Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തരൂരിൽ പി കെ ജമീല പുറത്ത്; കൊയിലാണ്ടിയിൽ കാനത്തിൽ ജമീല സ്ഥാനാർത്ഥി; പൊന്നാനിയിൽ നന്ദകുമാർ; മലമ്പുഴയിൽ എ പ്രഭാകരൻ; ബത്തേരിയിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎസ് വിശ്വനാഥൻ ഇടത് സ്ഥാനാർത്ഥിയാകും

തരൂരിൽ പി കെ ജമീല പുറത്ത്; കൊയിലാണ്ടിയിൽ കാനത്തിൽ ജമീല സ്ഥാനാർത്ഥി; പൊന്നാനിയിൽ നന്ദകുമാർ; മലമ്പുഴയിൽ എ പ്രഭാകരൻ; ബത്തേരിയിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎസ് വിശ്വനാഥൻ ഇടത് സ്ഥാനാർത്ഥിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു ജമീല പുറത്തും മറ്റൊരു ജമീല അകത്തുമെന്ന നിലയിൽ. പ്രാദേശികമായ എതിർപ്പ് ശക്തമായതോടെ മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയപ്പോൾ കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. ജമീലയുടെ സ്ഥാനാർത്ഥിത്വം പരിഗണിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് വീണ്ടും നൽകിയ റിപ്പോർട്ടിലും ജമീലയുടെ പേര് ഉണ്ടായിരുന്നില്ല.

അപ്രതീക്ഷമായിട്ടാണ് രണ്ട് ജമീലമാരും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നുവരുന്നത്. മന്ത്രി എ.കെ.ബാലൻ ഇനി മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഭാര്യ പി.കെ.ജമീലയുടെ പേര് തരൂർ മണ്ഡലത്തിലേക്ക് ഉയർന്ന് വരുന്നത്.

സിപിഎം ജില്ലാ കമ്മിറ്റിയിൽ ഈ നിർദ്ദേശം വന്നയുടൻ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടിരുന്നു. തുടർന്ന് മണ്ഡലത്തിലുയർന്ന പോസ്റ്ററുകൾക്കും പ്രതിഷേധങ്ങൾക്കൊടുവിൽ പി.കെ ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

തിരുകൊച്ചി നിയമസഭാംഗവും മാവേലിക്കര-പന്തളം നിയോജകമണ്ഡലങ്ങളിലെ എംഎ‍ൽഎ.യും രാജ്യസഭാംഗവും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ സെക്രട്ടറിയുമായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളാണ് ഡോ. പി.കെ. ജമീല.

പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറും ആർദ്രംമിഷൻ കോ-ഓർഡിനേറ്ററുമായ ജമീല ഉന്നത പദവികൾ വഹിച്ചിരുന്നു. എന്നാൽ വർഷങ്ങളോളം പാർട്ടിക്കായി പ്രവർത്തിച്ചവരെ അവഗണിച്ച് യാതൊരു രാഷ്ട്രീയ പ്രവർത്തനവും നടത്താത്ത ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലിയാണ് പ്രതിഷേധമുയർന്നത്.

പ്രാദേശികമായി പ്രവർത്തകർക്കിടയിലുണ്ടായ എതിർപ്പും ജില്ലാ കമ്മിറ്റിയിലെ വിമർശനവും കണക്കിലെടുത്താണ് ജമീലയെ മൽസരിപ്പിക്കാനുള്ള നീക്കത്തെ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയത്. പി പി സുമോദിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചത്. തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായ പി പി സുമോദിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചു.

നേരത്തെ സുമോദിനെ കോങ്ങാട് മൽസരിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. സുമോദിനെ മാറ്റിയപ്പോൾ, കോങ്ങാട് ജില്ലാ പഞ്ചായത്ത് പ്രസിഡായിരുന്ന കെ ശാന്തകുമാരിയെ സ്ഥാനാർത്ഥിയാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും സീറ്റില്ല. ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാറിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ എംഎൽഎ പി കെ ശശിയെയാണ് മാറ്റിയത്. ഷൊർണൂരിൽ പി ഉണ്ണിക്ക് പകരം പി മമ്മിക്കുട്ടി സ്ഥാനാർത്ഥിയാകും. മുന്മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിൽ എ പ്രഭാകരൻ മൽസരിക്കും.

പൊന്നാനിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് സീറ്റില്ല. പകരം പി നന്ദകുമാറിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചു. ഇവിടെ ടി എം സിദ്ദിഖിനെ മൽസരിപ്പിക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. സിദ്ദിഖിന് വേണ്ടി പ്രചാരണവും ശക്തമായിരുന്നു. തിരുവമ്പാടിയിൽ ലിന്റോജോസഫിനെ സ്ഥാനാർത്ഥിയാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

അരുവിക്കരയിൽ കാട്ടാക്കട ഏരിയ സെക്രട്ടറി ജി സ്റ്റീഫനെ മൽസരിപ്പിക്കാൻ തീരുമാനിച്ചു. ഇവിടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാർത്ഥിയാക്കാനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദേശിച്ചത്. എന്നാൽ മധുവിന് പകരം സ്റ്റീഫനെ മൽസരിപ്പിക്കാൻ സംസ്ഥാന സെേ്രേകട്ടറിയറ്റ് തീരുമാനിച്ചു. സുൽത്താൻ ബത്തേരിയിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎസ് വിശ്വനാഥനെ സ്ഥാനാർത്ഥിയാക്കും. കഴിഞ്ഞദിവസമാണ് വിശ്വനാഥൻ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. അദ്ദേഹം നഗരസഭാംഗത്വവും രാജിവെച്ചിട്ടുണ്ട്.

ദേവികുളത്ത് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. എ രാജ, ആർ ഈശ്വരൻ എന്നിവരാണ് പരിഗണനയിലുള്ളത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായത്. കുറ്റ്യാടിയും റാന്നിയും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP