Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ സുധാകരൻ ഇല്ലെന്ന് ഉറപ്പായതോടെ കണ്ണൂർ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎമ്മിന്റെ കച്ചമുറുക്കൽ; മണ്ഡലം പിടിക്കാൻ ആവശ്യപ്പെട്ടാലും അർദ്ധമനസോടെ കെ.കെ ശൈലജ; തന്നെ ഒതുക്കാൻ ശ്രമമെന്നും മുന്മന്ത്രിക്ക് സംശയം; ശൈലജ പിന്മാറിയാൽ നികേഷ് കുമാറിന് നറുക്ക് വീണേക്കും

കെ സുധാകരൻ ഇല്ലെന്ന് ഉറപ്പായതോടെ കണ്ണൂർ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎമ്മിന്റെ കച്ചമുറുക്കൽ;   മണ്ഡലം പിടിക്കാൻ ആവശ്യപ്പെട്ടാലും അർദ്ധമനസോടെ കെ.കെ ശൈലജ;  തന്നെ ഒതുക്കാൻ ശ്രമമെന്നും മുന്മന്ത്രിക്ക് സംശയം; ശൈലജ പിന്മാറിയാൽ നികേഷ് കുമാറിന് നറുക്ക് വീണേക്കും

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സി.പി. എം പരിഗണിക്കുന്നത് മുന്മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ.കെ ശൈലജയെയാണെന്ന് സൂചന. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നേതൃത്വം ശൈലജയോട് ആവശ്യപ്പെടുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ കെ.കെ ശൈലജ മനസ് തുറന്നിട്ടില്ല.

കെ.പി,.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇനി മത്സരിക്കാനില്ലെന്ന ഉറപ്പായിരിക്കെ ഏതുവിധേനെയെങ്കിലും കണ്ണൂർ മണ്ഡലം പിടിക്കാൻ കരുനീക്കം നടത്തുകയാണ് സിപിഎം. നേരത്തെ മുന്മന്ത്രി കെ.കെ ശൈലജയെ കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി പരിഗണിച്ചിരുന്നുവെങ്കിലും തനിക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ വ്യക്തിപരമായ താൽപര്യമില്ലെന്നു ശൈലജ പാർട്ടിയെ അറിയിച്ചിരുന്നു.

പിണറായി മന്ത്രിസഭയുടെ രണ്ടരവർഷം പിന്നിട്ടാൽ നടക്കുന്ന മന്ത്രിസഭാ അഴിച്ചുപണിയിൽ ഇപ്പോഴും കെ.കെ ശൈലജയ്ക്കു മന്ത്രിസ്ഥാനം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ ലോക്സഭയിലേക്ക് മത്സരിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഇടം നഷ്ടമാവുമെന്ന ആശങ്കയും കെ.കെ ശൈലജയ്ക്കുണ്ട്. ശൈലജ മത്സരിക്കണമെന്നു നിർബന്ധം പിടിക്കുന്ന നേതാക്കൾ അവരെ ഒതുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന തിരിച്ചറിവിൽ നിന്നാണ് മത്സരിക്കാൻ കെ.കെ ശൈലജ താൽപര്യം പ്രകടിപ്പിക്കാത്തതെന്നാണ് സി.പി. എമ്മിൽ നിന്നും ലഭിക്കുന്ന സൂചന. എങ്കിലും കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുകയാണെങ്കിൽ മണ്ഡലം കോൺഗ്രസിൽ നിന്നും തിരിച്ചു പിടിക്കാനായി കെ.കെ ശൈലജയ്ക്കു കളത്തിലിറങ്ങേണ്ടിവരും.

ഇതിനിടെ, പരിഗണിക്കപ്പെടുന്ന സി.പി. എം സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ മാധ്യമപ്രവർത്തകൻ എം.വി നികേഷ്‌കുമാറുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടർ ചാനലിന്റെ അമരത്ത് നിന്നും ഷെയർ തിരിച്ചുവാങ്ങി ഒഴിവാകാൻ തീരുമാനിച്ച നികേഷ് ഇനി താൻ സജീവ രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറാണെന്ന് സി.പി. എം സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. മുന്മന്ത്രിയും സി.പി. എം വിമത നേതാവുമായിരുന്ന എം.വിരാഘവന്റെ മകനെ കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് സി.പി. എം നേതൃത്വം കരുതുന്നത്. അതുകൊണ്ടു തന്നെ പാർട്ടി സ്ഥാനാർത്ഥിപട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നികേഷ്‌കുമാർ.

ഈ സാഹചര്യത്തിലാണ് എം.വി നികേഷ് കുമാറിനെപ്പോലെ രാഷ്ട്രീയ ഇതര മേഖലകളിൽ വ്യക്തിപ്രഭാവമുള്ളവരെ സി.പി എം തേടുന്നത്. എന്നാൽ അഴീക്കോട് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ നികേഷ് കെ. എം ഷാജിയോട് പരാജയപ്പെട്ടത് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എന്നാൽ നികേഷിന്റെ പൊതുസ്വീകാര്യത പാർട്ടിസ്ഥാനാർത്ഥിയെന്ന നിലയിൽ ഗുണം ചെയ്യുമെന്ന് സി.പി. എം ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തൽ.

എം.വി ആറിന്റെ കാലശേഷം സി. എംപിയിൽ പിളർപ്പുണ്ടായപ്പോൾ പ്രബലരായ അരവിന്ദാക്ഷൻ വിഭാഗത്തെ സി.പി. എം ചേരിയിലേക്ക് ആനയിച്ചത് നികേഷ്‌കുമാറിന്റെ നിലപാടുകളാണ്. സി. പി. എം നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന എം.വി നികേഷ് കുമാർ എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി വന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ണൂർ മണ്ഡലത്തിൽ നടക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

ഇതിനിടെ റിപ്പോർട്ടർ ചാനൽ എഡിറ്റോറിയൽ ചുമതലയിൽ നിന്നുമൊഴിഞ്ഞാൽ കണ്ണൂർ മണ്ഡലത്തിൽ സജീവമാകാൻ എം.വി നികേഷ് കുമാറിനോട് സി.പി. എം നേതൃത്വം നിർദ്ദേശിച്ചതായും വിവരമുണ്ട്. കണ്ണൂർ കോർപറേഷൻ പ്രതിപക്ഷ നേതാവും അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ നേതാവുമായ എൻ.സുകന്യ, ഡി.വൈ. എഫ്. ഐ സംസ്ഥാനജനറൽസെക്രട്ടറി വി.കെ സനോജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, പാർട്ടി ജില്ലാസെക്രട്ടറിയേറ്റംഗം എം.സുരേന്ദ്രൻ എന്നിവാണ് സി.പി. എം പരിഗണിക്കുന്ന മറ്റുനേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP