Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

സ്ഥലത്തില്ലാത്ത ബിഷപ്പിന് എതിരെ പോലും കേസെടുത്തത് നിർഭാഗ്യകരം; വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായ ആക്രമണം ആസൂത്രിതമല്ല; സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി പാലിക്കപ്പെട്ടില്ല; ഇടതുമുന്നണിയിലെ ഭിന്നത വെളിവാക്കി, വിമർശനവുമായി കേരള കോൺഗ്രസ് എം

സ്ഥലത്തില്ലാത്ത ബിഷപ്പിന് എതിരെ പോലും കേസെടുത്തത് നിർഭാഗ്യകരം; വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായ ആക്രമണം ആസൂത്രിതമല്ല; സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി പാലിക്കപ്പെട്ടില്ല; ഇടതുമുന്നണിയിലെ ഭിന്നത വെളിവാക്കി, വിമർശനവുമായി കേരള കോൺഗ്രസ് എം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ, സംസ്ഥാന സർക്കാരിനെതിരേ ഇടതുമുന്നണിയിലെ സഖ്യകക്ഷിയായ കേരള കോൺഗ്രസ് (എം) വിമർശനവുമായി രംഗത്തെത്തി. സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്ന് കരുതാനാവില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി പറഞ്ഞു.

എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരേ പോലും കേസെടുത്തത് നിർഭാഗ്യകരമായി പോയെന്നും ജോസ് കെ. മാണി പറഞ്ഞു.

വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാൻ ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ നടത്തുന്നുവെന്നാരോപിച്ച് സിപിഎം. രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഭിന്നാഭിപ്രായവുമായി കേരള കോൺഗ്രസ് എം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

'ആ സ്ഥലത്ത് പോലും ഇല്ലാതിരുന്ന പിതാവിനെതിരേ ഉദ്യോഗസ്ഥർ ഇങ്ങനെ ഒരു കേസ് ചാർജ് ചെയ്തത് നിർഭാഗ്യകരമായി പോയി. അതിലേക്ക് പോകാൻ പാടില്ലായിരുന്നു. ഇന്നലെയുണ്ടായ ആക്രമണം ആസൂത്രിതമല്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയുമാണ്. അവിടെ ചർച്ചകൾ നീണ്ടുപോകാതെ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം', ജോസ് കെ.മാണി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവപൂർവ്വവും അപലപനീയവുമാണ്. സമരം ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോരമേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണ്. പൊലീസ് സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

നിയമവാഴ്ചയെ കയ്യിലെടുക്കാനും കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങൾ ഇവർ നടത്തിക്കൊണ്ടിരിക്കുന്നു. ഇവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികൾ എൽ.ഡി.എഫ്. സർക്കാർ നടപ്പിലാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുകയാണ്. കൂടംകുളം പദ്ധതി, നാഷണൽ ഹൈവേയുടെ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവയിലെല്ലാം ഇത്തരം എതിർപ്പുകൾ ഉയർന്നുവരികയും ശക്തമായ നടപടികളിലൂടെ അത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെയും വിശിഷ്യാ തിരുവനന്തപുരത്തിന്റേയും വികസനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുക എന്നുള്ളത്. ഇതിന്റെ തുടർച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മത്സ്യത്തൊഴിലാളി മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നുവന്ന ആശങ്കകളെല്ലാം ചർച്ചകളിലൂടെ പരിഹരിക്കുകയും, സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളതുമാണ്. ഇപ്പോൾ സമരരംഗത്തുള്ള ചെറുവിഭാഗമായും ചർച്ച നടത്താനും, പ്രശ്നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സർക്കാർ സ്വീകരിച്ചിട്ടുള്ളതുമാണ്. ചില സ്ഥാപിത താൽപര്യങ്ങളാണ് ഇതിന് തടസ്സമായി നിന്നതെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ നാടിന്റെ വികസനത്തിന് പ്രധാനമാണെന്ന് കണ്ടറിഞ്ഞ് എക്കാലവും പാർട്ടി പിന്തുണച്ചിട്ടുള്ളതാണ്. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോൾ അതിനെതിരെ നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. കരാറുകൾ യാഥാർഥ്യമായ സാഹചര്യത്തിൽ പദ്ധതി പ്രായോഗികമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ വികസനത്തിൽ കേരളത്തിലെ മുഴുവൻ ജനതയും യോജിച്ച് നിൽക്കുകയെന്നത് പ്രധാനമാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളെ യോജിപ്പിച്ച് നിർത്തുകയെന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മത്സ്യമേഖലയിൽ അവയെ സംരക്ഷിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള പിന്തുണ ആ മേഖലയിൽ ആർജിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കടലോര മേഖലയിലെ വികസന പ്രവർത്തനത്തിന്റെ ഫലമായി സർക്കാർ നേടിയ അംഗീകാരം തകർക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ യാഥാർഥ്യം ജനങ്ങളിൽ എത്തിക്കുന്നതിനും വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ ക്യാമ്പയിൻ ഉയർന്നുവരേണ്ടതുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP