Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ കാലത്ത് വൈകിട്ട് ആറ് മണിയുടെ വാർത്താസമ്മേളനത്തിൽ ഷൈൻ ചെയ്യുന്ന പിണറായിയെ മുസ്ലിം ലീഗിന് പേടിയോ? മുതിർന്ന ലീഗ് നേതാക്കൾ മൗനം തുടരുമ്പോഴും സാലറി ചലഞ്ച് സിപിഎമ്മിന്റെ വീതം വയ്പിനെന്ന് ആരോപിച്ച് കെ.എം.ഷാജിയുടെ എഫ്ബി പോസ്റ്റ്; സർക്കാറിന് പണം കൊടുക്കുന്നത് അബദ്ധമാണെന്നും എംഎൽഎ; പാർട്ടി നിലപാടാണോ എന്ന് അറിയട്ടെയെന്ന് പിണറായി ഫാൻസ്

കൊറോണ കാലത്ത് വൈകിട്ട് ആറ് മണിയുടെ വാർത്താസമ്മേളനത്തിൽ ഷൈൻ ചെയ്യുന്ന പിണറായിയെ മുസ്ലിം ലീഗിന് പേടിയോ? മുതിർന്ന ലീഗ് നേതാക്കൾ മൗനം തുടരുമ്പോഴും സാലറി ചലഞ്ച് സിപിഎമ്മിന്റെ വീതം വയ്പിനെന്ന് ആരോപിച്ച് കെ.എം.ഷാജിയുടെ എഫ്ബി പോസ്റ്റ്; സർക്കാറിന് പണം കൊടുക്കുന്നത് അബദ്ധമാണെന്നും എംഎൽഎ; പാർട്ടി നിലപാടാണോ എന്ന് അറിയട്ടെയെന്ന് പിണറായി ഫാൻസ്

ടി.പി.ഹബീബ്‌

കോഴിക്കോട്: കൊറോണ കാലത്ത് കേരളത്തിൽ ചാനലുകളുടെ വാർത്തകളേക്കാൾ റൈറ്റിങ് ലഭിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വൈകുന്നേരം ആറ് മണിക്ക് മാധ്യമങ്ങളോടുള്ള ബ്രീഫിംഗിനാണ്. വീട്ടിൽ അടങ്ങി ഒതുങ്ങി കൂടുന്ന മലയാളികൾ ഭൂരിപക്ഷവും അത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് പൊലീസിലെ ഇന്റലിജൻസ് വിഭാഗം മേൽഘടകത്തിന് നൽകിയ റിപ്പോർട്ട്. അതുകൊണ്ട് തന്നെ നല്ല മുന്നൊരുക്കത്തോട് കൂടിയാണ് മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി എത്തുന്നത്.

മുഖ്യമന്ത്രിയുടെ നിലപാടിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ ആദ്യ ഘട്ടത്തിൽ പ്രതിപക്ഷ നേത്യത്വത്തിൽ ആരും തയ്യാറായിരുന്നില്ല.യു.ഡി.എഫിൽ കോൺഗ്രസിലും ലീഗ് നേത്യത്വത്തിലും ഒരു തരം മരവിപ്പായിരുന്നു. കൊറോണ കാലത്ത് എന്ത് രാഷ്ട്രീയ മുതലെടുപ്പെന്നാണ് ചിന്തിച്ചതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ ഇത് മുതലെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നുവെന്ന അറിവും തിരിച്ചറിവും യു.ഡി.എഫിന് ലഭിച്ചിട്ടും ആരും ശക്തമായ നിലപാടുമായി മുമ്പോട്ട് വന്നില്ല. കോൺഗ്രസിൽ കെപിസിസി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രധാനമായും പിണറായി വിജയനെതിരെ ശക്തമായി ആഞ്ഞടിച്ചത്. ഒടുവിൽ സാലറി ചാലഞ്ചിനെതിരെ ശക്തമായ നിലപാടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചത്.

പലപ്പോഴും പിണറായി വിജയനെതിരെയുള്ള നിലപാടിൽ ശക്തമായ സമീപനം മുസ്ലിം ലീഗ് സ്വീകരിക്കാറില്ല. പിണറായി പേടി എന്ന അപരനാമം തന്നെ ലീഗിന്റെ അകത്തളങ്ങളിൽ മുഴങ്ങി കേൾക്കാറുണ്ട്. സാലറി ചാലഞ്ച് വിഷയത്തിൽ ശക്തമായ നിലപാടുമായി ലീഗ് നേതാവ് കെ.എം.ഷാജി എംഎ‍ൽഎ.രംഗത്തെത്തി. ലീഗ് നേത്യത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ വൈകുന്നതിനിടയിലാണ് പിണറായി വിജയനെ തന്റെ രണ്ടാമത്തെ എഫ്.ബി.പോസ്റ്റിലൂടെ ഷാജി വിമർശിക്കുന്നത്. വീടുകളിൽ വിശ്രമത്തിൽ കഴിയുന്ന ലീഗ് നേതാക്കളിൽ പലരും എഫ്.ബി.യിലൂടെ ലൈവിൽ വന്ന് കൊറോണ തടയാൻ കൈകഴുകണമെന്ന് പറയുമ്പോഴും സർക്കാറിന്റെ തെറ്റായ നിലപാടുകളെ എതിർക്കാത്തത് അണികളെ ചൊടിപ്പിക്കുന്നുണ്ട്.

ദുരന്തത്തിൽ പിരിവെടുത്ത് അഞ്ച് വർഷം തികയ്ക്കാനാണോ സർക്കാറിന്റെ പ്ലാൻ എന്ന് ചോദിച്ച്കൊണ്ടാണ് ഷാജി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മുമ്പോരു കാലത്ത് സാലറി ചാലഞ്ച് എന്നൊരു ആശയം പിണറായി സർക്കാർ മുന്നോട്ട് വെക്കുന്നത്. എന്നാൽ പിന്നീട് ആ പണം സിപിഎം.നേതാക്കളും കുടുംബങ്ങളും വീതം വെപ്പ് നടത്തുന്നതും അടിച്ച് മാറ്റുന്നതുമായ വാർത്തകളാണ് കേട്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം ഇല്ലാതാക്കാൻ സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളിൽ ക്യപേഷിന്റെയും ശരത്ലാലിന്റെയും ഷുക്കൂറിന്റെയും ഷുഹൈബിനെയും കൊന്ന കൊലയാളികൾക്ക് കേസ് വാദിക്കാൻ വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് വക്കീലന്മാരെ ഏർപ്പാടാക്കിയതാണ്. തോറ്റ് തൊപ്പിയിട്ട എ.സമ്പത്തിനെ ലക്ഷങ്ങൾ നൽകി ഡൽഹിയിൽ കുടിയിരുത്തിയും ഹെലികോപ്റ്റർ വാങ്ങിയതും പി.ആർ.വർക്കിന് കോടികൾ ചെലവഴിച്ചതുമാണ്.

എന്ത് ചെയ്താലും എല്ലാം ജനങ്ങൾ മറക്കും എന്ന തെറ്റിദ്ധാരണയുടെയും അഹന്തയുടെയും പുറത്താണ് സർക്കാർ ഇത് ചെയ്യുന്നതെന്നും സുതാര്യതക്ക് വേണ്ടി ഒരു വേറിട്ട അക്കൗണ്ട് എന്ന ഏറ്റവും ചെറിയ ജനകീയ ആവശ്യം പോലും ധാഷ്ട്യത്തോടും പുച്ചത്തോടും തള്ളികളയുന്ന ഒരു സംവിധാനത്തിന് നാമെന്തിന് പണം കൊടുക്കണമെന്നും ദുർവ്യയം വേണ്ടുവോളുമുള്ള സർക്കാറിന് പണം കൊടുക്കുന്നത് ധർമ്മമോ ധാർമ്മികതയോ അല്ല അബദ്ധമാണെന്നും ഷാജി വിശദീകരിക്കുന്നു.

എന്നാൽ സാലറി ചാലഞ്ച് എന്ന ആശയത്തിന് മുസ്ലിം ലീഗ് നേത്യത്വം എതിരല്ലെന്ന നിലപാടാണ് സിപിഎം.കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ സാലറി ചാലഞ്ചിനെ പിന്തുണക്കുമെന്നും സിപിഎം.നേതാക്കൾ തന്നെ വിശദീകരിക്കുന്നു. എംഎ‍ൽഎ.മാരായ കെ.എം.ഷാജി, എം.കെ.മുനീർ എന്നിവരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന സിപിഎം.വിരോധമാണ് കൊറോണ കാലത്തും ഇത്തരത്തിലുള്ള എഫ്.ബി.പോസ്റ്റുമായി രംഗത്തെത്തുന്നതെന്നുമാണ് പിണറായി വിലാസം ഫാൻസ് അസോസിയേഷന്റെ വിശദീകരണം. സിപിഎം.ചെയ്യുന്ന എന്തിനെയും കുറ്റപ്പെടുത്തുക എന്നത് ലീഗിലെ ഒരു വിഭാഗത്തിന്റെ സ്ഥിരം ശൈലിയാണെന്നും കൊറോണ പോലെ അതിനും മരുന്നില്ലെന്നും സിപിഎം.നേതാക്കൾ പറയുന്നു.

കെ.എം.ഷാജി എംഎ‍ൽഎ.ഇക്കാര്യത്തിൽ പരസ്യമായ നിലപാട് സ്വീകരിച്ചതോടെ ലീഗിന്റെ ഔദ്യോഗിക നിലപാട് അടുത്ത് തന്നെ പരസ്യമാക്കേണ്ടി വരും. നേരത്തെ തീവ്രവാദ സംഘടനകളോടുള്ള സമീപനമടക്കമുള്ള വിഷയങ്ങളിൽ ആദ്യ ഘട്ടത്തിൽ ലീഗ് നേത്യത്വം മൗനം തുടർന്നിരുന്നു. അന്ന് ഷാജിയുടെ നേത്യത്വത്തിലുള്ള ടീമാണ് പരസ്യ നിലപാട് സ്വീകരിച്ചത്. പിന്നീട് അത് പാർട്ടി നിലപാടായിട്ടാണ് മാറിയത്.സാലറി ചാലഞ്ച് വിഷയത്തിലും ഇതേ അവസ്ഥ വരുമോ എന്നാണ് പാർട്ടി അണികൾ കാതോർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP