Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എം മാണി വിട പറഞ്ഞിട്ട് നാളെ ഒരാണ്ട്; ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ അനുസ്മരണ പരിപാടികൾ ഇല്ല; രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ കുടുംബാം​ഗങ്ങളുടെ പ്രാർത്ഥന; പാർട്ടി പ്രവർത്തകർ ഓർമദിനം ആചരിക്കുക ജീവകാരുണ്യ പ്രവർത്തനം നടത്തിയും

കെ എം മാണി വിട പറഞ്ഞിട്ട് നാളെ ഒരാണ്ട്; ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ അനുസ്മരണ പരിപാടികൾ ഇല്ല; രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ കുടുംബാം​ഗങ്ങളുടെ പ്രാർത്ഥന; പാർട്ടി പ്രവർത്തകർ ഓർമദിനം ആചരിക്കുക ജീവകാരുണ്യ പ്രവർത്തനം നടത്തിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എം മാണി വിട പറഞ്ഞിട്ട് നാളെ ഒരു കൊല്ലം. 2019 ഏപ്രിൽ ഒമ്പതിനാണ് കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത ആ നേതാവ് ഇഹലോക വാസം വെടിഞ്ഞത്. വ്യാഴാഴ്ച രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ പ്രാർത്ഥനയിൽ കെ.എം. മാണിയുടെ പത്നി കുട്ടിയമ്മയും ജോസ് കെ. മാണിയും കുടുംബാംഗങ്ങളും പങ്കെടുക്കും. മറ്റ് അനുസ്മരണ പരിപാടികൾ ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് പ്രവർത്തകർ ഓർമദിനം ആചരിക്കുക. വ്യാഴാഴ്ചത്തെ പ്രാർത്ഥനയിൽ കെ.എം. മാണിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർഥിക്കുന്ന വിഡിയോ സന്ദേശം ജോസ് കെ. മാണി എംപി പ്രവർത്തകർക്ക് അയച്ചു. ലോക്ഡൗൺ മൂലം ആളുകൾ ഒത്തുചേരുന്ന സാഹചര്യം പൂർണമായി ഒഴിവാക്കി.

പാലായിൽ നിന്ന് കേരളരാഷ്ട്രീയത്തിലേക്ക് കെ.എം.മാണി കടന്ന് വരുന്നത് 1965 ലാണ്. അന്നു മുതൽ ഇന്നു വരെയും പാലായ്ക്ക് മാണിയല്ലാതെ മറ്റൊരു നാഥനില്ല. രാഷ്ട്രീയത്തിലെ ഉയർച്ചതാഴ്‌ച്ചകളിലും പാല മാണിക്കൊപ്പം നിന്നു. 1975ലെ അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രിയായി തുടങ്ങിയ മാണി ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായ വ്യക്തി, ഏറ്റവും കൂടുതൽ തവണ മന്തിയായി സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ എന്നീ റെക്കോഡുകൾക്കും ഉടമയാണ്

1977-ൽ എ.കെ ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായ മാണി 80-ൽ വീണ്ടും ധനമന്ത്രിയായി, ഒപ്പം നിയമവകുപ്പിന്റെ അധികചുമതലയും. 86ൽ കൃഷിവകുപ്പും 87ൽ ജലസേചനവകുപ്പും നിയമവകുപ്പും മാണി കൈകാര്യം ചെയ്തു. അതേവർഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ജലസേചനവകുപ്പിന് പകരം റവന്യൂവകുപ്പ് അദ്ദേഹത്തിന് ലഭിച്ചു. 1991 ലും 2001ലും റവന്യൂ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതല മാണിക്കായിരുന്നു.

2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും റവന്യു മന്ത്രി. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വീണ്ടും ധനകാര്യമന്ത്രി. ആകെ 13 ബജറ്റുകൾ അവതരിപ്പിച്ചു. 12 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 25 വർഷക്കാലം മന്ത്രിയായി പ്രവർത്തിച്ച മാണിയുടെ പേര് 1979 ൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്ന് കേട്ടെങ്കിലും നറുക്ക് വീണത് സി.എച്ച്.മുഹമ്മദ് കോയക്കായിരുന്നു. അഭിഭാഷകൻ കൂടിയായ കെ.എം.മാണി 12 ഓളം കൃതികൾ രചിച്ചിട്ടുണ്ട്.

കെ.എം. മാണിയെന്നാൽ പാലായും പാലായെന്നാൽ കെ.എം.മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം. കന്നിയങ്കം മുതൽ പതിമൂന്ന് തവണ പാലായെ നിയമസഭയിൽ കെ.എം.മാണി പ്രതിനിധീകരിച്ചു. 1957-ലായിരുന്നു മാണിയുടെ വിവാഹം. ഭാര്യ കുട്ടിയമ്മയെന്ന അന്നമ്മ മാണി. മക്കൾ ജോസ് കെ മാണി എംപി, എൽസമ്മ, സാലി, ആനി, ടെസ്സി, സ്മിത.

കെ.എം. മാണിയുടെ സ്മൃതിദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പാർട്ടി പ്രവർത്തകർ സ്വയം സമർപ്പിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. പ്രവർത്തകർ തൊട്ടടുത്ത വീടുകളിൽ ഭക്ഷണവും മറ്റു സഹായങ്ങളും നൽകും.പാർട്ടി നേതൃത്വം നൽകുന്ന സഹകരണ പ്രസ്ഥാനങ്ങൾ തങ്ങളുടെ മേഖലയിലെ കിടപ്പുരോഗികൾക്ക് 1000 രൂപ വീതം നൽകും. വ്യാഴാഴ്ച സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന സമൂഹ അടുക്കളയിൽ ആവശ്യമായ സാധനങ്ങൾ നൽകും– ജോസ് കെ. മാണി പറഞ്ഞു.

കെ.എം. മാണി സ്മൃതിദിനം വിപുലമായി ആചരിക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് കുർബാന നിശ്ചയിച്ചിരുന്നത്. കൂടാതെ 29ന് ഒന്നര ലക്ഷം പേർ അണിനിരക്കുന്ന കെ.എം. മാണി സ്മൃതിസംഗമം കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. ഈ പരിപാടികളുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ കോവിഡ് പടർന്നതോടെ സ്മൃതിസംഗമവും മാറ്റിവച്ചു.

രണ്ടിലയുടെ വാട്ടവും പാലായുടെ നിറംമാറ്റവും

കെ എം മാണി ജനങ്ങൾക്ക് മാണിസാറായിരുന്നു. കാരണവന്മാർക്ക് മാണിക്കുഞ്ഞും. കോട്ടയത്ത് റബ്ബറിനൊപ്പം വളർന്ന് പന്തലിച്ച കേരള കോൺ​ഗ്രസ് ചിലപ്പോഴൊക്കെ ഇല കൊഴിയുകയും പിന്നീട് തളിർക്കുകയും ചെയ്തിരുന്നപ്പോഴെല്ലാം പാലാ മാണിയോടൊപ്പം നിന്നു. എന്നാൽ, മാണിയുടെ വിയോ​ഗത്തോടെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. പി ജെ ജോസഫും ജോസ് കെ മാണിയും ഒരു പാർട്ടിക്കുള്ളിൽ രണ്ട് ചേരികളായി മാറി. മാണിയുടെ വിയോ​ഗത്തെ തുടർന്ന് നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസിനെ ചരിത്രത്തിലാദ്യമായി മണ്ഡലം കൈവിട്ടു. അങ്ങനെ മാണിക്കൊപ്പം പാലായും കേരള കോൺ​ഗ്രസിന് നഷ്ടമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP