Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വി സി നിയമനത്തിൽ സർക്കാർ നിലപാട് ദുരൂഹം; കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർത്തത് ഇടതു ഭരണം; കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിർത്തി സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട നിയമനം നൽകുന്നു; സർക്കാറിനെതിരെ കെ സുധാകരൻ

വി സി നിയമനത്തിൽ സർക്കാർ നിലപാട് ദുരൂഹം; കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർത്തത് ഇടതു ഭരണം; കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിർത്തി സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട നിയമനം നൽകുന്നു; സർക്കാറിനെതിരെ കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാർ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. വി സി നിയമനത്തിൽ സർക്കാർ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാല ഭരണത്തിൽ കൈകടത്താനും പിൻവാതിൽ നിയമനങ്ങൾ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പുതിയ ബില്ല് കൊണ്ടുവരുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശയിൻ മേൽ സർക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലെ ഉദേശശുദ്ധി സംശയാസ്പദമാണ്.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർത്തത് ഇടതു ഭരണമാണ്. അദ്ധ്യാപക തലത്തിലുള്ള രാഷ്ട്രീയ നിയമനങ്ങൾ അതിന് വേഗം പകർന്നു. കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിർത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട നിയമനം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പ്രമുഖ സർവകലാശാലകളുടെ പട്ടികയിൽ നിന്നും കേരളത്തിലെ സർവകലാശാലകൾ പുറത്താകുന്നത് ഇത്തരം രാഷ്ട്രീയ അദ്ധ്യാപക നിയമനങ്ങളുടെ ഫലമാണ്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വിദ്യാഥികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്.

സർവകലാശാലകളിൽ പ്രഫസർമാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യത പരിശോധിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂടുതൽ വ്യക്തമാകും. മന്ത്രി പി രാജീവിന്റെ ഭാര്യക്ക് കൊച്ചി സർവകലാശാലയിൽ നിയമനം, മുൻഎംപി പി.കെ ബിജുവിന്റെ ഭാര്യയക്ക് കേരള സർവകലാശാലയിൽ നിയമനം,സ്പീക്കർ എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സർവകലാശാലയിൽ നിയമനം, എ.എൻ ഷംസീർ എംഎ‍ൽഎയുടെ ഭാര്യയെ കാലിക്കട്ട് സർവകലാശാലയിൽ നിയമിക്കാൻ നീക്കം അങ്ങനെ സർവകലാശാലകളെ തകർക്കുന്ന സിപിഎമ്മിന്റെ കൈകടത്തലുകളുടെ പട്ടിക നീണ്ടുപോകുകയാണ്. ഇത്തരം ക്രമവിരുദ്ധ നിയമനങ്ങൾ തുടരാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനുമാണ് വിസി നിയമനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ കുത്സിത നീക്കം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോ.പ്രഫസറായി നിയമിക്കാൻ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിക്കാൻ വഴിവിട്ട ഇടപെടലുകളാണ് നടത്തിയത്. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുൻവിധിയോടെയാണ് ഇന്റർവ്യൂ നടത്തിയതെന്ന ആക്ഷേപം വിവാദമാണ്.

റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ പ്രിയാ വർഗീസ് റിസർച്ച് സ്‌കോറിൽ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് 8 വർഷം അദ്ധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ പ്രിയാ വർഗീസിന് ആ യോഗ്യതയില്ല. എന്നിട്ടും അവരെ ഇന്റർവ്യൂവിന് പങ്കെടുപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഒന്നമാതെത്തിച്ചത് യുജിസി ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ്.എന്നാൽ ഈ നിയമനം ശരിവെയ്ക്കുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്.

സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം എത്രത്തോളം ഉണ്ടെന്ന് തെളിവാണ് വിസിയുടെ നിലപാട്. സർവകലാശാലകളിൽ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതും ആയിരിക്കും സർക്കാരിന്റെ പുതിയ ബില്ലെന്നും സുധാകരൻ പറഞ്ഞു. ഉന്നതനിലവാരത്തിന് പുകഴ്‌പെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് നാലാംകിട അദ്ധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാൻസലർമാരുടെയും ലാവണമായി.മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെ ഭാര്യയാണെന്ന മാനദണ്ഡം പരിഗണിച്ചാണ് മലയാളം പോലും അറിയാത്ത വ്യക്തികളെ ലക്ഷങ്ങൾ പ്രതിഫലം നൽകി മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി നിമയിക്കുന്നത്. ഈ രീതിയിലാണ് സർക്കാർ സർവകലാശാലകളിലെ അദ്ധ്യാപക നിയമനം നടത്തുന്നത്.

ഇത്തരം പിൻവാതിൽ നിയമനങ്ങൾ യഥേഷ്ടം നടത്തുന്നതിനാണ് വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പുതിയ നിലപാട്. രാഷ്ട്രീയ പിൻബലത്തിന്റെ മറവിൽ അദ്ധ്യാപകരാവുന്നവർക്ക് അക്കാദമിക് തലത്തിൽ പഠിപ്പിക്കാനുള്ള എന്ത് യോഗ്യതയും നിലവാരവും ഉണ്ടാകുമെന്നത് ചിന്തിക്കാവുന്നതെയുള്ളു. സർവകലാശാല അദ്ധ്യാപക നിയമനങ്ങൾ പാർട്ടിക്കാർക്ക് തീറെഴുതിയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും സർവകലാശാല ഭരണം പാർട്ടിയും സിപിഎം അദ്ധ്യാപക സംഘടനകളും ഏറ്റെടുത്തെന്നും സുധാകരൻ പറഞ്ഞു.

സർവകലാശാലകളിൽ അഴിമതിയും സ്വജനപക്ഷപാതവും ഇത്രയും നാൾ കൊടികുത്തി വാണിട്ടും ഗവർണർ നിശബ്ദത പാലിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് വഴിവിട്ട നിയമനം നൽകി ഹൈജാക്ക് ചെയ്തപ്പോൾ ഗവർണർ കുറ്റകരമായ മൗനമാണ് തുടർന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP