Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റുപാർട്ടി വന്നതുകൊണ്ടാണെന്ന് അഡ്വ എം അനിൽകുമാർ; കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റുപാർട്ടി വന്നതുകൊണ്ടാണെന്ന് അഡ്വ എം അനിൽകുമാർ; കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ്-23യിൽ 'യൂണിഫോം സിവിൽ കോഡ് ആവശ്യമോ' എന്ന സംവാദത്തിൽ പങ്കെടുത്ത് സിപിഎം നേതാവ് അഡ്വ എം അനിൽകുമാർ നടത്തിയ പരാമർശത്തെ ചൊല്ലി വൻ വിവാദം. സി രവിചന്ദ്രൻ, അഡ്വ ഷൂക്കുർ, അഡ്വ എം അനിൽകുമാർ എന്നിവർ ചേർന്നായിരുന്നു സംവാദം. ഇതിലെ അനിൽകുമാറിന്റെ ഒരു പ്രസംഗം ശകലം എടുത്ത് മീഡിയവൺ വാർത്തയാക്കിയതോടെയാണ് വിവാദം തുടങ്ങിയത്.

സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ എം അനിൽകുമാർ ഇങ്ങനെയാണ് പറഞ്ഞത്. 'മലപ്പുറത്ത് വരുന്ന പുതിയ പെൺകുട്ടികളെ കാണൂനിങ്ങൾ. തട്ടം തലയിടാൻ പറഞ്ഞാൽ അത് വേണ്ട എന്ന പറയുന്ന പെൺകുട്ടികൾ ഉണ്ടായത് അത് കമ്യൂണിസ്റ്റ് പാർട്ടി, ഭരണത്തിൽ വന്നതിന്റെ ഭാഗമായിട്ട്, ഉണ്ടായതാണ്, വിദ്യാഭ്യാസം വന്നതിന്റെ ഭാഗമായാണ്. അതുകൊണ്ട് സ്വതന്ത്രചിന്തവന്നത് ഈ പ്രസ്ഥാനത്തിന്റെ, പങ്ക് ചെറിയ പങ്കല്ല.''- അനിൽ കുമാർ പറഞ്ഞു. മുസ്ലിം സ്ത്രീകൾ പട്ടിണികിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത്, എസ്സെൻസിനോട് അല്ല, സിപിഎമ്മിനോട് ആണെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

അനിൽകുമാറിന്റെ പരാമർശത്തിനെതിരേ മുസ്ലിംലീഗ്, സമസ്ത എ.പി., ഇ.കെ. വിഭാഗം നേതാക്കളും രംഗത്തെത്തി. സിപിഎമ്മുകാരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്ന സംഭവമാണ് പ്രസംഗമെന്ന് കെ.പി.എ. മജീദ് എംഎ‍ൽഎ. പറഞ്ഞു. സംഘപരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സിപിഎമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടി പോര. വനിതാ മതിലിനും പ്രകടനത്തിന്റെ മുന്നിലും ശിരോവസ്ത്രമിട്ട പെൺകുട്ടികളെ വേണം. എന്നാൽ പുച്ഛത്തിന് മാത്രം ഒരു കുറവുമില്ല. നാസ്തികരും സംഘികളും സിപിഎമ്മുമൊക്കെ ഒന്നായ സ്ഥിതിക്ക് ഇനിയൊരു ഗ്രൂപ്പ് ഫോട്ടോയുടെ കുറവുകൂടിയുണ്ടെന്നും മജീദ് പരിഹസിച്ചു.

സിപിഎം. അഖിലേന്ത്യാ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ തലപ്പാവ് അഴിപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. വർത്തമാന സാഹചര്യത്തിൽ മുസ്ലിം സ്ത്രീയുടെ ശിരോവസ്ത്രം വെറുമൊരു മതപ്രമേയമല്ലെന്ന് സമസ്ത എ.പി. വിഭാഗം നേതാവ് മുഹമ്മദലി കിനാലൂരും പ്രതികരിച്ചു. കാമ്പസിൽ ഹിജാബ് നിരോധിച്ചു എന്ന് ബിജെപി. നേതാക്കൾ പറയുന്നതും ഞങ്ങളുടെ പാർട്ടി മലപ്പുറത്തെ തട്ടമുക്തമാക്കാൻ ശ്രമിച്ചു എന്ന് സിപിഎം. നേതാവ് പറയുന്നതും ഒരേ താളത്തിൽ വായിക്കേണ്ടതല്ലെങ്കിൽപ്പോലും ഇങ്ങനെയൊരു കാലത്ത് ഒച്ചകളിൽ സാമ്യമുണ്ടാകുന്നതുപോലും വലിയ അപകടം സൃഷ്ടിക്കുമെന്നും മുഹമ്മദലി കിനാലൂർ പറഞ്ഞു.

അനിൽകുമാറിനെ തള്ളി ജലീൽ

ഇതേചൊല്ലി സോഷ്യൽ മീഡിയയിലും വൻവിവാദം നടക്കുന്നതിനിനിടെയാണ് അനിൽകുമാറിനെ തള്ളി, മുന്മന്ത്രിയും എംഎ‍ൽഎ.യുമായ ഡോ. കെ.ടി. ജലീൽ രംഗത്ത് എത്തിയത്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ജലീലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

''വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദ്ദയിട്ട മുസ്ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സിപിഐ (എം). സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ട. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.

ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോർജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകൾ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ: അനിൽകുമാറിന്റെ അഭിപ്രായം സിപിഐ എമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവർത്തകർക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകർക്കും പത്രമാധ്യമ പ്രവർത്തകർക്കും മത-സാമുദായിക നേതാക്കൾക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകൾ പലപ്പോഴും സംഭവിക്കുന്നത്. അവർ ഏത് രാഷ്ട്രീയ ചേരിയിൽ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തന്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യങ്ങൃമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വർഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സിപിഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എംപിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം, ബഹുജന പാർട്ടിയാണ് സിപിഐ (എം).അത് മറന്ന് ചില തൽപരകക്ഷികൾ അഡ്വ: അനിൽകുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഐ. എമ്മിന്റേതാണെന്ന വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേർന്നതല്ല.

ഞങ്ങളുടെ മകൾ സുമയ്യ ബീഗം എം.ബി.ബി.എസ് പൂർത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോർട്ട്ബ്ലയറിലെ കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിലാണ് അവൾ പഠിച്ചത്. നല്ല മാർക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ 'ഫെയർവെൽ സെറിമണി'യിൽ പങ്കെടുക്കാനുമാണ് പോർട്ട്ബ്ലയറിൽ എത്തിയത്. ചടങ്ങിൽ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവൾ പുരോഗമന ചിന്തയിൽ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.''- ഇങ്ങനെയാണ് കെ ടി ജലീൽ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP