Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭയിലുള്ളത് രണ്ടാം സ്ഥാനത്തുള്ള വീണാ ജോർജുമായി 440 വോട്ടിന്റെയും ആന്റോ ആന്റണിയുമായി 3161 വോട്ടിന്റെ വ്യത്യാസം; സുരേന്ദ്രനെ ഇറക്കിയാൽ കോന്നി പിടിക്കാമെന്ന് കണക്കുകൂട്ടി ബിജെപിക്കാർ; കോൺഗ്രസിന് വേണ്ടി അടൂർ പ്രകാശിന്റെ മനസിലുള്ളത് റോബിൻ പീറ്റർ; സമ്മർദമേറിയാൽ എലിസബത്ത് അബുവും; ചെന്നിത്തലയ്ക്ക് താൽപ്പര്യം പഴകുളത്തേയും; കോന്നി പിടിച്ച് മാനം രക്ഷിക്കാൻ സിപിഎമ്മും; പത്തനംതിട്ടയിൽ വീണ്ടും തെരഞ്ഞെടുപ്പ് എത്തുമ്പോൾ

ലോക്‌സഭയിലുള്ളത് രണ്ടാം സ്ഥാനത്തുള്ള വീണാ ജോർജുമായി 440 വോട്ടിന്റെയും ആന്റോ ആന്റണിയുമായി 3161 വോട്ടിന്റെ വ്യത്യാസം; സുരേന്ദ്രനെ ഇറക്കിയാൽ കോന്നി പിടിക്കാമെന്ന് കണക്കുകൂട്ടി ബിജെപിക്കാർ; കോൺഗ്രസിന് വേണ്ടി അടൂർ പ്രകാശിന്റെ മനസിലുള്ളത് റോബിൻ പീറ്റർ; സമ്മർദമേറിയാൽ എലിസബത്ത് അബുവും; ചെന്നിത്തലയ്ക്ക് താൽപ്പര്യം പഴകുളത്തേയും; കോന്നി പിടിച്ച് മാനം രക്ഷിക്കാൻ സിപിഎമ്മും; പത്തനംതിട്ടയിൽ വീണ്ടും തെരഞ്ഞെടുപ്പ് എത്തുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറു നിയമസഭ മണ്ഡലങ്ങളിൽ പ്രസ്റ്റീജ് ആയി സിപിഎം കാണുന്നത് കോന്നി തന്നെ. ശബരിമലയോട് തൊട്ടടുത്തുള്ള കോന്നി മണ്ഡലം പത്തനംതിട്ട ജില്ലയിലാണ്. യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമാണ്. സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത മൈലേജാകും കോന്നി ജയിച്ചാൽ സിപിഎമ്മിന് കിട്ടുക. അതിനായുള്ള തയ്യാറെടുപ്പിലാണ് സിപിഎം ജില്ലാ നേതൃത്വം. അതിനിടെ ബിജെപി സ്്ഥാനാർഥിയായി കെ സുരേന്ദ്രൻ വരുമെന്ന അഭ്യൂഹം ശക്തമായി കഴിഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്താണെങ്കിലും രണ്ടാം സ്ഥാനത്തുള്ള വീണാ ജോർജുമായി 440 വോട്ടിന്റെയും ആന്റോ ആന്റണിയുമായി 3161 വോട്ടിന്റെ വ്യത്യാസവുമാണ് ഉള്ളത്. സുരേന്ദ്രനെ നിർത്തി ആഞ്ഞു പിടിച്ചാൽ വിജയിക്കാൻ കഴിയുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. ഈ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൻ തയാറല്ല എന്ന് സുരേന്ദ്രൻ വ്യക്തമാക്കി കഴിഞ്ഞു. നേതൃത്വം തീരുമാനിച്ചാൽ സുരേന്ദ്രൻ മൽസരിക്കുമെന്നാണ് മറ്റുള്ളവരുടെ പ്രതീക്ഷ. നിലവിൽ കോന്നിയിൽ ഒരു മുന്നണിക്കും സാധ്യതയില്ല.

അടൂർ പ്രകാശ് മൽസരിക്കാനില്ലാത്ത കോന്നിയിൽ എൽഡിഎഫും യുഡിഎഫും തുല്യശക്്തികളാണ്. കോന്നിയുടെ കാര്യത്തിൽ അന്തിമ തീരുമാനം അടൂർ പ്രകാശിന് ആണ്. അങ്ങനെ വരുമ്പോൾ പ്രഥമ പരിഗണന സന്തത സഹചാരിയും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിനാകും അടൂർ പ്രകാശ് നൽകുക. സാമുദായിക സമവാക്യം നോക്കിയാകും സ്ഥാനാർത്ഥി നിർണയമെങ്കിൽ അടൂർ പ്രകാശ് പരിഗണിക്കുക എലിസബത്ത് അബുവിനെയാകും. കേരളത്തിൽ കോൺഗ്രസിലെ ഏക ഈഴവ എംഎൽഎയാണ് അടൂർ പ്രകാശ്. അദ്ദേഹം ഒഴിയുന്ന സീറ്റിൽ ഈഴവ സമുദായത്തിൽ നിന്നുള്ള ആളെ തന്നെ മൽസരിപ്പിക്കണം എന്നു നിർദ്ദേശം വന്നാലാകും എലിസബത്ത് അബുവിന് നറുക്ക് വീഴുക.

നിലവിൽ ജില്ലാ പഞ്ചായത്തംഗമാണ് എലിസബത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എലിസബത്തിന് നൽകാൻ അടൂർ പ്രകാശ് ശ്രമിച്ചുവെങ്കിലും നടന്നില്ല. ക്രൈസ്തവ സമുദായാംഗമായ എലിസബത്തിന്റെ ഭർത്താവ് അബു ഈഴവ സമുദായത്തിൽപ്പെട്ടയാളാണ്. ഈ നിലയ്ക്ക് നോക്കിയാൽ രണ്ടു പ്രബല വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നതും അവർക്കുള്ള പ്ലസ് പോയിന്റാണ്. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ പ്രസിഡന്റ് പി മോഹൻരാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ജ്യോതികുമാർ ചാമക്കാല, പ്രഫ സതീഷ് കൊച്ചുപറമ്പിൽ, മാത്യു കുളത്തുങ്കൽ, എസ്.വി. പ്രസന്നകുമാർ, രജനി പ്രദീപ് തുടങ്ങി നേതാക്കളുടെ ഒരു നീണ്ട പട്ടിക തന്നെ കോന്നിയുമായി ചേർത്ത് പറയുന്നുണ്ട്. ഇതിൽ എ, ഐ ഗ്രൂപ്പുകാരുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണ പഴകുളം മധുവിനാണ്. എന്നാൽ അടൂർ പ്രകാശിന്റെ മനസ്സാകും നിർണ്ണായകം.

അടൂർ പ്രകാശ് ഐ ഗ്രൂപ്പുകാരനായിരുന്നുവെന്നും അതിനാൽ തങ്ങൾക്ക് സീറ്റ് വേണമെന്നും ഈ വിഭാഗം നേതാക്കൾ പറയുന്നു. സ്വന്തം മണ്ഡലം എന്ന നിലയിലാണ് എ പക്ഷത്തുള്ള ഡിസിസി പ്രസിഡന്റ് ബാബു ജോർജ് സീറ്റിന് ശ്രമിക്കുന്നത്. ഐ ഗ്രൂപ്പ് എന്നതിന് പുറമേ സമുദായ സമവാക്യത്തിന്റെ പേരിലാണ് സതീഷ് കൊച്ചുപറമ്പിൽ, എസ്വി പ്രസന്നകുമാർ, രജനി പ്രദീപ് എന്നിവരുടെ പേര് ഉയർന്നു കേൾക്കുന്നത്. പി മോഹൻരാജാകട്ടെ പല തവണ കപ്പിനും ചുണ്ടിനുമിടയിൽ ലോക്സഭ-നിയമസഭ സീറ്റുകൾ നഷ്ടമായ ആളുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ ഗ്രൂപ്പിലേക്ക് മാറിയാണ് അടൂർ പ്രകാശ് ഉമ്മൻ ചാണ്ടി മുഖേനെ കോന്നിയിൽ സീറ്റ് ഉറപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അദ്ദേഹം ഐ ഗ്രൂപ്പിലേക്ക് മടങ്ങുകയും ചെയ്തു.

ഈഴവ സമുദായത്തിന് ഏറെ വളക്കൂറുള്ള കോന്നി യഥാർഥത്തിൽ എൽഡിഎഫിന് മുൻ തൂക്കമുള്ള മണ്ഡലമാണ്. അടൂർ പ്രകാശിന്റെ പ്രവർത്തന മികവ് ഒന്നു കൊണ്ടു മാത്രമാണ് കഴിഞ്ഞ അഞ്ചു ടേം തുടർച്ചയായി ഇവിടെ വിജയിച്ചത്. 1996 ൽ സിറ്റിങ് എംഎൽഎ എ പത്മകുമാറിനെ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു പ്രകാശിന്റെ തുടക്കം. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വികസനത്തിന്റെ പര്യായമായി കോന്നി മാറി. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രകാശിനെതിരേ ശക്തമായ ഒരു മൽസരം കാഴ്ചവയ്ക്കാൻ കഴിഞ്ഞ ഏക സിപിഎം സ്ഥാനാർത്ഥി എം.എസ്. രാജേന്ദ്രനായിരുന്നു.

അടൂർ പ്രകാശ് പറയുന്ന ആൾക്കായിരിക്കും ഇവിടെ സീറ്റ് കിട്ടുകയെന്നും സൂചനയുണ്ട്. റോബിനെയല്ലാതെ ആരെയും പ്രകാശ് നിർദ്ദേശിക്കാൻ സാധ്യതയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഐ ഗ്രൂപ്പിന്റെ സീറ്റിൽ രമേശ് ചെന്നിത്തലയുടെ വാക്കിനാകും മുൻതൂക്കമെന്ന വാദവും ഐ ഗ്രൂപ്പിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP