Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

'സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല; എന്നാൽ, കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയത് അറിയാം'; പതിവ് പല്ലവിക്കപ്പുറം പിണറായിയെ പ്രകോപിപ്പിച്ചത് തന്നെ ബ്രണ്ണനിൽ വച്ച് ചവിട്ടി വീഴ്‌ത്തിയെന്ന കെ.സുധാകരന്റെ പരാമർശം; ആരോപണങ്ങൾക്ക് മറുപടി നാളെയെന്ന് കെപിസിസി അദ്ധ്യക്ഷൻ പറയുമ്പോൾ കൊമ്പുകോർക്കുന്നത് കണ്ടാൽ ചിരിക്കാത്തവർ

'സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല; എന്നാൽ, കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയത് അറിയാം'; പതിവ് പല്ലവിക്കപ്പുറം പിണറായിയെ പ്രകോപിപ്പിച്ചത് തന്നെ ബ്രണ്ണനിൽ വച്ച് ചവിട്ടി വീഴ്‌ത്തിയെന്ന കെ.സുധാകരന്റെ പരാമർശം;  ആരോപണങ്ങൾക്ക് മറുപടി നാളെയെന്ന് കെപിസിസി അദ്ധ്യക്ഷൻ പറയുമ്പോൾ കൊമ്പുകോർക്കുന്നത് കണ്ടാൽ ചിരിക്കാത്തവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലശേരി ബ്രണ്ണൻ കോളേജിൽ പിണറായി വിജയനുമായി കെ.സുധാകരൻ കൊമ്പുകോർത്ത കഥകൾ ആരാധകർക്ക് പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി നടന്ന ബ്രണ്ണൻ ക്യാമ്പസിലായിരുന്നു സുധാകരന്റെയും കളികൾ. മനോരമആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ താൻ പിണറായിയെ ചവിട്ടി വീഴ്‌ത്തി എന്ന സുധാകരന്റെ പരാമർശം തീർച്ചയായും പിണറായിയെ പ്രകോപിപ്പിച്ചുവെന്ന് വ്യക്തം. കെപിസിസി അദ്ധ്യക്ഷനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത് തയ്യാറെടുത്ത് തന്നെയാണെന്നും വ്യക്തം.

കെ.സുധാകരൻ പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടെന്നതടക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങളിൽ മറുപടി നാളെയെന്ന് കെപിസിസി അദ്ധ്യക്ഷൻ അറിയിച്ചുകഴിഞ്ഞു. ' ഒരു ദിവസം സുധാകരന്റെ സുഹൃത്ത് രാവിലെ എന്റെ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞു; ഞാൻ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്; ആരോടും ഞാൻ പറഞ്ഞില്ല; ഇതെല്ലം കടന്നുവന്നതാണ്.... വിചാരിക്കുന്നത് പോലെ വിജയനെ വീഴ്‌ത്താൻ സുധാകരന് കഴിയില്ല, മുഖ്യമന്ത്രിയുടെ വാക്കുകളുടെ ചുരുക്കം ഇങ്ങനെയായിരുന്നു. പിണറായി വിജയനെ ചവിട്ടിവീഴ്‌ത്തി എന്ന കെ. സുധാകരന്റെ മനോരമആഴ്ചപതിപ്പിലെ പരാമർശത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സുധാകരൻ മറുപടി പറയുന്നതോടെ രാഷ്ട്രീയ ഗോദായിൽ പോരിന് തുടർച്ചയാകും.

മുഖ്യമന്ത്രി പറഞ്ഞത്

''ആർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാൽ തല്ലാമെന്നും ചവിട്ടി വീഴ്‌ത്താമെന്നും മനസിൽ കണ്ടിട്ടാകും. തീർത്തും വസ്തുതവിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെ സത്യം പറയാതിരിക്കും.''

''കെ.എസ്.എഫ്-കെ.എസ്.യു സംഘർഷത്തിനിടെ കോളേജിലെത്തിയ ഞാൻ അവിടെ സംഘർഷം ഒഴിവാക്കുകയാണ് ചെയ്തത്. ഞാൻ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്നില്ല. പരീക്ഷ വിദ്യാർത്ഥി മാത്രമാണ് ഞാൻ. പരീക്ഷ ബഹിഷ്‌കരണത്തിന്റെ ഭാഗമായി കെഎസ്.എഫിന്റെ സമരം നടക്കുകയാണ്. സമരത്തെ തടയാൻ കെഎസ്.യുകാർ എത്തി. സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങി. അന്ന് സുധാകരനെ എനിക്ക് അറിയില്ല. സംഘർഷത്തിൽ ഉൾപ്പെടാതിരിക്കാൻ നോക്കി. പക്ഷെ സംഗതി കൈ വിട്ടു പോയി. ഈ ചെറുപ്പക്കാരന്റെ നേരെ ഞാൻ പ്രത്യേക രീതിയിലൊരു ആക്ഷൻ ഞാൻ എടുത്തു. ശരീരം തൊട്ടില്ല. ഒന്നും ചെയ്തില്ല. ആക്ഷന് പിന്നാലെ ചില വാക്കുകളും പുറത്തുവന്നു. പിടിച്ചുകൊണ്ട് പോടാ, ആരാ ഇവൻ എന്നാണ് ഞാൻ പറഞ്ഞത്. ഇതാണ് സംഭവിച്ചത്. സുധാകരൻ ഒന്ന് മനസിലാക്കിക്കോ. വിദ്യാർത്ഥി അല്ലാത്തതുകൊണ്ട് മാത്രമാണ് ആ സംഘർഷം അവിടെ നിന്നത്. ഏതോ കത്തിയും കൊണ്ട് നടക്കുന്ന ഫ്രാൻസിസിന്റെ കാര്യവും പറഞ്ഞു. അങ്ങനെയൊരാൾ അവിടെ ഇല്ല. സ്റ്റേജിൽ വച്ച് തല്ലിയെന്നതും അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നെ ആക്രമിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. അതിന് ആരും എത്തിയിട്ടില്ല. പൊലീസുകാർ ചെയ്തത് മാത്രം ഈ ശരീരത്തിലുള്ളത്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് കാര്യത്തിന്..''

സുധാകരനെതിരെ അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ ഉന്നയിച്ച ആരോപണങ്ങൾ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണൻ സുധാകരന്റെ യഥാർത്ഥ സ്വഭാവം കേരളത്തിന് മുന്നിൽ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ എണ്ണിപ്പറഞ്ഞു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായി സുധാകരന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ടറിയാൻ പോകുന്ന പൂരം

സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത് പിണറായിക്ക് ഒത്തയാളാണെന്ന വിലയിരുത്തൽ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് ഒരു ചിരിയോടെ പിണറായി വിജയൻ മറുപടി പറഞ്ഞിട്ട് അധികമായില്ല. ആ സ്ഥാനത്തിന് പറ്റിയ ആളാണോ കെ സുധാകരൻ എന്നൊക്കെ ആ പാർട്ടിക്കാരാണ് തീരുമാനിക്കേണ്ടത്. അവരാണ് കെ സുധാകരനോട് ഇത്രയും കാലം അടുത്ത് നിന്ന് പ്രവർത്തിച്ചത്. ഈ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളാണ് വേണ്ടതെന്നാണ് ആ പാർട്ടിക്ക് തോന്നുന്നതെങ്കിൽ അവരുടെ ആവശ്യം അങ്ങനെയാകും. എല്ലാം കണ്ടറിയാമെന്ന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് പിണറായി വാർത്താസമ്മേളനം അവസാനിപ്പിച്ചിരുന്നു,

'കണ്ടാൽ ചിരിക്കാത്ത മുഖ്യമന്ത്രി'

ഈ മാസം 16-ാം തീയതിയാണ് കെ സുധാകരൻ കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്തത്. തന്റെ മുഖം കണ്ടാൽ ചിരിക്കുക പോലും ചെയ്യാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുധാകരൻ സ്ഥാനാരോഹണത്തിന് മുമ്പ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിണറായി വിജയന്റെ അനുഗ്രഹമാണ് കോവിഡ്. കോവിഡ് പ്രതിരോധത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു പിണറായി വിജയൻ. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരൻ അന്ന് പരിഹസിക്കുകയും ചെയ്തു.

'ചെത്തുകാരന്റെ മകൻ' പരാമർശം

തലശേരിയിൽ ഐശ്വര്യ കേരള യാത്രക്കിടെയാണ് സുധാകരന്റെ പരാമർശം. ചെത്തുകാരന്റെ വീട്ടിൽ നിന്ന് വന്ന പിണറായിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാങ്ങിയത് അഭിമാനിക്കാൻ വകയുള്ളതല്ലെന്നായിരുന്നു പരാമർശം. എന്നാൽ, സുധാകരന്റെ പരാമർശം തെറ്റായി കാണുന്നില്ല എന്നായിരുന്നു അന്നത്തെ പിണറായിയുടെ മറുപടി.

സുധാകരന്റെ പരാമർശം തെറ്റായി കാണുന്നില്ല. അച്ഛൻ ചെത്തുകാരനായിരുന്നുവെന്നത് താൻ തന്നെ പറഞ്ഞിരുന്നു. എന്റെ മൂത്ത ജേഷ്ഠൻ ആകാവുന്ന അത്രയും കാലം ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുജോലി അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറി ജോലിയിലേക്ക് മാറി. അതായിരുന്നു എന്റെ കുടുംബപശ്ചാത്തലം. ഇതൊക്കെ അഭിമാനമായാണ് ഞാൻ കാണുന്നത്. അതൊന്നു ഏതെങ്കിലും അപമാനമായി കാണുന്നില്ല. ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ മുതൽ സുധാകരനെ അറിയാം. ചെത്തുകാരന്റെ മകൻ എന്ന് കെ സുധാകരൻ പറഞ്ഞത് ആക്ഷേപമായി കാണുന്നില്ല. പരാമർശത്തിൽ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ ആക്രമ രാഷ്ട്രീയത്തിൽ അതേ നാണയത്തിൽ സിപിഎമ്മിനോട് കൊണ്ടും കൊടുത്തുമാണ് സുധാകരൻ മുന്നോട്ട് പോയത്. മിക്കപ്പോഴും സുധാകരനെ തെരുവിൽ നേരിട്ടു സിപിഎം. പൊതുവേ സമാധാന പ്രിയരായ കോൺഗ്രസുകാരെ ആയുധമണിയിച്ചു എന്ന ആരോപണം അന്ന് സുധാകരനെതിരെ ഉയർന്നു

കോൺഗ്രസിൽ സിപിഎമ്മിനോടും പിണറായി വിജയനോടും മല്ലിട്ട് നിൽക്കാൻ കെ.സുധാകരനല്ലാതെ ആരുമില്ല എന്ന അണികളുടെ ആവേശമാണ് കണ്ണൂരിലെ നേതാവിനെ കെപിസിസി അദ്ധ്യക്ഷനായി വാഴിക്കാൻ ഒരുകാരണം. ഗ്രൂപ്പ് വടംവലിക്ക് ഇടയിൽ പെട്ട വി എം.സുധീരന് പൊള്ളി പുറത്തുപോകേണ്ടി വന്നു. മുല്ലപ്പള്ളിക്കാകട്ടെ എങ്ങും തൊടാത്ത നയം കാരണം അപ്രസക്തനാകേണ്ടിയും വന്നു. ഏതായാലും കെ.സുധാകരൻ തുടക്കത്തിലേ വെടികൾ പൊട്ടിച്ചുതുടങ്ങി. ബിജെപിയല്ല, സപിഎമ്മാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മനോരമ ആഴ്ചപതിപ്പിന് കെ.സുധാകരൻ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ പിണറായിയെ പ്രകോപിപ്പിച്ചത്

ബ്രണ്ണൻ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവർത്തന അനുഭവങ്ങളാണ് സുധാകരൻ തുറന്നുപറയുന്നത്. പിണറായി വിജയനെ താൻ ചവിട്ടി വീഴ്‌ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ:

'എസ്എഫ്ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെഎസ്‌യുവിന്റെ പ്ലാൻ. രണ്ടാം വർഷ വിദ്യാർത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എകെ ബാലന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഘടിച്ചു വന്നു. ഞാൻ രണ്ടാം നിലയിലെ കോണിപ്പടിയിൽ നിൽക്കുകയായിരുന്നു. ബാലൻ ഉൾപ്പെടെ എല്ലാവരേയും കെഎസ്‌യുക്കാർ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയൻ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാൻ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവർ ആർപ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെഎസ്‌യു പ്രവർത്തകർ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.''

ക്യാമ്പസിൽ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാൻസിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരൻ പറയുന്നുണ്ട്. 'ഒരിക്കൽ എസ്എഫ്ഐ പ്രവർത്തകരെ ഫ്രാൻസിസ് മർദ്ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാൻസിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാൻസിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടത്. ഫ്രാൻസിസിന്റെ ആക്രമണത്തിനു പിന്നാലെ ഞാനും പ്രവർത്തകരും പിണറായിയെ തല്ലിയോടിച്ചു.'': സുധാകരൻ പറഞ്ഞു.

സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല. എന്നാൽ, കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയത് അറിയാം' എന്ന് സുധാകരൻ കൂടെക്കൂടെ പറയാറുണ്ട്. പിണറായിക്ക് ഒരു എതിരാളിയായി എന്നും അണികൾ കരുതുന്നതുകൊണ്ട് തന്നെ ബ്രണ്ണൻ കഥകൾ പറയുമ്പോൾ സുധാകരന് ആവേശം കൂടും. സിപിഎമ്മിനും പിണറായിക്കും എതിരെ നേർക്കുനേർ നിന്നുപോരാടാൻ വേറെ ആരുമില്ലെന്ന് അണികൾക്കും ബോധ്യമുണ്ട്. ആരാടാ എന്നുചോദിച്ചാൽ ഞാനാടാ..എന്ന് പറയുന്ന പ്രകൃതം.

ഏന്തായാലും 72 വയസുകാരനായ സുധാകരൻ ഇനി അടിപിടിക്കൊന്നും പോവില്ല. നേരവുമില്ല. എന്നാൽ, നാക്കുകൊണ്ടുള്ള പോര് തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. സംഘാടകൻ എന്ന നിലയിൽ എങ്ങനെ സുധാകരൻ ഷൈൻ ചെയ്യുമോ എന്നാണ് നേതാക്കൾ ഉറ്റുനോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും പാർട്ടിയെ അടിത്തട്ട് മുതൽ കെട്ടുറപ്പുള്ളതാക്കണം. രാഹുൽ ഗാന്ധിയുടെ ഉറച്ച പിന്തുണ കൂടി ഉള്ളതുകൊണ്ട് ആ വെല്ലുവിളിയും നേരിടാം. അതിനിടയ്ക്ക് ബ്രണ്ണൻ കഥകൾ പൊട്ടിക്കുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP