Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോളർക്കടത്തു കേസിൽ സംസ്ഥാന സർക്കാരിന്റെ സ്ഥിതി പരിങ്ങലിൽ; കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്ന് കെ സുരേന്ദ്രൻ; കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരെന്നും ബിജെപി അധ്യക്ഷൻ

ഡോളർക്കടത്തു കേസിൽ സംസ്ഥാന സർക്കാരിന്റെ സ്ഥിതി പരിങ്ങലിൽ; കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്ന് കെ സുരേന്ദ്രൻ; കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരെന്നും ബിജെപി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്വർണ്ണക്കടത്ത്-ഡോളർ കടത്തു കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതൽ കുരിക്കിലേക്ക് പോവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്നും തൃശ്ശൂരിൽ നടന്ന സംസ്ഥാന സമിതിയിൽ നടത്തിയ അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കുപ്രസിദ്ധരായ പല വിദേശ പൗരന്മാർക്കും പ്രോട്ടോകോൾ ഓഫീസർ സൗകര്യം ചെയ്തുകൊടുത്തു. സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും പ്രതികളായവർക്കും പ്രോട്ടോകോൾ ഓഫീസ് വഴി പരിഗണന കിട്ടി.

ഭരണഘടനയുടെ ഏറ്റവും പവിത്രമായ സ്പീക്കർ പദവി മലിനമാക്കിയ പി.ശ്രീരാമകൃഷ്ണൻ ഉടൻ രാജിവെക്കണം. നിയമസഭാ മന്ദിരത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ധൂർത്തുകൾ ന്യായീകരണമില്ലാത്തതാണ്. സാർവ്വത്രികമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്വർണ്ണക്കടത്ത് പുറത്തുവന്നപ്പോൾ ജൂലായ് ആറിന് മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഓഫീസിന് പങ്കില്ലെന്നും മടയിൽ കനമുള്ളവൻ പേടിച്ചാൽ മതിയെന്നുമാണ്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തുടക്കത്തിൽ സ്വാഗതം ചെയ്ത മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ പിടിയിലാവുകയും അന്വേഷണത്തിന്റെ കുന്തമുന തന്നിലേക്കാണെന്ന് മനസിലാകുകയും ചെയ്തതോടെ അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് നോട്ടീസ് നൽകുകയും ഓഫീസിലെ മറ്റൊരു വിശ്വസ്തനായ ഉദ്യോഗസ്ഥൻ ആരോപണവിധേയനാവുകയും ചെയ്തതോടെ ഈ വലിയ തട്ടിപ്പിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. എന്നാൽ അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

കിഫ്ബി പദ്ധതിയെക്കുറിച്ച് എന്തൊക്കെ വീരവാദങ്ങളാണ് കേരളം കേട്ടുകൊണ്ടിരുന്നത്. പദ്ധതിക്ക് പുറത്തു പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ഉദ്യമമായാണ് അതിനെ പലരും കണ്ടത്. വികസന പദ്ധതികളെ എല്ലാവരും അനുകൂലിക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാൽ അതിന്റെ മറവിൽ നടന്നത് ശുദ്ധ തട്ടിപ്പാണ് എന്നതല്ലേ ഇപ്പോൾ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയത്. വിദേശത്തുനിന്നുപോലും അതിനായി പണം കൊണ്ടുവന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ.

കോടാനുകോടിയാണ് വിദേശത്തുനിന്നടക്കം കേരളം ഇതിനകം കടമെടുത്തത്, അതും നാട്ടിലെങ്ങുമില്ലാത്ത പലിശയ്ക്ക്. ഇക്കാര്യം ഇപ്പോൾ കോടതിയിലുമെത്തിയിരിക്കുന്നു. അഴിമതിയെ എതിർത്തതിനാൽ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകർക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നിയമസഭയെ ദുരുപയോഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവർ. ഭരണഘടനയേയും ജനാധിപത്യത്തെയും കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വികസനത്തിന് ബിജെപി അനുകൂലമാണ്. വികസനപദ്ധതികൾ കൂടിയേ തീരൂ.

എന്നാൽ അത് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കാൻ എങ്ങിനെ കേരളത്തിന് കഴിയും കേരളം ഒരു പ്രത്യേക രാജ്യമാണ് എന്ന മട്ടിൽ നമ്മുടെ ചില മന്ത്രിമാരും സിപിഎമ്മും പറഞ്ഞാൽ അതിനെ നഖശിഖാന്തം എത്തിക്കുക മാത്രമല്ലേ മാർഗമുള്ളൂ. ഇവിടെ പ്രശ്‌നം, കിഫ്ബി ഇടപാടുകൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്ന സിഎജി- യുടെ വിലയിരുത്തൽ യുക്തിപൂർണ്ണമാണ് എന്നതാണ്. കേരളത്തെ അക്ഷരാർഥത്തിൽ കടക്കെണിയിൽ അകപ്പെടുത്തുന്ന നീക്കങ്ങൾ ഈ സർക്കാർ ഇതിനകം ചെയ്തുകഴിഞ്ഞു എന്ന് കരുതേണ്ടിവരുന്നത് അതുകൊണ്ടാണ്. ഇനി ഒരിക്കലും തിരിച്ചുകയറാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ ഇടതുപക്ഷ സർക്കാർ ഈ കൊച്ചു കേരളത്തെ എത്തിച്ചിരിക്കുകയാണ്.

ഒരു വർഷമായി തുടരുന്ന മഹായുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ നമ്മുടെ കേരളം കൊവിഡിന് ദയനീയമായി കീഴടങ്ങിയെന്ന് സുരേന്ദ്രൻ പറഞ്ഞു. ഏറെക്കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധം എന്നത് വെറും പിആർ പ്രചരണം മാത്രമായിരുന്നെന്ന് ജനങ്ങൾക്ക് ബോധ്യമായി കഴിഞ്ഞു. ഇന്ന് രാജ്യത്തെ കോവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകൾ വർദ്ധിക്കാൻ കാരണം. വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ കേരളം അമാന്തം കാണിക്കുന്നു. ആരോഗ്യവകുപ്പും സർക്കാരും വൻപരാജയമാണ്.

യു.ഡി.എഫ് നേതൃത്വത്തിലേക്ക് ഉമ്മൻ ചാണ്ടി വന്നതോടെ കഴിഞ്ഞ സർക്കാരിന്റെ അഴിമതികളും വീണ്ടും ചർച്ചയായി. പഴയകാര്യങ്ങൾ ഓർമ്മിക്കാൻ ജനങ്ങൾക്ക് അവസരം നൽകിയതിന് ഹൈക്കമാന്റിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തും അഴിമതികളും ഉമ്മൻ ചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങൾക്ക് ലഭിച്ചു. ഇരുമുന്നണികളെയും നയിക്കുന്ന രണ്ട് മാന്യന്മാരെ വിലയിരുത്താനുള്ള അവസരം ജനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും.

നിയമസഭാ തിരഞ്ഞെടുപ്പിൽ അഴിമതി മുഖ്യവിഷയമാകുന്നത് ബിജെപിക്കും എൻഡിഎക്കുമാണ് ഗുണം ചെയ്യുക. ഭരണ-പ്രതിപക്ഷങ്ങൾ അഴിമതിയിൽ മുങ്ങികുളിച്ചു നിൽക്കുകയാണെന്ന് കേരളത്തിലെ ഏതുകൊച്ചുകുട്ടികൾക്കും അറിയാം. യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ട് കച്ചവടവും വർഗീയ ശക്തികളുടെ ധ്രുവീകരണവും അതിജീവിച്ച് ഉജ്ജ്വല വിജയമാണ് ഭാരതീയ ജനതാപാർട്ടിയും ദേശീയ ജനാധിപത്യ സഖ്യവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത്. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് എൻഡിഎ സ്വാധീനം വർദ്ധിപ്പിക്കുമ്പോൾ കേരളത്തിലും കോൺഗ്രസ് എന്ന പാർട്ടി അപ്രസക്തമാവുകയാണ്.

സിപിഎമ്മിനെ നേരിടാൻ ശേഷിയുള്ള ഏക പാർട്ടിയായി കേരളത്തിൽ ബിജെപി മാറിയെന്നതാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ആറുവർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ അഴിമതിയുടെ കറപുരളാതെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ അഴിമതി പരമ്പരക്ക് അറുതിവരുത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ കഴിയണം. കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരാണ്. മതവർഗീയതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനിരയാവുന്ന ഇരു വിഭാഗത്തിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപി ശ്രമിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP