Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202212Friday

കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ

കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.സുധാകരൻ എംപിക്ക് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയേക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരനെ ചുമതല ഏൽപ്പിക്കാൻ നീക്കം നടക്കുന്നത്. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങുമ്പോൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം.

അതേസമയം ാൽക്കാലികമെങ്കിൽ ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് കെ.സുധാകരൻ. പദവി സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അധ്യക്ഷനാകാൻ താൽപര്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. ദേശീയ നേതാക്കളുമായി സംസാരിച്ചെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന നേതാവ് കെ വി തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ അദ്ദേഹത്തെ നഷ്ടപ്പെടുത്തില്ലെന്ന് സുധാകരൻ വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

നേരത്തെ മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡൽഹിയിൽവെച്ചുതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും സൂചനയുണ്ട്. ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കും. താത്കാലികമായി ചുമതല ഏറ്റെടുക്കാൻ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പി.സി.സി. അധ്യക്ഷപദം പാർട്ടി ഏൽപിച്ചാൽ ചുമതല ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താൻ ഒരു ആർത്തിപ്പണ്ടാരമല്ലെന്നും സുധാകരൻ ഇന്നലെ പ്രതികരിച്ചിരുന്നു.

നിലവിൽ പി.സി.സി. വർക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരൻ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാൽ പ്രതിപക്ഷ നേതൃസ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഉള്ളതിനാൽ തത്കാലം എ ഗ്രൂപ്പും ഇതിൽ പരസ്യമായി എതിർപ്പ് ഉന്നയിക്കാനിടയില്ല.

മുന്നണി കൺവീനർ എം.എം, ഹസ്സന്റെ ചില പ്രസ്താവനകൾ, പ്രത്യേകിച്ച് വെൽഫയർ പാർട്ടി അമീറുമായുള്ള കൂടിക്കാഴ്ച അടക്കം ദോഷം ചെയ്തെന്ന് ചില നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. അതിനാൽ ഇതോടൊപ്പം ഹസ്സനും സ്ഥാനചലനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചുരുങ്ങിയ നാൾ മാത്രമേ ആ പദവിയിൽ ഹസ്സൻ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഒരുപക്ഷേ അദ്ദേഹത്തെ തുടരാൻ അനുവദിച്ചേക്കും. അല്ലെങ്കിൽ കൺവീനർ പദവിയിലും മാറ്റം വന്നേക്കാം.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായി ഉയർന്നിരുന്നു. കെ സുധാകരനോ കെ മുരളീധരനോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാണ് അണികളിൽ നിന്നും ഉയർന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇരുവർക്കും അനുകൂലമായി പോസ്റ്ററുകളും ബാനറുകളും ഉയർന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് സുധാകരൻ പരസ്യമായി വ്യക്തമാക്കിയത്.

കെ സുധാകരൻ കെപിസിസി അധ്യക്ഷനായാൽ അത് മലബാറിലെ കോൺഗ്രസിൽ പുത്തൻ ഉണർവ്വ് ഉണ്ടാക്കുമെന്ന വികാരവും ശക്തമാണ്. സൈബർ ഇടത്തിലും കോൺഗ്ര്‌സ് അണികൾക്കുള്ളിലും ശക്തമായ പിന്തുണയുള്ള നേതാവാണ് കെ സുധാകരൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ ഒരേയൊരു കോർപ്പറേഷൻ കണ്ണൂരാണ്. ഇവിടെ കെ സുധാകരൻ അച്ചടക്കത്തോടെ യുഡിഎഫിനെ നയിച്ചാണ് വിജയം സമ്മാനിച്ചത്. അതാണ് സുധാകന്റെ മുൻതൂക്കവും.

കോൺഗ്രസ് ഹൈക്കമാൻഡിലെ അധികാര കേന്ദ്രമായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി സുധാകരൻ നേരത്തെ തന്നെ അകൽച്ചയിലാണ്. യുത്ത് കോൺഗ്രസ് നേതാവായിരിക്കെ തന്നെ കണ്ണൂരിൽ നിന്നും സുധാകരനും അദ്ദേഹത്തിന്റെ ഗ്രൂപ്പും ഓടിച്ചു വിട്ടതാണ് കെ സി വേണുഗോപാലിനെ. പിന്നീട് ആലപ്പുഴയിൽ പോയി എംപിയും എംഎൽഎയുമായ കെ സി ദേശീയ രാഷ്ട്രീയത്തിൽ മെയിൻ സ്ട്രീമിലെത്തിയിട്ടും സ്വന്തം ജന്മനാട്ടിൽ കാലുറപ്പിക്കാനായില്ല. ഇതേ അനുഭവമായിരുന്നു മുല്ലപ്പള്ളിക്കും.

കണ്ണുരിൽ നിന്നും പലവട്ടം ജയിച്ചു എംപിയായ മുല്ലപ്പള്ളിക്ക് ഒടുവിൽ പരാജയം രുചിക്കേണ്ടി വന്നു. സിപിഎമ്മിലെ നവാഗതനായ അബ്ദുള്ളക്കുട്ടിയോട് താൻ തോൽക്കാനിടയായത് സുധാകര ഗ്രൂപ്പുകാർ പാർട്ടിക്കുള്ളിൽ നിന്നും കാലുവാരിയതിനാലാണെന്ന് മുല്ലപ്പള്ളി ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. തന്നെ തോൽപ്പിച്ച അബ്ദുള്ളക്കുട്ടി പിന്നീട് മറുകണ്ടം ചാടിയപ്പോൾ കണ്ണൂർ നിയമസഭാ സീറ്റു നൽകി വിജയിപ്പിച്ചത് ഇതേ സുധാകരൻ തന്നെയായിരുന്നു. പിന്നിട് വടകരയിൽ സ്ഥാനാർത്ഥിയായി ആർഎംപി പിന്തുണയോടെ മുല്ലപ്പള്ളി ലോക്സഭയിലെത്തുകയും കേന്ദ്ര സഹമന്ത്രിയാവുകയും ചെയ്തുവെങ്കിലും സുധാകരനുമായുള്ള ശീതസമരം അവസാനിച്ചില്ല.

ഇതേ മുല്ലപ്പള്ളിയെ പിന്നിട് താൻ കണ്ണുവെച്ച കെപിസിസി അധ്യക്ഷ പദവിയിലേക്ക് എഐസിസി നോമിനേറ്റ് ചെയ്തത് സുധാകരന് കനത്ത പ്രഹരമായിരുന്നു. ഇപ്പോൾ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ പാർട്ടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രാജിവയ്ക്കണമെന്ന ആവശ്യവുമായി ആദ്യമെത്തിയത് സുധാകരനായിരുന്നു.

കാർക്കശ്യത്തിന്റെയും സംഘടനാ മികവിന്റെ കാര്യത്തിലും കോൺഗ്രസിലെ പിണറായി വിജയനാണ് കെ സുധാകരൻ. ജനതാ പാർട്ടിയിൽ നിന്നും കളം മാറി വന്ന ഈ നേതാവ് കോൺഗ്രസിൽ സ്ഥാനമുറപ്പിച്ചത് എൻ രാമകൃഷ്ണൻ, പി രാമകൃഷ്ണൻ, എസ് ആർ ആന്റണി, കെ പി നുറുദ്ദീൻ തുടങ്ങിയ നേതാക്കളെ വെട്ടിനിരത്തിയിരുന്നു. കണ്ണിന് കണ്ണ്/പല്ലിന് പല്ല് എന്ന രീതിയിലായിരുന്നു സുധാകരന്റെ ശൈലി. സിപിഎമ്മുമായി നാലു പതിറ്റാണ്ടു അടിച്ചും തിരിച്ചടിച്ചും നിലനിന്ന സുധാകരൻ കോൺഗ്രസ് അണികൾക്കിടെയിൽ ഇപ്പോഴും ആവേശമാണ്. എന്നാൽ സുധാകരന്റെ വളർച്ചയിൽ പാർട്ടിക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. ഇടതും വലതും നിന്ന സജിത്ത് ലാലിനെപ്പോലെയും എടയന്നൂർ ശുഹൈബിനെപ്പോലെയുമുള്ള യുവജന നേതാക്കൾ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. പയ്യന്നുർ പോലെയുള്ള സ്ഥലങ്ങളിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം തന്നെ ശിഥിലമായെന്നും മറുപക്ഷം ആക്ഷേപം ഉന്നയിക്കുന്നു.

കേന്ദ്ര നേതൃത്വത്തിൽ വയലാർ രവി സുധാകരന്റെ രക്ഷകനായി ആദ്യ കാലയളവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് മന്ത്രി സ്ഥാനം ലഭിച്ചതിനു ശേഷം കെ സുധാകരൻ വയലാർ രവിയുടെ മുന്നാം ഗ്രൂപ്പിൽ നിന്നും വിട്ടുനിന്നു. പിന്നീട് കണ്ണൂർ കേന്ദ്രീകരിച്ച് തനിച്ചു തന്നെയായിരുന്നു പോരാട്ടം. സുധാകരനു സമാനമായി അതേ ശൈലിയിൽ വളർന്നു വന്ന പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായപ്പോൾ കോൺഗ്രസിന്റെ മുഖ്യധാരയിലെത്താൻ സുധാകരന് കഴിഞ്ഞില്ല. കെപിസിസി അധ്യക്ഷ പദവിയേക്ക് സുധാകരൻ എത്തിയാൽ അത് അദ്ദേഹത്തിന് വലിയ നേട്ടമായ മാറും. ഒരു കാലത്ത് പാർട്ടി അടക്കി ഭരിച്ച ലീഡർ കെ കരുണാകരനും സുധാകരന്റെ വെട്ടൊന്ന് മുറി രണ്ടെന്ന ശൈലി അംഗീകരിച്ചിരുന്നില്ല. വടക്കൻ കേരളത്തിൽ പാർട്ടിയിൽ തീപ്പന്തമായ കെ സുധാകരന് ആരാധകർ ഏറെയുണ്ടെങ്കിലും അവരുടെ പിന്തുണ കൊണ്ടു മാത്രം സംസ്ഥാനത്തിലെ പാർട്ടിയുടെ ചുക്കാൻ പിടിക്കാൻ സുധാകരന് കഴിയില്ലെന്നതാണ് യാഥാർഥ്യം.

അതിനിടെ സോഷ്യൽ മീഡിയയിൽ അടക്കം കെ സുധാകരനെ പിന്തുണക്കക്കുന്നവർ ഏറെയാണ്. പിണറായിയെ നേരിടാൻ കരുത്തനായ സുധാകരൻ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായ വേളയിൽ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും സുധാകരന്റെ പേരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP