Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരുപിന്തുണച്ചില്ലെങ്കിലും കാന്തപുരം എപി സുന്നിവിഭാഗം മോഹനൻ മാസ്റ്റർക്കൊപ്പം; മാവോവാദികൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം നേതാവിന്റെ പ്രസ്താവന മുസ്ലിം വിരുദ്ധമെന്ന പ്രചാരണത്തിന് തടയിടാൻ സിറാജ് പത്രവും ആയുധം; നിലപാടിൽ ഉറച്ചുള്ള മോഹനന്റെ ലേഖനം ആഘോഷിച്ച് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ച എസ്എസ്എഫ് നേതാവ് മുഹമ്മദലി കിനാലൂരിന് താക്കീതും

ആരുപിന്തുണച്ചില്ലെങ്കിലും കാന്തപുരം എപി സുന്നിവിഭാഗം മോഹനൻ മാസ്റ്റർക്കൊപ്പം; മാവോവാദികൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം നേതാവിന്റെ പ്രസ്താവന മുസ്ലിം വിരുദ്ധമെന്ന പ്രചാരണത്തിന് തടയിടാൻ സിറാജ് പത്രവും ആയുധം; നിലപാടിൽ ഉറച്ചുള്ള മോഹനന്റെ ലേഖനം ആഘോഷിച്ച് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ച എസ്എസ്എഫ് നേതാവ് മുഹമ്മദലി കിനാലൂരിന് താക്കീതും

കെ വി നിരഞ്ജൻ

കോഴിക്കോട്: മാവോവാദികൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകൾ സഹായം നൽകുന്നുവെന്ന പരാമർശം വിവാദമായെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. തന്റെ പ്രസ്താവന ഇസ്ലാമിന് എതിരാണെന്ന് പ്രചരിപ്പിക്കാൻ പലരും ശ്രമിക്കുമ്പോഴും സമുദായത്തിലെ പ്രബല വിഭാഗമായ കാന്തപുരം എ പി വിഭാഗം സുന്നികളുടെ ഉൾപ്പെടെയുള്ളവരുടെ ഉറച്ച പിന്തുണയാണ് പി മോഹനന് കരുത്താവുന്നത്. പ്രസ്താവന വിവാദമായപ്പോൾ തന്നെ പി മോഹനൻ എ പി വിഭാഗം നേതാക്കളെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്താക്കി. എ പി വിഭാഗമാവട്ടെ പി മോഹനന് ഉറച്ച പിന്തുണയും വാഗ്ദാനം ചെയ്തു.

പിറ്റേന്ന് പ്രമുഖ മുസ്ലിം പത്രങ്ങൾ ഉൾപ്പെടെ മോഹനന്റെ പ്രസ്താവന ഒന്നാം പേജിൽ ആഘോഷിച്ചപ്പോൾ വിവാദങ്ങൾ ഒന്നുമില്ലാതെ ഉൾപ്പേജിൽ ചെറുതായാണ് എ പി വിഭാഗത്തിന്റെ പത്രമായ സിറാജ് വാർത്ത നൽകിയത്. പോപ്പുലർ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ കടുത്ത വിമർശകരാണ് എ പി വിഭാഗം. അതു കൊണ്ട് തന്നെ മോഹനൻ മാസ്റ്ററുടെ പ്രസ്താവന മുസ്ലിം വിരുദ്ധം എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് അവർ. എന്നാൽ ഇതേ സമയം എസ് എസ് എഫ് സംസ്ഥാന ജോ സെക്രട്ടറി ആയിരുന്ന മുഹമ്മദലി കിനാലൂർ ഈ വിഷയത്തിൽ പി മോഹനന് എതിരെ രംഗത്തു വന്നു. ഇദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്ററുകൾ പ്രചരിപ്പിച്ച് എ പി വിഭാഗം സി പി എമ്മിനും മോഹനനും എതിരായി എന്ന മട്ടിൽ ലീഗ്, കോൺഗ്രസ് നേതാക്കൾ പ്രചരണം തുടങ്ങി.

ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉൾപ്പെടെ മുഹമ്മദലിയുടെ എഫ് ബി പോസ്റ്റുകൾ ഷെയർ ചെയ്തതോടെ നേതൃത്വം മുഹമ്മദലിയെ താക്കീത് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് മുഹമ്മദലി എഫ് ബി പോസ്റ്റുകൾ പിൻവലിച്ചു. വിഷയത്തിൽ ആശയക്കുഴപ്പം മാറ്റുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം സിറാജിന്റെ എഡിറ്റ് പേജിൽ പി മോഹനന്റെ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ ഡി എഫ്, പോപ്പുലർ ഫ്രണ്ട് സംഘടനകളുമായി സഹകരിച്ചാണ് മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് മോഹനൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നതു പോലുള്ള മുദ്രാവാക്യങ്ങൾ വെച്ച് പ്രവർത്തിക്കുന്ന മത രാഷ്ട്ര സംഘടനയും തീവ്രവാദി ഗ്രൂപ്പുകളും മാവോയിസ്റ്റുകളുമായി ചേർന്ന് നിരവധി കവർ സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എൻ ഡി എഫിന്റെ മുൻകൈയിൽ രൂപം കൊണ്ട മനുഷ്യാവകാശ സംഘടനകളെയും തൊഴിലാളി യൂണിയനുകളയും നയിക്കുന്നവരിൽ പലരും രഹസ്യവും പരസ്യവുമായ മാവോയിസ്റ്റ് ബന്ധം സൂക്ഷിക്കുന്നവരാണ്. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ മറവിൽ മാവോയിസ്റ്റ് ഭീകരപ്രവർത്തനത്തിന് മണ്ണൊരുക്കി കൊടുക്കുകയാണ് ഇത്തരം സംഘടനകൾ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. എൻ ഡി എഫിനെയും പോപ്പുലർ ഫ്രണ്ടിനെയും ഉദ്ദേശിച്ചുള്ള പ്രസ്താവന മുസ്ലിം സമുദായത്തെയാക്കെ ആക്ഷേപിക്കുകയാണ് എന്ന നിലയിൽ ചിലർ ഇവിടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മോഹനൻ മാസ്റ്ററുടെ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് വ്യക്തമാക്കുകയാണ് എ പി വിഭാഗം. മുഹമ്മദലി കനാലൂരിന്റെ വാദങ്ങളോട് തങ്ങൾക്ക് യോജിപ്പില്ലെന്നും അവർ വ്യക്തമാക്കുന്നു. എഫ് ബി പോസ്റ്റ് പിൻവലിച്ച മുഹമ്മദലി സിറാജിൽ പി മോഹനന്റെ ലേഖനം വന്നതിന് പിന്നാലെ മോഹനനെ വിമർശിച്ച് വീണ്ടും പോസ്റ്റ് ഇട്ടിട്ടുണ്ട്. മുഹമ്മദലി സംഘടനയക്ക് പുറത്താകാനാണ് സാധ്യതയെനാണ് അറിയുന്നത്. എ പി വിഭാഗത്തിന്റെ ബുദ്ധിജീവി എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്നതിനപ്പുറം മുഹമ്മദലി സംഘടനയിൽ ആരുമല്ലെന്നാണ് നേതാക്കൾ രഹസ്യമായി പറയുന്നത്. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയായി പരിഗണിക്കപ്പെടേണ്ട ആളായിരുന്നു. എന്നാൽ യു ഡി എഫ് അനുകൂല നിലപാട് കാരണം ആ വഴിയടഞ്ഞു പോവുകയായിരുന്നെന്ന് നേതാക്കൾ തന്നെ പറയുന്നു. സ്വന്തം നാട്ടിൽ വിഭാഗീയ പ്രവർത്തനം നടത്തിയ ആളാണ് മുഹമ്മദലി കനാലൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അനുകൂല പോസ്റ്റിട്ടതിന് ഇയാളെ താക്കീത് ചെയ്തിരുന്നു.

ഏതായാലും വിഷയത്തിൽ എപി വിഭാഗത്തിന്റെ പിന്തുണ ലഭിച്ചത് പി മോഹനന് കരുത്താവുന്നു. ഇന്നലെ കോഴിക്കോട് പന്തീരാങ്കാവിൽ സിപിഐ എം സൗത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ടീയ വിശദീകരണ യോഗത്തിൽ എംബി രാജേഷ് പറഞ്ഞത് മാവോയിസ്റ്റുകളുടെ സഖ്യകക്ഷികൾ ഇസ്ലാമിക തീവ്രവാദികളാണെന്നാണ്. മാവോയിസ്റ്റുകളുടെ നേതാവ് ഗണപതി തന്നെ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ വഴി തെറ്റിയ സഖാക്കളായോ മർക്‌സിസ്റ്റ് അനുയായികളായോ അല്ല സിപിഐ എം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP