Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202307Thursday

ആളുകളെ വിലകുറച്ചു കണ്ടാൽ മെസിക്ക് പറ്റിയതുതന്നെ പറ്റും; സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിക്ക് തലയിൽ മുണ്ടിട്ട് പോവേണ്ടി വന്നു; നമ്മൾ ഒരാളെ വിലയിരുത്തുമ്പോൾ അത് തരം താഴ്‌ത്തലിലേക്ക് പോവേണ്ട; ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല; തരൂരിനെ പിന്തുണച്ച് സതീശനെ തള്ളി കെ മുരളീധരൻ

ആളുകളെ വിലകുറച്ചു കണ്ടാൽ മെസിക്ക് പറ്റിയതുതന്നെ പറ്റും; സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിക്ക് തലയിൽ മുണ്ടിട്ട് പോവേണ്ടി വന്നു; നമ്മൾ ഒരാളെ വിലയിരുത്തുമ്പോൾ അത് തരം താഴ്‌ത്തലിലേക്ക് പോവേണ്ട; ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല; തരൂരിനെ പിന്തുണച്ച് സതീശനെ തള്ളി കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ വിമർശിച്ച് കെ. മുരളീധരൻ എം പി. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പിൻവലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയ്ക്കെതിരായുള്ള ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്ന തരൂരിന് കോൺഗ്രസിലെ ചിലരുടെ ഇടപെടൽകൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാർത്ത വന്നിരുന്നുവെങ്കിൽ അത് കോൺഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. പക്ഷെ ഒരു സംഘടന അതേറ്റെടുത്ത് സെമിനാർ നടത്തി. കോൺഗ്രസിന്റെ ആശയങ്ങൾ അദ്ദേഹം വ്യക്തമായി സംസാരിച്ചു.

ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിക്ക് തലയിൽ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മൾ ഒരാളെ വിലയിരുത്തുമ്പോൾ അത് തരം താഴ്‌ത്തലിലേക്ക് പോവേണ്ടെന്നും ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

പൊതുവേദികളിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും അവകാശമുണ്ട്. മലപ്പുറത്തെത്തുമ്പോൾ പാണക്കാട് തങ്ങളെ എല്ലാ കോൺഗ്രസുകാരും കാണാറുണ്ട്. യുഡിഎഫിന്റെ ഘടകക്ഷി നേതാവും ആത്മീയ നേതാവുമാണ് തങ്ങൾ. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുമ്പോൾ തലേന്ന് പെയ്ത മഴയെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമല്ല ചർച്ച ചെയ്യുക. പാർട്ടിയും മുന്നണിയും എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങിയ രാഷ്ട്രീയം തന്നെയാണ് ചർച്ച ചെയ്യുക. അദ്ദേഹം നടത്തിയ എല്ലാ പൊതുപരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.

അതിനിടെ ശശി തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി. ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എന്നിവർക്കാണ് കത്തയച്ചത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു. കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്നായിരുന്നു പിന്മാറ്റം.

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറിയതെന്നാണ് ആരോപണമുയർന്നത്. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, ഇവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

വിഭാഗീയ പ്രവർത്തനമെന്ന വിമർശനത്തിനിടെ മലബാർ പര്യടനം തുടരുകയാണ്. യൂത്ത് കോൺഗ്രസ് തീരുമാനത്തിനെതിരെ നേരത്തെ എം.കെ. രാഘവൻ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തരൂരിനുള്ള വിലക്കിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. വിലക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരണം. വിഷയം വരും നാളുകളിൽ സംസ്ഥാന കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP