Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണിക്ക് കിട്ടിയേക്കുമെന്ന സൂചന പുറത്തു വന്നതോടെ ഫ്രാൻസിസ് ജോർജിനേയും പിസി ജോർജിനേയും വരെ കൂടെ ചേർത്ത് യുഡിഎഫിൽ മേൽകോയ്മ നേടാൻ ഉറച്ച് പിജെ ജോസഫ്; കുട്ടനാട് സീറ്റ് ചർച്ചയൊന്നുമില്ലാതെ തങ്ങൾക്ക് തന്നെ വേണമെന്ന ആവശ്യം യുഡിഎഫിന് മുമ്പിൽ വച്ചും പോരാട്ടം; വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതെ ജോസ് കെ മാണിയും; കേരളാ കോൺഗ്രസിനെ രണ്ടാക്കി രണ്ട് പാർട്ടിയേയും യുഡിഎഫിൽ നിർത്താനുള്ള ഫോർമുലയുമായി കോൺഗ്രസും ലീഗും

ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണിക്ക് കിട്ടിയേക്കുമെന്ന സൂചന പുറത്തു വന്നതോടെ ഫ്രാൻസിസ് ജോർജിനേയും പിസി ജോർജിനേയും വരെ കൂടെ ചേർത്ത് യുഡിഎഫിൽ മേൽകോയ്മ നേടാൻ ഉറച്ച് പിജെ ജോസഫ്; കുട്ടനാട് സീറ്റ് ചർച്ചയൊന്നുമില്ലാതെ തങ്ങൾക്ക് തന്നെ വേണമെന്ന ആവശ്യം യുഡിഎഫിന് മുമ്പിൽ വച്ചും പോരാട്ടം; വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതെ ജോസ് കെ മാണിയും; കേരളാ കോൺഗ്രസിനെ രണ്ടാക്കി രണ്ട് പാർട്ടിയേയും യുഡിഎഫിൽ നിർത്താനുള്ള ഫോർമുലയുമായി കോൺഗ്രസും ലീഗും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ കോൺഗ്രസ് എമ്മും ജോസഫ് വിഭാഗവും രണ്ട് വഴിക്ക് തന്നെ. രണ്ട് കൂട്ടരേയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നത്. രണ്ട് പാർട്ടിയായി യുഡിഎഫിൽ. അതിനിടെ കുട്ടനാട്ട് സീറ്റിൽ നിലപാട് കടുപ്പിക്കാനാണ് പിജെ ജോസഫിന്റെ ശ്രമം. ജനാധിപത്യ കേരളാ കോൺഗ്രസിനേയും ഫ്രാൻസിസ് ജോർജിനേയും പാർട്ടിയിൽ കൊണ്ടു വരാനാണ് ജോസഫിന്റെ നീക്കം. പിസി ജോർജിനേയും തന്റെ പാർട്ടിയിലേക്ക് എത്തിക്കാനാണ് ശ്രമം. അങ്ങനെ ശക്തിയുള്ള കേരളാ കോൺഗ്രസ് തന്റേതാണെന്ന് വരുത്താനാണ് കരുനീക്കങ്ങൾ. കേരളാ കോൺഗ്രസ് എമ്മിന്റെ പേരും ചിഹ്നവു ജോസ് കെ മാണിക്ക് ലഭിക്കുമെന്ന സൂചന പുറത്തു വന്നതോടെയാണ് ഇത്. ഇതോടെ പിജെ ജോസഫിന്റേത് ഔദ്യോഗിക കേരളാ കോൺഗ്രസ് അല്ലാതെയാകും. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഫ്രാൻസിസ് ജോർജിനേയും പിസി ജോർജിനേയും ചാക്കിട്ട് പിടിക്കാനുള്ള നീക്കം. നേരത്തെ കേരളാ കോൺഗ്രസ് ജേക്കബിൽ നിന്ന് ജോണി നെല്ലൂരിനേയും ജോസഫ് അടർത്തി എടുത്തിരുന്നു.

പരസ്പരം അംഗീകരിച്ചും മാനിച്ചും മുന്നോട്ടു പോകണമെന്നു നാളെ ഇവിടെ നടക്കുന്ന ചർച്ചയിൽ കോൺഗ്രസും മുസ്ലിംലീഗും പി.ജെ.ജോസഫിനോടും ജോസ് കെ.മാണിയോടും ആവശ്യപ്പെടും. ഇരുവിഭാഗങ്ങളെയും മുന്നണിയിൽ പ്രത്യേക കക്ഷികളാക്കി നിലനിർത്താമെന്ന ആശയമാണു യുഡിഎഫ് നേതൃത്വത്തിനുള്ളത്. പിളർപ്പിനുശേഷം ഇരുകൂട്ടരും പോരടിച്ചു യുഡിഎഫിലെ അന്തരീക്ഷം വഷളാക്കുന്ന സ്ഥിതി തുടരാനാകില്ലെന്ന വികാരത്തിലാണു കോൺഗ്രസും ലീഗും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആ ചക്കളത്തിപ്പോര് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ഔദ്യോഗിക കേരള കോൺഗ്രസ്(എം) ആരാണെന്നതിൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇക്കാര്യത്തിൽ തെളിവെടുപ്പ് പൂർത്തിയായി. കമ്മിഷൻ അംഗീകരിക്കുന്നവരെ മാത്രം ഘടകകക്ഷിയായി യുഡിഎഫ് അംഗീകരിക്കുകയാണു വേണ്ടതെന്ന വാദം ഉയർന്നു വരുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ട് കൂടിയാണ് രണ്ട് കൂട്ടരേയും കൈവിടില്ലെന്ന പ്രഖ്യാപനം. എന്നാൽ തമ്മിലടി തുടരാനാണു ഭാവമെങ്കിൽ ഏതെങ്കിലും ഒരു വിഭാഗം മാത്രം ഒപ്പമുണ്ടാകുന്നതാണു നല്ലതെന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്.

മാണി വിഭാഗം പിളർന്ന വേളയിൽ പിളർപ്പു തന്നെ അംഗീകരിക്കുന്നില്ലെന്നായിരുന്നു യുഡിഎഫ് നയം. പിന്നീട് പിളർന്നവരെ വീണ്ടും ഒരുമിപ്പിക്കാനുള്ള സാധ്യതകളിലേക്ക് അവർ കടന്നു. മാണിയുടെ സ്വന്തം പാലായിൽ എൽഡിഎഫ് അട്ടിമറി ജയം നേടിയതോടെ ആ സമാധാന, ഐക്യനീക്കങ്ങൾ നേതൃത്വം അവസാനിപ്പിച്ചു. കുട്ടനാട് സീറ്റാണ് ഇപ്പോഴുള്ള വെല്ലുവിളി. സീറ്റ് കേരളകോൺഗ്രസ്‌ജോസഫ് വിഭാഗത്തിന്റേതാണെന്ന് ആദ്യം യുഡിഎഫ് നേതൃത്വം അംഗീകരിച്ചു പ്രഖ്യാപിക്കണമെന്ന ആവശ്യമാണു പി.ജെ.ജോസഫിന്റേത്. വിജയസാധ്യത പരിഗണിച്ചു സീറ്റു വച്ചുമാറ്റം എന്ന സാധ്യത അതിനുശേഷമുള്ള കാര്യം മാത്രമാണെന്നും ജോസഫ് പറയുന്നു. ജോണി നെല്ലൂരിനു പിന്നാലെ ഫ്രാൻസിസ് ജോർജ്, പി.സി.ജോർജ് എന്നിവരെ ഉന്നമിട്ടുള്ള നീക്കവും ജോസഫ് ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി.ജോസഫ് ഈ നീക്കം നിഷേധിച്ചുവെങ്കിലും നീക്കം സജീവമാണ്.

അതിനിടെ സമവായത്തിനുള്ള യുഡിഎഫിന്റെ എല്ലാ ശ്രമങ്ങളും വിഫലമാക്കി കേരള കോൺഗ്രസ് എം ജോസ്-ജോസഫ് വിഭാഗങ്ങൾ പോര് മുറുക്കുകയാണ്. കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഇരുവിഭാഗവും പരസ്യമായി പ്രഖ്യാപിച്ചു. മുമ്പ് നിശ്ചയിച്ച സ്ഥാനാർത്ഥിയെ യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കുമെന്നും മുന്നണിയുടെ സമ്മതം വാങ്ങുമെന്നും കോട്ടയത്ത് ജോസഫ് അറിയിച്ചു. എന്നാൽ യഥാർഥ പാർട്ടിയായ തങ്ങളുടെ സ്ഥാനാർത്ഥിയാകും കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുകയെന്ന് ജോസ് വിഭാഗവും വ്യക്തമാക്കി. ഇതിനിടെ ജോസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണം 'പ്രതിഛായ'ക്ക് ബദലായി ജോസഫ് വിഭാഗം പുതിയ മാസിക ആരംഭിച്ചു. 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നാണ് പേര്. ആദ്യ കോപ്പി കോട്ടയത്തെ ചടങ്ങിൽ എംജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസിന് പി ജെ ജോസഫ് കൈമാറി. ജോസഫിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രതിഛായക്ക് മറുപടി നൽകുകയാണ് 'ശബ്ദമില്ലാത്തവരുടെ ശബ്ദ'ത്തിന്റെ ലക്ഷ്യം.

ഇതിനൊപ്പമാണ് പിസിയെ അടുപ്പിക്കാനുള്ള നീക്കം. ജോസഫുമായി നല്ല ബന്ധമാണെന്നും ലയനചർച്ച നടന്നിട്ടില്ലെങ്കിലും കേരള കോൺഗ്രസുകളുടെ ഐക്യത്തോടു യോജിപ്പാണുള്ളതെന്നും പി.സി.ജോർജ് പറഞ്ഞു. ജോസ്, ജോസഫ് വിഭാഗങ്ങളുമായി 29നു കൊച്ചിയിൽ നടത്താനിരുന്ന ചർച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സൗകര്യം കണക്കിലെടുത്താണു നാളെ തലസ്ഥാനത്താക്കിയത്. അതിനിടെ കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതു വെള്ളാപ്പള്ളി നടേശനാണോയെന്നു പി.ജെ.ജോസഫ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ വേരുകളില്ലാത്ത കേരള കോൺഗ്രസ്, എൻസിപി കക്ഷികളിൽ നിന്നു കുട്ടനാട് സീറ്റ് കോൺഗ്രസും സിപിഎമ്മും ഏറ്റെടുക്കണമെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്റെ സീറ്റാണു കുട്ടനാട്. മറ്റാർക്കും സീറ്റിൽ അവകാശമില്ല. അതേച്ചൊല്ലി തർക്കിക്കേണ്ട കാര്യമില്ല. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നുണ്ട്. സമയമാകുമ്പോൾ അക്കാര്യം പറയാമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസിന്റെ തമ്മിലടിയിൽ മടുത്ത കോൺഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജോസ്--ജോസഫ് വിഭാഗങ്ങൾ ഒരേ സ്വരത്തിൽ ഇത് എതിർത്തതോടെ കോൺഗ്രസ് പിൻവാങ്ങി. കുട്ടനാട് സീറ്റിനുവേണ്ടി അനാവശ്യ പിടിവാശി കാണിച്ച് മറ്റ് സീറ്റുകൾ തരപ്പെടുത്തുകയാണ് ജോസഫിന്റെ ലക്ഷ്യമെന്ന് ജോസ് കെ മാണി തുറന്നടിച്ചു. ഉപതെരഞ്ഞെടുപ്പിൽ ജോസഫിന്റെ തിരക്കഥ നടപ്പാകില്ല. കുട്ടനാട് സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ യുഡിഎഫിനുവേണ്ടി മത്സരിക്കും. വിട്ടുവീഴ്ചയുണ്ടാകില്ല. പി ജെ ജോസഫിനെപ്പോലെയുള്ള മുതിർന്ന നേതാവ് വികൃതമായ ഭാഷ ഉപയോഗിക്കുന്നതിൽ സഹതാപമുണ്ട്. അദ്ദേഹത്തിന്റെ നിലവാരത്തിൽ മറുപടി പറയാൻ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തിന് കുട്ടനാട് സീറ്റിൽ ഒരവകാശവുമില്ല. കെ എം മാണിയുള്ളപ്പോഴും തങ്ങളുടെ സ്ഥാനാർത്ഥി മത്സരിച്ച സീറ്റാണത്. മാണി പറഞ്ഞ ഒരുകാര്യവും ജോസ് അംഗീകരിക്കാത്ത സ്ഥിതിയാണിപ്പോൾ. യുഡിഎഫിന്റെ അനുമതിയോടെയാകും പ്രഖ്യാപനം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുതന്നിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP