Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202227Friday

ഗ്രൂപ്പു താൽപ്പര്യങ്ങൾക്ക് അപ്പുറം അണികളുടെ പ്രസിഡന്റായി കെ സുധാകരൻ; സൈബർ ഇടങ്ങളിൽ സുധാകരനായുള്ള അലമുറകൾക്ക് ചെവി കൊടുത്ത് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പു തോൽവിയോടെ നിരാശയുടെ പടുകുഴിയിലായ അണികൾക്ക് ഊർജ്ജം പകരുന്ന പ്രഖ്യാപനം; കണ്ണൂരിലെ കരുത്തൻ കോൺഗ്രസിനെ നയിക്കാൻ എത്തുമ്പോൾ

ഗ്രൂപ്പു താൽപ്പര്യങ്ങൾക്ക് അപ്പുറം അണികളുടെ പ്രസിഡന്റായി കെ സുധാകരൻ; സൈബർ ഇടങ്ങളിൽ സുധാകരനായുള്ള അലമുറകൾക്ക് ചെവി കൊടുത്ത് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പു തോൽവിയോടെ നിരാശയുടെ പടുകുഴിയിലായ അണികൾക്ക് ഊർജ്ജം പകരുന്ന പ്രഖ്യാപനം; കണ്ണൂരിലെ കരുത്തൻ കോൺഗ്രസിനെ നയിക്കാൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോൽവിയുടെ കയത്തിൽ വീണ കോൺഗ്രസ് അണിൾക്ക് ആവേശം പകരുന്ന തീരുമാനാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കുമ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. ഗ്രൂപ്പു താൽപ്പര്യങ്ങൾക്കെല്ലാം അപ്പുറത്തേക്കാണ് സുധാകരനെ അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കുറച്ചു കാലമാണ് അണികൾ തെരുവിലുണ്ട്. സൈബർ ഇടത്തിലും ഈ ആവശ്യം ശക്തമായിരുന്നു. ആ ആവശ്യത്തിനാണ് ഹൈക്കമാൻഡ് ചെവിക്കൊടുത്തിരിക്കുന്നത്.

അണികൾക്കിടയിൽ ആർക്കുണ്ട് സ്വാധീനം എന്നകാര്യമാണ് ഇക്കുറി കോൺഗ്രസ് ഹൈക്കമാൻഡ് ചെവി കൊടുത്തിരിക്കുന്നത്. ഇതിനായി നേതാക്കളേക്കാൾ അണികൾക്ക് ചെവികൊടുത്തപ്പോഴാണ് കെ സുധാകരന് അധ്യക്ഷ പദവി എത്തുന്നത്. താരിഖ് അൻവർ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ കോൺഗ്രസിലെ മുതിർന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരൻ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

സുധാകരന്റെ കണ്ണൂർ ശൈലി കോൺഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡർ പാർട്ടിയുമായ സിപിഎമ്മിനോട് ഏറ്റുമുട്ടുമ്പോൾ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ. മൂർച്ചയുള്ള ആക്രമണം നടത്താതെ അയഞ്ഞ ശൈലി പിന്തുടരുന്നത് പാർട്ടിയെ ഇനിയും തളർത്തുമെന്ന ഭയം സാധാരണ പ്രവർത്തകർക്കുമുണ്ട്. നേരത്തെ കെപിസിസി. അധ്യക്ഷസ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തെത്തിയപ്പോൾ, താൻ അതിന് യോഗ്യനാണെന്ന നിലപാട് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നാലെ പേരുകൾ പലതും ഉയർന്നുവന്നതോടെ സുധാകരൻ മൗനം പാലിച്ചു. സുധാകരനെ കൊണ്ടുവരൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന ഫ്ളക്സുകൾ കെപിസിസി. ആസ്ഥാനത്ത് ഉയർന്നപ്പോഴും സുധാകരൻ ഒന്നുംമിണ്ടിയില്ല.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിയമസഭാ തിരഞ്ഞെടുപ്പ് നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. എന്നാൽ പരാജയം രുചിക്കേണ്ടിവന്നു. കനത്തതോൽവിക്ക് പിന്നാലെ ആരാകും പ്രതിപക്ഷ നേതാവ് എന്നതിനെ ചൊല്ലിയുള്ള ചർച്ചയും പുകിലും പിന്നാലെയെത്തി. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടും ആരാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ നീക്കുപോക്കുണ്ടായില്ല. ഒടുവിൽ സമവായത്തിൽ സതീശൻ പ്രതിപക്ഷനേതൃസ്ഥാനത്തേക്കെത്തി. ഇതിനിടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെച്ചൊല്ലി ചെന്നിത്തലയും തോൽവിയെയും ഉത്തരവാദത്തെയും പരാമർശിച്ച് മുല്ലപ്പള്ളിയും സോണിയാ ഗാന്ധിക്ക് കത്തയച്ചെന്നും ഇല്ലെന്നും വാർത്തകൾ വന്നു.

തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നെന്നും രാജിവെക്കാൻ തയ്യാറാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറയുകയും ചെയ്തു. പുതിയ അധ്യക്ഷൻ വരുന്നതുവരെയേ താൻ സ്ഥാനത്ത് തുടരൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്മെന്റും ആയിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികൾ.

കണ്ണൂർ ചേരിയിലെ പിണറായി വിജയനോട് വാക്കുകൊണ്ടും കായികമായും ഏറ്റുമുട്ടി വളർന്ന രാഷ്ട്രീയക്കാരനാണ് കെ സുധാകരൻ. കോൺഗ്രസ്സുകാരനായിട്ടായിരുന്നു പൊതുപ്രവർത്തനത്തിന് തുടക്കമിട്ടതെങ്കിലും കോൺഗ്രസ്സ് പിളർന്നപ്പോൾ സുധാകരൻ സംഘടന കോൺഗ്രസ്സായി. അതിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ് (ഒ)യുടെ സംസ്ഥാന നേതാവായി. അവിടെ നിന്ന് ജനതാ പാർട്ടിയിലുമെത്തി. ജനതാപാർട്ടിയായിരിക്കെ 1980ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ജന്മനാടായ എടക്കാട്ട് നിന്ന്. പിണറായി വിജയൻ മൽസരിച്ച് മുഖ്യമന്ത്രിയായ ധർമ്മടം മണ്ഡലത്തിന്റെ ആദിരൂപമായിരുന്നു എടക്കാട്. 1980, 82ലും എടക്കാട്ട് നിന്ന് മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. 1987ൽ തലശ്ശേരിയിൽ നിന്ന് കോടിയേരിയെ നേരിട്ടെങ്കിലും തോൽവിയായിരുന്നു ഫലം.

1991ൽ എടക്കാട് മണ്ഡലത്തിൽ സിപിഎമ്മിലെ ഒ ഭരതനും സുധാകരനും തമ്മിൽ നടന്നത് അക്ഷരാർത്ഥത്തിൽ ജീവന്മരണ പോരാട്ടമായിരുന്നു. എന്തു വിലകൊടുത്തും ജയിച്ചേ തീരുവെന്ന വാശിയിൽ സുധാകനും സംഘവും; എന്തു സംഭവിച്ചാലും വിജയം വിട്ടു കൊടുക്കരുതെന്ന വീറിൽ സിപിഎമ്മും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നേരിയ വോട്ടിന് ഒ ഭരതൻ ജയിച്ചുകയറി. എന്നാൽ, സുധാകരന്റെ പോരാട്ടം അവിടെ നിന്നായിരുന്നു ആരംഭിച്ചത്. ഒ ഭരതൻ കള്ളവോട്ടിലാണ് ജയിച്ചതെന്ന് ഹൈക്കോടതിയിൽ പരാതിപ്പെട്ടു. കോടതി തിരഞ്ഞെടുപ്പ് രേഖകൾ പരിശോധിച്ച് കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. അണികൾ സുധാകരനെ ആനയിച്ച് ആഹ്ലാദ പ്രകടനം നടത്തി. അങ്ങിനെ ആദ്യമായി നിയമസഭയിലേക്ക്. ജയിച്ച് നിമയസഭ കയറുന്നത് സുധാകരനായതുകൊണ്ടു തന്നെ സിപിഎമ്മിന് സഹിക്കാനാവുമായിരുന്നില്ല. അവർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഒ ഭരതന്റെ വിജയം അംഗീകരിച്ചു.

അവിടുന്നങ്ങോട്ട് സുധാകരനും സിപിഎമ്മും തമ്മിലെ പോരാട്ടമായിരുന്നു കണ്ണൂരിൽ. കൊണ്ടും കൊടുത്തും എത്രയെത്ര സംഭവങ്ങൾ. നാൽപ്പാടി വാസു വധം, സേവറി ഹോട്ടലിലെ ബോംബെറ്, ഇ പി ജയരാജന് നേരെയുള്ള വെടിവെയ്‌പ്പ്, എകെജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ്. സുധാകരൻ നേരിട്ട് നയിച്ച രാഷ്ട്രീയ യുദ്ധങ്ങൾ. അതും സംസ്ഥാന നേതാക്കളുടെ യാതൊരു പിന്തുണയുമില്ലാതെ. സുധാകരനൊപ്പം എം വി രാഘവനും കൂടി ചേർന്നപ്പോൾ രക്തരൂക്ഷിത സംഘർഷമാണ് 1991-2000കാലയളവിൽ കണ്ണൂരിൽ നടന്നത്. ആ ചൂടിലും ചൂരിലും കത്തിയാളിയത് പറശ്ശിനിക്കടവ് സ്നേക് പാർക്കിലെ മിണ്ടാപ്രാണികളും കൂടിയായിരുന്നു. അവസാനം ആ പോര് കൂത്തുപറമ്പ് വെടിവെയ്‌പ്പിൽ കലാശിച്ചാണ് അടങ്ങിയത്.

സംഘടന കോൺഗ്രസ്സിലും അവിടെ നിന്ന് ജനതാപാർട്ടിയിലും പ്രവർത്തിച്ച് കോൺഗ്രസ്സിലേക്ക് സുധാകരൻ തിരിച്ചെത്തുന്നത് 1984ലാണ്. പാർട്ടിയിൽ കെ കരുണാകരനും എ കെ ആന്റണിയും പടവെട്ടുന്ന കാലത്ത്. വിദ്യാർത്ഥി-യുവജന നേതാവായി കണ്ണൂരിൽ പേരെടുത്ത സുധാകരനെ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ഐയോ എയോ തയ്യാറായില്ല. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി കെ പി നുറൂദ്ദീനും കെ കരുണാകരന് വേണ്ടി എൻ രാമകൃഷ്ണനും കണ്ണൂരിൽ ഗ്രൂപ്പ് പോര് നയിച്ച് കൊണ്ടിരിക്കുന്ന കാലത്ത്, ഇരുഗ്രൂപ്പുകാരും സുധാകരനെ അകറ്റിനിർത്തുന്നതിൽ തന്ത്രപരമായ ഐക്യം പുലർത്തി.

ഗ്രൂപ്പില്ലാതെ പാർട്ടിയിൽ നിലനിൽപ്പില്ലെന്ന് ബോധ്യമായ സുധാകരൻ പലതവണ കെ കരുണാകനെ കണ്ട് തന്നെ ഐഗ്രൂപ്പിലെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. എന്നാൽ, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടുകളായി തീരുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്കു വേണ്ടി സുധാകരൻ ശബ്ദിച്ചു കൊണ്ടിരുന്നു ഈയവസരത്തിലും. ഇന്നും കണ്ണൂരിൽ ഐ ഗ്രൂപ്പ് എന്നതിനേക്കാളേറെ സുധാകരന്റെ ഗ്രൂപ്പ് എന്നു പറയുന്നതായിരിക്കും രാഷ്ട്രീയ ശരി.

നൂറുദ്ദീനും പി രാമകൃഷ്ണനും എഗ്രൂപ്പിൽ നിന്നും എൻ രാമകൃഷ്ണനും എ പി ജയശീലനും ഐഗ്രൂപ്പിൽ നിന്നും സുധാകരന്റെ മേലോട്ടേക്കുള്ള വരവ് തടഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, 1991ലെ സംഘടനാ തിരഞ്ഞെടുപ്പ് ഇരുഗ്രൂപ്പുകാർക്കും കനത്ത പ്രഹരമുണ്ടാക്കി. കണ്ണൂരിലെങ്കിലും സുധാകരനെ അംഗീകരിക്കാതെ മുന്നോട്ടുപോവാനാവില്ലെന്ന് ഗ്രൂപ്പ് നേതാക്കൾക്ക് വ്യക്തമായി. അണികളുടെ പിന്തുണയോടെ സംഘടന തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റായി സുധാകരൻ കോൺഗ്രസ്സിന്റെ ഓദ്യോഗിക നേതൃസ്ഥാനത്തെത്തി. 10വർഷമാണ് ആ സ്ഥാനത്ത് സുധാകരൻ തുടർന്നത്. അതോടെ സുധാകരൻ ലീഡറുടെ ആളായി അറിയിപ്പെട്ടു.

അവിടെ കൂടുതൽ കാലം തുടരാൻ ആയില്ല. ഭൈമീകാമുകന്മാർ ഏറെയുള്ള ഐഗ്രൂപ്പിൽ സുധാകരന്റെ സാന്നിധ്യം അവർക്കൊക്കെ ഉറക്കം നഷ്ടപ്പെടുത്തി. അങ്ങിനെയാണ് വയലാർ രവിയുടെ പക്ഷത്തേക്ക് സുധാകരനെത്തുന്നത്. 2001-2006ൽ ആന്റണി മന്ത്രിസഭയിൽ വനം-സ്പോർട്സ് വകുപ്പ മന്ത്രിയായി. എന്നാൽ, മന്ത്രി പദവിയിൽ അഞ്ചുവർഷം തികയ്ക്കാൻ പാർട്ടിയിലെ രാഷ്ട്രീയ അസ്ഥിരത സമ്മതിച്ചില്ല. ആന്റണിമന്ത്രിസഭയെ രാജിവയ്‌പ്പിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസ്സിലെ മന്ത്രിമാരുടെ തലകളൊക്കെ ഉരുണ്ടു; കൂട്ടത്തിൽ സുധാകരന്റെയും.

താൻ നേതൃസ്ഥാനത്ത് എത്തുന്നത് തടയാൻ മുന്നിൽ നിന്ന എൻ രാമകൃഷ്ണനെയാണ് സുധാകരൻ 1996ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുത്തുന്നത് എന്നത് മറ്റൊരു രാഷ്ട്രീയ കഥ. രാമകൃഷ്ണൻ റിബലും സുധാകരൻ ഔദ്യോഗി സ്ഥാനാർത്ഥിയുമായതോടെ രാമകൃഷ്ണന് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി. പക്ഷെ വിജയം സുധാകരനൊപ്പം നിന്നു.

ലീഡറുടെ മരണത്തോടെ ശിഥിലമായ ഐ ഗ്രൂപ്പിനെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കാഡർ സംവിധാനത്തിൽ ചലിക്കുന്ന എ ഗ്രൂപ്പിനൊപ്പം കട്ടയ്ക്ക് നിർത്താൻ സുധാകരൻ കഠിന പ്രയത്നം ചെയ്തു. ഇതിനായി രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും തമ്മിൽ കൂട്ടിയിണക്കി. അവർ ഇണങ്ങിയോ എന്ന് ഉറപ്പുമില്ല. കടവുശിവദാസനും പി പി തങ്കച്ചനും കൂടെ നിന്നെങ്കിലും സുധാകരനെ ഗ്രൂപ്പ് നേതാവായി കാണാൻ ഇവരാരും താൽപ്പര്യപ്പെട്ടില്ല. ഇതോടെ സുധാകരൻ സംസ്ഥാന കോൺഗ്രസ്സിൽ ഏതുഗ്രൂപ്പിലാണെന്ന് വ്യക്തമല്ലാത്ത സ്ഥിതിയായി. വിശാല ഐഗ്രൂപ്പിലാണെന്ന് പറയുമ്പോഴും ഐ ഗ്രൂപ്പിലെ ഒരു നേതാവും സുധാകരനെ അടുപ്പിച്ചില്ല. വെട്ടൊന്ന് തുണ്ടം രണ്ടെന്ന ശൈലിയായിരുന്നു പലർക്കും സുധാകരനെ അനഭിമതനാക്കിയത്.

നേതാക്കളോട് പരസ്യമായി ഏറ്റുമുട്ടി എ പി അബ്ദുല്ലക്കുട്ടി കണ്ണൂർ സിപിഎമ്മിൽ കലഹമുണ്ടാക്കിയപ്പോ പിന്തുണയുമായി സുധാകരനായിരുന്നു അണിയറയിലുണ്ടായിരുന്നത്. എംഎൽഎയായിരിക്കെ 2009ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ച സുധാകരൻ പകരക്കാരനായി കണ്ണൂർ നിയമസഭ മണ്ഡലത്തിൽ മൽസരിപ്പിച്ചത് എ പി അബ്ദുല്ലക്കുട്ടിയെയായിരുന്നു. സിപിഎമ്മിന് കണ്ണൂരിൽ കൊടുക്കാവുന്ന രാഷ്ട്രീയ പ്രഹരമായിരുന്നു ആ തീരുമാനം.

കണ്ണൂരിലും അതുവഴി സംസ്ഥാന കോൺഗ്രസ്സിലും സജീവമായ സുധാകരനെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മൽസരിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ഗ്രൂപ്പ് നേതാക്കൾ കരകടത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് വഴി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിന് കെ സുധാകരൻ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഉദുമയിൽ മൽസരിച്ചെങ്കിലും തോറ്റു. 2019ൽ വൻഭൂരിപക്ഷത്തിൽ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു- സുധാകരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP