Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ച കഴിഞ്ഞു; ഇന്ന് ജന്മനാടായ കണ്ണൂരിലെത്തും; ചങ്കായിരുന്ന രക്ത സാക്ഷി എടയന്നൂർ ശുഹൈബിന്റെ വീട് സന്ദർശിക്കും; മറ്റ് രക്തസാക്ഷി കുടുംബങ്ങളിലുമെത്തി അനുഗ്രഹം തേടും; കോൺഗ്രസിനായി തോളോട് തോൾ ചേർന്ന് പോരാടാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ; അധ്യക്ഷനായി സ്ഥാനമേൽക്കുന്നത് 16ന്

തലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ച കഴിഞ്ഞു; ഇന്ന് ജന്മനാടായ കണ്ണൂരിലെത്തും; ചങ്കായിരുന്ന രക്ത സാക്ഷി എടയന്നൂർ ശുഹൈബിന്റെ വീട് സന്ദർശിക്കും; മറ്റ് രക്തസാക്ഷി കുടുംബങ്ങളിലുമെത്തി അനുഗ്രഹം തേടും; കോൺഗ്രസിനായി തോളോട് തോൾ ചേർന്ന് പോരാടാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ; അധ്യക്ഷനായി സ്ഥാനമേൽക്കുന്നത് 16ന്

അനീഷ് കുമാർ

കണ്ണൂർ: കെപിസിസി അധ്യക്ഷനായി നിയമിതനായ ശേഷം കെ സുധാകരൻ ഇന്ന് ജന്മനാട്ടിലെത്തും. തിരുവനന്തപുരത്ത് തലസ്ഥാനത്തെ മുതിർന്ന നേതാക്കളുമായെല്ലാം കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാണ് സുധാകരൻ ഇന്ന് ഉച്ചയോടെ കണ്ണൂരിൽ എത്തുന്നത്. സുധാകരൻ കണ്ണൂരിൽ എത്തുമ്പോൾ ആവേശകരമായ സ്വീകരണം നൽകാനാണ് അണികൾക്ക് താൽപ്പര്യമെങ്കിലും കോവിഡ് പ്രോട്ടോക്കോൾ തടസ്സമാകും എന്നതിനാൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12.55 ന് കണ്ണുർ വിമാനതാവളത്തിലിറങ്ങുന്ന സുധാകരൻ യുത്ത് കോൺഗ്രസ് രക്ത സാക്ഷി എടയന്നൂർ ശുഹൈബിന്റെ വീട് സന്ദർശിച്ച ശേഷം കണ്ണുരിലെത്തുന്ന സുധാകരന് ജവഹർ ലൈബ്രറി ഹാളിൽ സ്വീകരണം നൽകും. കണ്ണൂർ വിമാനതാവളത്തിലും ലൈബ്രറി ഹാളിലും കൊ വിഡ്‌നിയന്ത്രണങ്ങളുള്ളതിനാൽ പ്രവർത്തകരും നേതാക്കളും സ്വയമേവ വിട്ടു നിൽക്കണമെന്ന് ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനി അറിയിച്ചു.

ഇതിനിടെ ജന്മനാട്ടിലെത്തുന്നതിന് മുൻപ് കെ.സുധാകരനിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രവർത്തകർക്കി ടെയിൽ ആവേശം പകർന്നിട്ടുണ്ട്. ശുഹൈബിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നിങ്ങളുടെ വിയർപ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകർന്ന അടിസ്ഥാന ഘടകം' - ഒന്നിച്ചുനിന്ന് പ്രവർത്തിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു കൊണ്ടാണ് നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

കഠിനമായ വിഷമസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും കോൺഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടിൽ കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കോൺഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുമ്പോൾ പ്രവർത്തകർക്ക് ഉറങ്ങാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എല്ലാവരും തോളോട് തോൾ ചേർന്നുകൊണ്ടുള്ള പ്രവർത്തനമാണ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ കൂടെ കണ്ണൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

കണ്ണൂരിലെ രക്തസാക്ഷി കുടുംബങ്ങൾ സന്ദർശിച്ച ശേ,ം കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ എംപി 16ന് രാവിലെ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 16ന് രാവിലെ 11ന് ഇന്ദിര ഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് സ്ഥാനം ഏറ്റെടുക്കും.

വ്യാഴാഴ്ച മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുധാകരന് പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വക്കം പുരുഷോമത്തൻ, വി എം. സുധീരൻ എന്നിവരെ വീടുകളിലെത്തി സന്ദർശിച്ചിരുന്നു. ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്ത്തിയുള്ള നേതാക്കളെ അനുനയിപ്പിച്ചശേഷം ചുമതല ഏറ്റെടുക്കാം എന്ന നിലപാടിലായിരുന്നു സുധാകരൻ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി പലവട്ടം സുധാകരൻ കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. സ്വന്തം തട്ടകമായ കണ്ണൂരിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം അടുത്തയാഴ്ച ആവും ഇനി കെ സുധാകരൻ ചുമതലയേൽക്കാൻ ഇന്ദിരാഭവനിൽ എത്തുക.

കെ സുധാകരന് പൂർണപിന്തുണ ഗ്രൂപ്പ് നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും, പാർട്ടി പുനഃസംഘടനാ നടപടിക്രമങ്ങൾ ആരംഭിച്ചാൽ സാഹചര്യങ്ങൾ മാറിയേക്കാം. ജംബോ കമ്മറ്റികൾ വെട്ടിച്ചുരുക്കി ഉള്ള പുനഃസംഘടനയാണ് പുതിയ അധ്യക്ഷന്റെ ലക്ഷ്യം. കെപിസിസി ഭാരവാഹി പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത് പല പ്രമുഖ ഗ്രൂപ്പ് നേതാക്കളായിരിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പുലർത്തുന്ന മൗനത്തിൽ ഇരുവരുടെയും ഗ്രൂപ്പുകളിൽ നിലവിൽ തന്നെ അതൃപ്തിയുണ്ട്. പുനഃസംഘടനയോടെ ഇത് ശക്തിപ്പെട്ടേക്കാം. ഇതു മുന്നിൽ കണ്ടു കൊണ്ടാണ് കെ സുധാകരൻ പ്രധാന നേതാക്കളെ അനുനയിപ്പിക്കാൻ സജീവ ശ്രദ്ധ കൊടുക്കുന്നത്.

കരുണാകരൻ -ആന്റണി കാലം മുതൽ എ,ഐ ഗ്രൂപ്പുകളിലായി ചുറ്റി തിരിഞ്ഞിരുന്ന കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം പുതിയ വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ഗ്രൂപ്പ് നേതൃത്വങ്ങളെ പിണക്കി ഹൈക്കമാൻഡ് അസാധാരണ തീരുമാനങ്ങൾ പ്രഖ്യാപിച്ചതിനു പിന്നിൽ കെ സി വേണുഗോപാൽ ആണെന്നാണ് പരക്കെ കോൺഗ്രസ് കേന്ദ്രങ്ങളിലെ സംസാരം. കെസി വേണുഗോപാലിന്റെ ഈ പ്രത്യേക താല്പര്യത്തിനു പിന്നിൽ അദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുള്ള താൽപര്യം ആണത്രേ. കെ സുധാകരൻ പാർട്ടിയെയും വിഡി സതീശൻ നിയമസഭാ കക്ഷിയെയും നയിക്കുമ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഭാവികമായി അപ്രസക്തമാകും എന്നാണ് ഇരു ഗ്രൂപ്പുകളിലെയും മാനേജർമാർ ഭയക്കുന്നത്. ഫലത്തിൽ പുതിയതായി രൂപപ്പെടുന്ന നേതാക്കളുടെ ത്രയത്തെ ഏറെ സംശയത്തോടെയാണ് ഗ്രൂപ്പുകൾ വീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP