Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്തിടെ സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നത്; അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിക്കുന്നത്; മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകരുത്; ഇത് ആപൽക്കരമായ നീക്കം; മുഖ്യമന്ത്രിക്കെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

അടുത്തിടെ സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നത്; അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിക്കുന്നത്; മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകരുത്; ഇത് ആപൽക്കരമായ നീക്കം; മുഖ്യമന്ത്രിക്കെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഹലാൽ ഭക്ഷണത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണരായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തിപരമായ അധിക്ഷേപമാണ് സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. അടുത്തിടെയായി സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നത്. അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിച്ച് രംഗത്തെത്തിയതെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഹലാൽ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകുകയാണ്.

ഹലാൽ നല്ല ഭക്ഷണം എങ്കിൽ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അടുത്തിടെയായി വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് ആപൽക്കരമായ നീക്കമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തിൽ ഹലാൽ ഭക്ഷണ ചർച്ച ഗുരുതരമായ രീതിയിൽ ചർച്ച ചെയ്യാൻ തുടക്കമിട്ടതും കെ. സുരേന്ദ്രനായിരുന്നു.

ഇത് വർഗീയമായ രീതിയിൽ പ്രചരിക്കുന്നതിനിടെയാണ് ഹലാൽ ഭക്ഷണത്തിന്റെ യാഥാർഥ്യം വ്യക്തമാക്കി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഹലാൽ ചേരിതിരിവിന് സംഘ്പരിവാർ ആസൂത്രിത ശ്രമം നടത്തുന്നു എന്ന പിണറായി വിജയന്റെ പ്രസ്താവനയാണ് സുരേന്ദ്രനെ വിറളി പിടിപ്പിച്ചത്. ബിജെപി പാലക്കാട് ജില്ലാ നേതൃയോഗത്തിൽ സംസാരിക്കവെയാണ് സുരേന്ദ്രന്റെ വിദ്വേഷ പ്രസംഗം. പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി.പുരന്ദേശ്വരിയും ഹലാലിനെ സംബന്ധിച്ചാണ് ചർച്ച നടത്തിയത്.

ഹലാലിന്റെ പേരിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.പുരന്ദേശ്വരി പറഞ്ഞു. ഹലാൽ ഭക്ഷണം നല്ലതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ മറ്റു ഭക്ഷണങ്ങൾ നല്ലതല്ലേയെന്ന് അവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഹലാൽ ഉദ്ദേശം നല്ലതല്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിന്റെ ലക്ഷ്യം. കേരളത്തിലെ സർക്കാർ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കുകയാണ്. സഞ്ജിത്തിന്റെ കൊലപാതകികളെ സംസ്ഥാന സർക്കാർ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പോപ്പുലാർ ഫ്രണ്ടിന്റെ പേര് എഫ്.ഐ.ആറിൽ ഇല്ലാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്. ഡി. പി. ഐയുടെ പിന്തുണയോടെയാണ് സിപിഎം പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത്. പോപ്പുലാർ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിലെല്ലാം കാഴ്ചക്കാരുടെ റോളിലാണ് സർക്കാരും പൊലീസും നിൽക്കുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.

എല്ലാ കാര്യത്തിലും ഒന്നാമതാണെന്ന് പറയുന്ന കേരള സർക്കാർ അട്ടപ്പാടിയിൽ ജനിച്ചു വീഴുന്ന കുട്ടികൾ എങ്ങനെയാണ് മരിക്കുന്നതെന്ന് വ്യക്തമാക്കണം. കേരളത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രം നൽകുന്ന പണം നിങ്ങൾ എന്താണ് ചെയ്യുന്നത് കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് സാധിക്കും. ബിജെപിക്ക് അധികാരം ജനങ്ങളെ സേവിക്കാനുള്ള മാർഗമാണ്. മറ്റു രാഷ്ട്രീയപാർട്ടികളിൽ നിന്നും ബിജെപിയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ബിജെപി പ്രീണനത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. കേന്ദ്രസർക്കാർ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പദ്ധതികളെല്ലാം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പുരന്ദേശ്വരി പറഞ്ഞു.

ഹലാൽ എന്നാൽ കഴിക്കാൻ സാധിക്കുന്നത് എന്ന അർത്ഥമാണ് ഉള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. എന്നാൽ അത് മറ്റൊരു അർത്ഥത്തിൽ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഹലാൽ എന്നാൽ കഴിക്കാൻ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരമൊരു അർത്ഥമാണ് ആ പദത്തിനുള്ളത്. എന്നാൽ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായിട്ടുണ്ട്. കേരളത്തിലും ചില നടപടികൾ കാണാൻ സാധിക്കും' - പിണറായി പറഞ്ഞു.

സാമുദായ - വർഗീയ ശക്തികളുടെ വളർച്ച സ്ത്രീകൾക്കിടയിലെ നവോത്ഥാന കാലത്തെ മുന്നേറ്റങ്ങളെ പോലും തടയുന്നവിധത്തിലായി വളർന്നിട്ടുണ്ട്. സ്ത്രീകളെ ജാതി സമുദായങ്ങളുടെ കാലഹരണപ്പെട്ട ആചാരങ്ങളുടേയും ഉത്തരവാദിത്തങ്ങളുടേയും നടുവിൽ കുരുക്കി രണ്ടാംകിട പൗരന്മാരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP