Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ചേശ്വരത്ത് മത്സരിച്ച് തോറ്റത് വെറും 89 വോട്ടിന്; ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും മികച്ച പ്രകടനം; ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ പതിനാറായിരത്തിൽ നിന്ന് വോട്ടുയർത്തിയത് നാൽപ്പതിനായിരത്തിലേക്ക്; തോൽവിക്കിടെയും ബിജെപിയിൽ തല ഉയർത്തി കെ സുരേന്ദ്രൻ; ഇനി മഞ്ചേശ്വരം മോഡലിൽ കോന്നിയിൽ വീടെടുത്ത് താമസം; കെ സുരേന്ദ്രന്റെ രാഷ്ട്രീയ തട്ടകം ഇനി അടൂർ പ്രകാശ് കൈവിട്ട കോന്നി

മഞ്ചേശ്വരത്ത് മത്സരിച്ച് തോറ്റത് വെറും 89 വോട്ടിന്; ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും മികച്ച പ്രകടനം; ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ പതിനാറായിരത്തിൽ നിന്ന് വോട്ടുയർത്തിയത് നാൽപ്പതിനായിരത്തിലേക്ക്; തോൽവിക്കിടെയും ബിജെപിയിൽ തല ഉയർത്തി കെ സുരേന്ദ്രൻ; ഇനി മഞ്ചേശ്വരം മോഡലിൽ കോന്നിയിൽ വീടെടുത്ത് താമസം; കെ സുരേന്ദ്രന്റെ രാഷ്ട്രീയ തട്ടകം ഇനി അടൂർ പ്രകാശ് കൈവിട്ട കോന്നി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അടുത്തകാലത്തായി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വേണ്ടി മറ്റ് കക്ഷികളുടെ വോട്ടുകൾ സമ്പാദിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നേതാവാണ് കെ സുരേന്ദ്രൻ. ബിജെപിയുടെ സാധാരണ പ്രവർത്തകർക്കിടയിൽ ഏറ്റവും സ്വീകാര്യനായി വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത ഇടങ്ങളിൽ പോലും മത്സരിച്ചു മികച്ച വോട്ടു നേടാൻ അദ്ദേഹത്തിന് സാധിക്കുന്നത്. നേരത്തെ പി എസ് ശ്രീധരൻ പിള്ളയ്ക്ക് പകരം ബിജെപി അധ്യക്ഷനായി വരണമെന്ന് പ്രവർത്തകർ ഏറ്റവും അധികം ആഗ്രഹിച്ച നേതാവ് കൂടിയായിരുന്നു സുരേന്ദ്രൻ. എന്നാൽ, കേന്ദ്ര നേതൃത്വം സുരേന്ദ്രന് പകരം പിള്ളയെ കളത്തിലിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിൽ മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനത്തായിരുന്നു സുരേന്ദ്രൻ. അന്ന് 89 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വന്നതോടെ പത്തനംതിട്ടയിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴും മിന്നുന്ന പ്രകടനം കാഴച്ച വെച്ചു. ശബരിമല സമരത്തിന്റെ നായകനായാണ് സുരേന്ദ്രൻ അറിയപ്പെടുന്നത്. കേസുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയായി മാറിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ചപ്പോൾ പതിനാറായിരത്തിൽ നിന്ന് നാൽപതിനായിരത്തിലേക്കാണ് ബിജെപി ഇവിടെ വളർന്നത്. ഇതോടെ കേരളത്തിലെ ബിജെപിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന വ്യക്തിയെന്ന വിലയിരുത്തൽ കെ സുരേന്ദ്രനെ കുറിച്ചായി.

കോന്നിയിൽ ഇടത് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ 54099 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിന് 44146 വോട്ടുകളാണ് നേടിയത്. എന്നാൽ, ബിജെപിക്കാകട്ടെ ആകെ നേടാൻ കഴിഞ്ഞത് 39786 വോട്ടുകൾ മാത്രമാണ്. അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 16000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, ഇപ്പോൾ നാൽപതിനായിരം വോട്ടുകൾ നേടി. ബിജെപിക്ക് രണ്ട് ശതമാനത്തിന്റെ കുറവ് മാത്രമേ ഉള്ളൂവെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. 'ഇത്രയൊക്കെ പരിശ്രമിച്ചിട്ടും കോന്നിയിൽ ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വെറും 2024 വോട്ടുമാത്രമാണ് അധികം നേടാനായത്. ബി. ജെ. പിക്കാകട്ടെ ഇരുപത്തിമൂവായിരത്തിലധികം വോട്ടാണ് വർദ്ധിച്ചത്'

എന്തായാലും അടൂർ പ്രകാശ് ഒഴിഞ്ഞ കോന്നിയിൽ വെറുതേ ഇരിക്കാൻ കെ സുരേന്ദ്രൻ ഉദ്ദേശിക്കുന്നില്ല. മഞ്ചേശ്വരം മോഡലിൽ തിരികെ വരാനുള്ള പദ്ധതികളാണ് സുരേന്ദ്രൻ ആസൂത്രണം ചെയ്യുന്നത്. കേരളത്തിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേശ്വരം. മഞ്ചേശ്വരത്ത് വീടെടുത്ത് താമസം തുടങ്ങി മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായി. കന്നഡ ഭാഷ പഠിച്ച്, വേദിയിൽ പ്രസംഗിച്ച് കയ്യടി നേടി. പിന്നീടങ്ങോട്ട് തനി മഞ്ചേശ്വരത്തുകാരൻ തന്നെയായി.കോന്നിയിലും മഞ്ചേശ്വരത്ത് നടത്തിയ അതേരീതി തന്നെ നടപ്പാക്കൊനൊരുങ്ങുകയാണ് സുരേന്ദ്രൻ എന്നാണ് റിപ്പോർട്ടുകൾ. കോന്നിയിൽ വീടെടുക്കാൻ സുരേന്ദ്രൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ദിവസം മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് സുരേന്ദ്രനോടടുത്ത വൃത്തങ്ങൾ പറയുന്നത്. പ്രവർത്തകർ സുരേന്ദ്രനായി വീട് നോക്കാനും തീരുമാനിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്തെ അതേ രീതിയിലുള്ള പ്രവർത്തനം കോന്നിയിൽ നടത്താനുള്ള നീക്കത്തിലാണ് സുരേന്ദ്രനെന്നാണ് വ്യക്തമാകുന്നത്. തോറ്റ് മടങ്ങുമ്പോൾ കൈവീശി കാണിക്കുന്നതിനൊപ്പം അടുത്ത തവണ കാണാം എന്നും സുരേന്ദ്രൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. വീറും വാശിയും നിറഞ്ഞുനിന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രണ്ടാം സ്ഥാനമെങ്കിലും ലഭിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. ഫലം വന്നപ്പോൾ നിരാശയാണെങ്കിലും കോന്നിയിലെ പ്രകടനം മോശമായില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് കോന്നിയിൽ ബിജെപി എറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് നാൽപത്തിയാറായിരം വോട്ടുകളാണ് ഇതേ സുരേന്ദ്രൻ തന്നെ നേടിയത്.

ശബരിമല വിഷയമടക്കം കത്തിനിന്ന തെരഞ്ഞെടുപ്പിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ നാൽപതിനായിലത്തോളം വോട്ടുകൾ നിലനിർത്താൻ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ മുൻനിരയിലേക്ക് കോന്നിയും ഇടംപിടിക്കുന്നത്. പതിനയ്യായിരത്തോളം വോട്ടുകൾ മാത്രം ബിജെപിക്കുണ്ടായിരുന്ന മണ്ഡലത്തിലാണ് സുരേന്ദ്രൻ നാൽപ്പതിനായിരം പാർട്ടിക്ക് സമ്മാനിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായും യോഗി ആദിത്യനാഥുമൊക്കെ കളത്തിലെത്തി കാടിളക്കിയെങ്കിൽ, ഇക്കുറി ചിട്ടയുള്ള പ്രവർത്തനമായിരുന്നു സുരേന്ദ്രന്റെ കൈമുതൽ. അടിത്തട്ടിൽ ബിജെപിയുടെ സംഘടനാശേഷി വളർത്തിയെടുക്കാൻ സുരേന്ദ്രന്റെ സാന്നിധ്യത്തിന് സാധിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തിലൂന്നിയായിരുന്നു ഇക്കുറി പ്രവർത്തനമെങ്കിലും വികസനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാൻ സുരേന്ദ്രൻ മറന്നില്ല. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തീരെ സാധ്യതയില്ലാത്തതുകൊണ്ടാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി ഇരുപതിനായിരത്തിലേറെ വോട്ട് നേടാനായെന്ന് സുരേന്ദ്രൻ തന്നെ പറയുന്നതിന് പിന്നിലെ ലക്ഷ്യവും വ്യക്തമാണ്. ഈഴവ ഭൂരിപക്ഷ മണ്ഡലമാണ് കോന്നി എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ സജീവമായാൽ അടുത്ത തവണ വീണ്ടും വോട്ടർമാരുടെ ഹൃദയം പിടിക്കാമെന്ന് കണക്കു കൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആകുന്ന വേളയിൽ സംഘടനാ സംവിധാനം മുഴുവൻ പ്രവർത്തിക്കും. ആർഎസ്എസും ഒപ്പം നിൽക്കുന്നതിനൊപ്പം ഓർത്തഡോക്‌സ് സഭയെ പോലെ മറ്റു ക്രൈസ്തവ വിഭാഗങ്ങളെയും ഒപ്പം നിർത്താൻ ബിജെപിക്ക് സാധിച്ചേക്കും. അതുകൊണ്ട് തന്നെയാണ് കോന്നിയിൽ അറിഞ്ഞു കളിക്കാൻ കെ സുരേന്ദ്രൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP