Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നിത്തല ഇഫക്റ്റ്: സുധാകരന്റെ തട്ടകമായ കണ്ണൂരിൽ എ വിഭാഗത്തിന്റെ പ്രതിഷേധം തുടരുന്നു; ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗവും ബഹിഷ്‌കരിച്ചു; ഗ്രൂപ്പ് പോരിന് ചുക്കാൻ പിടിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി

ചെന്നിത്തല ഇഫക്റ്റ്: സുധാകരന്റെ തട്ടകമായ കണ്ണൂരിൽ എ വിഭാഗത്തിന്റെ പ്രതിഷേധം തുടരുന്നു; ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗവും ബഹിഷ്‌കരിച്ചു; ഗ്രൂപ്പ് പോരിന് ചുക്കാൻ പിടിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി

അനീഷ് കുമാർ

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണൂർ കോൺഗ്രസിൽ എ ഗ്രൂപ്പിന്റെ പ്രതിഷേധം തുടരുന്നു. ഡി.സി.സി ഓഫീസിൽ വെള്ളിയാഴ്ച പതിനൊന്നുമണിക്ക് വിളിച്ചു ചേർത്ത പുതിയ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും പഴയ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും പഴയ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും യോഗം എ വിഭാഗം ബഹിഷ്‌കരിച്ചു.

ജില്ലയിലെ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി നിയമനത്തിൽ തങ്ങൾക്ക് അവകാശപ്പെട്ട മൂന്ന് ബ്ളോക്കുകൾ സുധാകര വിഭാഗം പിടിച്ചെടുത്തതിനെതിരെയാണ് എ വിഭാഗം പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ യു.ഡി. എഫ് ജില്ലാനേതൃയോഗം ബഹിഷ്‌കരിച്ചു എ വിഭാഗം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കണ്ണൂരിലെ ഒരു ഹോട്ടലിൽ രഹസ്യയോഗം ചേർന്നിരുന്നു. കെപിസിസി, ഡി.സി.സി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

കോൺഗ്രസിന്റെയും യു.ഡി. എഫിന്റെയും ജില്ലാതലത്തിലും നിയോജക മണ്ഡലത്തിലും നടക്കുന്ന യോഗങ്ങളും പരിപാടികളും ബഹിഷ്‌കരിക്കാൻ എഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു. ബ്ളോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആരോപിച്ച് സംസ്ഥാന തലത്തിൽ നിസഹകരണം പ്രഖ്യാപിച്ച എ വിഭാഗം ഈവിഷയത്തിൽ തീരുമാനമാകുന്നതു വരെ ജില്ലയിലും ബഹിഷ്‌കരണം തുടങ്ങാനാണ് തീരുമാനം.

കണ്ണൂർ ജില്ലയിൽ നേരത്തെ എട്ടു ബ്ളോക്ക് കമ്മിറ്റിപ്രസിഡന്റുമാരുണ്ടായിരുന്ന എ വിഭാഗത്തിന് പുനഃസംഘടനയിൽ അഞ്ച് ബ്ളോക്ക് പ്രസിഡന്റുമാരെയാണ് ലഭിച്ചത്. എ വിഭാഗത്തിന്റെ കൈയിലുണ്ടായിരുന്ന ആലക്കോട് ബ്ളോക്ക് കമ്മിറ്റി കെ.സി വേണുഗോപാൽ വിഭാഗത്തിനും തളിപറമ്പും കൂത്തുപറമ്പും കെ.സുധാകരന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗവും പിടിച്ചെടുത്തെന്നാണ് എ വിഭാഗം ആരോപിക്കുന്നത്.

ഇതിനു പുറമേ നേരത്തെ തങ്ങളുടെ കൈവശമുണ്ടായിരുന്ന യു.ഡി. എഫ് ജില്ലാ ചെയർമാൻ സ്ഥാനവും മഹിളാ കോൺഗ്രസ് അധ്യക്ഷ പദവിയും നഷ്ടമായെന്നും അവർ പറയുന്നു. കെപിസിസി ജനറൽ സെക്രട്ടറി സോണിസെബാസ്റ്റ്യൻ പുറമെ കെ.പി.സിസി അംഗങ്ങളായ മുഹമ്മദ് ബ്ളാത്തൂർ, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് എ വിഭാഗത്തിന് ചുക്കാൻ പിടിക്കുന്നത്. തങ്ങളെ കണ്ണൂരിൽ വെട്ടിനിരത്തിയതിനു പിന്നിൽ കെ.പി,സി.,സി അധ്യക്ഷൻ കെ.സുധാകരന്റെ കുശാഗ്രബുദ്ധിയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

നിലവിൽ സുധാകര വിഭാഗം നേതൃത്വം നൽകുന്ന ഡി.സി.സി നേതൃത്വത്തിനെതിരെ പരസ്യമായ യുദ്ധത്തിനാണ് എ വിഭാഗമിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെത്തിയ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി എ വിഭാഗം നേതാക്കൾ രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയതായി സൂചനയുണ്ട്. ചെന്നിത്തലയുടെ പിൻതുണയോടെയാണ് കെപിസിസി അധ്യക്ഷനായ കെ.സുധാകരന്റെ തട്ടകമായ കണ്ണൂർ കോൺഗ്രസിൽ എ വിഭാഗം പരസ്യപോരിനിറങ്ങിയത്.

പാർട്ടിയിൽനിന്നും വിവിധ ഘട്ടങ്ങളിലായി നിലവിലുള്ള ഡി.സി.സി നേതൃത്വം പുറത്താക്കിയ പി.കെ രാഗേഷ്, മമ്പറം ദിവാകരൻ തുടങ്ങിയ വിമത നേതാക്കളുമായി ഇവർ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇവരെയും കൂട്ടി പരമാവധി ശക്തി സംഭരിച്ചു നേതൃത്വത്തിനെതിരെ പോരാടാനാണ് എ വിഭാഗം നേതാക്കളുടെ തീരുമാനമെന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP