥാനത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച എല്ലാ ശക്തികൾക്കുമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഈ വിധി. യഥാർത്ഥ കേരളാ കോൺഗ്രസ് (എം) ഏതാണെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനം. കേരളാ കോൺഗ്രസ് (എം) ന്റെ യഥാർത്ഥ അവകാശികൾ ഞങ്ങളാണെന്ന് പരമോന്നത ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗിക കേരളാ കോൺഗ്രസ്(എം) ന്റെ ചിഹ്നം കെ.എം മാണി കർഷകരാഷ്ട്രീയത്തിന്റെ പ്രതീകമായി ഉയർത്തിപ്പിടിച്ച രണ്ടില തന്നെ ആയിരിക്കും. ഈ വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ജോസ് കെ മാണി പറഞ്ഞു.

കെ.എം മാണിയുടെ വർപാടിന്ശേഷം ഈ പ്രസ്ഥാനത്തെ ശിഥിലമാക്കാൻ അച്ചാരം വാങ്ങിയവരുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് കേരളം കണ്ടത്. കേരളാ രാഷ്ട്രീയത്തിൽ മറ്റൊരു നേതാവിനെതിരെയും ഉണ്ടായിട്ടില്ലാത്ത നീചമായ വ്യക്തിഹത്യയും വേട്ടയാടലും എനിക്കെതിരെ ഉണ്ടായത്. കേരളാ കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിച്ച, കെ.എം മാണിയുടെ ആത്മാവിനെപ്പോലും നിന്ദിച്ച ശക്തികളോട് സന്ധിയില്ലാതെ പൊരുതുക എന്ന രാഷ്ട്രീയ ചുമതലമാണ് ഞാൻ ഏറ്റെടുത്തത്. ആ പോരാട്ടത്തിൽ മുന്നിട്ടിറങ്ങിയപ്പോൾ ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന കള്ളപ്രചരണങ്ങളും നുണക്കഥകളുമാണ് ചിലർ പ്രചരിപ്പിച്ചത്. സ്വന്തമായി മേൽവിലാസമില്ലാത്തവർ അഭയംകൊടുത്ത തറവാടിനെ കുതന്ത്രങ്ങളിലൂടെ അപഹരിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന്റെ പേരിലായിരുന്നു ഈ വേട്ടയാടൽ. ഏറ്റവും നീചമായ പദപ്രയോഗങ്ങൾകൊണ്ടു പോലും ഉപയോഗിച്ച് എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. അധിക്ഷേപിച്ചവരോടും, നിരന്തരം വേട്ടയാടിവരോടും എനിക്ക് പരാതിയില്ല. ഞാൻ ഉയർത്തിയ നിലപാടുകളുടെ പിന്നിൽ രാഷ്ട്രീയമാണ് ഉണ്ടായിരുന്നത്. ആത്യന്തികമായി നീതിയും സത്യവും വിജയിക്കും എന്ന് ഉറപ്പായിരുന്നു. നിർണായകമായ രാഷ്ട്രീയ പോരാട്ടത്തിൽ സത്യത്തിനൊപ്പം ജനങ്ങൾ നിന്നത് വലിയ കരുത്തായി മാറി. ഇപ്പോൾ നിയമവും ആ രാഷ്ട്രീയനീതിക്കൊപ്പം നിന്നു എന്നത് അഭിമാനകരമാണ്.

കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കുതിര ചിഹ്നം തട്ടിയെടുത്തപ്പോൾ ലഭിച്ച രണ്ടില എന്ന ചിഹ്നത്തെ കർഷകരാഷ്ട്രീയത്തിന്റെ പ്രതീകമാക്കിയത് കെ.എം മാണി നടത്തിയ നിരന്തരമായ ഇടപെടലുകളും പോരാട്ടങ്ങളുമാണ്. ആ ചിഹ്നം കവർന്നെടത്തുക്കൊണ്ട് കെ.എം മാണിയുടെ രാഷ്ട്രീയ പൈതൃകം കൂടി കവർന്നെടുക്കാൻ നടത്തിയ ഗൂഢാലോചനയ്ക്ക് ചരിത്രം നൽകിയ തിരിച്ചടിയാണ് ഈ വിധി. നിർണ്ണായകമായ തെരെഞ്ഞെടുപ്പുകളിലെല്ലാം ചിഹ്നം നൽകാൻ അവകാശം തനിക്കാണ് എന്ന് പറഞ്ഞ് വിവാദം ഉയർത്തിയും ചെയർമാന്റെ അധികാരം തനിക്കാണ് എന്ന് പറഞ്ഞ് നുണ പ്രചരണം നടത്തുകയും ചെയ്തവർക്കും തിരിച്ചടിയേറ്റുവെന്നു ജോസ് കെ മാണി പറഞ്ഞു.

അതേസമയം, സ്പീക്കറെ സമീപിക്കുമെന്ന് പി.ജെ.ജോസഫും വ്യക്തമാക്കി. വിപ് ലംഘിച്ചതിന് പരാതി നൽകും. ജോസ് വിഭാഗം യുഡിഎഫിൽ നിന്ന് സ്വയം പോയതെന്നും ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി നിയമപരമല്ല. വിധിയെ നിയമപരമായും, രാഷ്ട്രീയമായും നേരിടും. വിധിക്കെതിരെ ഉടൻ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതികമായി അവർ ഇപ്പോഴും യു ഡി എഫിന്റെ ഭാഗമാണ്. ചിഹ്നം കേരള കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. വ്യാഴാഴ്ച ചേരാനിരുന്ന യുഡിഎഫ് യോഗം സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചുവെന്നും കേരള കോൺഗ്രസ് പ്രശ്നത്തിൽ കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

പി ജെ ജോസഫിന്റെ അവകാശവാദം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എംഎൽഎമാക്കൊപ്പം രണ്ട് എംപിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായത് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. പാർട്ടിയും ചിഹ്നവും സ്വന്തമായതോടെ നിയമസഭ വിപ്പ് തർക്കത്തിൽ ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗത്തിന് മേൽകോയ്മ കിട്ടുകയും ചെയ്തു.

കമ്മീഷനിൽ പരാതി പരിഗണിച്ച മൂന്നംഗ സമിതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, സുശീൽ ചന്ദ്ര എന്നിവർ രണ്ടില ജോസ് കെ മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു. എന്നാൽ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേർക്കും ചിഹ്നം നൽകാൻ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നും ന്യൂനവിധിയിൽ അശോക് ലവാസ ചൂണ്ടിക്കാട്ടി. കമ്മീഷനിലെ ഒരംഗം തീരുമാനത്തെ എതിർത്ത സാഹചര്യത്തിൽ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.

രണ്ടില ചിഹ്നം ലഭിച്ചത് ജോസ് കെ.മാണിക്ക് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തൽ. കെ.എം. മാണിയുടെ വിയോഗത്തിന് പിന്നാലെയാണ് കേരള കോൺഗ്രസിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത്. ഇത് പിന്നീട് തിരഞ്ഞെടുപ്പ് ചിഹ്നത്തിലേക്കും നീണ്ടു. ചിഹ്നം സംബന്ധിച്ച തർക്കത്തെ തുടർന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം, 'കൈതച്ചക്ക' ചിഹ്നത്തിലാണ് മത്സരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP