Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി ടി ചാക്കോയോടുള്ള നിലപാടിൽ പ്രതിഷേധിച്ച് 15 കോൺഗ്രസ് എംഎൽഎമാർ പുറത്തുപോയി രൂപം കൊടുത്ത പാർട്ടി; മാത്തച്ചൻ കുരുവിനാക്കുന്നേലിനെയും ആർ ബാലകൃഷ്ണപിള്ളയെയും പുറത്താക്കിയതോടെ പിളർപ്പുകൾക്ക് തുടക്കം; കെ എം ജോർജും മാണിയും പിണങ്ങിയതോടെ വളരുംതോറും പിളർന്നു തുടങ്ങി; ജോസഫും പിള്ളയും ജേക്കബും ജോർജ്ജുമൊക്കെ ഓരോ കഷ്ണങ്ങളുമായി കേരളാ കോൺഗ്രസുകാരായി; ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിൽ അടിച്ചു പിരിയുമ്പോൾ ചരിത്രം ആവർത്തിക്കുന്നു

പി ടി ചാക്കോയോടുള്ള നിലപാടിൽ പ്രതിഷേധിച്ച് 15 കോൺഗ്രസ് എംഎൽഎമാർ പുറത്തുപോയി രൂപം കൊടുത്ത പാർട്ടി; മാത്തച്ചൻ കുരുവിനാക്കുന്നേലിനെയും ആർ ബാലകൃഷ്ണപിള്ളയെയും പുറത്താക്കിയതോടെ പിളർപ്പുകൾക്ക് തുടക്കം; കെ എം ജോർജും മാണിയും പിണങ്ങിയതോടെ വളരുംതോറും പിളർന്നു തുടങ്ങി; ജോസഫും പിള്ളയും ജേക്കബും ജോർജ്ജുമൊക്കെ ഓരോ കഷ്ണങ്ങളുമായി കേരളാ കോൺഗ്രസുകാരായി; ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിൽ അടിച്ചു പിരിയുമ്പോൾ ചരിത്രം ആവർത്തിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വളരും തോറും പിളരുന്ന പാർട്ടിയെന്നാണ് കേരളാ കോൺഗ്രസിനെ കുറിച്ച് യശശ്ശരീരനായ കെ എം മാണി തന്നെ പറഞ്ഞത്. ഇപ്പോൾ വീണ്ടും കേരളാ കോൺഗ്രസ് പിളരുമ്പോൾ അത് ചരിത്രത്തിന്റെ ആവർത്തനം മാത്രമാണ്. മരിക്കും മുമ്പ് കെ എം മാണി ചെയർമാൻ സ്ഥാനത്ത് ജോസ് കെ മാണിയെ നിയോഗിച്ചിരുന്നെങ്കിൽ തീരുമായിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ജോസഫുമായുള്ള ഭിന്നതയിലേക്കും പിളർപ്പിലേക്കും കേരളാ കോൺഗ്രസിനെ എത്തിച്ചത്. കേരളാ കോൺഗ്രസിന്റെ ചരിത്രം അറിയാവുന്നവർക്ക് ഒരു കാര്യം വ്യക്തമാകും. ഇപ്പോൾ നടക്കുന്ന ഭിന്നതകളൊന്നും പുത്തരിയുള്ള കാര്യമല്ല എന്നു തന്നെ.

കോൺഗ്രസുകാരനായിരുന്ന പി ടി ചാക്കോയിലൂടെയാണ് കേരളാ കോൺഗ്രസിന്റെ തുടക്കം. കോൺഗ്രസിന്റെ അമരക്കായിരുന്ന ആർ ശങ്കറുമായുള്ള ഭിന്നതയെ തുടർന്നാണ് 15 എംഎൽഎമാർ ചാക്കോയെ അനുകൂലിച്ച് പാർട്ടി വിട്ടത്. ഇതോടെയാണ് കേരളാ കോൺഗ്രസിന്റെ പിറവിക്ക് ഇടയാക്കിയത്. 1964 ഒക്ടോബർ ഒൻപതിനാണ് പാർട്ടി ഔദ്യോഗികമായി പിറവിയെടുത്തത്. കാട്ടയത്ത് തിരുനക്കര മൈതാനത്തുനടന്ന സമ്മേളനത്തിൽ മന്നത്ത് പത്മനാഭനാണ് പാർട്ടിക്ക് പേരിട്ടത്. ഒക്ടോബർ മൂന്നിന് രൂപവത്കരിച്ച കേരള കോൺഗ്രസ് റീഫോമിസ്റ്റ് സംഘടനയാണ് കേരള കോൺഗ്രസ് ആയത്.

കെ.എം. ജോർജ് ചെയർമാനും എൻ. ഭാസ്‌കരൻനായർ, ഇ. ജോൺ ജേക്കബ് എന്നിവർ വൈസ് ചെയർമാന്മാരും മാത്തച്ചൻ കുരുവിനാക്കുന്നേൽ, ആർ ബാലകൃഷ്ണപിള്ള, കെ.ആർ. സരസ്വതിയമ്മ എന്നിവർ സെക്രട്ടറിമാരുമായി. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് മാറ്റുരച്ചു. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തി. പൂഞ്ഞാറിൽ പിന്തുണ നൽകിയ സ്വതന്ത്രസ്ഥാനാർത്ഥി ഉൾപ്പെടെ 25 സീറ്റുകളിൽ വിജയംനേടി. എന്നാൽ ഈ ഐക്യം അധികം നീണ്ടു നിന്നില്ല പിളർപ്പിലേക്ക് പാർട്ടി പോകാൻ അധികം സമയം വേണ്ടി വന്നില്ല.

പിളർന്നു തുടങ്ങിയ പാർട്ടിയും മാണി കോൺഗ്രസിന്റെ പിറവിയും

1972ലാണ് കേരളാ കോൺഗ്രസ് പിളർന്നു തുടങ്ങിയത്. സ്ഥാപക സെക്രട്ടറിമാരായ മാത്തച്ചൻ കുരുവിനാക്കുന്നേൽ, ആർ ബാലകൃഷ്ണപിള്ള എന്നിവരെ പുറത്താക്കിയതാണ് പിളർപ്പുകളുടെ തുടക്കം. ഒറിജിനൽ കേരള കോൺഗ്രസെന്ന പ്രസ്ഥാനം തുടങ്ങിയതിനെത്തുടർന്നാണ് കെ.എം. ജോർജ് ഇവർക്കെതിരേ നടപടിയെടുത്തത്. ആദ്യ പിളർപ്പിന് ശേഷ കെ എം മാണി കരുത്തനാകുന്ന കാഴ്‌ച്ചയാണ് പിന്നീട് കേരളാ കോൺഗ്രസിൽ കണ്ടത്. കെ.എം. ജോർജും കെ.എം. മാണിയും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് കെ എം മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസിന് രൂപമാകുന്നത്. 1977 -മാണി കോൺഗ്രസ് മന്ത്രിയും ചെയർമാനും ഒരാൾ ആകേണ്ട എന്നതിനെച്ചൊല്ലിയായിരുന്നു കെ എം ജോർജ്ജും കെ എം മാണിയും തമ്മിൽ ഭിന്നതയുണ്ടായത്. തുടർന്ന് കെ.എം. ജോർജ് ചെയർമാനായ കേരള കോൺഗ്രസ് പിളർന്ന് കെ. നാരായണക്കുറുപ്പ് ചെയർമാനായി മാണി ഗ്രൂപ്പുണ്ടായി. മൂന്ന് എംപി.മാരും അഞ്ച് എംഎ‍ൽഎ.മാരുമായി ജോർജും പി.ജെ. ജോസഫ് അടക്കം ഏഴ് എംഎ‍ൽഎ.മാരുമായി മാണി വിഭാഗവും.

ജോസഫ് കോൺഗ്രസിന്റെ പിറവി

തിരഞ്ഞെടുപ്പു കേസിനെത്തുടർന്ന് എ.കെ. ആന്റണി മന്ത്രിസഭയിൽനിന്ന് മാണി രാജിവെച്ചു. പകരം പി.ജെ. ജോസഫ് ആഭ്യന്തരമന്ത്രിയായി. 1979-ൽ കേസ് ജയിച്ച് കെ.എം. മാണി തിരികെയെത്തിയപ്പോൾ പി.ജെ. ജോസഫ് മന്ത്രിപദം ഒഴിഞ്ഞു. പകരം ചെയർമാൻസ്ഥാനം കൊടുക്കാമെന്ന് ജോസഫിന് വാഗ്ദാനം ഉണ്ടായിരുന്നു. മാണി വഴങ്ങിയില്ല. പകരം വി.ടി. സെബാസ്റ്റ്യനെ ചെയർമാനാക്കി. ഇതോടെ പാർട്ടി പിളർന്ന് ജോസഫ് വിഭാഗം പ്രത്യേകമായി. ടി.എം. ജേക്കബും ടി.എസ്. ജോണും ജോസഫിനൊപ്പം. 12 എംഎ‍ൽഎ.മാർ മാണിക്കൊപ്പം; എട്ടുപേർ ജോസഫിനൊപ്പം. ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആ സമയത്ത് പ്രത്യേക കേരള കോൺഗ്രസായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.

1982-ൽ ചേരിമാറി മാണി ഗ്രൂപ്പ് ഐക്യമുന്നണിയിൽ. ഐക്യമുന്നണിയിൽ ആ സമയം പി.ജെ. ജോസഫ് കൺവീനറായിരുന്നു. ഐക്യമുന്നണിയിൽ മാണിയും ജോസഫും പ്രത്യേക ഗ്രൂപ്പായി നിലകൊണ്ടു. ഇതിനിടെ ആർ ബാലകൃഷ്ണപിള്ളയും മാണിയോടൊപ്പം ചേർന്നു. 1984-നുശേഷം കെ.എം. മാണി ലീഡറും പി.ജെ. ജോസഫ് ചെയർമാനുമായി ഇരുപാർട്ടികളും യോജിച്ച് ഐക്യമുന്നണിയിൽ പ്രവർത്തിക്കാൻ തുടങ്ങി. 1987-ൽ പി.ജെ. ജോസഫ്, കെ.എം. മാണിയെ വിട്ട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരൽകുന്ന് സമ്മേളനത്തിൽ ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ്, മാണി ഗ്രൂപ്പ് വിട്ടത്.

1993ൽ ജേക്കബിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് എം രൂപം കൊണ്ടു. ടി.എം. ജേക്കബ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം. മാത്യു എന്നിവർ മാറി പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗമായി. പി.എം. മാത്യു, മാത്യു സ്റ്റീഫൻ എന്നിവർ പിന്നീട് മാതൃസംഘടനയിലേക്ക് മടങ്ങി. ടി.എം. ജേക്കബും ജോണി നെല്ലൂരും ഒരുമിച്ചുനിൽക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാനായി ടി.എം. ജേക്കബിനെ തിരഞ്ഞെടുത്തു.

ആർ ബാലകൃഷ്ണപിള്ളയും കേരള കോൺഗ്രസ് (ബി) രൂപവത്കരിച്ചു പാർട്ടിവിട്ടു. 2001 -കാവിയണിഞ്ഞ കേരള കോൺഗ്രസിനെയും കേരളം കണ്ടു. പി.സി. തോമസും സ്‌കറിയാ തോമസും മാണി ഗ്രൂപ്പ് വിട്ടു. അവർ ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി (െഎ.എഫ്.ഡി.പി.) രൂപവത്കരിച്ചു. 2004-ൽ െഎ.എഫ്.ഡി.പി., എൻ.ഡി.എ.യുടെ ഭാഗമായി. ജോസ് കെ. മാണിയെ മുവാറ്റുപുഴയിൽ തോൽപ്പിച്ച് തോമസ് എംപി.യായി. ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിൽ (ഡി.െഎ.സി.) ലയിക്കാൻ തീരുമാനിച്ചു. കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ടി.എം. ജേക്കബും കൂട്ടരും ഡി.ഐ.സി. വിട്ട് കേരള കോൺഗ്രസ് ജേക്കബ് പുനഃസംഘടിപ്പിച്ചു. പി.സി. തോമസ് ഇതിനകം ജോസഫ് ഗ്രൂപ്പിൽ ലയിച്ചിരുന്നു. എന്നാൽ, മാണിയുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തപ്പോൾ ജോസഫിനെ വിട്ട് പി.സി. തോമസ് ഇടതുമുന്നണിയിൽ നിന്നു.

ഇതിനിടെ പി.സി. ജോർജ്, ജോസഫ് ഗ്രൂപ്പ് വിട്ട് കേരള കോൺഗ്രസ് സെക്യുലർ രൂപവത്കരിച്ചു. 2009 -ലയനത്തിനിടെയും പിളർപ്പുണ്ടായി.  2007-ൽ കേരള കോൺഗ്രസുകളൊന്നാകെ ലയിക്കാനുള്ള ആലോചന നടന്നു. അതിനായി കെ.എം. മാണി ചെയർമാനായും ആർ ബാലകൃഷ്ണപിള്ള കൺവീനറായും 12 അംഗ കമ്മിറ്റി രൂപവത്കരിച്ചു. എന്നാൽ, 2009-ൽ ഐക്യവേദിക്ക് നേതൃത്വം കൊടുത്ത ബാലകൃഷ്ണപിള്ള ഐക്യത്തിന് പുറത്തായി. ഐക്യവേദിയിലില്ലാതിരുന്ന ജോസഫ് ഗ്രൂപ്പ്, മാണിഗ്രൂപ്പിനൊപ്പം ചേർന്നു. പിന്നീട് ജേക്കബ് ഗ്രൂപ്പും ഒറ്റയ്ക്കുനിൽക്കാൻ തീരുമാനിച്ചു. ഐക്യത്തിനുവേണ്ടി ജോസഫ് ഇടതുമുന്നണി വിട്ട് മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പുറത്തുനിന്നിരുന്നു.

2010 -ൽ സെക്കുലർ കേരള കോൺഗ്രസായിരുന്ന പി.സി. ജോർജ്, മാണി കോൺഗ്രസിൽ ലയിച്ചു. 2010 -മാണി-ജോസഫ് ലയനവും സംഭവിച്ചു. 2012ൽ പി.സി. വീണ്ടും കേരള കോൺഗ്രസ് (എം) വിട്ടു സെക്യുലർ പാർട്ടി പുനരുജ്ജീവിപ്പിച്ചു. പിന്നീട് ഇത് ജനപക്ഷം പാർട്ടിയായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കേരള ജനപക്ഷം (സെക്യുലർ) എന്ന പാർട്ടിയുണ്ടാക്കി പി.സി. ജോർജ് എൻ.ഡി.എ.യിൽ ചേർന്നു. ഇതിനിടെ 2016 -ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കോൺഗ്രസുമായി ഇടതു മുന്നണിയിലേക്കും പോയി.

വീണ്ടും പിളരുന്ന കേരളാ കോൺഗ്രസ് എം

കെ എം മാണിയുടെ വിയോഗത്തെ തുടർന്നാണ് കേരളാ കോൺഗ്രസി എമ്മിൽ അധികാര തർക്കം ഉടലെടുക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർലമെന്റ് അംഗമായ ജോസ് കെ. മാണിയെ തിരഞ്ഞെടുക്കുന്നു. സംഘടനാചുമതലയുള്ള മുതിർന്നനേതാവ് ജോയ് ഏബ്രഹാമിനെ ഒഴിവാക്കിയായിരുന്നു ഇത്. അന്നുമുതൽ ജോയ് ഏബ്രഹാമിന് നീരസമുണ്ട്. ജോസഫിനും ഇതിനോട് കാര്യമായ യോജിപ്പ് ഉണ്ടായില്ല. പാർട്ടി സംഘടിപ്പിച്ച കേരളയാത്ര നയിക്കാൻ ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായി എന്ന് ആരോപണം. യാത്ര ഉദ്ഘാടനംചെയ്തു മടങ്ങിയ ജോസഫ് തന്നെ അറിയിക്കാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് ആരോപിച്ചു. യാത്ര നയിക്കേണ്ടത് താനാണെന്ന് ജോസഫിന് അഭിപ്രായമുണ്ടായിരുന്നു. ഇതേച്ചൊല്ലി വാക്‌പോര്.

പിന്നാലെ എത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പോടെ തർക്കം രൂക്ഷമായി. തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പി.ജെ. ജോസഫ് താത്പര്യം പ്രകടിപ്പിക്കുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ജോസഫിന് സീറ്റ് നിഷേധിക്കുന്നു. രാത്രി വൈകി തോമസ് ചാഴികാടനെ പ്രഖ്യാപിക്കുന്നു. മുറിവേറ്റ ജോസഫ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തുന്നു. അവരുടെ മധ്യസ്ഥയിൽ താത്കാലിക വെടിനിർത്തൽ. ജോസഫ് തിരഞ്ഞെടുപ്പിനോട് സഹകരിക്കുന്നു.

മാണിയുടെ മരണത്തിനുശേഷം ചെയർമാൻ ആരെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവായ തന്നെ നേതാവായി തിരഞ്ഞെടുക്കണമെന്നാണ് ജോസഫ് താൽപ്പര്യം പ്രകടിപ്പിച്ചത്. സമവായമാണ് മാണി സ്വീകരിച്ചിരുന്നനയമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റി വിളിച്ച് കാര്യം തീരുമാനിക്കണമെന്ന് ജോസ് കെ. മാണി. ചെയർമാൻ അടക്കമുള്ളവരെ തിരഞ്ഞെടുക്കുന്നത് അവിടെയെന്നും ജോസ്. ജോസഫിനെ താത്കാലിക ചെയർമാനായി നിശ്ചയിച്ചതായി കാണിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കത്തുനൽകി. ഇതോടെ സംഘർഷം രൂക്ഷമായി മാറുകയായിരുന്ു.

സ്ഥാനങ്ങൾ നിശ്ചയിക്കാൻ ഫോർമുലകൾ പി ജെ ജോസഫ് വിഭാഗം മുന്നോട്ടു വെച്ചെങ്കിലും കെ എം മാണി ഇതിനെ അംഗീകരിച്ചില്ല. സി.എഫ്. തോമസ് ചെയർമാനായും ജോസഫ് നിയമസഭാകക്ഷി നേതാവും വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും എന്ന നിർദ്ദേശം മധ്യസ്ഥർ മുന്നോട്ടുവെക്കുന്നു. കമ്മിറ്റി കൂടിവേണം ഇത് തീരുമാനിക്കാൻ എന്ന് ജോസ് കെ. മാണി. സമവായം പാളുന്നു. സി.എഫ്. തോമസ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ എവിടെ എന്നത് ചർച്ച. ഇരുപക്ഷത്തും നിൽക്കാതെ സി.എഫ്. മധ്യസ്ഥനായി. ഉണ്ണിയാടൻ ജോസഫ് പക്ഷത്തേക്ക് പോയി.

സംസ്ഥാന കമ്മിറ്റി വിളിക്കാൻ ജോസ് കെ. മാണി പക്ഷം ജോസഫിന് കത്ത് നൽകുന്നു. നാലിലൊന്ന് അംഗങ്ങൾ ഒപ്പിട്ട കത്താണ് നൽകിയത്. ഇത് നൽകി പത്താംനാൾ സംസ്ഥാന കമ്മിറ്റി ഇത്രയും അംഗങ്ങൾ ചേർന്ന് വിളിക്കുന്നതായി ജോസ് കെ. മാണി അറിയിക്കുന്നു. ഇത് വിമത പ്രവർത്തനമെന്ന് ജോസഫ്. ഇനിയുള്ള തുടർകളികൾ നിയമപരമായാകും. ഈ അധികാര വടംവലിക്കൊടുവിൽ കേരളാ കോൺഗ്രസ് വീണ്ടു രണ്ടു വഴിക്കാകുമോ എന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP