Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

പിണറായി വിജയൻ വാളുകൊണ്ട് വെട്ടി; കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചു'; സുധാകരനൊപ്പം വാർത്താസമ്മേളനത്തിൽ എത്തി ആരോപണവുമായി കണ്ടോത്ത് ഗോപി; പിണറായി തന്റെ ബന്ധുവായ അംഗരക്ഷകനെയും കൊലപ്പെടുത്തിയെന്നും ആരോപണം; കണ്ണൂരിലെ അക്രമരാഷ്ട്രീയം ചർച്ചയാക്കി സുധാകരന്റെ പ്രത്യാക്രമണം

പിണറായി വിജയൻ വാളുകൊണ്ട് വെട്ടി; കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചു'; സുധാകരനൊപ്പം വാർത്താസമ്മേളനത്തിൽ എത്തി ആരോപണവുമായി കണ്ടോത്ത് ഗോപി; പിണറായി തന്റെ ബന്ധുവായ അംഗരക്ഷകനെയും കൊലപ്പെടുത്തിയെന്നും ആരോപണം; കണ്ണൂരിലെ അക്രമരാഷ്ട്രീയം ചർച്ചയാക്കി സുധാകരന്റെ പ്രത്യാക്രമണം

അനീഷ് കുമാർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് കൊലപാതകം നടത്തിയെന്ന ആരോപണമാണ് കെ സുധാകരൻ. വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയതി കേസിൽ പ്രതിയായിരുന്നുവെന്നും മറ്റൊരു ഗൺമാൻ ബാലനെ ഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പിണറായി വിജയന്റെ ഗുണ്ടായിസത്തിന് തെളിവായി ആക്രമണത്തിന് തെളിവായി കോൺഗ്രസ് നേതാവ് കണ്ടോത്ത് ഗോപിയെയും പങ്കെടുപ്പിച്ചാണ് വാർത്താ സമ്മേളനം നടത്തിയത്.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാക്കുകയായിരുന്നു സുധാകരൻ. തന്നെ രാഷ്ട്രീയക്രമിനലുകളെന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിക്കും സി.പി. എമ്മിനും എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് സുധാകരൻ രംഗത്തു വന്നത്. കണ്ടോത്ത് ഗോപി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ ഇങ്ങനെയായിരുന്നു:

'അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബിഡി കമ്പനിയിൽ 26 ലേബർ തൊഴിലാളികളുണ്ടായിരുന്നു. ഈ 26 തൊഴിലാളികളെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ടിരുന്നു. അന്ന് നാഷണൽ ബീഡി ആൻഡ് സിഗർ വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഞാൻ. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു അന്ന്. ഇതിന്റെ ഭാഗമായുള്ള കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിനായി ഞാനും, കഴിഞ്ഞ ദിവസം മരണപ്പെട്ട ബാബു മാസ്റ്ററും വഴിയിൽ നിൽക്കുമ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധധാരികൾ വന്നു. താനാണോടോ ജാഥ ലീഡർ എന്ന് പറഞ്ഞ് പിണറായി വിജയൻ എന്നെ വെട്ടി. കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചു'- കണ്ടോത്ത് ഗോപി പറഞ്ഞു.

ജാഥയുടെ ഭാഗമായി പോയപ്പോൾ പല സ്ഥലത്ത് വച്ചും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് കണ്ടോത്ത് ഗോപി പറഞ്ഞു. ധർമടത്ത് പിണറായിയുടെ സ്വാധീനം ഉപയോഗിച്ച് താൻ നൽകിയ കേസെല്ലാം തേഞ്ഞുമാഞ്ഞ് പോയി എന്നും കണ്ടോത്ത് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കണ്ടോത്ത് ഗോപിയെന്നായിരുന്നു കെ സുധാകരൻ വിശേഷിപ്പിച്ചത്.

കൊലപാതകങ്ങളിൽ തനിക്കല്ല മുഖ്യമന്ത്രിക്കാണ് കൂടുതൽ ബന്ധമെന്ന് സ്ഥാപിക്കാനാണ് ജാഥയ്ക്കിടെ അക്രമത്തിൽ പരുക്കേറ്റ തലശേരി സ്വദേശിയായ കണ്ടോത്ത് ഗോപിയെ കളത്തിലിറക്കിയത്. ഈ ആരോപണത്തിന് സമാനമായി പിണറായി വിജയന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകളുടെ ഭർത്താവ് പാറ ബാബുവിന് സി.എംപിയിൽ ചേർന്നു പ്രവർത്തിച്ചതിന് വെട്ടിക്കൊന്നതാണെന്നും സുധാകരൻ ആരോപിച്ചു. നേരത്തെ സി.പി. എം പ്രവർത്തകനും പിണറായിയുടെ അംഗരക്ഷകനെന്ന നിലയിൽപ്രവർത്തിച്ച ബാബുവുമായി പിന്നീട് തെറ്റുകയായിരുന്നു.

ഇതിനു ശേഷം സി.എംപിയിൽ ചേർന്ന ബാബു ഓലയമ്പലത്തു വച്ചാണ് സി.പി. എമ്മുകാരാൽ കൊല്ലപ്പെടുന്നത്. എം.വി രാഘവൻ സി. എംപി രൂപീകരിച്ചപ്പോൾ അതിനൊപ്പം പോയ പ്രവർത്തകരിലൊരാളായിരുന്നു ബാബു. പിണറായിയുടെ പാണ്ട്യാലമുക്കിലെ വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തുള്ള പുത്തൻകണ്ടത്താണ് ബന്ധുവായ ബാബുവും കുടുംബവും താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പിതാവിന്റെ സഹോദരന്റെ മകളായ പ്രേമയുടെ ഭർത്താവാണ് ബാബു. പിന്നീട് ഈ കുടുംബം ഒന്നാകെ ബിജെപിയിലെക്ക് ചേർന്നു.

കൊലക്കേസിലടക്കം നിരവധി അക്രമകേസുകളിൽ പ്രതികളായ പുത്തൻങ്കണ്ടത്തെ ആർ. എസ്. എസ് പ്രവർത്തകരിൽ രണ്ടു പേർ ഇവരുടെ മക്കളാണ്. ഇതുകൂടാതെ തലശേരിയിൽ വച്ചു കൊല്ലപ്പെടുന്ന ആർ. എസ്. എസ് പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണന്റെ കാര്യവും വാർത്താസമ്മേളനത്തിൽ സുധാകരൻ എടുത്തുപറഞ്ഞു.

ഈ കേസിൽ അന്നത്തെ തലശേരി ലോക്കൽ സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രതിയായിരുന്നുവെന്നും പിന്നീട് തെളിവില്ലെന്നു പറഞ്ഞ് കോടതി വെറുതെ വിടുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. 1956-ലാണ് കണ്ണൂർ ജില്ലയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്നു അറിയപ്പെടുന്ന തയ്യൽ തൊഴിലാളിയും ആർ. എസ്. എസ് പ്രവർത്തകനുമായ വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെടുന്നത്. അന്നത്തെ വിദ്യാർത്ഥി യൂനിയൻ പ്രവർത്തകനായ കോടിയേരി ബാലകൃഷ്ണനെ മർദ്ദിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെടുന്നത്.

തനിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ബ്രണ്ണൻ കോളേജിലെ സഹപാഠികളിൽ ഒരാളെങ്കിലും, ഈ ആരോപണങ്ങൾ ശരിയാണെന്ന് പറഞ്ഞാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരൻ ചോദിച്ചു. നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകണമെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP