Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുടർ പരാജയങ്ങൾക്ക് ശേഷമുള്ള തകർപ്പൻ ജയത്തിൽ ആത്മവിശ്വാസമുയർത്തി കെ സുധാകരൻ; പിണങ്ങി പോയപ്പോൾ ഭരണം പോയ കണ്ണൂർ നഗരസഭ തിരിച്ചുപിടിക്കാൻ `ഇടത്` ഡെപ്യൂട്ടി മേയർ പികെ രാഗേഷിനെ തിരിച്ചെത്തിക്കും; നഗരസഭ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം പഴയ തട്ടകമായ കണ്ണൂർ നിയമസഭ മണ്ഡലം തിരിച്ച് പിടിക്കൽ; താൻ കാരണം പാർട്ടിക്ക് കൈവിട്ടതെല്ലാം ഒന്നിന് പുറകെ ഒന്നായി തിരിച്ച്പിടിക്കാനുറച്ച് കെ സുധാകരൻ

തുടർ പരാജയങ്ങൾക്ക് ശേഷമുള്ള തകർപ്പൻ ജയത്തിൽ ആത്മവിശ്വാസമുയർത്തി കെ സുധാകരൻ; പിണങ്ങി പോയപ്പോൾ ഭരണം പോയ കണ്ണൂർ നഗരസഭ തിരിച്ചുപിടിക്കാൻ `ഇടത്` ഡെപ്യൂട്ടി മേയർ പികെ രാഗേഷിനെ തിരിച്ചെത്തിക്കും; നഗരസഭ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം പഴയ തട്ടകമായ കണ്ണൂർ നിയമസഭ മണ്ഡലം തിരിച്ച് പിടിക്കൽ; താൻ കാരണം പാർട്ടിക്ക് കൈവിട്ടതെല്ലാം ഒന്നിന് പുറകെ ഒന്നായി തിരിച്ച്പിടിക്കാനുറച്ച് കെ സുധാകരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ കണ്ണൂർ കോർപ്പറേഷൻ തിരിച്ച് പിടിക്കാൻ കരുക്കൾ നീക്കി കണ്ണൂർ എംപി കെ സുധാകരൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ട് വിമതനായി പുറത്ത് പോയ പികെ രാഗേഷിന്റെ പിന്തുണയോടെയാണ് എൽഡിെഫ് നഗരസഭ ഭരിക്കുന്നത്. പാർട്ടിക്ക് പിന്തുണ നൽകിയ രാഗേഷിന് സിപഎം ഡെപ്യൂട്ടി മേയർ പദവിയും നൽകിയിരുന്നു.ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷുമായുള്ള ചർച്ച സുധാകരൻ നടത്തിയിരുന്നു. അതേ തുടർന്ന് രാഗേഷും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരും തെരഞ്ഞെടുപ്പിൽ കെ. സുധാകരന് പിൻതുണ നൽകിയിരുന്നു. ഇതിന്റെ അസ്വാരസ്യം എൽ.ഡി.എഫ് ഭരണത്തിലുള്ള കണ്ണൂർ കോർപ്പറേഷനിലെ ഭരണാനുകൂലികൾക്ക് ഉണ്ടായിരുന്നെങ്കിലും രാഗേഷിനെ നേരിട്ടെതിർക്കാൻ ആരും തയ്യാറായിരുന്നില്ല. കാരണം രാഗേഷിന്റെ ഒറ്റ വോട്ടിന്റെ ബലത്തിലാണ് കണ്ണൂർ കോർപ്പറേഷൻ സിപിഎം. മുന്നണി ഭരിക്കുന്നത്

സുധാകരനും രാഗേഷും തമ്മിലുള്ള പോരിന്റെ മഞ്ഞുരുകിയതുപോലെ വരും ദിവസങ്ങളിൽ ഭരണ മാറ്റത്തിന്റെ ചലനങ്ങൾ കണ്ണൂർ കോർപ്പറേഷനിൽ നടക്കും. രാഗേഷ് കോൺഗ്രസ്സിൽ തിരിച്ചെത്തുകതന്നെ ചെയ്യുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരിക്കയാണ്. രാഗേഷിന്റെ വരവിനെ എതിർക്കുന്ന കോൺഗ്രസ്സുകാരോട് മേൽ ഘടകം പറയുന്നത് അംഗീകരിക്കണമെന്നും സുധാകരൻ പരസ്യമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. രാഗേഷിനൊപ്പം പള്ളിക്കുന്ന് സോണിലുള്ള ചിലർക്ക് അടുത്ത വർഷം നടക്കുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകി പരിഗണിക്കാനും അണിയറയിൽ ചർച്ച നടക്കുന്നുണ്ട്. കോൺഗ്രസ്സ് നേതൃത്വവും കെ.സുധാകരനും ഇതിന് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ നാല് വർഷം മുമ്പ് കോൺഗ്രസ്സ് വിട്ട് ജനാധിപത്യ മുന്നണിയുണ്ടാക്കിയ പി.കെ. രാഗേഷിനും കൂട്ടാളികൾക്കും കോൺഗ്രസ്സിൽ ചേക്കേറാൻ ഇനി തടസ്സമൊന്നുമില്ല.

കെ.സുധാകരൻ കണ്ണൂർ ലോകസഭാ മണ്ഡലം വൻ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തതോടെ അടുത്ത ലക്ഷ്യം കണ്ണൂർ കോർപ്പറേഷനാണ്. അതിനാൽ വരും ദിവസങ്ങളിൽ തന്നെ കോർപ്പറേഷൻ യു.ഡി.എഫ് പിടിയിലാവും എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. സുധാകരന്റെ അടുത്ത അജണ്ട മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രതിനിധാനം ചെയ്യുന്ന കണ്ണൂർ നിയമസഭാ മണ്ഡലമാണ്. കോൺഗ്രസ്സിന്റെ കുത്തക സീറ്റായിരുന്ന ഈ മണ്ഡലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1100 ലേറെ വോട്ടിനാണ് നഷ്ടപ്പെട്ടു പോയത്. എക്കാലത്തും കോൺഗ്രസ്സ് കൈയടക്കി വച്ചിരുന്ന ഈ മണ്ഡലത്തിൽ കെ.സുധാകരൻ ഇപ്പോൾ നേടിയ ലീഡ് 23,423 വോട്ടുകളാണ്.

ഇതും തിരിച്ച് പിടിക്കാൻ സുധാകരൻ ലക്ഷ്യമിട്ട് കഴിഞ്ഞു. നേരത്തെ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ കെ.സുധാകരൻ മത്സരിച്ച് പി.കെ. ശ്രീമതിയോട് പരാജയപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് കണ്ണൂർ കോർപ്പറേഷനും നഷ്ടപ്പെട്ടത്. അതിന്റെ പ്രധാന കാരണം പള്ളിക്കുന്ന് മേഖലയിൽ പി.കെ. രാഗേഷ് പാർട്ടി വിട്ടതായിരുന്നു. തുടർന്ന് കണ്ണൂർ നിയമസഭാ മണ്ഡലവും കോൺഗ്രസ്സിനെ കൈവിട്ടു. ഈ മൂന്ന് പരാജയങ്ങളും കെ.സുധാകരനെ ഏൽപ്പിച്ച ആഘാതം നിസ്സാരമായിരുന്നില്ല. പാർട്ടിക്കകത്തും നിന്നും പുറത്തു നിന്നും സുധാകരനെതിരെ വെല്ലുവിളികളുയർന്നു. അതിന്റെയെല്ലാം ക്ഷീണം തീർത്തത് കണ്ണൂർ മണ്ഡലത്തിൽ നിന്നും 90,000 ലേറെ വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിന് വിജയിച്ചതോടെയാണ്.

അതുകൊണ്ടു തന്നെ താൻ കാരണം നഷ്ടപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കണ്ണൂർ കോർപ്പറേഷനും കണ്ണൂർ മണ്ഡലവും തിരിച്ച് പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് സുധാകരൻ. യു.ഡി.എഫിന്റെ പഴയ തട്ടകമായ ഈ മേഖലയിൽ വൻ ഭൂരിപക്ഷത്തിന് മുന്നിൽ നിൽക്കുന്നതും ആത്മവിശ്വാസം പകരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് വിധിയിലൂടെ കെ. സുധാകരൻ കൂടുതൽ കരുത്തനായിരിക്കയാണെന്ന് പി.കെ. രാഗേഷും ഒപ്പമുള്ളവരും കരുതുന്നു. പഴയ പിണക്കം മാറ്റി ഇരുവരും ഒരുമിക്കുകയാണെങ്കിൽ കോൺഗ്രസ്സിന് ഭരണ തലത്തിലും രാഷ്ട്രീയ തലത്തിലും നേട്ടമുണ്ടാക്കാനാവുമെന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ട്.

കണ്ണൂർ കോർപ്പറേഷനിലെ എല്ലാ മേഖലകളിലും യു.ഡി.എഫ് വൻ ഭൂരിപക്ഷമാണ് നേടിയത്. ഇക്കാരണങ്ങളാൽ അടുത്ത തെരഞ്ഞെടുപ്പിൽ അനായാസം കോർപ്പറേഷൻ ഭരണത്തിലെത്താൻ കഴിയും. യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശുമ്പോൾ ഇനിയും പിണങ്ങി നിന്നാൽ തങ്ങൾ കോൺഗ്രസ്സിന് പുറത്താകുമെന്ന ഭയവും രാഗേഷിനുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തണമെന്നാണ് രാഗേഷ് അനുകൂലികളുടേയും അഭിപ്രായം. യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം അംഗങ്ങളാണ് കോർപ്പറേഷനിലുള്ളത്. രാഗേഷിന്റെ ഒറ്റ വോട്ടിന്റെ ബലത്തിലാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്. ഏത് നിമിഷവും ഭരണം മാറുമെന്ന ഭയവും എൽ.ഡി.എഫിനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP