Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിരിക്കുന്നവരെല്ലാം സ്നേഹിതർ അല്ലെന്ന് തിരിച്ചറിയണമെന്ന് ചെന്നിത്തലയുടെ ഉപദേശം; ഐ ഗ്രൂപ്പ് നേതാവ് വാക്കുകളിൽ ഒളിപ്പിച്ചത് ഒപ്പം നിന്നവരുടെ കാലുമാറ്റത്തിലെ വേദന; വെള്ള ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന വാക്കുകളിലൂടെ വിഡി നൽകിയത് പഴയ തലമുറയ്ക്കുള്ള ഒളിയമ്പ്; കോൺഗ്രസിനെ വീണ്ടെടുക്കാൻ സുധാകരൻ എത്തുമ്പോൾ

ചിരിക്കുന്നവരെല്ലാം സ്നേഹിതർ അല്ലെന്ന് തിരിച്ചറിയണമെന്ന് ചെന്നിത്തലയുടെ ഉപദേശം; ഐ ഗ്രൂപ്പ് നേതാവ് വാക്കുകളിൽ ഒളിപ്പിച്ചത് ഒപ്പം നിന്നവരുടെ കാലുമാറ്റത്തിലെ വേദന; വെള്ള ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന വാക്കുകളിലൂടെ വിഡി നൽകിയത് പഴയ തലമുറയ്ക്കുള്ള ഒളിയമ്പ്; കോൺഗ്രസിനെ വീണ്ടെടുക്കാൻ സുധാകരൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നമ്മെ പുകഴ്‌ത്തി സംസാരിക്കുന്നവരും മുന്നിൽ വന്ന് ചിരിക്കുന്നുവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളായിരിക്കുമെന്ന് കരുതരുതെന്ന ഉപദേശവുമായി ുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നത്. സിപിഎം തനിക്കെതിരെ നടത്തിയ വിമർശനങ്ങളിലും ആക്രമണങ്ങളിലും പാർട്ടിയുടെ പിന്തുണയോ സംരക്ഷണമോ തനിക്ക് കിട്ടിയില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ചാണ് ചെന്നിത്തല ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലാണ് നേതാക്കന്മാരുടെ സാന്നിധ്യത്തിൽ തന്നെ ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. 'സുധാകരനെ ബിജെപിക്കാരനായി സിപിഎം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ഞാൻ പ്രതികരിച്ചു. കാരണം നേരത്തെ എനിക്കെതിരെ ഇതേ രീതിയിലുള്ള ആരോപണം വന്നപ്പോൾ അതിനെ എതിർക്കാൻ പാർട്ടിയിൽ നിന്നാരും വന്നില്ല. അന്ന് അനുഭവിച്ച വേദന അറിയുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ പ്രതികരിച്ചത്' ചെന്നിത്തല പറഞ്ഞു.

അതേസമയം ചെന്നിത്തലയുടെ ഈ വാക്കുകൾ സദസിലും വേദിയിലും ചിരി പടർത്തി. ചിരിയിൽ സുധാകരനും ചെന്നിത്തലയും പങ്കുചേരുകയും ചെയ്തു. ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്തുവെന്ന മട്ടിൽ സുധാകരൻ ചെന്നിത്തലയെ നോക്കി കൈ ഉയർത്തി കാണിക്കുകയും ചെയ്തു. പിന്നീട് സംസാരിച്ച കെ.മുരളീധരൻ ചെന്നിത്തല പറഞ്ഞ കാര്യങ്ങളെല്ലാം താൻ അംഗീകരിക്കുന്നുവെന്നും ഇതൊക്കെ പണ്ടേ താൻ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാത്തിനോടും തനിക്കൊരു നിസ്സംഗതയെന്നും പറഞ്ഞു.

അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവർത്തകരെ കെ സുധാകരൻ ഓർമ്മപ്പെടുത്തി. കെപിസിസി ആസ്ഥാനത്ത് നടന്ന ആവേശകരമായ ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആയിരുന്നു കെ സുധാകരന്റെ പ്രസംഗം. അധികാരത്തിന് പുറകെ പോകാതെ അഞ്ച് വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറുണ്ടോ? അങ്ങനെ എങ്കിൽ കോൺഗ്രസ് കരുത്ത് വീണ്ടെടുക്കുമെന്ന ഉറപ്പ് നൽകാൻ തയ്യാറാണെന്നും കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരൻ പറഞ്ഞു.

പുതിയ നേതൃത്വത്തിന് മുന്നിൽ ഒരുപാട് പദ്ധതികളുണ്ട്. കരുത്തോടെ മുന്നോട്ട് പോകണം. പാർലമെന്റ് തെരഞ്ഞെടുപ്പോടെ കരുത്ത് വീണ്ടെടുക്കുമെന്ന പ്രതിജ്ഞ ചെയ്യണം. അതിന് എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനം ആണ് കെ സുധാകരൻ നേതാക്കൾക്കും അണികൾക്കും മുന്നിൽ അവതരിപ്പിച്ചത്. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കണം. എല്ലാവർക്കും അധികാരത്തിലെത്താൻ ആഗ്രഹം ഉണ്ടാകും. പക്ഷെ പാർട്ടിയാണ് വലുതെന്ന് കരുതിയുള്ള പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. അതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

കോൺഗ്രസിനെ സിപിഎമ്മിന് ഭയം ആണ്. കോൺഗ്രസ് അതിശക്തമായി തിരിച്ച് വരുമെന്ന ഭീതിയും സിപിഎമ്മിനുണ്ട്. ബിജെപിക്കാരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല. വോട്ടുവാങ്ങാൻ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ പിണറായി വിമർശിക്കാൻ മാത്രം വളർന്നിട്ടില്ലെന്നും കെ സുധാകരൻ കെപിസിസിയിൽ പറഞ്ഞു.

പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കാൻ ഉള്ള മനസുമായി വേണം ഇന്ന് കെപിസിസിയിൽ നിന്ന് എല്ലാവരും ഇറങ്ങിപ്പോകാൻ. എല്ലാവരും അതിന് ഒറ്റക്കെട്ടായി നിൽക്കണം. പ്രവർത്തന രാഹിത്യം കൊണ്ടോ തെറ്റായ പ്രവർത്തനം കൊണ്ടോ കോൺഗ്രസിന്റെ ഒരു ചിറകിന് പോലും ഒന്നും പറ്റില്ലെന്ന് പ്രസിഡന്റ് എന്ന നിലയിൽ ഉറപ്പ് നൽകുന്നു. അധികാരത്തിന് പുറകെ പോകാത്ത മനസുമായുള്ള പ്രവർത്തനം മാത്രമാണ് തിരിച്ച് ചോദിക്കുന്നത്. കോൺഗ്രസ് ശക്തമായി തിരിച്ച് വരുമെന്ന് ഉറപ്പുണ്ട്. അതിന് എല്ലാവരും സഹകരിക്കണം ഒപ്പം നിൽക്കണം എന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രവർത്തകരെ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓർമ്മിപ്പെടുത്തി. ആൾകൂട്ടമാണ് കോൺഗ്രസ് എന്ന തെറ്റായ നിർവചനത്തെ തിരുത്തണം. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കണം. ആൾക്കൂട്ടം അല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെ സുധാകരന് കഴിയുമെന്നും വിഡി സതീശൻ പറഞ്ഞു.

കെപിസിസിയിൽ കെ സുധാകരന്റെ സ്ഥാനമേറ്റെടുക്കൽ വേദിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. തൂവെള്ള ഖദർ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും അത് അവസാനിപ്പിച്ചേ തീരു എന്നും വിഡി സതീശൻ പറഞ്ഞു.



ചെന്നിത്തലയുടെ വാക്കുകൾ വിശദമായി:

കേരളത്തിലെ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ്. ഇന്നലത്തെ പത്രം കണ്ടപ്പോൾ എനിക്ക് വേദന തോന്നി. കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റെടുക്കുന്നത് ഇന്നു മാത്രമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി ഇന്ന് ചാർജെടുക്കാൻ പോകുന്ന കെപിസിസി അധ്യക്ഷനെപ്പറ്റി പറഞ്ഞത് അദ്ദേഹം ബിജെപിയുടെ വാലാണെന്നും ബിജെപിയിൽ ചേരാൻ പോകുകായണെന്നും. അപ്പോൾ എനിക്ക് തോന്നി ഇതിനെതിരെ പ്രതികരിക്കണം എന്ന്. കാരണം എനിക്കെതിരെ പറഞ്ഞപ്പോൾ ആരും പ്രതികരിക്കാതിരുന്നതിലെ വേദന എനിക്ക് അന്ന് തോന്നിയിരുന്നു. ഓർമ്മ വച്ച കാലം മുതൽ കോൺഗ്രസിൽ ജീവിച്ച ഞാൻ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോൾ നമ്മുടെ പല സ്‌നേഹിതന്മാരും അതിനോടൊപ്പം ചേർന്ന് എനിക്കെതിരെ പോസ്റ്റിട്ടത് ഞാനോർക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാൻ സുധാകരന് വേണ്ടി സംസാരിച്ചത്.

അതായിരിക്കണം നമ്മുടെ വികാരം. കെ സുധാകരനെതിരെ ഒരു അമ്പെയ്ത്താൽ നമ്മുക്ക് എല്ലാവർക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ അത് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പറഞ്ഞതല്ലേ നമ്മുക്കൊന്ന് താങ്ങി കളയാം എന്നു കരുതിയാൽ കോൺഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മൾ തന്നെയാണ്. ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരാണെന്ന് സുധാകരൻ കരുതരുത്. മുൻപിൽ വന്ന് പുകഴ്‌ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് എന്റെ അനുഭവപാഠം. ആ പാഠം അങ്ങേയ്ക്കും ഓർമ്മയിൽ ഇരിക്കട്ടെ.

കണ്ണൂർ ഡിസിസി അധ്യക്ഷനായി പ്രവർത്തിച്ച മുൻപരിചയം സുധാകരനുണ്ട്. ഞാൻ കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ ഒൻപത് ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു സുധാകരൻ. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. സുധാകരന് താത്പര്യമില്ലാതിരുന്ന ഒരാളെ കണ്ണൂർ ഡിസിസി അധ്യക്ഷനാക്കേണ്ട സാഹചര്യം ഞാനും ഉമ്മൻ ചാണ്ടിയും പറഞ്ഞപ്പോൾ വ്യക്തിതാത്പര്യം മാറ്റിവച്ച് ആ തീരുമാനം അംഗീകരിച്ചയാളാണ് സുധാകരൻ.

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. തകർത്തെറിയാൻ നോക്കുമ്പോൾ ശക്തമായി തിരിച്ചു വന്ന ചരിത്രമാണ് അതിനുള്ളത്. അധികാരത്തിൽ നിന്നും പുറത്താക്കിയ കോൺഗ്രസിനേയും അതിന്റെ നേതാക്കളേയും ഇല്ലാതാക്കാൻ ശ്രമിച്ചവരുണ്ട്. പക്ഷേ അതിനെയെല്ലാം ഈ പാർട്ടി അതിജീവിച്ചു. കേരളത്തിലെ കോൺഗ്രസ് ഒരു വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ്. ഒരോ കാലത്തും ഒരോ തരം പ്രതിസന്ധിയെ നാം നേരിട്ടു. അതിനെയെല്ലാം നാം മറികടന്നു പോയതാണ്.

എന്റെ ആരാധ്യനായ നേതാവ് കെ.കരുണാകരൻ പാർട്ടി വിട്ട കാലത്താണ് ഞാൻ കെപിസിസി അധ്യക്ഷനായി വരുന്നത്. പാർട്ടി ഇല്ലാതാവും എന്ന് വിമർശിക്കപ്പെട്ട കാലത്താണ് ലക്ഷക്കണക്കിന് നേതാക്കൾ പണിയെടുത്ത് പാർട്ടിയെ തിരികെ കൊണ്ടു വന്നത്. തെരഞ്ഞെടുപ്പിൽ കോൺ?ഗ്രസും യുഡിഎഫും പരാജയപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം ചെറുതാണ്. അപ്രതീക്ഷിതമായ പരാജയമാണിത്. യുഡിഎഫിന്റെ വോട്ടുവിഹിതം 39.5 ശതമാനമാണെങ്കിൽ നാല് ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്.

കോവിഡ് വന്ന അവസാന രണ്ട് വർഷം ഇല്ലായിരുന്നുവെങ്കിൽ ജനവിധി മറ്റൊന്നായേനെ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായിയുടേത്. ഇപ്പോഴും അഴിമതിയുടെ കഥകൾ ഒരോന്നായി പുറത്തു വരുന്നു. അനാവരണം ചെയ്യപ്പെടാത്ത നിരവധി അഴിമതികഥകൾ ഇനിയും വരാനുണ്ട്. കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി മാധ്യമങ്ങളെ മയക്കി കിടത്തിയപ്പോൾ ഇതെല്ലാം അവഗണിക്കപ്പെട്ടു. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ മരംവെട്ട് പോലുള്ള അഴിമതികൾ നടക്കുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP