Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കീഴാറ്റൂരിൽ മേൽപാത അപ്രായോഗികമെന്ന് കേന്ദ്രം പറയുമ്പോൾ ബദൽ പാത എവിടെ കണ്ടെത്തും? വിദഗ്ധസംഘം വരുമ്പോൾ ദേശീയ പാത അഥോറിറ്റി നേരത്തെ കണ്ടെത്തിയ രണ്ട് അലൈന്മെന്റുകൾ തിരഞ്ഞെടുക്കുമോ? ആർക്കും എത്തും പിടിയുമില്ലാതെ നിൽക്കുമ്പോൾ കണ്ണന്താനത്തിനെ പാരവെപ്പുകാരനാക്കി ആദ്യവെടിപൊട്ടിച്ച് പിണറായി വിജയൻ; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ വയൽക്കിളികളുമായി കേന്ദ്രം ചർച്ച നടത്തിയതോടെ സിപിഎം-ബിജെപി പരസ്യപ്പോര് കടുക്കുന്നു

കീഴാറ്റൂരിൽ മേൽപാത അപ്രായോഗികമെന്ന് കേന്ദ്രം പറയുമ്പോൾ ബദൽ പാത എവിടെ കണ്ടെത്തും? വിദഗ്ധസംഘം വരുമ്പോൾ ദേശീയ പാത അഥോറിറ്റി നേരത്തെ കണ്ടെത്തിയ രണ്ട് അലൈന്മെന്റുകൾ തിരഞ്ഞെടുക്കുമോ? ആർക്കും എത്തും പിടിയുമില്ലാതെ നിൽക്കുമ്പോൾ കണ്ണന്താനത്തിനെ പാരവെപ്പുകാരനാക്കി ആദ്യവെടിപൊട്ടിച്ച് പിണറായി വിജയൻ; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ വയൽക്കിളികളുമായി കേന്ദ്രം ചർച്ച നടത്തിയതോടെ സിപിഎം-ബിജെപി പരസ്യപ്പോര് കടുക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കീഴാറ്റൂർ ബൈപാസ് വിഷയം സിപിഎമ്മും ബിജെപി.യും തമ്മിലുള്ള പരസ്യപോരായി മാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സർക്കാറിനെ മാറ്റി നിർത്തി കേന്ദ്ര മന്ത്രി ചർച്ച നടത്തിയതിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കണ്ണൂരിലെ സിപിഎം. ബിജെപി നേതാക്കൾ കീഴാറ്റൂർ വിഷയം ഏറ്റെടുക്കും. അതോടെ വിവാദങ്ങൾ കൊഴുക്കുകയും ചെയ്യും. ബൈപാസ് പ്രശ്നത്തിൽ സിപിഎമ്മിന്റെ നിരാശ അവരുടെ കച്ചവടം പൊളിഞ്ഞതുകൊണ്ടാണെന്ന് ബിജെപി. നേതാവ് കെ.സുരേന്ദ്രന്റെ ആരോപണത്തിനെതിരെ സിപിഎം. രംഗത്ത് വരും. കീഴാറ്റൂർ വിഷയത്തിൽ ഒന്നര വർഷത്തോളം സമരം നടത്തിയിട്ടും സിപിഎം. വിട്ട് ഒരാൾ പോലും മറുകണ്ടം ചാടിയിട്ടില്ല.

കീഴാറ്റൂർ പ്രശ്നം രാഷ്ട്രീയമല്ലെന്നും പാരിസ്ഥിതികവും ജനജീവിതവുമാണ് വിഷയമെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ആദ്യം എതിർത്ത സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ തന്നെ അനുനയനീക്കവുമായി വയൽക്കിളികളെ കണ്ടിരുന്നു. വയൽക്കിളികളെ വിമർശിക്കുന്നതിന് പരിധി വേണമെന്നും പാർട്ടി പ്രവർത്തകർക്ക് ജയരാജൻ നിർദ്ദേശവും നൽകിയിരുന്നു. ഇതുവരേയും മേൽപ്പാലം എന്ന കാര്യത്തിലായിരുന്നു അവർ ഉറച്ച് നിന്നത്. കീഴാറ്റൂർ ബൈപാസിന് ബദലായി ഇതായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റു ചില സംഘടനകളും ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ മേൽപാത അപ്രായോഗികമാണെന്ന നിലപാടാണ് ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടേത്. അതോടെ ആ വഴി അടഞ്ഞിരിക്കയാണ്.

അടുത്ത മാർഗ്ഗം കീഴാറ്റൂർ വയലിന്റെ ഏതെങ്കിലും ഒരു വശത്തു കൂടെയാണ്. അങ്ങിനെ വന്നാൽ പോലും തണ്ണീർതടങ്ങളും വയലും ഭൂരിഭാഗവും നഷ്ടപ്പെടുമെന്ന നിലപാടിലാണ് വയൽക്കിളികൾക്കുള്ളത്. ഇനി ബദൽ മാർഗ്ഗം എന്ന് പറയുന്നത് നേരത്തെ ദേശീയപാതാ അഥോറിറ്റി കണ്ടെത്തിയ രണ്ട് അലൈന്മെന്റുകളാണ്. അതിലൂടെ ബൈപാസ് കൊണ്ടുപോകാൻ ശ്രമിച്ചാൽ ആ പ്രദേശത്തുള്ളവർ സമര സജ്ജരാകും. അതോടെ ബൈപാസ് വിഷയം വീണ്ടും ആളിപടരും. രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കും. കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം വിദഗ്ധ സംഘം ബദൽപാത എവിടെ കണ്ടെത്തുമെന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ ധാരണ ആർക്കുമില്ല. കീഴാറ്റൂർ പ്രശ്നം വീണ്ടും കണ്ണൂരിൽ പ്രധാന വിഷയമാകുമെന്നാണ് സൂചന.

Stories you may Like

അൽഫാൺസ് കണ്ണന്താനത്തിനെതിരെ പിണറായി

കേരളത്തിന്റെ പാതയ്ക്ക് പാരവെക്കുന്നത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കീഴാറ്റൂർ സമരക്കാരുമായി കേന്ദ്രം നേരിട്ട് ചർച്ച നടത്തിയത് ശരിയായ നടപടിയല്ലെന്നും ഇത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും പിണറായി പറഞ്ഞു. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന തുടരുകയാണ്. കേരളത്തിൽ നടക്കുന്ന വികസനം തടയാനാണ് ആർ.എസ്.എസിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടക്കില്ലെന്ന് കരുതിയ നാഷണൽ ഹൈവേ വികസനം നടക്കുമെന്നായപ്പോൾ ചിലർ അതിന് പാരവെക്കുകയാണ്. കേരളക്കാരനാണെന്ന് പറഞ്ഞു നടക്കുന്ന ഒരു മന്ത്രിയും അതിന് കൂടെയുണ്ടായി എന്നതാണ് ഉയർന്നുവന്ന വിരോധാഭാസം. എത്രയും പെട്ടെന്ന് ഈ സമീപനം തിരുത്തുന്നോ അത്രയും നല്ലതെന്നും പിണറായി പറഞ്ഞു. നാഷണൽ ഹൈവെ നടക്കാതിരിക്കാൻ നേരത്തെ തന്നെ പാരവെപ്പുണ്ടെന്നും കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്നും സർക്കാരിനെ അറിയിക്കാതെയുള്ള ചർച്ച തെറ്റാണെന്നും വികസനം പൂർത്തിയാകുമെന്ന് വന്നപ്പോഴാണ് പാരവെപ്പ് ഉണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു.

കീഴാറ്റൂർ ദേശീയപാതാ ബൈപാസിന് ബദലായി ഫ്ളൈഓവർ പണിയണമെന്ന വയൽക്കിളികളുടെ നിർദ്ദേശം സ്വീകാര്യമല്ലെന്ന് ഉപരിതല ഗതാഗതമന്ത്രി നിധിൻഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. കീഴാറ്റൂരിൽ ബദൽ സാധ്യതകൾ പഠിക്കാൻ വിദഗ്ധസംഘത്തെ അയക്കുമെന്നും നിലവിലുള്ള അലൈന്മെന്റ് മാറ്റിക്കൊണ്ടുള്ള സമിതിയുടെ നിർദ്ദേശം പ്രാവർത്തികമാക്കുമെന്നും മന്ത്രി അറിയിച്ചു. വയൽക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, നോബിൾ പൈക്കട, പി.ലക്ഷ്മണൻ എന്നിവർ ബിജെപി. നേതാക്കൾക്കൊപ്പം നിധിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ഉറപ്പ് നൽകിയത്. പരിസ്ഥിതിയേയും വയലിനേയും നശിപ്പിക്കാത്ത റോഡ് വികസനം എന്നതാണ് വയൽക്കിളികൾ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര വിദഗ്ധ സംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും ചർച്ചയിൽ സംതൃപ്തിയുണ്ടെന്നും വയൽക്കിളി നേതാക്കൾ അറിയിച്ചു.

വയലുകളും തണ്ണീർ തടങ്ങളും നികത്തിക്കൊണ്ടു പോകാനുദ്ദേശിക്കുന്ന ബൈപാസിന്റെ രൂപ രേഖ മാറ്റാൻ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.നൂറ് മീറ്റർ താഴെമാത്രം വീതിയുള്ള വയലിന്റെ കരയിലൂടെ പോയാൽ പോലും അവശേഷിക്കുന്നത് 40 മീറ്റർ മാത്രമായിരിക്കും. ഇതും തണ്ണീർ തടങ്ങൾക്കും ജനങ്ങളുടെ ജീവിതത്തിനും പ്രശ്നമുണ്ടാക്കും. ഇക്കാര്യവും മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. അടിയന്തരമായും ബദൽ പാതക്കുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ദേശീയപാതാ അഥോറിറ്റി തയ്യാറാക്കിയ രണ്ട് അലൈന്മെന്റുകൾ മാറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസിന് അനുമതി നൽകിയത്. ഉന്നതമായ ഇടപെടലിലൂടെയാണ് വയലിലൂടെയുള്ള ബൈപാസിനുള്ള അനുമതി നൽകപ്പെട്ടതെന്ന് ആരോപിച്ചാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്.

ഒന്നര വർഷക്കാലം നീണ്ടു നിന്ന സമരം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎം. പാർട്ടി ഗ്രാമായ കീഴാറ്റൂരിലെ സമരത്തിന് പാർട്ടിയുടെ കീഴ്ഘടകങ്ങൾ ആദ്യം സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പാർട്ടി നേതൃത്വം സമരക്കാരിലെ പാർട്ടി അംഗങ്ങളെ പുറത്താക്കി. എങ്കിലും സമരം മുന്നോട്ടു തന്നെ പോയി. ബിജെപി. എം. പി സുരേഷ് ഗോപി എത്തിയതോടെ ബിജെപി.യുടെ ഇടപെടലും ശക്തമായി. അതോടെ വിഷയം രാഷ്ട്രീയ തർക്കമായി. അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ മുതൽ കേന്ദ്ര നേതാക്കൾ വരെ കീഴാറ്റൂരിലെത്തി സമരം നയിച്ചു. വയൽക്കിളികളുടെ സമര പന്തൽ സിപിഎം. അനുകൂലികളെന്ന് പറയുന്നവർ പരസ്യമായി കത്തിക്കുകയുമുണ്ടായി. കുമ്മനം രാജശേഖരന്റെ ഇടപെടലോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയത്. അവരുടെ റിപ്പോർട്ടിൽ തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട് മൂടരുതെന്ന് നിർദ്ദേശിച്ചു. അതോടെയാണ് ദേശീയ പാതാ അഥോറിറ്റി ത്രീഡി വിഞ്ജാപനം പിൻവലിച്ചത്.

സംസ്ഥാന കേന്ദ്ര സർക്കാറുകൾ രമ്യമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് സുരേഷ് കീഴാറ്റൂർ പറയുന്നു. ഞങ്ങളെ സംബന്ധിച്ച് ഈ സമരത്തിൽ രാഷ്ട്രീയമേ ഉണ്ടായിരുന്നില്ല. ആര് സഹായിച്ചാലും സ്വീകരിക്കുന്ന നിലപാടായിരുന്നു. രാഷ്ട്രീയമല്ല പാരിസ്ഥിതിക പ്രശ്നമാണ് ഞങ്ങൾ ഉയർത്തിക്കാട്ടിയത്. അതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. ബദൽ സാധ്യതകൾ ആരായുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് വയൽക്കിളികളിൽ നിന്നും എന്ത് സഹായവും ലഭിക്കും.

കീഴാറ്റൂർ വയലിന്റെ ഏതെങ്കിലും ഒരു ഭാഗത്തു കൂടെ റോഡ് കൊണ്ട് പോകാൻ കഴിയുമെന്ന് പറയുന്നതും ശരിയല്ല. കാരണം 45 മീറ്റർ വീതിയിൽ റോഡ് കൊണ്ടു പോകുമ്പോൾ മിക്ക സ്ഥലത്തും 25 മീറ്ററിൽ താഴെ മാത്രമേ വയൽ പ്രദേശം അവശേഷിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ അങ്ങനെ ഒരു സാധ്യത നിലനിൽക്കുന്നില്ല. ബിജെപി. നേതൃത്വം കീഴാറ്റൂർ വിഷയം ഒരു രാഷ്ട്രീയ വിജയമായി തന്നെയാണ് നേരത്തെ തന്നെ എടുത്തത്. അതേ തുടർന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനും ഉപരിതല ഗതാഗത വകുപ്പിലും സമ്മർദ്ദം ചെലുത്തിയിരുന്നു. ആദ്യം അലൈന്മെന്റിൽ മാറ്റമുണ്ടാകില്ലെന്ന് ഉപരിതല ഗതാഗത മന്ത്രി തന്നെ പറഞ്ഞിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം എല്ലാം മാറി മറിയുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP