Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും പിന്തുണച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ തന്നെ; സോണിയ ഗാന്ധിക്ക് താരിഖ് അൻവർ റിപ്പോർട്ട് കൈമാറി; ഹൈക്കമാൻഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകം

പ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും പിന്തുണച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ തന്നെ; സോണിയ ഗാന്ധിക്ക് താരിഖ് അൻവർ റിപ്പോർട്ട് കൈമാറി; ഹൈക്കമാൻഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയിലെക്ക് കെ സുധാകരൻ തന്നെ എത്തുമെന്ന് ഉറപ്പായി. പുതിയ അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച താരിഖ് അൻവർ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കെ സുധാകനെ അനുകൂലമായാണ് റിപ്പോർട്ടെന്നാണ് പുറത്തുവരുന്ന മാധ്യമ വാർത്തകൾ.

ഹൈക്കമാന്റിന്റെ അന്തിമ പരിഗണനയിൽ കെ സുധാകരനാണ് മുൻഗണന ലഭിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും ഹൈക്കമാന്റ് വൃത്തങ്ങളിൽ നിന്ന് സൂചിപ്പിക്കുന്നു. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എംഎൽഎമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അൻവറിന്റെ റിപ്പോർട്ട്.

കെ സുധാകരനെ എതിർത്തത് എംപിമാരായ വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ്, ബെന്നി ബഹ്നാൻ എന്നിവരാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന് ലഭിച്ച നിർദ്ദേശം. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആരുടെയും പേരു നിർദേശിച്ചിരുന്നില്ല. എന്നാൽ, സുധാകരനെ എതിർക്കാനും ഇവർ തയ്യാറായില്ലെന്നാണ് സൂചനകൾ.

സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിലുള്ള വിയോജിപ്പാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിർദേശിക്കേണ്ടതില്ലയെന്ന നേതാക്കളുടെ തീരുമാനത്തിനു പിന്നിലെന്നറിയുന്നു. ഇതേ തുടർന്ന്, മൂന്നു നേതാക്കളുമായും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രത്യേകമായി ഫോണിൽ സംസാരിച്ചിരുന്നു.

കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ വിശദമായ ചർച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാവൂ എന്നാണ് ഹൈക്കമാന്റ് താരീഖ് അൻവറിന് നൽകിയിരുന്ന നിർദ്ദേശം. റിപ്പോർട്ട് സമർപ്പിക്കാൻ താരീഖ് അൻവറിന് ഒരാഴ്ച സമയമാണ് നൽകിയിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ നിരാശയിൽ കഴിയുന്ന പ്രവർത്തകർക്ക് ആത്മവീര്യം പകരാൻ കഴിയുന്ന നേതാവ്, കോൺഗ്രസ് പ്രവർത്തകർക്കിടയിലെ സ്വാധീനം എന്നീ ഘടകങ്ങളാണ് സുധാകരന് മുൻതൂക്കം നൽകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ അധ്യക്ഷനാക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും ശക്തമായ നിലപാടുകളും സുധാകരനെ പരിഗണിക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

ജനപ്രതിനിധികൾക്ക് പുറമേ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും അഭിപ്രായം തേടിയിരുന്നു. കെ സുധാകരനെ അധ്യക്ഷനാക്കുമ്പോൾ കൂടെ പ്രവർത്തിക്കാൻ മറ്റാരൊക്കെ എത്തുമെന്നാണ് ഇനി അറിയേണ്ടത്. സുധാകരനൊപ്പം പ്രവർത്തിക്കാൻ യുവനിരയും ഉണ്ടാകുമെന്ന സൂചനയാണ് കോൺഗ്രസ് നേതാക്കൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP