Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

''ഞാനന്നേ പറഞ്ഞതാ... അപ്പോൾ ഈ ഒറ്റക്കണ്ണൻ പാർട്ടിയെ നശിപ്പിക്കും എന്നാണ് ചിലർ പറഞ്ഞത്. ഇപ്പോൾ എന്തായി...''; ബേബി ജോൺ പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്; എസി മൊയ്തീനെതിരെ നടപടി വേണമെന്നും ആവശ്യം; കരുവന്നൂരിൽ സിപിഎമ്മിൽ പൊട്ടിത്തെറി

''ഞാനന്നേ പറഞ്ഞതാ... അപ്പോൾ ഈ ഒറ്റക്കണ്ണൻ പാർട്ടിയെ നശിപ്പിക്കും എന്നാണ് ചിലർ പറഞ്ഞത്. ഇപ്പോൾ എന്തായി...''; ബേബി ജോൺ പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്; എസി മൊയ്തീനെതിരെ നടപടി വേണമെന്നും ആവശ്യം; കരുവന്നൂരിൽ സിപിഎമ്മിൽ പൊട്ടിത്തെറി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും ബേബിജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം തൃശ്ശൂർ ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റി. അതിനിടെ തൃശൂർ സിപിഎമ്മിൽ ഭിന്നത ശക്തമാകുകയാണ്.

സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ ബേബി ജോൺ പരസ്യമായി പൊട്ടിത്തെറിച്ചു. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റിനു മുന്നോടിയായി ചേർന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലും തർക്കങ്ങളുണ്ടായി. ബേബി ജോൺ വിഭാഗവും എ.സി. മൊയ്തീൻ വിഭാഗവും രൂക്ഷമായ ചേരിപ്പോരിലാണെന്നാണ് റിപ്പോർട്ട്.

''ഞാനന്നേ പറഞ്ഞതാ... അപ്പോൾ ഈ ഒറ്റക്കണ്ണൻ പാർട്ടിയെ നശിപ്പിക്കുമെന്നാണ് ചിലർ പറഞ്ഞത്. ഇപ്പോൾ എന്തായി...'' ബേബി ജോൺ ചോദിച്ചു. സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു പൊട്ടിത്തെറി. ഒരു കണ്ണിന് കാഴ്ച പ്രശ്നങ്ങളുള്ളയാളാണ് ബേബി ജോൺ. അന്വേഷണം നടത്താൻ പറഞ്ഞതിന് തന്നെ അവഹേളിക്കുകയായിരുന്നു മൊയ്തീനും കൂട്ടരുമെന്നാണ് ബേബി ജോൺ ആരോപിച്ചത്.

അതിനിടെ സംസ്ഥാനനേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതിൽ ഇരുനേതാക്കൾക്കും വീഴ്ച പറ്റിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഎമ്മിന്റെ പ്രതിഛായയെ തന്നെ ബാധിച്ചിരുന്നു. മാത്രവുമല്ല പ്രതിപക്ഷവും വിഷയം വലിയ രീതിയിൽ ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനും ഇടവന്നുവെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

2016ൽ ബേബി ജോൺ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്നുവെന്ന പരാതി ആദ്യമായി പാർട്ടിക്ക് ലഭിച്ചത്. ബാങ്കിന്റെ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് മാനേജരും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം വി സുരേഷായിരുന്നു പരാതിപ്പെട്ടത്. സുരേഷ് ഇന്ന് ബിജെപി നേതാവാണ്. ഈ പരാതിയെ ഗൗരവത്തോടെ തന്നെ ബേബി ജോൺ എടുത്തിരുന്നു.

ബേബി ജോൺ അന്വേഷണത്തിന് നിർദ്ദേശം നൽകിയെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു. പിന്നീട് സെക്രട്ടറിയായത് എ.സി. മൊയ്തീനാണ്. ഇതോടെ പാർട്ടി അന്വേഷണം നിലച്ചു. പരാതിക്കാരനായ സുരേഷിനെ ബാങ്കിൽ നിന്നു പിരിച്ചുവിട്ടു. പാർട്ടിയിൽ നിന്നു പുറത്താക്കി. ഇതോടെ പരാതി പുറത്തെത്തി. ഇതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്ന അഴിമതിയായി ചർച്ചയാകുന്നത്.

അന്വേഷണം നടത്താൻ നിർദ്ദേശിച്ച തന്നെ പരിഹസിക്കുകയാണ് മൊയ്തീൻ ചെയ്തതെന്നാണ് ബേബി ജോൺ പൊട്ടിത്തെറിച്ചത്. കേസിൽ പ്രതികളായ ലോക്കൽ കമ്മിറ്റി അംഗങ്ങളെ മാത്രം സസ്പെൻഡ് ചെയ്ത് തടിയൂരാനായിരുന്നു സിപിഎം ശ്രമം. സംഭവത്തിൽ സംസ്ഥാന സമിതിയംഗവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കെതിരെ പാർട്ടിതല അന്വേഷണം വേണമെന്ന നിലപാടിലാണ് ബേബി ജോൺ വിഭാഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP