Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും

കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കാമൻഡിന്റെ ഗുഡ്ബുക്കിൽ നിന്നും പുറത്തുപോയ കെ വി തോമസ് ഇടതുപക്ഷത്തേക്ക് ചേക്കേറുമോ? അഭ്യൂഹങ്ങൾ രാഷ്ട്രീയ മണ്ഡലത്തിൽ ശക്തമാകുമ്പോഴും മൗനം തുടർന്ന് സസ്‌പെൻസ് വർധിപ്പിക്കുകയാണ് തോമസ് മാഷ്. ഇടതുപക്ഷത്തിന് വേണ്ടി എറണാകുളം മണ്ഡലത്തിൽ കെ വി തോമസ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിനൊന്നും യാതൊരു വ്യക്തതയുമില്ല താനും.

കോൺഗ്രസ് വിട്ടുവന്നാൽ സ്വീകരിക്കാമെന്ന നിലപാടിലാണ് ഇടതു മുന്നണി. കെ വി തോമസ് ഇടുപക്ഷത്തേക്ക് ചേക്കേറി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം സജീവമാക്കിയെന്ന പൊതുവികാരം എറണാകുളത്ത് ശക്തമാണ് താനും. ഇതുമായി ബന്ധപ്പെട്ട് ഇടതുകേന്ദ്രങ്ങളുമായി അദ്ദേഹം ചർച്ച നടത്തിയതായും സൂചനകളുണ്ട്. എന്നാൽ, ഇരുവിഭാഗവും അന്തിമമായ തീരുമാനത്തിൽ എത്തിയിട്ടില്ല.

ഇത്തരം നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെ.വി. തോമസ് തയ്യാറായിട്ടില്ല. എൽ.ഡി.എഫിലേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ, പറയാം എന്നായിരുന്നു മറുപടി. എല്ലാ കാര്യവും 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ മേഖലയിലെ ആളുകളുടെ പ്രശ്നം ഉന്നയിച്ച് ഈയടുത്ത് മുഖ്യമന്ത്രിയെ കെ.വി. തോമസ് കണ്ടിരുന്നു. അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ചയായതായാണ് വിവരം. എറണാകുളം മണ്ഡലത്തിൽ ഇടതു മുന്നണിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാകും കെ വി തോമസ് എന്ന കാര്യം ഉറപ്പാണ്.

അതേസമയം കെ.വി. തോമസ് 23-ന് മാധ്യമങ്ങളെ കാണാനിരിക്കെ, സിപിഎം. ജില്ലാ സെക്രട്ടറി അദ്ദേഹത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നതും ശ്രദ്ധേയമാണ്. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു. കോൺഗ്രസ് വിട്ട് വന്നാൽ സ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഇടതുകേന്ദ്രങ്ങളുമായി ചർച്ച നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് കെ.വി. തോമസിന് പദവികൾ നൽകാനുള്ള തീരുമാനം മരവിപ്പിച്ചതെന്നതും ശ്രദ്ധേയം. എറണാകുളം, കൊച്ചി സീറ്റുകളിൽ ഒന്നിൽ മത്സരിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഇവിടെനിന്ന് മുമ്പ് ജയിച്ചതിനാൽ ആ ബന്ധങ്ങൾ തന്നെ തുണയ്ക്കുമെന്നാണ് തോമസിന്റെ കണക്കുകൂട്ടൽ. ബാലികേറാമലയായ എറണാകുളം സീറ്റ് പിടിച്ചെടുക്കാൻ കെ.വി. തോമസിന് കഴിഞ്ഞേക്കുമെന്ന കണക്കുകൂട്ടൽ ചില സിപിഎം. നേതാക്കളും പങ്കുവെക്കുന്നുണ്ട്.

ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിച്ചത് മുതൽ തോമസ് സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല. അവഗണിക്കുന്നുവെന്ന പരാതി അദ്ദേഹം പല നേതാക്കളോടും പങ്കുവച്ചിരുന്നു. ഹൈബി ഈഡൻ ജയിച്ച ഒഴിവിൽ വന്ന ഉപതിരഞ്ഞെടുപ്പിലും തോമസ് സീറ്റിനായി ശ്രമിച്ചെങ്കിലും ഒടുവിൽ ടി.ജെ. വിനോദിന് നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. പക്ഷേ ഭൂരിപക്ഷം 4000-ത്തിൽ താഴെയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിൽ തോമസിനെ മത്സരിപ്പിച്ചാൽ സീറ്റ് പിടിച്ചെടുക്കാനായേക്കും എന്നാണു സിപിഎമ്മും കണക്കുകൂട്ടുന്നത്. ഇത്തവണയും കെ.വി. തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടാനുള്ള സാധ്യതയില്ലെന്നതും ഇടത്തോട്ടുള്ള ആഭിമുഖ്യത്തിന്റെ കാരണമാണ്.

കോൺഗ്രസിന്റെ കൈവശമിരുന്ന കൊച്ചി സീറ്റ് കഴിഞ്ഞ തവണ കെ.ജെ. മാക്‌സിയിലൂടെ സിപിഎം. പിടിച്ചെടുത്തതാണ്. അതിനാൽ ഒരു ടേം കൂടി അദ്ദേഹം കൊച്ചിയിൽ മത്സരിക്കാൻ സാധ്യതയുള്ളതിനാൽ എറണാകുളം സീറ്റിലായിരിക്കും ഇടതുപക്ഷത്ത് എത്തിയാൽ തോമസിന് നൽകുക. കെപിസിസി. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കും ഏറ്റവും ഒടുവിൽ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്കും തോമസിനെ പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. ഏറ്റവും ഒടുവിൽ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നൽകാൻ ആലോചന നടന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ വിസ്സമ്മതിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു കെ വി തോമസ്. എന്നാൽ കുറച്ചു നാളായി സോണിയയുമായും അടുപ്പം കാട്ടുന്നില്ല. അതെല്ലാം സൂക്ഷ്മമായി ഹൈക്കമാണ്ട് വിലയിരുത്തിയിട്ടുണ്ട്. കെവി തോമസിന് ഇടതുപക്ഷ അനുകൂല നിലപാടാണെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഹൈക്കമാണ്ടിനെ അറിച്ചിട്ടുണ്ട്. എറണാകുളത്ത് കെവി തോമസ് പോയാലും പ്രശ്നം ഉണ്ടാകില്ലെ്ന്നാണ് കെപിസിസിയുടേയും നിരീക്ഷണം.

തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിർദ്ദേശം ഹൈക്കമാൻഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകിയിരുന്നില്ല. അതിൽ അദ്ദേഹം കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പാർട്ടിയുമായി ഉടക്കി നിൽക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാർട്ടിയുമായുള്ള അകൽച്ച തുടർന്നിരുന്നു.

സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു കെവി തോമസ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ കെവി തോമസിന് വച്ചടിവച്ചടി കയറ്റമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പാലിക്കുന്ന തോമസ് ഹൈക്കമാണ്ടിലെ വിശ്വാസം കാരണം കേരളത്തിൽ ഗ്രൂപ്പ് കളി മറന്നു. സോണിയയുടെ അടുത്ത് മുൻകൂർ അനുമതി എടുക്കാതെ കടുന്നു ചെല്ലാനും തോമസിന് കഴിയുമായിരുന്നു. എന്നാൽ അധികാരം രാഹുൽ ഗാന്ധിക്ക് കിട്ടയപ്പോൾ എല്ലാം തോമസിന് നഷ്ടമായി.

സോണിയയ്ക്ക് കേരളത്തിൽ രണ്ട് അതിവിശ്വസ്തരാണ് ഉണ്ടായിരുന്നത്. ടോം വടക്കനും കെവി തോമസും. രാഹുലിന്റെ ഭരണമെത്തിയതോടെ ടോം വടക്കൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഗാന്ധി കുടുംബവുമായി കെവി തോമസിന്റെ സ്‌നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. കുമ്പളങ്ങിയിൽ നിന്നുള്ള നല്ല ഫ്രഷ് ആയ തിരുത മൽസ്യം സോണിയയുടെ അടുക്കളയിൽ സ്ഥിരമായി എത്തിച്ചു തുടങ്ങിയതും ഇക്കാലത്തു തന്നെ. കുമ്പളങ്ങിയെ ദേശീയ തലത്തിൽ തന്നെ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാത്രം ഇതിനെ കാണുന്നവരുണ്ട്. എന്നാൽ കേന്ദ്രമന്ത്രി പദവിയും പാർട്ടിയിൽ ഉന്നത സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചിട്ടായിരുന്നുവെന്നു ചിലരൊക്കെ അടക്കം പറഞ്ഞിരുന്നു. ഏവരേയും ഞെട്ടിച്ച് കെവി തോമസ് കേന്ദ്രമന്ത്രിയായി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തോമസിന് നെഹ്റു കുടുംബത്തോടുള്ള പ്രതിപത്തി വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്നും മോദിയോടാണ് താൽപ്പര്യമെന്നും വാദമെത്തിയിരുന്നു. അങ്ങനെ ലോക്സഭാ സീറ്റ് നഷ്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP