Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് നിരന്തര അവഗണന കാരണം; പ്രവർത്തക സമിതിയിൽ വെട്ടിയത് സർവീസ് ബ്രേക്ക് പറഞ്ഞ്; നിയമസഭയിലേക്ക് മന്ത്രിയാക്കില്ല; കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ

മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് നിരന്തര അവഗണന കാരണം; പ്രവർത്തക സമിതിയിൽ വെട്ടിയത് സർവീസ് ബ്രേക്ക് പറഞ്ഞ്; നിയമസഭയിലേക്ക് മന്ത്രിയാക്കില്ല; കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരനും രംഗത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും പ്രധാനമായി ഉന്നമിട്ടാണ് കെ മുരളീധരൻ രംഗത്തുവന്നത്. പ്രവർത്തക സമിതിയിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കാതെ പോയതിന്റെ നിരാശയിലാണ് മുരളി. സംസ്ഥാന നേതൃത്വത്തെ നിരന്തരം വിമർശിച്ചു ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധപിടിച്ചു പറ്റാനും പാർട്ടിയിൽ അസംതൃപ്തരെ ഉൾപ്പെടുത്തി പുതുചേരിക്കുമാണ് മുരളീധരൻ ഒരുങ്ങുന്നത്. ഇതിന്റെ സൂചനയെന്ന നിലയിലാണ് ഇപ്പോൾ തുറന്നടിച്ചു രംഗത്തെത്തിയതും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പരസ്യമായി മുരളീധരൻ പ്രഖ്യാപിച്ചതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ മുരളിയെ അവഗണിക്കാനാണ് നീക്കം. ഇത് കൂടി തിരിച്ചറിഞ്ഞാണ് മുരളീധരൻ വീണ്ടും രംഗത്തുവന്നത്. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവർത്തകസമിതയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് സർവീസ് ബ്രേക്ക് പറഞ്ഞ് ചിലർ വെട്ടിയെന്നും എന്നാൽ തന്റെ ബ്രേക്കിനോളം സർവീസില്ലാത്തവരാണ് പ്രവർത്തക സമിതിയിലെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ കുറപ്പെടുത്തി.

നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാലും താൻ മന്ത്രിയാകില്ല. അപ്പോഴും തഴയാൻ ന്യായീകരണങ്ങളുണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. പുതുപ്പള്ളിയിൽ താരപ്രചാരകരുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്താഞ്ഞത് മനപ്പൂർവമാണ്. മികച്ച വിജയമുണ്ടായത് പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തേക്കാളുപരി സംസ്ഥാന സർക്കാരിൽ നിന്ന് ജനങ്ങൾക്ക് ദുരനുഭവങ്ങൾ ഏറെയുണ്ടായതുകൊണ്ടാണ്.

അടുത്ത തവണ യുഡിഎഫിന് ഭരണം ലഭിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. എന്നാലിപ്പോൾ പടവെട്ടാനുള്ള സാഹചര്യമല്ല എന്നതുകൊണ്ടാണ് പലകാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നതെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായതിനെ കുറിച്ചും മുരളീധരൻ രംഗത്തുവന്നിരുന്നു. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മുരളീ പറഞ്ഞു.കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും അതേ കുറിച്ച് ഇനി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർച്ചു.

'അന്ന് തനിക്കൊരു മെച്ചം കിട്ടി. വട്ടിയൂർകാവിൽ എംഎൽഎയായതുകൊണ്ട് മന്ത്രിയായില്ലെങ്കിൽ കൂടി തിരുവനന്തപുരം നഗരത്തിൽ നിറഞ്ഞുനിൽക്കാൻ പറ്റി. അന്ന് താൻ മന്ത്രിയാകാതിരിക്കാൻ ആരൊക്കെ നീക്കം നടത്തിയെന്നൊക്കെ അറിയാം. കഴിഞ്ഞുപോയ വിഴുപ്പ് ഇനി അലക്കിയിട്ട് കാര്യമില്ല. സ്വാഭാവികമായി മന്ത്രി സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചു. അന്നും ഞാൻ പരാതി പറയാൻ പോയില്ല, ചോദിക്കാനും പോയില്ല. ആ സമയത്തൊക്കെ കൊടുത്തേ ശീലമുള്ളൂ, വാങ്ങി ശീലമില്ല'- കെ മുരളീധരൻ പറഞ്ഞു.

അതേസമയം ചെന്നിത്തയും സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തിയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നിൽ നിൽക്കവേയാണ് നേതാക്കൾ ഉടക്കുമായി രംഗത്തു വരുന്നതെന്നും ശ്രദ്ധേയമാണ്. അടൂർ പ്രകാശിനെയും കെ. മുരളീധരനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ പാടില്ലായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞത് പുതിയ പോരിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു.

നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റി തന്റെ കൂടെ ആളെ കൂട്ടാനുള്ള തന്ത്രമാണ് ചെന്നിത്തലയുടെ പ്രസ്താവനയും കരുനീക്കങ്ങളും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർ മത്സരിക്കണമെന്നാണ് എഐസിസിയുടെ തീരുമാനം. എന്നാൽ കെ. മുരളീധരനും അടൂർ പ്രകാശിനും നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യം. കെ. മുരളീധരനന് കെപിസിസി അധ്യക്ഷ പദവിയിലാണ് നോട്ടം.

കെ. കരുണാകരനുണ്ടായിരുന്ന എൻഎസ്എസിലെ സ്വാധീനം കെ. മുരളീധരൻ നിലനിർത്തുന്നുണ്ട്. മുസ്ലിം വിഭാഗവുമായും മുരളീധരന് അടുത്ത ബന്ധമുണ്ട്. അടൂർ പ്രകാശിന് എസ്എൻഡിപിയിൽ കാര്യമായി സ്വാധീനമുണ്ട്. അതിനാൽ ഇരുവരുടെയും ആഗ്രഹത്തിന് പിന്തുണ നൽകി പാർട്ടിയിലെ സ്വാധീനം വീണ്ടും നേടിയെടുക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നതെന്ന സംശയങ്ങളും ചില നേതാക്കൾക്കുണ്ട്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേന്ദ്രനേതൃത്വത്തിലെ വലിയ സ്വാധീനമുപയോഗിച്ച് സംസ്ഥാന കോൺഗ്രസിൽ പിടിമുറുക്കുന്നു എന്നത് തങ്ങൾക്ക് തിരിച്ചടിയാണെന്നാണ് ചെന്നിത്തല തിരിച്ചറിഞ്ഞിട്ടുള്ള്. ഐ ഗ്രൂപ്പിനെ വീണ്ടും തന്റെ വരുതിയിൽ ആക്കാനുള്ള നീക്കങ്ങളിലാണ് മുരളീധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP