Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ കോർപറേഷൻ ബജറ്റിൽ മുന്മുഖ്യമന്ത്രിമാരുടെ പ്രതിമസ്ഥാപിക്കുന്നതിൽ തർക്കം; പ്രതിപക്ഷവും കൊമ്പുകോർത്തു; ബജറ്റ് സമ്മേളനത്തിനിടെ പ്ലക്കാർഡുകൾ ഉയർത്തി ഇറങ്ങിപ്പോക്കും; പ്രതിപക്ഷം കണ്ണൂർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി

കണ്ണൂർ കോർപറേഷൻ ബജറ്റിൽ മുന്മുഖ്യമന്ത്രിമാരുടെ പ്രതിമസ്ഥാപിക്കുന്നതിൽ തർക്കം; പ്രതിപക്ഷവും കൊമ്പുകോർത്തു; ബജറ്റ് സമ്മേളനത്തിനിടെ പ്ലക്കാർഡുകൾ ഉയർത്തി ഇറങ്ങിപ്പോക്കും; പ്രതിപക്ഷം കണ്ണൂർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ മുൻപ്രധാനമന്ത്രി ജവഹലാൽ നെഹ്രുവിന്റെയും മുന്മുഖ്യമന്ത്രിമാരായ കെ.കരുണാകരന്റെയും ആർ. ശങ്കറിന്റെയും പ്രതിമകൾ സ്ഥാപിക്കുന്നതിനായി ബജറ്റിൽ ഫണ്ടുവകയിരുത്തിയത് വിവാദമായി. എ.കെ.ജി, ഇ.കെ നായനാർ എന്നിവരുടെ പ്രതിമകളും ഇതിനോടൊപ്പം സ്ഥാപിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞതോടെ ബജറ്റ് സമ്മേളനത്തിൽ മേയർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ജനനേതാക്കളോട് അനാദരവാണ് കോർപറേഷൻ കാണിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് എൻ.സുകന്യ ആരോപിച്ചു. ബഡ്ജറ്റ് സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷം കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.

കെ.കരുണാകരന്റെയും ആർ. ശങ്കറുടെയും പ്രതിമ സ്ഥാപിക്കുന്നതിന് ബജറ്റിൽ പത്തുലക്ഷം രൂപയാണ് വകയിരുത്തിയത്. നെഹ്രുവിന്റെ പ്രതിമയ്ക്കായി മൂന്നു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ യോഗശാല റോഡ് സർക്കിൾ നവീകരിക്കുമെന്നു ഡെപ്യൂട്ടി മേയർ കെ.ഷബീന ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. ഇതിനായി അഞ്ചുലക്ഷം രൂപ ചെലവഴിക്കും. നവീകരിച്ച സർക്കിളിലാണ് പ്രതിമസ്ഥാപിക്കുന്നത്. ചെറുശേരിയുടെ സ്മരണ നിലനിർത്താൻ സ്മാരകം നിർമ്മിക്കുന്നതിന് പത്തുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പള്ളിക്കുന്ന് ഗവ, ഹയർസെക്കൻഡറി സ്‌കൂളിന് ചെറുശേരിയുടെ പേ
ർ നൽകാനും ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. ഇവിടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പത്തുലക്ഷം രൂപ ചെലവഴിക്കും. കോർപറേഷൻ പരിധിയിലെ മുഴുവൻവീടുകളിലും ശുദ്ധജലമെത്തിക്കാൻ എഴുപതു കോടിരൂപയും നഗരറോഡുകളുടെ അറ്റകുറ്റപണിക്കും പുതിയ റോഡുകളുടെ നിർമ്മാണത്തിനും മുപ്പതു കോടിയും വകയിരുത്തി.

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബുധനാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെ ഡെപ്യൂട്ടി മേയർ കെ. ഷബീന2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. കൗൺസിൽ യോഗം ചേർന്നയുടനെ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്ളക്കാർഡുകൾ ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധം. വാകഴിഞ്ഞ വർഷത്തെ ബഡ്ജറ്റിലെ വാഗ്ദ്ധാനങ്ങൾ നടപ്പിലാക്കാതെ പുതിയ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സീറ്റിൽ നിന്നുമിറങ്ങി നടുത്തളത്തിൽ വന്നാണ് പ്രതിപക്ഷ നേതാവ് എൻ.സുകന്യ, അഡ്വ. പി.വി അൻവർ, വി.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചത്. അൽപനേരം ബഹളം നിലനിന്നുവെങ്കിലും പിന്നീട് പ്രതിപക്ഷം സീറ്റുകളിലേക്ക് മടങ്ങുകയായിരുന്നു.

എന്നാൽ ബജറ്റ് അവതരിപ്പിച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ വീണ്ടും ബഹളമുണ്ടായി. ഇടവേളയ്ക്കു പിരിഞ്ഞു വീണ്ടും സമ്മേളിച്ചപ്പോഴാണ് കൂക്കിവിളിയും കൈയടിയും ഉയർന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ സംസാരിക്കുമ്പോഴാണ് ചേലോറയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായത്. ബ്രഹ്മപുരത്തെ വിവാദകമ്പിനിയായ സോണ്ടയ്ക്കു വേണ്ടി സർക്കാർ കരാർ നൽകിയതുമായി ബന്ധപ്പെട്ടു അന്തർധാരയുണ്ടെന്ന് സുരേഷ്ബാബു ആരോപിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ഈക്കാര്യം പറയുന്നതിനിടെ നിയമസഭയ്ക്കു സമാനമായി കൂക്കിവിളികളോടെ പ്രതിപക്ഷം സുരേഷ്ബാബുവിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഭരണപക്ഷ ബെഞ്ചിൽ നിന്നും കനത്ത കൈയടികളോടെയാണ് പ്രതിപക്ഷത്തെ വരവേറ്റത്.

പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടു വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് കണ്ണൂർ കോർപ്പറേഷന്റെ 2023-24 വർഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കെ ഷബീന അവതരിപ്പിച്ചത്.410 കോടി 82 ലക്ഷത്തി മുപ്പത്തി നാലായിരത്തി 290 രൂപ വരവും273 കോടി 65 ലക്ഷത്തി മൂവായിരം രൂപ ചെലവും 137 കോടി 17 ലക്ഷത്തി മുപ്പത്തിഒന്നായിരത്തി 290 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.

കണ്ണൂർ കോർപ്പറേഷന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികളാണ് ബജറ്റിലുള്ളത്. ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ അനുബന്ധ പ്രവൃത്തികൾക്ക് 15 കോടി നീക്കിവെച്ചു. സ്വാതന്ത്ര്യ സുവർണ്ണ ജൂബിലസ്മാരകത്തോട് ചേർന്ന് ഫ്രീഡം പാർക്കിന് 25 ലക്ഷം രൂപയും കണ്ണൂരിനെ പൈതൃക നഗര പട്ടികയിലേക്ക് ഉയർത്തുന്നതിന് - 5 ലക്ഷം രൂപയും ഗാർബേജ് ഫ്രീ സിറ്റിയായി മാറ്റുന്നതിന് ഒരുകോടി രൂപയും നീക്കിവെച്ചുസ്മാർട്ട് സ്ട്രീറ്റ്ലൈറ്റ് രണ്ടരകോടി രൂപയുംനഗരസൗന്ദര്യവത്കരണത്തിന് മൂന്നുകോടി രൂപയുംമേയർഭവൻ നിർമ്മാണത്തിന്. ഒരുകോടി രൂപയും ബജറ്റിൽ വകയിരുത്തി.ഡിവിഷൻ കേന്ദ്രീകരിച്ച് സേവാകേന്ദ്രങ്ങൾ ആരംഭിക്കാൻ അഞ്ചുലക്ഷം രൂപയും സ്റ്റേഡിയം നവീകരണത്തിനും ഫൂട്ബോൾ ടൂർണമെന്റിനും അഞ്ചുലക്ഷം രൂപയും ഹെൽത്ത് സ്‌ക്വാഡിന് ഇലക്ട്രിക് സ്‌കൂട്ടറും, വാക്കിടോക്കിയും വാങ്ങുന്നതിന് 10 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് ഒരു കോടി 51 ലക്ഷം രൂപയും മാറ്റിവെച്ചു.

ക്യാൻസർ നിർണ്ണയ ക്യാംപിന് അഞ്ചുലക്ഷം രൂപയും ആറ്റടപ്പ ഡയാലിസിസ് സെന്ററിന് 40 ലക്ഷ രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മരക്കാർകണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിക്കുന്നതിന് 20 ലക്ഷവും മഹാകവി ചെറുശ്ശേരിക്ക് സ്മാരക നിർമ്മിക്കാൻ 10 ലക്ഷം രൂപയും കണ്ണൂർദസറയ്ക്കായി 10 ലക്ഷം രൂപയും ബജറ്റിൽ പ്രഖ്യാപിച്ചുസ്മാർട്ട് അംഗനവാടി - 1 കോടി 20 ലക്ഷം രൂപയും. കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 70 കോടി രൂപയുടെ പദ്ധതിയും പുതിയ റോഡുകൾക്കും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾക്കും - 30 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.

ഭവന നിർമ്മാണം, പുനരുദ്ധാരണം - 10 കോടി 18 ലക്ഷവും സ്‌കൂളുകളിൽ ദ്രവമാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയവയ്ക്ക്- 27 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് 1 കോടി 32 ലക്ഷം രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. നെൽകൃഷി വികസനം, തെങ്ങ് - പച്ചക്കറി-ചെറുധാന്യം-ഇടവിളകൃഷി പ്രോത്സാഹനം - 1 കോടി 29 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു. ബജറ്റിലെ ഓരോ പ്രഖ്യാപനവും വൻ കൈയടിയോടെയാണ് യു ഡി എഫ് അംഗങ്ങൾ വരവേറ്റത്.പ്രതിപക്ഷമാകട്ടെ ബജറ്റിലെ പ്രഖ്യാപനങ്ങളോട മുഖംതിരിച്ചു നിൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP