Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202215Monday

വൈദ്യുതി നിരക്കും ബസ്സ് ചാർജ്ജും വെള്ളക്കരവും വർധിപ്പിച്ച് പൊതുജനത്തെ പിഴിയുന്നു; കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിച്ചു; ജനങ്ങളെ പിഴിഞ്ഞ ശേഷം ഫണ്ട് ചോദിക്കുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം; വിമർശനവുമായി കെ സുധാകരൻ

വൈദ്യുതി നിരക്കും ബസ്സ് ചാർജ്ജും വെള്ളക്കരവും വർധിപ്പിച്ച് പൊതുജനത്തെ പിഴിയുന്നു; കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിച്ചു; ജനങ്ങളെ പിഴിഞ്ഞ ശേഷം ഫണ്ട് ചോദിക്കുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം; വിമർശനവുമായി കെ സുധാകരൻ

അനീഷ് കുമാർ

കണ്ണൂർ: വൈദ്യുതി നിരക്കും ബസ്സ് ചാർജ്ജും വെള്ളക്കരവും വർധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രവർത്തന ഫണ്ട് പിരിവുമായി ഇറങ്ങുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു.

ധനരാജ് രക്തസാക്ഷി ഫണ്ട് പോലും മുക്കിയ പാർട്ടിയാണ് സിപിഎം. രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സിപിഎം അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഡംബരവും ധൂർത്തും കുറക്കാത്ത മുഖ്യമന്ത്രിക്കും ഗാന്ധി നിന്ദ പതിവാക്കിയ സിപിഎമ്മിനും വിലവർധനവിനെതിരെയും വർഗീയതക്കെതിരെയും സമരം ചെയ്യാൻ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരൻ ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച യഥാർത്ഥ പ്രതികളെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലും സിപിഎം നൽകുന്ന പട്ടിക പ്രകാരമെ അറസ്റ്റ് പാടുള്ളുയെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് പാർട്ടി സെക്രട്ടറിയുടെ വാർത്താസമ്മേളനത്തിൽ പ്രതിഫലിച്ചത്. കൽപ്പറ്റയിലെ ജനകീയ പ്രതിഷേധത്തിന്റെ പേരിൽ എകെജി സെന്ററിന്റെ ആജ്ഞയനുസരിച്ചാണ് പൊലീസ് ഇപ്പോൾ കേസെടുക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കാൻ ശുഷ്‌കാന്തി കാണിക്കുന്ന പൊലീസ് എന്തുകൊണ്ട് കെപിസിസി ആസ്ഥാനവും സംസ്ഥാനത്തെ വിവിധ കോൺഗ്രസ് ഓഫീസുകളും തല്ലിത്തകർത്ത സിപിഎമ്മിന്റെ ഗുണ്ടകൾക്കെതിരെ കേസെടുക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധമാണ് സിപിഎം ഗാന്ധി പ്രതിമയെയും ചിത്രത്തെയും അപമാനിക്കുന്നത്. ഗാന്ധി നിന്ദയിലെ ജാള്യത മറക്കാനാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യാരോപണം ഉന്നയിക്കുന്നത്.ഗാന്ധിയൻ ആദർശങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ഹൃദയത്തിലാണ് രാഷ്ട്രപിതാവിന്റെ സ്ഥാനം. അത് തിരിച്ചറിയാനുള്ള വെളിവ് സിപിഎമ്മിനില്ല. പയ്യന്നൂർ ഗാന്ധി പ്രതിമയുടെ തലയറുത്തവർ ഇപ്പോഴും സിപിഎം സംരക്ഷണയിൽ ഇരുട്ടിന്റെ മറവിൽ തന്നെയാണ്.

സിപിഎം നിയന്ത്രണത്തിലുള്ള ഒളിസങ്കേതങ്ങൾ പരിശോധിച്ചാൽ രാഷ്ട്രപിതാവിന്റെ തലയറുത്ത കമ്യൂണിസ്റ്റ് സംഘപരിവാർ നിഴലുകളെ കാണാമറയത്ത് നിന്നും വെളിച്ചത്തേക്ക് കൊണ്ടുവരാം. എന്നാൽ സിപിഎം ജില്ലാ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലുള്ള പൊലീസിന് അതിനുള്ള തന്റേടം കൈമോശം വന്നെന്നും സുധാകരൻ പരിഹസിച്ചു.

യുവജന സംഘടനകളിലെ യുവാക്കൾ നല്ലൊരു വിഭാഗം കുടിയന്മാരാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ ആദ്യം പറഞ്ഞതും വിവാദമായപ്പോൾ തിരുത്തി തടിയൂരാൻ ശ്രമിച്ചതും അദ്ദേഹത്തിന്റെ പാർട്ടിയിലെ സംഘടനാപ്രവർത്തകരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP