Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല വിവാദം കത്തിക്കാളുന്നതിനിടെ മുൻ സിപിഎം എംഎൽഎയുടെ പിഎ ബിജെപിയിൽ; അന്തരിച്ച കെ കെ രാമചന്ദ്രൻ നായരുടെ വിശ്വസ്തനായിരുന്ന ഹരികുമാറിന്റെ മറുകണ്ടം ചാട്ടത്തിൽ ഞെട്ടി ചെങ്ങന്നൂരിലെ സിപിഎമ്മുകാർ; പാർട്ടിയിലെ ഗ്രൂപ്പ് പോരും തീരുമാനത്തിന് പിന്നിൽ; ഹരികുമാറിനെ നേരത്തെ പുറത്താക്കിയെന്ന് ചെങ്ങന്നൂർ ഏരിയ സെക്രട്ടറി

ശബരിമല വിവാദം കത്തിക്കാളുന്നതിനിടെ മുൻ സിപിഎം എംഎൽഎയുടെ പിഎ ബിജെപിയിൽ; അന്തരിച്ച കെ കെ രാമചന്ദ്രൻ നായരുടെ വിശ്വസ്തനായിരുന്ന ഹരികുമാറിന്റെ മറുകണ്ടം ചാട്ടത്തിൽ ഞെട്ടി ചെങ്ങന്നൂരിലെ സിപിഎമ്മുകാർ; പാർട്ടിയിലെ ഗ്രൂപ്പ് പോരും തീരുമാനത്തിന് പിന്നിൽ; ഹരികുമാറിനെ നേരത്തെ പുറത്താക്കിയെന്ന് ചെങ്ങന്നൂർ ഏരിയ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: അടുത്ത കാലത്തായി സൈബർ ലോകത്ത് സിപിഎം വിമർശനം നേരിടുന്നത് സ്വജന പക്ഷപാതത്തിന്റെ പേരിലാണ്. ഈ വിമർശനം ഏറ്റവും ശക്തമായി ഉയർന്നുകേട്ടത് കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സഹായം നൽകിയ കാര്യത്തിലായിരുന്നു. വിടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഈ വിഷയം ഫേസ്‌ബുക്കിലൂടെ ഉന്നയിക്കുകയും ചെയ്തിരുന്നു. അന്തരിച്ച ഈ സിപിഎം നേതാവിന്റെ നേതാവിന്റെ പിഎയുടെ മറുകണ്ടം ചാടലാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ സംസാരവിഷയം.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെയാണ് ആലപ്പുഴ ജില്ലയിലെ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നത്. തിരുവൻവണ്ടൂർ മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷകസംഘം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി അംഗവുമായ എം.എ ഹരികുമാറാണ് ബിജെപിയിൽ ചേർന്നത്. ചെങ്ങന്നൂരിലെ മുൻഎംഎ‍ൽഎ കെ.കെ രാമചന്ദ്രൻ നായരുടെ വിശ്വസ്തനായിരുന്ന ഹരികുമാർ അദ്ദേഹത്തിന്റെ പി.എ ആയും പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ള വ്യക്തി മറുകണ്ടം ചാടിയത് സിപിഎം പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണ് ഹരികുമാറിന് പാർട്ടി അംഗത്വം നൽകിയത്. ശബരിമലയെയും വിശ്വാസങ്ങളെയും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നും ഹരികുമാർ പറഞ്ഞു. അതേസമയം ഏറെക്കാലമായി പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

2001 ലെ തെരഞ്ഞെടുപ്പിൽ കെ.കെ രാമചന്ദ്രൻ നായർ പരാജയപ്പെടാൻ കാരണം സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചതിനെതുടർന്നായിരുന്നെന്ന് ആരോപണമുയർന്നിരുന്നു. ശോഭന ജോർജിനെതിരെ 1465 വോട്ടിനാണ് രാമചന്ദ്രൻ നായർ പരാജയപ്പെട്ടത്. യു.ഡി.എഫ് തരംഗത്തിനിടയിലും നേരിയ വോട്ടിന് പരാജയപ്പെടാൻ കാരണം പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ വർഗീയ ധ്രുവീകരണമായിരുന്നെന്ന് ആക്ഷേപമുയർന്നു.

പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നിന്നവർ അക്കാലത്ത് ന്യൂനപക്ഷമായിരുന്നെങ്കിലും പിൽക്കാലത്ത് പാർട്ടിയിൽ ശക്തിയാർജിച്ചു. രാമചന്ദ്രൻ നായരുടെ മരണത്തോടെ പാർട്ടി നിയന്ത്രണം പൂർണമായും ഇക്കൂട്ടരുടെ കൈകളിലായി. തന്നെ ചതിച്ചവരുമായി എങ്ങനെയെങ്കിലും യോജിച്ചു പോകണമെന്നാണ് അവസാനകാലത്ത് രാമചന്ദ്രൻ നായർ പറഞ്ഞതായാണ് സൂചന. എന്നാൽ അദ്ദേഹത്തിന്റെ അടുപ്പക്കാർ പഴയതൊന്നും മറക്കാൻ തയ്യാറായില്ല.

ഇതോടെ പ്രതികാര നടപടി ഉണ്ടാകുമെന്ന ആശങ്ക 2001-ൽ പാർട്ടിക്കൊപ്പം ഉറച്ചു നിന്നവർക്കിടയിലുമുണ്ടായിട്ടുണ്ട്. ഇതുമുൻകൂട്ടി കണ്ടാണ് ഹരികുമാർ ബിജെപിയിലേക്ക് ചുവടുമാറിയതെന്നാണ് വിവരം. അതേസമയം രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാനു വേണ്ടിയും ഹരികുമാർ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഹരികുമാറിനെ നേരത്തെ തന്നെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നതാണെന്നാണ് ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പറയുന്നത്. ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടി തീരുമാനങ്ങൾ ബിജെപി കേന്ദ്രങ്ങളിൽ എത്തിച്ചത് ഹരികുമാറാണെന്നും ഇതിനെതിരെ പാർട്ടി തലത്തിൽ അന്വേഷണം നടന്നു വരികയാണെന്നും ഏരിയാ സെക്രട്ടറി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP