Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണി സാർ നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരേ സമരം ചെയ്തതെന്ന് തുറന്നുപറഞ്ഞവരാണ്എൽഡിഎഫ്; അവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാൻ ജോസ് കെ മാണിയും കൂട്ടരും തീരുമാനിച്ചത്; രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല; മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മൻ ചാണ്ടി; അപക്വതീരുമാനമെന്ന്‌ മുല്ലപ്പള്ളി

മാണി സാർ നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരേ സമരം ചെയ്തതെന്ന് തുറന്നുപറഞ്ഞവരാണ്എൽഡിഎഫ്; അവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാൻ ജോസ് കെ മാണിയും കൂട്ടരും തീരുമാനിച്ചത്; രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല; മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മൻ ചാണ്ടി; അപക്വതീരുമാനമെന്ന്‌ മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: എൽഡിഎഫിലേക്ക് കൂടുമാറിയ ജോസ് കെ മാണി രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോൺഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാൾക്ക് പോലും അംഗീകരിക്കാൻ കഴിയില്ലെന്നും കേരള കോൺഗ്രസിനെ സ്നേഹിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ജനവിഭാഗങ്ങൾ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇടതുമുന്നണി ഇന്ന് കഴിഞ്ഞതെല്ലാം മറന്നാണ് മാണിസാറിന്റെ പാർട്ടിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. മാണി സാർ നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരേ സമരം ചെയ്തതെന്ന് ഇടതുമുന്നണി കൺവീനർ പറഞ്ഞത് ഓർക്കേണ്ട കാര്യമാണ്. അവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാൻ ജോസ് കെ മാണിയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്. ഇത് മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല. ഇത് രാഷ്ട്രീയമായ വഞ്ചനയാണ്- രമേശ് ചെന്നിത്തല പറഞ്ഞു.

കെഎം മാണി എന്നും യു ഡി എഫിന്റെ ഭാഗമായി നിന്നുകൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. അദ്ദേഹത്തെ കള്ളനെന്ന് വിളിച്ച് അപമാനിക്കുകയും ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപണം ഉന്നയിക്കുകയും വീട്ടിൽ നോട്ട് എണ്ണൽ യന്ത്രം ഉണ്ടെന്ന് ആരോപിക്കുകയും തോജോവധം ചെയ്യുകയും അവഹേളിക്കുകയും ചെയ്തവരാണ് ഇടതുമുന്നണിക്കാർ. ആ ഇടതുമുന്നണിയിലേക്കാണ് ജോസ് കെ മാണിയും കൂട്ടരും പോകുന്നത് എന്നത് കേരള കോൺഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാൾക്ക് പോലും അംഗീകരിക്കാൻ കഴിയില്ല. കേരള കോൺഗ്രസിനെ സ്നേഹിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ജനവിഭാഗങ്ങൾ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മൻ ചാണ്ടി

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാർ യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോൾ ചേർന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാർ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികൾ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളരാഷ്ട്രീയത്തിൽ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജആരോപണങ്ങൾകൊണ്ട് മൂടി. മാണി സാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തിൽ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാൻ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളിൽ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോൾ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. നിർവ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയിൽ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ കക്ഷത്തിൽ തലവച്ചവരൊക്കെ പിന്നീട് ദുഃഖിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. അതിൽ കരുതലിന്റെ മുഖം മാണിസാർ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബർ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസർക്കാർ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികൾ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.

കർഷകർ രാജ്യw3ത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോൾ ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കോൺഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കർഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കിൽ ഈ സമരത്തിൽ അണിചേരുകയാണ് വേണ്ടത്. കർഷകരെ വർഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകൾ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേർന്ന് എങ്ങനെ കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.

ജോസിന്റെ തീരുമാനം നിർഭാഗ്യകരം, അപക്വം:മുല്ലപ്പള്ളി

ഇടതുമുന്നണിയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള ജോസ്.കെ.മാണിയുടെ തീരുമാനം അത്യന്തം നിർഭാഗ്യകരവും അപക്വവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

യു.ഡി.എഫിന്റെ വാതിലുകൾ ഒരിക്കലും ജോസ് കെ.മാണിയുടെ മുന്നിൽ അടച്ചിട്ടില്ല.നിലപാടുകളുടെ പേരിൽ താൽക്കാലികമായി മാറ്റിനിർത്തുകയായിരുന്നു.അതിനെ ആരും മുന്നണിയിൽ നിന്ന് പുറത്താക്കിയതായി വ്യാഖ്യാനിച്ചിട്ടില്ല.താൻ അന്ന് തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്.ഇതിനോട് ജോസ്.കെ.മാണി പ്രതികരിക്കാൻ തയ്യാറായില്ല.എന്നാൽ തന്റെ അത്തരം ഒരു നിലപാടിനെ പിജെ ജോസഫ് ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ ചേരാൻ ജോസ്.കെ.മാണി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.പ്രഖ്യാപനം വൈകിയെന്നു മാത്രം.ഈ തീരുമാനം ദിവംഗതനായ മാണിസാറിന്റെ ആത്മാവിനെ ഏറെ വേദനിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ സംശയമില്ല.മാണിസാറിനെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ് സിപിഎമ്മും എൽ.ഡി.എഫും.അവിടേക്കാണ് ജോസ് കെ.മാണി നടന്നു കയറിയത്. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും അപമാനകരമായ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ കേരള സർക്കാർ തീരുമാനം എടുത്തപ്പോഴും ആ നിലപാട് തെറ്റാണെന്ന് പറയാൻ ജോസ് തയ്യാറായില്ല.യുഡിഎഫിൽ ആരും ജോസ് കെ.മാണിയെ വേദനിപ്പിച്ചിട്ടില്ല.

കേരളാ കോൺഗ്രസ് ഈ നിമിഷം വരെ യുപിഎയുടെ ഘടകകക്ഷിയാണ്. മുങ്ങിത്താഴുന്ന ടൈറ്റാനിക്ക് കപ്പലാണ് എൽ.ഡി.എഫ്.അവിടേക്കാണ് ജോസ് ചാടിക്കയറിയത്. അദ്ദേഹത്തിന്റെ ഈ തീരുമാനം തെറ്റായിപ്പോയെന്ന് കാലം തെളിയിക്കും.ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയ തീരുമാനം കോൺഗ്രസിലെ ചില പൊട്ടിത്തെറികൾക്ക് ശേഷം എടുത്തതാണെന്ന കാര്യവും അദ്ദേഹം വിസ്മരിച്ചു.അച്ഛനായ മാണിസാറിന്റെ വേദന മകനായ ജോസിന് തിരിച്ചറിയാൻ കഴിയാതെ പോയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP