Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കർണാടകത്തിൽ 10 വിമത എംഎൽഎമാർ രാജിക്കത്ത് നൽകിയെങ്കിലും തീരുമാനം നീട്ടി സ്പീക്കറുടെ രാഷ്ട്രീയക്കളി; എല്ലാ വശങ്ങളും പരിശോധിച്ച് രാജി സ്വമേധയാ ആണോ സമ്മർദ്ദത്താലാണോ എന്ന് പരിശോധിച്ച് തീരുമാനം; രാജിക്കത്ത് നൽകുന്ന ദൃശ്യങ്ങളടക്കം സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നും താൻ മെല്ലപ്പോക്കുകാരനല്ലെന്നും കെ.ആർ. രമേശ് കുമാർ; സ്പീക്കറുടെ നടപടി ശരിയല്ലെന്ന് യെദ്യൂരപ്പ; പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ അതിജീവിക്കുമെന്ന് കുമാരസ്വാമി

കർണാടകത്തിൽ 10 വിമത എംഎൽഎമാർ രാജിക്കത്ത് നൽകിയെങ്കിലും തീരുമാനം നീട്ടി സ്പീക്കറുടെ രാഷ്ട്രീയക്കളി; എല്ലാ വശങ്ങളും പരിശോധിച്ച് രാജി സ്വമേധയാ ആണോ സമ്മർദ്ദത്താലാണോ എന്ന് പരിശോധിച്ച് തീരുമാനം; രാജിക്കത്ത് നൽകുന്ന ദൃശ്യങ്ങളടക്കം സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നും താൻ മെല്ലപ്പോക്കുകാരനല്ലെന്നും കെ.ആർ. രമേശ് കുമാർ; സ്പീക്കറുടെ നടപടി ശരിയല്ലെന്ന് യെദ്യൂരപ്പ; പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ അതിജീവിക്കുമെന്ന് കുമാരസ്വാമി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 10 വിമത എംഎൽഎമാരും കർണാടക വിധാൻ സൗധയിലെത്തി രാജി നൽകി മടങ്ങി. എല്ലാ വശങ്ങളും നോക്കി ഭരണഘടനപ്രകാരം തീരുമാനമെടുക്കുമെന്ന് സ്പീക്കർ കെ.ആർ.രമേശ് കുമാർ പറഞ്ഞു. ശരിയായ ഫോർമാറ്റിലാണ് അവർ രാജി സമർപ്പിച്ചത്. ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യങ്ങൾക്ക് താൻ ഉത്തരവാദിയല്ല. മൂന്നുഎംഎൽഎമാരുടെ കാര്യത്തിൽ വെള്ളിയാഴ്ച വ്യക്തിപരമായ ഹിയറിങ് നടത്തും. രാജി സ്വമേധയാ ആണോയെന്നും, വാസ്തവമാണോയെന്നും ബോധ്യപ്പെടും വരെ അവ സ്വീകരിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

പത്ത് രാജിക്കത്തുകളും പരിശോധിക്കണം. രാജി നൽകുന്ന ദൃശ്യങ്ങളടക്കം പകർത്തിയിട്ടുണ്ട്. ഭൂകമ്പം ഉണ്ടായപോലെ ആയിരുന്നു എംഎ‍ൽഎമാരുടെ പെരുമാറ്റം. ഇതടക്കമുള്ള ദൃശ്യങ്ങൾ നാളെ സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നും രമേശ് കുമാർ അറിയിച്ചു. ചില വ്യക്തികളുടെ ഭീഷണിയെ തുടർന്ന് മുംബൈയിലേക്ക പോയെന്നാണ് എംഎൽഎമാർ പറഞ്ഞത്. ഇക്കാര്യത്തിൽ, തന്നെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും, താൻ അവർക്ക് സംരക്ഷണം നൽകുമായിരുന്നെന്നും രമേശ് കുമാർ പറഞ്ഞു. സ്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സമീപിച്ച 10 വിമത എംഎൽഎമാരോട് നേരിട്ട് രാജി കൊടുക്കാനായിരുന്നു സുപ്രീംകോടതി നിർദ്ദേശിച്ചത്. ആറ് മണിയോടെ നേരിട്ട് പോയി രാജി സമർപ്പിച്ച് ഇന്ന് വൈകിട്ട് തന്നെ സ്പീക്കർ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. സ്പീക്കറുടെ നടപടി ശരിയല്ലെന്ന് ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ പ്രതികരിച്ചു.

അതേസമയം രാജിവച്ച് ജെ.ഡി.എസ് എംഎ‍ൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് സ്പീക്കർക്ക് കത്ത് നൽകി.എന്നാൽ ഈ നിർദ്ദേശം സ്പീക്കർ കെ ആർ രമേശ് കുമാർ തള്ളി. മണിക്കൂറുകൾ കൊണ്ട് ഇത്രയധികം രാജിക്കത്തുകൾ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു. ഇത് ഹർജിയായി നൽകാൻ സുപ്രീംകോടതി സ്പീക്കറോട് പറഞ്ഞു. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. എന്നാൽ രാവിലത്തെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ രണ്ടാമത് ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി മൗനം പാലിച്ചു.

16 എംഎൽഎമാരുടെ രാജിയോടെ പ്രതിസന്ധിയിലായ സർക്കാർ ഐക്യത്തോടെ ധീരമായി നേരിടാൻ സന്നദ്ധമാണെന്ന് കുമാരസ്വാമി പ്രതികരിച്ചു. സർക്കാർ അവിശ്വാസ പ്രമേയത്തെ നേരിടാൻ തയ്യാറാണ്. സർക്കാർ അതിജീവിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. സർക്കാരിനെ തകിടം മറിക്കാനുള്ള ബിജെപിയുടെ ആറാമത്തെയോ, ഏഴാമത്തെയോ ശ്രമമാണിത്. ഇതുവരെ അതിനെ അതിജീവിച്ചു. ഇനിയും അങ്ങനെ തന്നെ, കുമാരസ്വാമി പറഞ്ഞു.

16 പേരിൽ 13 എംഎൽഎമാർ കോൺഗ്രസിൽ നിന്നും മൂന്നുപേർ ജെഡിഎസിൽ നിന്നുമാണ്. 224 അംഗ സഭയിൽ സഖ്യത്തിന്റെ സംഖ്യാബലം സ്പീക്കറെ കൂടാതെ 116. കോൺഗ്രസ് -78, ജെഡിഎസ്-37, ബിഎസ്‌പി-1 . തിങ്കളാഴ്ച രാജി വച്ച രണ്ടുസ്വതന്ത്രരെ കൂടി ചേർത്ത് ബിജെപിക്ക് 107 എംഎൽഎമാർ. 113 ആണ് ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ. 16 എംഎൽഎമാരുടെ രാജി അംഗീകരിച്ചാൽ, ഭരണസഖ്യം 100 ലേക്ക് ചുരുങ്ങുകയും സർക്കാർ വീഴുകയും ചെയ്യും.

കോൺഗ്രസിന്റെയും ജെഡിഎസിന്റെയും 16 എംഎൽഎമാർ രാജി വച്ചെങ്കിലും സ്പീക്കർ കെ.ആർ.രമേഷ് കുമാർ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. രാജി അംഗീകരിക്കും വരെ നിയമസഭയുടെ അംഗബലം 224 ആയി തുടരും. വിശ്വാസ വോട്ടോ, അവിശ്വാസ പ്രമേയമോ വന്നാൽ, സഖ്യം പുഷ്പം പോലെ പരീക്ഷ പാസാകും. എംഎൽഎമാർക്കെല്ലാം വിപ്പ് കൊടുത്താൽ മതിയാവും. എന്നാൽ, വിമത എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്താൽ, ഭാവി പരിപാടികൾ ബിജെപിക്ക് സുഗമമായി ആസൂത്രണം ചെയ്യാം. വിമത എംഎൽഎമാരുടെ രാജിയിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. എന്നാൽ, ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സ്പീക്കറുടെ നിലപാട്.

സ്പീക്കറുടെ ഹർജി അടിയന്തരമായി കേൾക്കാനും, വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനത്തിന് കൂടുതൽ സമയം തേടാനും കോടതി വിസമ്മതിച്ചു. സ്പീക്കറുടെ തീരുമാനം വെള്ളിയാഴ്ച കോടതിയെ അറിയിക്കണം. ഭൂരിപക്ഷം തെളിയിക്കാൻ മുന്നോട്ട് വയ്ക്കുന്നതാണ് വിശ്വാസ പ്രമേയം. ഈ പ്രമേയത്തെ എത്ര പേർ പിന്തുണയ്ക്കുന്നു, പിന്തുണയ്ക്കുന്നില്ല എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാരിന്റെ നിലനിൽപ് തന്നെ. വിശ്വാസവോട്ടിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി രാജിവച്ചൊഴിയേണ്ടി വരും. അവിശ്വാസ പ്രമേയം പ്രതിപക്ഷമാണ് അവതരിപ്പിക്കുന്നത്. ഭരണകക്ഷിക്കോ, പാർട്ടികൾക്കോ സഭയിൽ ഭൂരിപക്ഷമില്ലെന്ന് വിലയിരുത്തുമ്പോഴാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നീക്കുന്നത്.

കൂറുമാറ്റ നിയമപ്രകാരം, എംഎൽഎ വിപ്പ് ലംഘിച്ചാൽ, സ്വാഭാവികമായി സഭയിൽ നിന്ന് പുറത്താകും. തമിഴ്‌നാട് മോഡലിൽ വിമത എംഎൽഎമാരെ ഒരുപാഠം പഠിപ്പിക്കാനാണ് ജെഡിഎസ്-കോൺ്ഗ്രസ് സർക്കാരിന്റെ ആലോചന. 2017 ൽ ടിടിവി ദിനകരനോട് കൂറുള്ള 18 എഐഎഡിഎംകെ എംഎൽഎമാർ രാജി വച്ചപ്പോൾ, സർക്കാർ ന്യൂനപക്ഷമായി മാറി. എന്നാൽ, തമിഴ്‌നാട് സ്പീക്കർ പി.ധനപാൽ കൂറുമാറ്റനിയമപ്രകാരം അവരെ അയോഗ്യരാക്കി. എംഎൽഎമാർ മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്തു. സ്പീക്കറുടെ ഉത്തരവ് ശരിവയ്ക്കുകയാണ് കോടതികൾ ചെയ്തത്. ഇതോടെ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP