Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

കെ സുരേന്ദ്രൻ ഏകാധിപത്യപരമായി പെരുമാറുന്നു; മാറിനിൽക്കുന്നവരെ വ്യക്തിഹത്യ നടത്തി പുറത്താക്കാൻ നീക്കം നടക്കുന്നു; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അത് പാർട്ടിക്കകത്തുള്ള പ്രശ്‌നങ്ങൾ കൊണ്ടാണെന്നു വരുത്തി തീർത്തിട്ടു കാര്യമില്ലെന്നും നേതാക്കളുടെ മുന്നറിയിപ്പ്; ബിജെപി നേതൃയോഗത്തിൽ ഉയർന്നത് കെ സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണതക്ക് എതിരായ രോഷം

കെ സുരേന്ദ്രൻ ഏകാധിപത്യപരമായി പെരുമാറുന്നു; മാറിനിൽക്കുന്നവരെ വ്യക്തിഹത്യ നടത്തി പുറത്താക്കാൻ നീക്കം നടക്കുന്നു; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അത് പാർട്ടിക്കകത്തുള്ള പ്രശ്‌നങ്ങൾ കൊണ്ടാണെന്നു വരുത്തി തീർത്തിട്ടു കാര്യമില്ലെന്നും നേതാക്കളുടെ മുന്നറിയിപ്പ്; ബിജെപി നേതൃയോഗത്തിൽ ഉയർന്നത് കെ സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണതക്ക് എതിരായ രോഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്നലെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെ നേരെ ഉയർന്നത് രൂക്ഷമായ വിമർശനം. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരെ മാറ്റി നിർത്തുന്നതിലുള്ള രോഷമാണ് ഉയർന്നത്. പി കെ കൃഷ്ണദാസ് പക്ഷത്തുള്ളവരാണ് ഈ വിമർശനം ഉയർത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനായിരുന്നു യോഗം. ഇതിനിടെയാണ് ഏകാധിപത്യ പ്രവണതയ്‌ക്കെതിരേ വിമർശനമുയർന്നത്. കേരളത്തിന്റെ പ്രഭാരിമാരായ സി.പി. രാധാകൃഷ്ണന്റെയും സുനിൽകുമാറിന്റെയും സാന്നിധ്യത്തിലാണ് വിഷയം അവതരിപ്പിച്ചത്. കെ സുരേന്ദ്രൻ ഏകാധിപത്യ പരമായി പെരുമാറുന്നുവെന്ന വിമർശനമായിരുന്നു പ്രധാനമായും ഉയർന്നത്.

മാറിനിൽക്കുന്നവരെ വ്യക്തിഹത്യ നടത്തി പുറത്താക്കാനുള്ള നീക്കം നടക്കുന്നതായി ശോഭയെ പിന്തുണയ്ക്കുന്നവർ പരാതിപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അത് പാർട്ടിക്കകത്തുള്ള പ്രശ്‌നങ്ങൾകൊണ്ടാണെന്നു വരുത്തിത്തീർത്തിട്ടു കാര്യമില്ലെന്നും അവർ പറഞ്ഞു. യോഗത്തിനു മുമ്പുതന്നെ സി.പി. രാധാകൃഷ്ണൻ അസംതൃപ്തരുമായി സംസാരിച്ചിരുന്നു. അവരോട് സംഘടനാ പ്രവർത്തനത്തിൽനിന്നു മാറിനിൽക്കരുതെന്ന് നിർദേശിച്ചു. എന്നാൽ, സംസ്ഥാനത്തെ നൂറോളം വരുന്ന മുതിർന്ന നേതാക്കൾക്കും ആയിരത്തിലധികം വരുന്ന താഴെത്തട്ടിലെ ഭാരവാഹികൾക്കും വേണ്ടിയാണ് തങ്ങൾ നിൽക്കുന്നതെന്ന് അവർ ധരിപ്പിച്ചു.

പ്രശ്‌നങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും അതെല്ലാം പരിഹരിക്കുമെന്നും ഭാരവാഹിയോഗം തുടങ്ങുംമുമ്പ് സി.പി. രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ തുടങ്ങിയവർ യോഗത്തിനെത്തിയില്ല. വരാൻ കഴിയാത്തതിലെ അസൗകര്യം അവർ അറിയിച്ചിട്ടുണ്ടെന്നായിരുന്നു കെ. സുരേന്ദ്രന്റെ വിശദീകരണം.

പാർട്ടിക്കുള്ളിൽ പ്രശ്‌നമുണ്ടെന്ന് സംഘടനാ ചുമതലയുള്ളവർക്കു ബോധ്യമായ സാഹചര്യത്തിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവെക്കേണ്ട ബാധ്യത സംസ്ഥാന അധ്യക്ഷനു വന്നിരിക്കുകയാണ്. പ്രകടനം മോശമായാൽ പാർട്ടിയിലെ പ്രശ്‌നങ്ങൾ യഥാസമയം പരിഹരിക്കാതെ മുന്നോട്ടുപോയതിന് കെ. സുരേന്ദ്രൻ ദേശീയ നേതൃത്വത്തിനു വിശദീകരണം നൽകേണ്ടിവരും. ഇതു മുന്നിൽക്കണ്ട് മുരളീധരവിഭാഗം തിരുവനന്തപുരം കോർപറേഷൻ അടക്കം പാർട്ടിക്കും ഗ്രൂപ്പിനും സ്വാധീനമുള്ള പ്രദേശങ്ങളിൽ പ്രവർത്തനം ശക്തമാക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം പാർട്ടിയിൽ തർക്കങ്ങളോ ഭിന്നതയോ ഇല്ല. സിപിഎം എതിരില്ലാതെ മത്സരിച്ചിരുന്ന മിക്ക സീറ്റുകളിലും ഇക്കുറി ബിജെപി സ്ഥാനാർത്ഥികളുണ്ടെന്നും പരമാവധി സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താനായതു ദേശീയ ജനാധിപത്യ മുന്നണിക്കു നേട്ടമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ആന്തൂർ മുനിസിപ്പാലിറ്റി പോലെ ചില സ്ഥലങ്ങളിൽ എതിരാളികളില്ലാതെ സിപിഎം ജയിച്ചതു മഹാത്ഭുതം നടന്നതു പോലെയാണു മാധ്യമങ്ങൾ കാണുന്നത്. എന്നാൽ, ഇത്തവണ ചരിത്രത്തിലാദ്യമായി ആന്തൂരിലടക്കം സിപിഎം എതിർ സ്ഥാനാർത്ഥികളെ അടിച്ചോടിക്കുന്ന സ്ഥലങ്ങളിലെല്ലാം എൻഡിഎ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് അൻപതോളം സ്ഥലങ്ങളിലായിരുന്നു സിപിഎമ്മിന്റെ എതിരില്ലാ ജയമെങ്കിൽ ഇക്കുറി അതു 14 സ്ഥലങ്ങളിലേക്കു ചുരുങ്ങിയതിനു പിന്നിൽ ബിജെപിയാണ്.

എൽഡിഎഫിനൊപ്പം യുഡിഎഫും അഴിമതിയിൽ മുങ്ങിത്താഴുകയാണ്. സംസ്ഥാനത്തെ ഇടതു വലതു മുന്നണികളുടെ നേതൃയോഗങ്ങൾ സെൻട്രൽ ജയിലിൽ നടത്തേണ്ട ഗതികേടാണ്. സ്വർണക്കടത്തു കേസിലടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് ജനങ്ങൾക്കു മുന്നിൽ സത്യമെത്തിച്ചത്. ഇത് അട്ടിമറിക്കാൻ രണ്ടു മുന്നണികളുടെയും ശ്രമം നടക്കുന്നു. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റും ഇഡിയുടെ ഇടപെടൽ മൂലമാണ്. ഇടതുപക്ഷത്തിന് അതിൽ കാര്യമൊന്നുമില്ല. ജയിലിനുള്ളിൽ സ്വപ്നയെ ആരൊക്കെ സന്ദർശിച്ചു എന്ന ചോദ്യത്തിനുത്തരമാണ് സ്വപ്നയുടെ പുറത്തായ ശബ്ദ സന്ദേശമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമഗ്രാധിപത്യത്തിനും അഴിമതി ഭരണത്തിനും അധോലോക ബന്ധങ്ങൾക്കും എതിരെ ശക്തമായി പ്രവർത്തിക്കുന്നത് എൻഡിഎ മാത്രം. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായക വഴിത്തിരിവുണ്ടാകും. ആറര പതിറ്റാണ്ടു കാലത്തെ മാറി മാറി വന്ന അധോലോക, മാഫിയ, വർഗീയ രാഷ്ട്രീയത്തിനെതിരെ തിരിച്ചടിയുണ്ടാകും. എൻഡിഎ സംസ്ഥാന രാഷ്ട്രീയത്തിലെ യഥാർഥ ബദലായി വളർന്നു വരും.

ശോഭ സുരേന്ദ്രൻ വിഷയം രമ്യമായി പരിഹരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി യോഗത്തിനെത്തിയ കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. അഭിപ്രായ വ്യത്യാസം പാർട്ടിയിൽ സ്വാഭാവികമാണ്. ശോഭ ചെറുപ്പം മുതൽ പാർട്ടിക്കൊപ്പമുള്ളയാളാണ്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ ശോഭയോട് ആവശ്യപ്പെട്ടിരുന്നുവെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP