Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202422Saturday

മുഖ്യമന്ത്രിക്കിത് കേൾക്കുമ്പോൾ ദേഷ്യം വരില്ലേന്ന് പലരും ചോദിച്ചു; മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം; കെ ബി ഗണേശ്‌കുമാർ വീണ്ടും തുറന്നടിക്കുമ്പോൾ

മുഖ്യമന്ത്രിക്കിത് കേൾക്കുമ്പോൾ ദേഷ്യം വരില്ലേന്ന് പലരും ചോദിച്ചു; മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം; കെ ബി ഗണേശ്‌കുമാർ വീണ്ടും തുറന്നടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: അടുത്തകാലത്തായി സർക്കാറിന്റെ ജനകീയമല്ലാത്ത തീരുമാനങ്ങളെ തുറന്നു വിമർശിക്കുന്നവരുടെ കൂട്ടത്തിലാണ് പത്തനാപുരം എംഎൽഎ കെ ബി ഗണേശ് കുമാർ. അടുത്തിടെ എഐ ക്യാമറാ സംവിധാനത്തെയും തുറന്നെതിർത്തു കൊണ്ട് ഗണേശ്‌കുമാർ രംഗത്തു വന്നിരുന്നു. ജനകീയമല്ല ഈ തീരുമാനമെന്നതു കൊണ്ടാണ് ഗണേശ് കുമാർ വിമർശനം ഉന്നിയിച്ചത്. ഇപ്പോൾ വീണ്ടും തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കയാണ് ഗണേശ്. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ തുറന്നടിച്ചു. കള്ളം പറഞ്ഞും കാപഠ്യം കാണിച്ചും രാഷ്ട്രീയത്തിൽ വിജയിക്കാൻ കഴിയുന്നൊരു കാലഘട്ടമല്ലിതെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തനാപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗണേശ്‌കുമാർ.

'സ്‌കൂട്ടറിൽ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ഫൈൻ ഈടാക്കുന്നതിന് എതിര് പറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയക്കാരൻ ഞാൻ മാത്രമേയുള്ളൂ. മുഖ്യമന്ത്രിക്കിത് കേൾക്കുമ്പോൾ ദേഷ്യം വരില്ലേന്ന് അന്ന് പലരുമെന്നോട് ചോദിച്ചു. സത്യം പറയുമ്പോൾ എന്തിനാണ് ദേഷ്യം വരുന്നത്. മുഖ്യമന്ത്രി തന്നെ പറഞ്ഞു ഇക്കാര്യത്തിൽ ഇടപെടുമെന്ന്. ഞാൻ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. അതാണ് മുഖ്യമന്ത്രി കേട്ടത്. പ്രശ്‌നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയപ്രവർത്തകർ. അത് സർക്കാരിനെ നാറ്റിക്കലല്ല. അതിനർത്ഥം ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ്. എന്നെ നിയമസഭയിൽ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാൽ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട.'- ഗണേശ് കുമാർ പറഞ്ഞു.

''നിയമസഭയിൽ പോയി പേടിച്ച് കാലിനിടയിൽ കയ്യും വച്ച് പമ്മിയിരുന്നിട്ട് എഴുന്നേറ്റു വരാനാണോ എന്നെ അവിടേക്കു പറഞ്ഞുവിട്ടത്? വാഴപ്പാറയിൽ താമസിക്കുന്ന ഷീബയുടെ വയറ്റിൽനിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഞാൻ അക്കാര്യം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിക്കും ദേഷ്യം വരില്ലേയെന്ന് പലരും ചോദിച്ചു. വരട്ടെ. അതിനെന്താ കുഴപ്പം?'

''ഇവിടെ നിങ്ങൾ അനൗൺസ് ചെയ്തത് എന്താണ്? പത്തനാപുരത്തിന്റെ ശബ്ദം നിയമസഭയിൽ മുഴങ്ങിക്കേൾക്കാൻ എന്നല്ലേ? ഗണേശ് കുമാർ നിയമസഭയിൽ പോയി അരികിലിരുന്ന് അലവൻസും വാങ്ങി മിണ്ടാതെ പോരട്ടെ എന്നല്ലല്ലോ പറഞ്ഞത്. ഗണേശ് കുമാറിന് നിയമസഭയിൽ പോകാനും അവിടെ പോയി മിണ്ടാതിരിക്കാനും വോട്ടു ചെയ്യാം എന്നും ആരും പറയുന്നില്ല. ഇവിടുത്തെ ആൾക്കാരുടെ കാര്യം പറയാനാണ് എന്നെ പറഞ്ഞുവിട്ടത്. അത് പറയുക തന്നെ വേണം. അതിന് ആരും പിണങ്ങേണ്ട കാര്യമില്ല. അന്ന് അതു പറഞ്ഞതുകൊണ്ട് ആ സഹോദരി സുഖം പ്രാപിച്ചു.' ഗണേശ് കുമാർ വിശദീകരിച്ചു.

നേത്തെ ദമ്പതികൾ കുഞ്ഞുമായി യാത്ര ചെയ്താൽ ഫൈൻ ഈടാക്കുന്നത് ദ്രോഹമാണെന്നാണ് ഗണേശ് കുമാർ പറഞ്ഞത്. എല്ലാവർക്കും കാർ വാങ്ങാനുള്ള കഴിവില്ല. പിഴ നടപ്പിലാക്കുന്നവർക്ക് അതിന് കഴിവുണ്ടാകും. കുഞ്ഞുങ്ങളെ ട്രോളുകളിൽ കാണും പോലെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ആകില്ലെന്നും ഗണേശ് പറഞ്ഞിരുന്നു. നിയമങ്ങൾ മനുഷ്യന് വേണ്ടിയാണ്. കുഞ്ഞുങ്ങൾ ഹെൽമെറ്റ് വെക്കട്ടെയെന്നും ഗണേശ് കുമാർ പറഞ്ഞു. മെബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തട്ടെ. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പോകുന്ന സാധാരണക്കാരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്. സാധാരണക്കാരാണിപ്പോൾ സ്‌കൂട്ടർ ഉപയോഗിക്കുന്നത്. എ.ഐ കാമറയുടെ കാര്യത്തിൽ എന്റെ നിലപാട് എവിടെയും പറയുമെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.

ഇത് കൂടാതെ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരായെന്ന് ഇടതുമുന്നണി നിയമസഭാ കക്ഷിയോഗത്തിലും ഗണേശ് തുറന്നടിച്ചിരുന്നു. പിന്നാലെ തന്റെ നിലപാട് പൊതുവായും അദ്ദേഹം പറയുകയുണ്ടായി. മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനകളില്ലെന്നും വികസനരേഖയിൽ ചർച്ചയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണമെന്നും ഗണേശ് കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു.

'എനിക്ക് മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് ഒരിക്കലും ഞാൻ പ്രവർത്തിക്കില്ല. എനിക്ക് ഒരു സ്ഥാനവും വേണ്ട.' ഗണേശ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാത്തതിലാണ് ഗണേശ് അതൃപ്തി പ്രകടിപ്പിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ മണ്ഡലങ്ങളിൽ എംഎൽഎമാർക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയിൽ ചർച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങൾ വോട്ട് ചെയ്യുന്നതുകൊണ്ടാണ് താൻ നിയമസഭയിലേക്ക് വരുന്നത്. അവിടെ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നുപറയാൻ മടിയില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.

നേരത്തെ, മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തിൽ തുറന്നടിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎൽഎമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കെ.ബി. ഗണേശ് കുമാർ കുറ്റപ്പെടുത്തി. എംഎൽഎമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിർമ്മാണമാണെങ്കിൽ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേശ് കുമാർ വിമർശിച്ചു.

വിദ്യാഭ്യാസ മന്ത്രിയേയും പേരെടുത്ത് ഗണേശ് കുമാർ വിമർശിച്ചു. മന്ത്രി നല്ലയാളാണ്, എന്നാൽ വകുപ്പിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ല എന്നായിരുന്നു ഗണേശിന്റെ ആരോപണം. എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.ഗണേശ് കുമാറിന്റെ പരാമർശത്തെ നിയമസഭാ കക്ഷി യോഗത്തിൽ സിപിഎം എംഎൽഎമാർ രൂക്ഷമായി വിമർശിച്ചു. എന്നാൽ പറയാനുള്ള കാര്യങ്ങൾ ഈ വേദിയിൽ അല്ലാതെ എവിടെ പറയും എന്നാണ് ഗണേശ് കുമാർ ചോദിച്ചത്.

എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഭരണ പക്ഷ എംഎൽഎ രൂക്ഷ വിമർശനം ഉയർത്തി. ഗണേശ് കുമാറിന്റെ വിമർശനത്തിനെ എതിർത്ത് സിപിഎം എംഎൽഎമാർ രംഗത്തെത്തി. വിമർശനം നീണ്ട് ജലവിഭവ വകുപ്പിലേക്ക് എത്തിയപ്പോൾ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെ അല്ലാതെ മറ്റെവിടാണ് താൻ ഇക്കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP