Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണ - പ്രതിപക്ഷ മധുവിധു ബ്രണ്ണൻ കോളേജിലെ ഗാട്ടാ ഗുസ്തിയിൽ തീർന്നു; കണ്ണൂർ കളരിയിലെ അങ്കച്ചേകവർ സംസ്ഥാന രാഷ്ട്രീയ ഗോദയിൽ നേർക്കുനേർ; 'നെഞ്ചിലേറ്റ ചവിട്ടിന്' എഴുതി തയ്യാറാക്കിയ മറുപടിയിൽ എതിരാളി സുധാകരനെന്ന് ഉറപ്പിച്ചു പിണറായി; സിപിഎം സംവിധാനങ്ങളും വീറോടെ സുധാകരനെ ചെറുക്കുമ്പോൾ 'പൂരം' എന്താകുമെന്ന് കണ്ടറിയണം

ഭരണ - പ്രതിപക്ഷ മധുവിധു ബ്രണ്ണൻ കോളേജിലെ ഗാട്ടാ ഗുസ്തിയിൽ തീർന്നു; കണ്ണൂർ കളരിയിലെ അങ്കച്ചേകവർ സംസ്ഥാന രാഷ്ട്രീയ ഗോദയിൽ നേർക്കുനേർ; 'നെഞ്ചിലേറ്റ ചവിട്ടിന്' എഴുതി തയ്യാറാക്കിയ മറുപടിയിൽ എതിരാളി സുധാകരനെന്ന് ഉറപ്പിച്ചു പിണറായി; സിപിഎം സംവിധാനങ്ങളും വീറോടെ സുധാകരനെ ചെറുക്കുമ്പോൾ 'പൂരം' എന്താകുമെന്ന് കണ്ടറിയണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് വി ഡി സതീശൻ എത്തിയതോടെ അദ്ദേഹം വ്യക്തമാക്കിയ നിലപാട് ഭരണപക്ഷവും സഹകരിച്ചു മുന്നോട്ടു പോകുമെന്നായിരുന്നു. എന്നാൽ, കെ സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിൽ എത്തിയോടെ ഈ മധവിധു കാലത്തിന് അവസാനമായി. കണ്ണൂർ രാഷ്ട്രീയത്തിൽ നേർക്കുനേർ പോരാടി വളർന്നവർ ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലും നേർക്കുനേർ നിന്നു പോരടിക്കുകയാണ്. ബ്രണ്ണൻ കോളേജിലെ ഗാട്ടാ ഗുസ്തിക്കഥകളാണ് ഇതിനെല്ലാം തുടക്കമായത് എന്നതാണ് ശ്രദ്ധേയം.

കണ്ടാൽ മിണ്ടാത്ത വിധത്തിൽ രാഷ്ട്രീയ വൈരം സൂക്ഷിക്കുന്ന നേതാക്കൾ സംസ്ഥാന രാഷ്ട്രീയ ഗോദയിൽ നേർക്കുനേർ നിൽക്കുമ്പോൾ പൂരം എന്താകുമെന്ന് കണ്ടറിയുകയും വേണം. കെപിസിസി പ്രസിഡന്റായി സുധാകരൻ നിയമിതനായ വേളയിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പഴയകാല കഥകളിലെ ഒരു അധ്യായം പിണറായി വിജയനുമായുള്ള ഏറ്റുമുട്ടലുകളായിരുന്നു. പിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് സുധാകരൻ പറഞ്ഞതോടെ അത് മുഖ്യമന്ത്രിക്കും ഒരു കുറച്ചിലായി എന്നാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ കടന്നാക്രമണത്തിൽ നിന്നും വ്യക്തമായത്.

വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും എല്ലാം ആസൂത്രിതമായിരുന്നു. ഇതു വാർത്താ സമ്മേളനത്തിൽ ചോദ്യമായി ഉയരുമെന്നു മുൻകൂട്ടി കണ്ടു മറുപടി തയാറാക്കിത്തന്നെയാണു പിണറായി വന്നത്. എഴുതി തയ്യാറാക്കിയതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടു എന്ന ആരോപണവും അദ്ദേഹം നോക്കി വായിച്ചു എന്നത് സൈബർ ഇടത്തിലും ഏറെ ചർച്ചയായി മാറി. ഏതു സാഹചര്യത്തിലും ഏഴു മണിക്ക് വാർത്താ സമ്മേളനം അവസാനിപ്പിക്കുന്ന രീതിയും സുധാകരനു മറുപടി പറയാനായി പിണറായി ഉപേക്ഷിച്ചു.

സുധാകരനു ബിജെപി ചായ്വ് ഉണ്ടെന്ന രാഷ്ട്രീയ ആരോപണം ഏതാനും ദിവസം മുൻപ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗം ചേർന്ന ശേഷം അദ്ദേഹത്തിനെതിരെ വ്യക്തിപരമായ കടന്നാക്രമണത്തിനു മുഖ്യമന്ത്രി മുതിർന്നത്. ഇതോടെ സുധാകരനാണ് രാഷ്ട്രീയ എതിരാളി എന്ന് സിപിഎം ഉറപ്പിക്കുന്നു എന്നതാണ് ചുരുക്കം.

ഇതോടെ രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിലെ ഭരണപ്രതിപക്ഷ മധുവിധു അവസാനിക്കും. 99 സീറ്റുമായി തുടർഭരണം നേടിയ സർക്കാരിനെയും മുഖ്യമന്ത്രിയെയും കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തു തുടക്കത്തിലേ പ്രതിക്കൂട്ടിൽ കയറ്റുന്ന രീതി വേണ്ടെന്നായിരുന്നു യുഡിഎഫിലെ ധാരണ. ഭരണപ്രതിപക്ഷങ്ങൾ ഒരുമിച്ചു നിൽക്കണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്ന സമയമാണ് ഇതെന്നു വരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി.

ആ സമീപനം താനും തുടരുമെന്ന സൂചനയാണ് അഭിമുഖങ്ങളിൽ സുധാകരനും നൽകിയത്. മുഖ്യമന്ത്രിക്ക് ഇന്ന് അതേ നാണയത്തിൽ സുധാകരൻ മറുപടി പറയുന്നതോടെ ഭരണപ്രതിപക്ഷ രാഷ്ട്രീയം വീണ്ടും കലുഷിതമാകും. സുധാകരനെ പ്രകോപിപ്പിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും തീരുമാനിച്ചുറച്ചതിന്റെ ഭാഗമായാണ് ഇതെന്ന മുന്നറിയിപ്പ് അദ്ദേഹത്തിനു നൽകുന്നവരും കോൺഗ്രസിലുണ്ട്.

നേരത്തേ 'ചെത്തുകാരന്റെ മകൻ' എന്നു സുധാകരൻ ആക്ഷേപിച്ചതു വൻ വിവാദമായ സമയത്തു പോലും ഈ രീതിയിൽ പ്രത്യാക്രമണത്തിനു മുഖ്യമന്ത്രി മുതിർന്നിരുന്നില്ല. 26ാം വയസ്സിൽ എംഎൽഎ ആയ പിണറായിയെപ്പോലെ ഒരു നേതാവിന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ വരെ സുധാകരൻ പദ്ധതി തയാറാക്കിയെന്ന് അദ്ദേഹം ആരോപിക്കുമ്പോൾ ഇരു നേതാക്കളും കൊണ്ടു നടക്കുന്ന വൈരം പ്രകടമാണ്. സുധാകരന്റെ ആ രഹസ്യ പദ്ധതി തന്നെ അറിയിച്ചത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത് പിണറായിക്ക് ഒത്തയാളാണെന്ന വിലയിരുത്തൽ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് ഒരു ചിരിയോടെ പിണറായി വിജയൻ മറുപടി പറഞ്ഞിട്ട് അധികമായില്ല. ആ സ്ഥാനത്തിന് പറ്റിയ ആളാണോ കെ സുധാകരൻ എന്നൊക്കെ ആ പാർട്ടിക്കാരാണ് തീരുമാനിക്കേണ്ടത്. അവരാണ് കെ സുധാകരനോട് ഇത്രയും കാലം അടുത്ത് നിന്ന് പ്രവർത്തിച്ചത്. ഈ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളാണ് വേണ്ടതെന്നാണ് ആ പാർട്ടിക്ക് തോന്നുന്നതെങ്കിൽ അവരുടെ ആവശ്യം അങ്ങനെയാകും. എല്ലാം കണ്ടറിയാമെന്ന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് പിണറായി വാർത്താസമ്മേളനം അവസാനിപ്പിച്ചിരുന്നു,

ഈ മാസം 16-ാം തീയതിയാണ് കെ സുധാകരൻ കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്തത്. തന്റെ മുഖം കണ്ടാൽ ചിരിക്കുക പോലും ചെയ്യാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുധാകരൻ സ്ഥാനാരോഹണത്തിന് മുമ്പ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിണറായി വിജയന്റെ അനുഗ്രഹമാണ് കോവിഡ്. കോവിഡ് പ്രതിരോധത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു പിണറായി വിജയൻ. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരൻ അന്ന് പരിഹസിക്കുകയും ചെയ്തു.

കണ്ണൂരിലെ ആക്രമ രാഷ്ട്രീയത്തിൽ അതേ നാണയത്തിൽ സിപിഎമ്മിനോട് കൊണ്ടും കൊടുത്തുമാണ് സുധാകരൻ മുന്നോട്ട് പോയത്. മിക്കപ്പോഴും സുധാകരനെ തെരുവിൽ നേരിട്ടു സിപിഎം. പൊതുവേ സമാധാന പ്രിയരായ കോൺഗ്രസുകാരെ ആയുധമണിയിച്ചു എന്ന ആരോപണം അന്ന് സുധാകരനെതിരെ ഉയർന്നു

കോൺഗ്രസിൽ സിപിഎമ്മിനോടും പിണറായി വിജയനോടും മല്ലിട്ട് നിൽക്കാൻ കെ.സുധാകരനല്ലാതെ ആരുമില്ല എന്ന അണികളുടെ ആവേശമാണ് കണ്ണൂരിലെ നേതാവിനെ കെപിസിസി അദ്ധ്യക്ഷനായി വാഴിക്കാൻ ഒരുകാരണം. ഗ്രൂപ്പ് വടംവലിക്ക് ഇടയിൽ പെട്ട വി എം.സുധീരന് പൊള്ളി പുറത്തുപോകേണ്ടി വന്നു. മുല്ലപ്പള്ളിക്കാകട്ടെ എങ്ങും തൊടാത്ത നയം കാരണം അപ്രസക്തനാകേണ്ടിയും വന്നു. ഏതായാലും കെ.സുധാകരൻ തുടക്കത്തിലേ വെടികൾ പൊട്ടിച്ചുതുടങ്ങി. ബിജെപിയല്ല, സപിഎമ്മാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മനോരമ ആഴ്ചപതിപ്പിന് കെ.സുധാകരൻ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ പിണറായിയെ പ്രകോപിപ്പിച്ചത്

ബ്രണ്ണൻ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവർത്തന അനുഭവങ്ങളാണ് സുധാകരൻ തുറന്നുപറയുന്നത്. പിണറായി വിജയനെ താൻ ചവിട്ടി വീഴ്‌ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞിരുന്നു. ഇന്ന് കെ സുധാകരൻ പിണറായിക്ക് മറുപടി നൽകി രംഗത്തുവരും. കൊച്ചിയിലാകും വാർത്താസമ്മേളനം. എന്താകും സുധാകരന്റെ മറുപടിയെന്ന് കാതോർത്തിരക്കയാണ് കേരളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP