Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തരുത് എന്ന ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ച് കെ.സുധാകരൻ; മന: സാക്ഷി വോട്ട് ചെയ്യണമെന്ന മുൻ നിലപാടിൽ നിന്ന് മലക്കം മറിച്ചിൽ; ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തും ഊർജ്ജവും പകരുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ

ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തരുത് എന്ന ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ച് കെ.സുധാകരൻ; മന: സാക്ഷി വോട്ട് ചെയ്യണമെന്ന മുൻ നിലപാടിൽ നിന്ന് മലക്കം മറിച്ചിൽ; ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തും ഊർജ്ജവും പകരുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാടിൽ നിന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ പിന്മാറി. നേരത്തെ പ്രവർത്തകർക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്ന സുധാകരൻ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ്. അദ്ദേഹം മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാർജുന ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തും ഊർജ്ജവും പകരുമെന്ന് സുധാകരൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന നേതൃത്വത്തിന്റെ നിർദ്ദേശം നിലനിൽക്കെയാണ് സുധാകരന്റെ പ്രതികരണം.

അധികാരസ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാർഗെ എല്ലാ തലമുറകളോടും ഒരുപോലെ സംവദിക്കാൻ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖർഗെയ്ക്ക് കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.

കെ സുധാകരന്റെ പ്രസ്താവന:

പരിണതപ്രജ്ഞനായ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയെ പോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോൺഗ്രസിനെ നയിക്കാൻ ഏറ്റവും ഉചിതം. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാർജുന ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തും ഊർജ്ജവും പകരും.

ആറുപതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തിൽ എന്നും മതേതര ആശങ്ങൾ മുറുകെ പിടിച്ച നേതാവാണ് ഖർഗെ. ആർഎസ്എസ്,സംഘപരിവാർ ശക്തികളോട് ഒരിക്കലും സന്ധിചെയ്യാത്ത നേതാവ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ഖാർഗെ പടിപടിയായാണ് കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് ഉയർന്നത്. ഒരു ഘട്ടത്തിലും അധികാരസ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാർഗെ എല്ലാ തറമുറകളോടും ഒരുപോലെ സംവദിക്കാൻ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖർഗെയ്ക്ക് കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും കൃത്യമായി തിരിച്ചറിയാൻ കഴിയും.

രാജ്യത്തിന് ഭീഷണിയായ വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നും അകറ്റുന്നതിനും മതേതര ജനാധിപത്യചേരി ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഊട്ടിഉറപ്പിക്കുന്നതിനും പ്രാപ്തിയും ആർജ്ജവവും അദ്ദേഹത്തിനുണ്ട്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോകസഭയിൽ കക്ഷിനേതാവായി മല്ലികാർജുന ഖാർഗെയെ തെരഞ്ഞെടുത്തപ്പോൾ പലരും ആശങ്കകൾ പങ്കുവച്ചു. എന്നാൽ ഈ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിയുള്ളതായിരുന്നു പാർലമെന്റിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രകടനം.

പരിമിതമായ അംഗബലത്തിലും മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാരിനെതിരെ ധീരമായ പോരാട്ടമാണ് ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത്. നിലവിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെത് മികച്ച പ്രവർത്തനമാണ്. ഇതൊക്കെ കൊണ്ടുതന്നെയാണ് പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെ കോൺഗ്രസിനെ നയിക്കാൻ എത്തുന്നത് പ്രത്യാശയും പ്രതീക്ഷയും നൽകുന്നത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് എ.ഐ.സി.സിയിലേക്ക് നടക്കുകയെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ച് പ്രവർത്തിച്ച കോൺഗ്രസിൽ ആരോഗ്യപരമായ മത്സരം സംഘടനാ രംഗത്ത് നടക്കുന്നത് വളരെ പ്രതിക്ഷയോടെയാണ് ഓരോ പ്രവർത്തകനും നോക്കികാണുന്നത്. എന്നാൽ ഈ മത്സരത്തിന് വിഭാഗീയതുടെ നിറം നൽകി ദുഷ്ടലാക്കോടെ നോക്കി കാണുന്ന ശക്തികൾ കോൺഗ്രസിൽ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീർത്ത് മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നുമാണ് കെ. സുധാകരൻ രണ്ടുദിവസം മുമ്പ് പറഞ്ഞത്. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും അടക്കമുള്ള മുതിർ നേതാക്കൾ ഖാർഗെക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഹൈക്കമാൻഡ് നിർദ്ദേശം ഇങ്ങനെ:

അദ്ധ്യക്ഷ തെരഞ്ഞടുപ്പിനുള്ള മാർഗനിർദ്ദേശങ്ങൾ ഹൈക്കമാൻഡ് പുറത്തിറക്കി. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ പ്രചരണത്തിനിറങ്ങരുത്. ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തരുത്. പ്രചരണം നടത്താൻ താത്പര്യമുള്ള ഉന്നത സ്ഥാനത്തിരിക്കുന്നവർ പദവി രാജിവെക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. പിസിസി അദ്ധ്യക്ഷന്മാർ യോഗം വിളിക്കരുത്. ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കേർപ്പെടുത്തി.

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റിയാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്. സ്ഥാനാർത്ഥികളായ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ശശി തരൂർ എംപിക്കും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. സ്ഥാനാർത്ഥികൾക്ക് വോട്ടർമാരായ പിസിസി പ്രതിനിധികളുമായി കൂടിക്കാഴ്‌ച്ചക്ക് സൗകര്യമൊരുക്കണം. മാർഗനിർദ്ദേശങ്ങളിൽ വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം. ഇത്തരം നടപടികൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP