Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവരും സഖാക്കൾ തന്നെ!!! പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ; നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്നതിന് തെളിവ് തലയിലേറ്റ വെടിയുണ്ടയും ഒരു പരിക്കും ഏൽക്കാത്ത പൊലീസുകാരും; വേണ്ടത് മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം എന്നും കാനം രാജേന്ദ്രൻ; ഒരു ഇടവേളയ്ക്ക് ശേഷം ഭരണമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൊമ്പുകോർക്കുന്നത് വഴിതെറ്റി കാടുകയറിയ കമ്മ്യൂണിസ്റ്റുകളുടെ പേരിൽ

അവരും സഖാക്കൾ തന്നെ!!! പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ; നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്നതിന് തെളിവ് തലയിലേറ്റ വെടിയുണ്ടയും ഒരു പരിക്കും ഏൽക്കാത്ത പൊലീസുകാരും; വേണ്ടത് മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം എന്നും കാനം രാജേന്ദ്രൻ; ഒരു ഇടവേളയ്ക്ക് ശേഷം ഭരണമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൊമ്പുകോർക്കുന്നത് വഴിതെറ്റി കാടുകയറിയ കമ്മ്യൂണിസ്റ്റുകളുടെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലക്കാട്ട് മാവോയിസ്റ്റുകളെ  കൊലപ്പെടുത്തിയത് നടന്നത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതു മുന്നണിയുടെ മിനിമം പരിപാടിയിൽ ഉൾപ്പെടുന്നതല്ല മാവോയിസ്റ്റുകളെ വെടിവെയ്ക്കുന്നത് എന്ന് കാനം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് തന്നെ ശിക്ഷവിധിക്കുന്ന രീതി അംഗീകരിക്കാനാകില്ല. കൊല്ലപ്പെട്ടവരുടെ തലയിൽ വെടിയേറ്റത് സൂചിപ്പിക്കുന്നത് നടന്നത് വ്യാജ ഏറ്റുമുട്ടലാണ് എന്നും കാനം ചൂണ്ടിക്കാട്ടി. ഒരു പൊലീസുകാരന് പോലും പരിക്കേറ്റിട്ടില്ല.

മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും സംസ്ഥാന കൗൺസിലിന് ശേഷം കാനം മാധ്യമങ്ങലോട് പറഞ്ഞു. എല്ലാം വെടിയുണ്ടകൾ കൊണ്ട് പരിഹരിക്കാം എന്ന വിശ്വാസം പ്രാകൃതമാണ്. സംഭവം നടുക്കമുളവാക്കുന്നതാണ് എന്നും കാനം വ്യക്തമാക്കി.

ഏറ്റുമുട്ടലിലാണ് മൂന്നു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിയാണ് കാനം വ്യാജ ഏറ്റുമുട്ടൽ എന്ന വാദം ഉയർത്തുന്നത്. മഞ്ചിക്കട്ടിയിൽ തണ്ടർബോൾട്ട് ടീമിനുനേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തതിനെത്തുടർന്നാണ് സ്വയരക്ഷക്കായി തിരികെ വെടിവയ്ക്കേണ്ടിവന്നതെന്നായിരുന്നു ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

മാവോയിസ്റ്റുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട് സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

മാവോവാദികളെ ഏറ്റുമുട്ടലെന്ന പേരിൽ കൊലപ്പെടുത്തുന്നതിനെതിരെ നേരത്തെ തന്നെ കാനം ശക്തമായി രംഗത്തെത്തിയിരുന്നു. 2016ൽ നിലമ്പൂർ കരുളായി വനത്തിൽ മാവോവാദി അഖിലേന്ത്യ നേതാവ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടിരുന്നു. മോദി സർക്കാർ ചെയ്യുന്നതുപോലെ കാര്യങ്ങൾ ചെയ്യാനല്ല ഇടതുപക്ഷ സർക്കാറിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്നും മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മാവോവാദി വേട്ട കേരളത്തിൽ വേണ്ടെന്നും അന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു.

2019 മാർച്ചിൽ വയനാട് ലെക്കിടിയിലെ സ്വകാര്യ റിസോർട്ടിലുണ്ടായ പൊലീസ് വെടിവെപ്പിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോവാദി പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും മാവോവാദി വേട്ടക്കെതിരായ നിലപാട് തന്നെയാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്.

മാവോയിസ്റ്റുകൾ ഉയർത്തുന്ന വിഷയങ്ങൾ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്. പുതിയ സംഭവത്തിലും നിലാപാടിൽ മാറ്റമില്ലെന്നാണ് കാനം വ്യക്തമാക്കിയിരിക്കുന്നത്.

നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലും കാനം രൂക്ഷമായി പ്രതികരിച്ചിരുന്നു. പൊലീസ് കൊന്നത് കേന്ദ്ര ഫണ്ട് തട്ടാനാണെന്നായിരുന്നു കാനത്തിന്റെ ആരോപണം. തീവ്രവാദവിരുദ്ധ നീക്കങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് തട്ടാൻ ഐപിഎസ് സംഘം പ്രവർത്തിക്കുന്നു. കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്താനാണ് ശ്രമം. ഇത്തരം സംഭവങ്ങളുണ്ടായാൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീംകോടതി നിർദ്ദേശമെന്നും കാനം അന്ന് വ്യക്തമാക്കിയിരുന്നു.

ഇന്നലെ അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ചിക്കമംഗലൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാർത്തി എന്നിവരാണ് മരണപ്പെട്ടത്. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടർബോൾട്ട് സംഘത്തിനു നേരെ വെടിയുതിർത്തതിനെത്തുടർന്ന് അവർ തിരിച്ചാക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. അതേസമയം, തണ്ടർബോൾട്ട് സംഘത്തിലെ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല. മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടർന്നാണ് അസി. കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചിൽ നടത്തിയത്.

ഒരിടവേളയ്ക്ക ശേഷം കാനം ഇടയുന്നു

മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിയാണ് കാനം ഇപ്പോൾ പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല സംഭവത്തിന് തൊട്ട് മുമ്പ് വരെ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്നു മുന്നണിയിലെ പ്രധാന ഘടകക്ഷി നേതാവായ കാനം രാജേന്ദ്രൻ. എന്നാൽ ശബരിമല വിഷയത്തിൽ കാനം സർക്കാരിനും പിണറായിക്കും ഒപ്പമായിരുന്നു. ഒരു ഇടവേളയ്ക്ക ശേഷമാണ് കാനം സർക്കാരിനെതിരെ ഇപ്പോൾ നിലപാട് എടുക്കുന്നത്. മുഖ്യമന്ത്രി ഇന്ന് രാവിലെ നിയമസഭയിൽ പറഞ്ഞതിനെ പൂർണ്ണമായും തള്ളിക്കളയുകയാണ് കാനം രാജേന്ദ്രൻ.

മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്

'തിങ്കളാഴ്ച പുലർച്ചെ 4.20 മണി മുതൽ അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്വണ്ടിയാർക്കെണ്ടി വനമേഖലയിൽ പട്രോളിങ് നടത്തിവരികയായിരുന്നു തണ്ടർബോൾട്ട് സംഘം. ഉച്ചയ്ക്ക് 12.20 മണിയോടെ മേലെ മഞ്ചിക്കണ്ടി വനത്തിൽ ഏകദേശം 25 കിലോമീറ്റർ ഉള്ളിലുണ്ടായിരുന്ന ഷെഡ്ഡിൽ നിന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടവർ വെടിയുതിർത്തതിനെ തുടർന്ന് സ്വയരക്ഷക്കായി തണ്ടർബോൾട്ട് അംഗങ്ങൾക്ക് തിരികെ വെടിവെയ്‌ക്കേണ്ടി വന്നു. സംഘടനയിൽപ്പെട്ട 3 പേർ മരണപ്പെടുകയും അവർ ഉപയോഗിച്ച ആയുധങ്ങളും മറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തിന് അരീക്കോട് കേരള ആന്റി ടെറർ സ്‌ക്വാഡ് ക്യാമ്പ് സബ് ഇൻസ്‌പെക്ടറുടെ മൊഴി പ്രകാരം വിവിധ വകുപ്പുകൾ അനുസരിച്ച് അഗളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. അടുത്തദിവസം മരണപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾക്കിടെ വനത്തിൽ ഒളിഞ്ഞിരുന്ന മാവോയിസ്റ്റുകൾ പൊലീസിനും, ഒറ്റപ്പാലം അസിസ്റ്റന്റ് കലക്ടർ, തഹസീൽദാർ, മണ്ണാർക്കാട് തഹസീൽദാർ, തുടങ്ങിയവർക്കും നേരെ വെടിയുതിർത്തു. പൊലീസ് തിരികെ വെടിവച്ചതിലാണ് ഒരു മാവോയിസ്റ്റ് കൂടി മരണപ്പെട്ടത്. എ കെ 47 റൈഫിൾ ഉൾപ്പെടെയുള്ള അത്യന്താധുനിക മാരകായുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഏതൊരു സാഹചര്യത്തിലായാലും മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ദുഃഖകരമാണ്. ഈ സംഭവത്തിന് കൃത്യമായ ഒരു പശ്ചാത്തലമുണ്ട്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ പശ്ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റി രൂപീകരിച്ചതായി 2013ന്റെ തുടക്കത്തിൽതന്നെ റിപ്പോർട്ടുകളുണ്ട്. കേരള, കർണ്ണാടക, തമിഴ്‌നാട് അതിർത്തി വനത്തിനുള്ളിൽ ഇത്തരം സംഘങ്ങളുടെ സാന്നിദ്ധ്യം ഉള്ളതായും ഇവരുടെ കൈകളിൽ വിദേശനിർമ്മിത എ.കെ 47, എ.കെ 56 തുടങ്ങിയ ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും ഉള്ളതായുള്ള വിവരം അക്കാലത്തു തന്നെ സഭയുടെ ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്.

ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിലും ഇതിന്റെ പ്രവർത്തനങ്ങളെ തടയിടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2013ൽ ആന്റി നക്‌സൽ സ്‌ക്വാഡിനും 2014 ൽ കണ്ണൂർ റേഞ്ച് ഡിഐജി തലവനായി കേരള ആന്റി ടെറർ സ്‌ക്വാഡിനും രൂപം നൽകിയിരുന്നു.

ജനാധിപത്യപരമായ രാഷ്ട്രീയം വികസിച്ചുവന്ന കേരളത്തിൽ അതിനെ ദുർബലപ്പെടുത്തുന്ന വിധമുള്ള പ്രവർത്തനങ്ങൾക്കാണ് പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ പുറത്തുനിന്നും പരിശീലനം സിദ്ധിച്ച മാവോയിസ്റ്റുകൾ ശ്രമിക്കുന്നത്. മാവോയിസ്റ്റ് പ്രവർത്തനവുമായി മുമ്പോട്ടുപോകുന്നവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി പൊതുധാരയിലേക്ക് വരാൻ സന്നദ്ധമാകുന്നവർക്ക് പുനരധിവാസ പാക്കേജ് തന്നെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തെറ്റായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലേക്ക് പോയവരെ തിരുത്തി ജനാധിപത്യ രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന കാഴ്ചപ്പാടുതന്നെയാണ് സംസ്ഥാന സർക്കാരിനുള്ളത്. അതേസമയം സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കുക എന്നതും ജനാധിപത്യ ജീവിതക്രമം നിലനിർത്തുകയും ചെയ്യുക എന്ന ഭരണഘടനാപരമായ ചുമതല സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്.

സ്വാഭാവികമായും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായുള്ള നിലപാട് പൊലീസിന് സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായിക്കൂടിയാണ് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതുപോലുള്ള മാവോയിസ്റ്റ് ആക്രമണങ്ങളും പ്രവർത്തനങ്ങളും നമ്മുടെ സംസ്ഥാനത്ത് ഇല്ലാതെ പോയത്. ഈ സംഘങ്ങളുടെ പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളിൽ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവർത്തകരുടേയും സുരക്ഷാസേനാംഗങ്ങളുടേയും എത്രയേറെ ജീവൻ കവർന്നിട്ടുണ്ട് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. അതേ സംഘടന തന്നെയാണ് കേളത്തിലും ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. അത് തടയുക സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തവുമാണ്.

ജനാധിപത്യപരമായ അവകാശം എല്ലാ പൗരന്മാർക്കും ഉണ്ട്. ഈ കഴിഞ്ഞ ദിവസമുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കും.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP