Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെ? പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്; സമ്പന്നതയിൽ ജനിച്ചു വളർന്ന കെ എം ഷാജിക്ക് 25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ എംപി

ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെ? പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്; സമ്പന്നതയിൽ ജനിച്ചു വളർന്ന കെ എം ഷാജിക്ക് 25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും കടന്നാക്രമിച്ച് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ എംപി. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പുറത്തുനിർത്തിയ ഒരുവന്റെ സാക്ഷിമൊഴിയെ ആടിസ്ഥാനമാക്കി 25 ലക്ഷം രൂപ വാങ്ങി എന്ന് കള്ളക്കേസുണ്ടാക്കി വിജിലസ് കേസെടുത്തത് ഈ സർക്കാന്റെ പാപ്പരത്തമാണ് തെളിയിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കുടുംബ പശ്ചാത്തലമല്ല കെ.എം.ഷാജിക്കെന്നും 25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യം ഷാജിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

ഷാജി സമ്പന്നതയിൽ ജനിച്ചു വളർന്നയാളാണ്. പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്.എങ്ങനെയുണ്ടായി ഈ പണം? ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ചോ? ഷാജിയെ ഈ സർക്കാർ അത്ര ഭയപ്പെടുന്നുണ്ട്. പണം നൽകിയെന്ന് സ്കൂൾ മാനേജുമെന്റ് പറയുന്നില്ല. രേഖകളില്ല. എന്നിട്ടും അങ്ങിനെ നൽകിയെന്ന് എഴുതിയുണ്ടാക്കിയ ഉദ്യോഗസ്ഥൻ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽനിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎൽഎക്കെതിരെ കേസെടുത്തതു രാഷ്ട്രീയ പാപ്പരത്തമാണ്. പണം കൊടുത്തിട്ടില്ലെന്നു മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ.എം.ഷാജി ചെയ്ത കുറ്റമെന്താണ്? പ്രതിപക്ഷത്തിന്റെ ധർമവും ഉത്തരവാദിത്തവുമാണ് അദ്ദേഹം ചെയ്തത്. ഫിനാൻഷ്യൽ ക്രെഡിബിലിറ്റി ഉള്ള സർക്കാരല്ല ഇത്. ധൂർത്താണ് എവിടെയും.-സുധാകരൻ പറഞ്ഞു.

എല്ലാം തന്റെ കീഴിലാണെന്ന അധികാരഭ്രമത്തിന്റെ പ്രതീകമാണു പിണറായി. സ്വന്തം പാർട്ടിയിലെ എത്ര എംഎൽഎമാർക്ക് അദ്ദേഹത്തോടു യോജിപ്പുണ്ട്? അവരിൽ ആരോടെങ്കിലും ഉള്ളിൽതട്ടി സൗഹൃദം പുലർത്തുന്നുണ്ടോ? കോവിഡിനെതിരെ മുൻപിൽനിന്നു പ്രവർത്തിച്ച ശൈലജ ടീച്ചറുടെ ദുരനുഭവം കേരളം കണ്ടതല്ലേ? ഷാജിയുടെ ബുള്ളറ്റ് പ്രയോഗം വരെ എന്തായിരുന്നു സ്ഥിതി. എല്ലാ ദിവസവും വൈകിട്ട് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെയാണു മാധ്യമങ്ങൾക്കു മുൻപിൽ വന്നിരുന്നത്.

ഒരു ദിവസം ആറ് മണിക്ക് ഒരു കോവിഡ് രോഗി മരിച്ചു. പിന്നെ അടുത്ത ദിവസം ആറിനേ പത്രസമ്മേളനമുള്ളൂ. മരിച്ച രോഗിയുമായി ഇടപഴകിയവർ മരണവിവരം അറിയാൻ വൈകി. അദ്ദേഹത്തിലൂടെ മാത്രമേ ഇതൊക്കെ കേരളം അറിയാവൂ എന്ന പിടിവാശി എന്തിനായിരുന്നു? മുഖ്യമന്ത്രിയുടെ അഭിനയമാണ് എല്ലാദിവസവും വൈകിട്ട് കണ്ടിരുന്നത്. ചിരിക്കാത്ത മുഖ്യമന്ത്രി ചിരിക്കുന്നു, ആരുടെയും മുഖത്തുനോക്കാതെ നടക്കുന്ന മുഖ്യമന്ത്രി തല ഉയർത്തി ആളുകളെ നോക്കുന്നു.  കോവിഡ് നിയന്ത്രിച്ചതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കല്ല. ഈ നിയന്ത്രണങ്ങളും നടപടികളുമെല്ലാം ഉള്ളിൽ തട്ടി സ്വീകരിച്ച ജനങ്ങൾക്കും അതു നടപ്പാക്കിയ പൊലീസിനും ആരോഗ്യപ്രവർത്തകർക്കുമാണു ക്രെഡിറ്റ്.

സ്പ്രിൻക്ലർ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഐടി സെക്രട്ടറിയുടെ വെളിപ്പെടുത്തിൽ വിവാദത്തെ പുതിയ ദിശയിലേക്ക് നയിച്ചിരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. ആരോപണത്തിന് ശേഷമാണ് കരാർ രേഖ ഉണ്ടാക്കിയത്. നിയമോപദേശം തേടിയിട്ടില്ല എന്ന് സെക്രട്ടറി സമ്മതിക്കുന്നു. പർച്ചേസ് ഓർഡർ ഒപ്പിടുന്നതിന് മുമ്പുതന്നെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കമ്പനിയുടെ സെർവറിലേക്ക് നൽകി തുടങ്ങിയിരുന്നുവെന്ന് സെക്രട്ടറി കേരളത്തിലെ ജനങ്ങളോട് സമ്മതിച്ചിരിക്കുന്നു. ഇതിന്റെയൊക്കെ പ ശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാരിന്റെ പ്രതികരണം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രതികരണം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ഇന്ന് യാഥാർഥ്യമായി മാറുന്നു. ഇന്നലെവരെ ഇതെല്ലാം സർക്കാർ നിഷേധിച്ചിരുന്നു. ഒരു ജനതയുടെ ആരോഗ്യ വിവരങ്ങൾ വിറ്റ് കാശാക്കുന്ന ആദ്യത്തെ സർക്കാരാണ് പിണറായി വിജയന്റെ സർക്കാരെന്നും സുധാകരൻ ആരോപിച്ചു. നിയമാനുസൃതം നിലനിൽക്കുന്ന ഒരു ഭരണസംവിധാനത്തിലെ നിയങ്ങളും കീഴ്‌വഴക്കങ്ങളും മുഴുവൻ ലംഘിച്ചുകൊണ്ടാണ് ഈ ഇടപാട് നടന്നരിക്കുന്നത്. രണ്ട് വർഷമായി ആരംഭിച്ചതാണ് ഈ കരാർ എന്നാണ് പറയുന്നത്. ഇതിനിടയിൽ നിയമസഭ എത്രതവണ കൂടിയിരിക്കുന്നു. ഇക്കാലയളവിൽ നിയമസഭയിൽ ഇതിനേപ്പറ്റി ഒരു പരാമർശമോ സൂചനയോ നടത്താൻ സർക്കാർ തയ്യാറായില്ല. എന്തിനാണ് മുഖ്യമന്ത്രി വസ്തുതകളിൽ നിന്ന് ഒളിച്ചോടുന്നത്. എന്തിനാണ് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി കളവു പറഞ്ഞു. കമ്പനിയുടെ സെർവറിലേക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കെ തന്നെ ഇതൊരു സേവനമാണെന്നും സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന് നാടകം കളിച്ചു- ഇതിനൊക്കെ കേരളത്തിലെ ജനങ്ങളോട് മറുപടി നൽകണമെന്നും

സാമ്പത്തികമായി നേട്ടമുണ്ടാക്കാത്ത ഇതുപോലൊരു കരാർ ആരുമുണ്ടാക്കില്ല. കരാറിന് പിന്നിൽ ആരുടെയൊക്കെ കൈകൾ പ്രവർത്തിച്ചുവെന്ന് അന്വേഷിക്കേണ്ടതായിട്ടുണ്ട്. നിലവിൽ ഉയർന്നിരിക്കുന്ന സംശയത്തിന്റെ പുകമറ നീക്കാൻ സത്യസന്ധമായ അന്വേഷണം വേണം. സിബിഐയെക്കൊണ്ട് അന്വേഷിച്ച് ഇതിന്റെ വസ്തുത പുറത്തുകൊണ്ടുവരണം. ആരുടെയും ശ്രദ്ധയിൽപെടാതിരുന്ന ഈ വസ്തുത സിപിഎം സൈബർ പോരാളികളുടെ ഭീഷണികളെ അതിജീവിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻസി ലാവ്ലിൻ ഇതേപോലെയൊന്നായിരുന്നു. കൺസൾട്ടൻസിക്ക് പോയ പിണറായി കരാർ ഉറപ്പിച്ചാണ് തിരികെ വന്നത്. കേരളത്തിലെ ജനങ്ങളുടെ പണം ധൂർത്തടിക്കുന്ന ഇതേപോലെയുള്ള കരാറുകൾ നല്ലതാണോ. അത് ചോദിക്കുന്ന രാഷ്ട്രീയക്കാർ പീഡിപ്പിക്കപ്പെടേണ്ടവരാണോയെന്നും സുധാകരൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP