Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇതാണ് സുധാകരന്റെ പുതിയ കോൺഗ്രസ്! 51 അംഗ കെപിസിസി ഈ മാസം; വനിതാ പ്രാതിനിധ്യം വർധിക്കും; രാഷ്ട്രീയകാര്യ സമിതി വിപുലീകരിക്കാനും നീക്കം; ഈ വർഷം തന്നെ മൈക്രോ യൂണിറ്റുകൾ വരെ പൂർത്തിയാക്കും; മൈക്രോ ലെവൽ യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ സമ്മേളനത്തിനും ഒരുക്കം

ഇതാണ് സുധാകരന്റെ പുതിയ കോൺഗ്രസ്! 51 അംഗ കെപിസിസി ഈ മാസം; വനിതാ പ്രാതിനിധ്യം വർധിക്കും; രാഷ്ട്രീയകാര്യ സമിതി വിപുലീകരിക്കാനും നീക്കം; ഈ വർഷം തന്നെ മൈക്രോ യൂണിറ്റുകൾ വരെ പൂർത്തിയാക്കും; മൈക്രോ ലെവൽ യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ സമ്മേളനത്തിനും ഒരുക്കം

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഈ മാസം തന്നെ ഹൈക്കമാൻഡിന് കൈമാറാൻ തീരുമാനം. ഗ്രൂപ്പുകളെ പൂർണമായി ഒഴിവാക്കി ആയിരിക്കില്ല പട്ടിക. എന്നാൽ ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റുകൾ അതേപടി അംഗീകരിക്കില്ലെന്നും അർഹരായവരെ മാത്രമെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളുവെന്നും പുതിയ നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രണ്ട് വട്ടം ചർച്ചകൾ നടത്തി. ഇരുനേതാക്കളും അവരുടെ പട്ടിക അടുത്ത ദിവസം തന്നെ കൈമാറുമെന്നാണ് സൂചന. 30ന് മുമ്പ് പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് കെ. സുധാകരൻ ലക്ഷ്യമിടുന്നു. അങ്ങനെയെങ്കിൽ അടുത്ത മാസം ആദ്യആഴ്‌ച്ച തന്നെ പ്രഖ്യാപനമുണ്ടായേയ്ക്കും.

പ്രസിഡന്റിനെ കൂടാതെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ 23 ഭാരവാഹികളാണ് കെപിസിസിയിലെ പുതിയ ഭാരവാഹികൾ. 28 പേരെ നിർവാഹകസമിതിയിലും ഉൾപ്പെടുത്തും. അങ്ങനെ ആകെ 51 അംഗ സമിതി. അതിൽ നിലവിൽ നിയമിക്കപ്പെട്ട പ്രസിഡന്റും മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഒഴികെയുള്ള 47 പേരുടെ പട്ടികയാകും ഈ മാസം ഹൈക്കമാൻഡിന് സമർപ്പിക്കുന്നത്.

നാൽപതോളം പേർ ക്ഷണിതാക്കളും എക്സ് ഒഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. അവരുടെ പട്ടിക ഇപ്പോൾ പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡിസിസി-കെപിസിസി പട്ടികകളിൽ നിന്നും ഒഴിവാക്കപ്പെടുന്ന നേതാക്കളെ പോഷക സംഘടനകളുടെയും പാർട്ടി പുതിയതായി ആരംഭിക്കുന്ന ഉപസമിതികളുടെയും ചുമതല നൽകാനും നീക്കമുണ്ട്.

കണ്ണൂരിൽനിന്ന് സുധാകരൻ ഇന്നു തലസ്ഥാനത്ത് എത്തുന്നതോടെ ചർച്ചകൾക്കു വീണ്ടും സജീവമാകും. ഡിസിസി പ്രസിഡന്റുമാരായി വനിതകൾ ഇല്ലാതായ സാഹചര്യത്തിൽ കെപിസിസി പട്ടികയിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകും. വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആയി അഞ്ച് വർഷം തികച്ചവരെ പുതിയ കമ്മിറ്റിയിൽ പരിഗണിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അന്വേഷിച്ച കെപിസിസിയുടെ പഠന റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരെയും മാറ്റി നിർത്തും.

ഒഴിവാക്കപ്പെടുന്നവരിൽ പ്രധാനപ്പെട്ട ചിലരെ പരിഗണിക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തി രാഷ്ടീയകാര്യ സമിതി വിപുലീകരിക്കും. എന്നാൽ കെപിസിസി- ഡിസിസി ലിസ്റ്റുകൾ പ്രഖ്യാപിച്ച ശേഷം മാത്രമേ രാഷ്ടീയകാര്യ സമിതി പുനഃസംഘടന ഉണ്ടാകുകയുള്ളു. ഡിസിസി ഭാരവാഹി പ്രഖ്യാപനത്തിന് മുമ്പ് നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലുള്ള ബ്ലോക്ക് കമ്മിറ്റികൾ ഒഴിവാക്കിയാണ് നിയോജകമണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുന്നത്.

ഒഴിവാക്കപ്പെടുന്ന ഡിസിസി- കെപിസിസി ഭാരവാഹികൾക്ക് നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റിൽ മുൻഗണന നൽകും. അതിലൂടെ പാർട്ടി ഘടകങ്ങൾക്ക് പൊതുജനമധ്യത്തിൽ കൂടുതൽ അംഗീകാരം ലഭിക്കുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവിൽ വലിയ പഞ്ചായത്തുകളിൽ രണ്ട് മണ്ഡലം കമ്മിറ്റികൾ എന്നത് ഒഴിവാക്കി ഒറ്റ മണ്ഡലം കമ്മിറ്റിയാക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ സഹകരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമിതി രൂപീകരിക്കും.

ഡിസംബറോടെ മൈക്രോ യൂണിറ്റുകൾ വരെ പൂർത്തീകരിച്ച് അടുത്ത വർഷം മുതൽ പുതിയൊരു ഉണർവ് പാർട്ടിക്ക് നൽകാനാണ് സുധാകരന്റെ ശ്രമം. ഓരോ വർഷവും അതാത് വർഷത്തെ പ്രോഗ്രാം കലണ്ടറുകൾ തയ്യാറാക്കും. ആദ്യത്തെ പ്രോഗ്രാം കലണ്ടർ 2022 ജനുവരിയിൽ പുറത്തിറക്കും, രണ്ട് വർഷത്തിനകം സിപിഎം മോഡലിൽ മൈക്രോലെവൽ കുടുംബസംഗമങ്ങൾ മുതൽ സംസ്ഥാന സമ്മേളനം വരെ സംഘടിപ്പിക്കാനും ആലോചന നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP