Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ ഗാന്ധിയുടെ വേഗതക്കൊപ്പം എത്താൻ പാടുപെട്ട് നേതാക്കൾ; മിക്ക നേതാക്കളും ഇടയ്ക്കിടെ ബ്രേക്കെടുക്കുമ്പോൾ രാഹുലിനൊപ്പം കേരളം മുഴുവൻ നടക്കാൻ കെ മുരളീധരൻ; 'നടക്കാത്തവർ വേദിയിൽ' ഇടം പിടിച്ചപ്പോൾ പ്രവർത്തകർക്കൊപ്പം നിലത്തിരുന്ന മുൻ കെപിസിസി അധ്യക്ഷൻ; ജോഡോ യാത്ര തീരും വരെ ഇനി നിലത്തേ ഇരിക്കൂവെന്ന് മുരളി

രാഹുൽ ഗാന്ധിയുടെ വേഗതക്കൊപ്പം എത്താൻ പാടുപെട്ട് നേതാക്കൾ; മിക്ക നേതാക്കളും ഇടയ്ക്കിടെ ബ്രേക്കെടുക്കുമ്പോൾ രാഹുലിനൊപ്പം കേരളം മുഴുവൻ നടക്കാൻ കെ മുരളീധരൻ; 'നടക്കാത്തവർ വേദിയിൽ' ഇടം പിടിച്ചപ്പോൾ പ്രവർത്തകർക്കൊപ്പം നിലത്തിരുന്ന മുൻ കെപിസിസി അധ്യക്ഷൻ; ജോഡോ യാത്ര തീരും വരെ ഇനി നിലത്തേ ഇരിക്കൂവെന്ന് മുരളി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കരുനാഗപ്പള്ളിയിലാണ് സമാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രവർത്തകർക്ക് ആവേശം വിതറി യാത്ര നടക്കുമ്പോഴും നേതാക്കളിൽ പലരും നടന്നു കുഴഞ്ഞ അവസ്ഥയിലാണ്. കെ സി വേണുഗോപാൽ അടക്കമുള്ളവർ രാഹുലിന്റെ വേഗതക്ക് ഒപ്പമെത്താൻ ബുദ്ധിമുട്ടുകയാണ്്. അതേസമയം യാത്ര പാറശ്ശാലയിൽ പ്രവേശിച്ചത് മുതൽ കെ മുരളീധരൻ ഒപ്പം നടക്കുന്നുണ്ട്. ഇനി രാഹുൽ കേരളം കടക്കുന്നത് വരെ ഒപ്പം സഞ്ചരിക്കാനാണ് കെ മുരളീധരന്റെ നീക്കം.

ജോഡോ യാത്രക്കിടെ വേദിയിൽ ഇരിപ്പിടം കിട്ടാത്തതോടെ മുരളീധരൻ പ്രവർത്തകർക്കൊപ്പം മണ്ണിൽ ഇരുന്നതും വാർത്തകളിൽ ഇടംപിടിച്ചു. കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന പരിപാടി നിലത്തിരുന്നാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ കണ്ടത്. യാത്ര കഴിയുന്നതുവരെ താൻ സ്റ്റേജിൽ കയറില്ലെന്ന് കെപിസിസി പ്രചാരണ കമ്മിറ്റി ചെയർമാൻ കൂടിയായ കെ മുരളീധരൻ പറഞ്ഞു.'നടക്കാത്തവർ വേദിയിലും, നടക്കുന്നവർ മുഴുവൻ പുറത്തുമാണ്. നടക്കാത്തവർ വേദിയിൽ തിക്കിത്തിരക്കുന്നത് കാരണം ഇനി മുഴുവൻ നിലത്തിരിക്കാനാണ് തീരുമാനം. സ്റ്റേജിൽ ഇനി കയറില്ല. രാഹുൽ ഗാന്ധിക്ക് ഒപ്പം കേരള അതിർത്തി വരെ നടക്കും,' കെ മുരളീധരൻ പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടിൽ നിന്ന് കേരള അതിർത്തിയായ പാറശ്ശാലയിൽ പ്രവേശിച്ചത് മുതൽ കെ മുരളീധരൻ ഒപ്പം നടക്കുന്നുണ്ട്. ഇത്ര ദിവസമായിട്ടും ഒരു വേദിയിലും മുൻ കെപിസിസി അദ്ധ്യക്ഷന് ഇടം കിട്ടിയില്ല. ഇതിൽ അൽപ്പം അമർഷത്തിലുമാണ് മുരളീധരൻ. രാഹുലിന്റെ ദിനചത്രക്കൊപ്പാമാണ് ഭാരത് ജോഡോ യാത്രയും മുന്നേറുന്നത്.

കണ്ടെയ്‌നറിൽ ചെറിയൊരു മുറിയുടെ വലുപ്പത്തിൽ തയാറാക്കിയ അറയിൽ കേവലം 4 മണിക്കൂറാണു രാഹുലിന്റെ ഉറക്കം. പുലർച്ചെ 5 മുതൽ അർധരാത്രിയും പിന്നിട്ടു നീളുന്നതാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ഒരു 'പകൽ'. യാത്രയിൽ ഇന്നലെ വിശ്രമ ദിനമായിരുന്നു. ദിവസം 25 കിലോമീറ്ററാണ് ദിവസം ശരാശരി നടത്തം. രാവിലെ 7 നു പദയാത്ര ആരംഭിക്കുമ്പോൾ കാണപ്പെടുന്ന അതേ ഉത്സാഹത്തോടെ രാത്രി വൈകിയും രാഹുൽ നിൽക്കും.

ശീതീകരിച്ച കണ്ടെയ്‌നർ മുറിയിൽ ശുചിമുറിക്കു പുറമെ ആകെയുള്ളത് കിടക്കയും തലയിണയും ചെറിയൊരു അലമാരയും സോഫയും. പുലർച്ചെ 5 മണിക്ക് രാഹുൽ ഉണരും. 6 മണിയോടെ കുളിച്ചു ഫ്രഷ്. ആറരയോടെ സംഘാംഗങ്ങൾക്കൊപ്പം ക്യാംപിലെ ഡൈനിങ് ഹാളിൽ പ്രഭാത ഭക്ഷണം. പദയാത്രികരിൽ 34 പേരെ വീതം ഈ സമയം രാഹുൽ പ്രത്യേകം കാണും. വീട്ടിലെ വിശേഷങ്ങൾക്കു പുറമെ അസൗകര്യങ്ങൾ വല്ലതുമുണ്ടോയെന്നു വരെ തിരക്കും. പദയാത്രാ സംഘത്തിന്റെ ഭക്ഷണക്കാര്യങ്ങൾ നോക്കാൻ ഓരോ സംസ്ഥാനത്തും പ്രത്യേക സംഘങ്ങളുണ്ട്. ഇഡ്ഡലി, പൂരി, റൊട്ടി, വടാപ്പാവ് തുടങ്ങിയവയിൽ ഏതെങ്കിലുമാകും പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ചോറും റൊട്ടിയും മീൻകറിയോ ചിക്കൻകറിയോ ഉണ്ടാകും. ക്യാംപിൽ രാവിലെ 6.45 നു പതാക ഉയർത്തി കൃത്യം 7 നു പദയാത്ര തുടങ്ങും.

ഡൽഹിയിലുള്ള ദിവസങ്ങളിൽ രാവിലെ 2 മണിക്കൂർ വരെ ട്രെഡ്മില്ലിൽ രാഹുൽ നടക്കാറുണ്ട്. ഐക്കിഡോ ആയോധന കലയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ രാഹുലിന്റെ പ്രധാന ഇഷ്ടങ്ങളിൽ സൈക്കിളിങ്ങും സ്‌കൂബാ ഡൈവിങ്ങുമുണ്ട്. ദിവസവും 25 കിലോമീറ്റർ വരെ നടന്നിട്ടും പ്രസരിപ്പോടെ നിൽക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ലെന്നു സഹപ്രവർത്തകർ. യാത്രക്കിടെ രാഹുലിനെ കാണാൻ നിരവധി പേർ എത്തുന്നുണ്ട്.

പദയാത്രയ്ക്കിടെ ചായക്കടയിൽ കയറിയോ വിശ്രമ സ്ഥലത്തു നിന്നോ ചായയോ ലഘുഭക്ഷണമോ കഴിച്ചാലായി. ഇടയ്ക്കിടെ കുടിക്കാൻ വെള്ളം സഹായി കൂടെക്കരുതും. സഹായികളായി മലയാളികളായ കെ.ബി ബൈജുവും ഫോട്ടോഗ്രാഫർ ബേസിൽ രാജും ഒപ്പം അലങ്കാർ സവായിയും രാം പ്രീതും ഉണ്ട്. വയനാട് എംപി ഓഫിസിലെ രാഹുൽ രവി, റാഫി എന്നിവർ പുറമെ. എഐസിസി ഓഫിസിലെ മീഡിയ കോഓർഡിനേറ്റർ അടക്കം പ്രത്യേക സംഘവും അനുഗമിക്കുന്നു.

60 കണ്ടെയ്‌നറുകളിലായാണു പദയാത്രികർക്കും നേതാക്കൾക്കുമായി ഒരുക്കിയിട്ടുള്ളത്. ഇവയിൽ ആകെ 230 പേർക്കു താമസിക്കാം. ഒന്ന്, 2, 4, 12 കിടക്കകൾ വീതം ഇടാനുള്ള സൗകര്യമാണു ഓരോ കണ്ടെയ്‌നറിലും. ശുചിമുറികളും ഡൈനിങ് ഹാളും ഒരുക്കിയ കണ്ടെയ്‌നറുകളും വേറെയുണ്ട്. പദയാത്രികർക്കു ഡോക്ടറുടെയും ഫിസിയോ തെറപ്പിസ്റ്റിന്റെയും സേവനം കണ്ടെയ്‌നറുകളിൽ ലഭ്യമാണ്. തുണി അലക്കാനും സംവിധാനമുണ്ട്. രാത്രി എത്ര വൈകിയാലും സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഫോണിൽ വിശേഷം പങ്കുവയ്ക്കാൻ രാഹുൽ മറക്കില്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി അടക്കമുള്ള നേതാക്കളുമായുള്ള ചർച്ച കഴിയുമ്പോൾ അർധരാത്രി പിന്നിടും. ഉറങ്ങാൻ കിടക്കുമ്പോൾ പുറത്ത് ആ ദിവസത്തെ ആവേശവിളികൾ ഉണർന്നിട്ടുണ്ടാകും.

കന്യാകുമാരി മുതലുള്ള യാത്രയിൽ ചർച്ചയാകുന്നത് രാഹുൽ ഗാന്ധിയുടെ നടത്തത്തിന്റെ വേഗതയാണ്. കേരളത്തിലെയും പുറത്തുമുള്ള നേതാക്കൾ ഒപ്പമെത്താൻ കിതയ്ക്കുന്നത് ഇടയ്‌ക്കെങ്കിലും കാണാം. തിക്കിലും തിരക്കിലും പെട്ട് രാഹുൽ നടത്തം തുടരും. രാഹുലേ, പതിയെ എന്ന് മനസ്സിൽ പറഞ്ഞ് പിന്നാലെ ബാക്കിയുള്ളവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP